മുരിങ്ങപ്പൂ സാമ്പാർ
തുവരപ്പരിപ്പ്:100 ഗ്രാം
മഞ്ഞൾപ്പൊടി:അഞ്ച് ഗ്രാം
വെളിച്ചെണ്ണ:രണ്ട് ടേ.സ്പൂൺ
ചെറിയുള്ളി:പത്തെണ്ണം
തക്കാളി വലുത്:ഒരെണ്ണം
പച്ചമുളക്:രണ്ടെണ്ണം
മുരിങ്ങപ്പൂ:ഒരു കപ്പ്
പെരുംകായം പൊടി:10 ഗ്രാം
കറിവേപ്പില:ഒരുതണ്ട്
മല്ലിയില:ഒരുതണ്ട്
കടുക്:ഒരു ടീസ്പൂൺ
ജീരകം:അര ടീസ്പൂൺ
വറ്റൽമുളക്:മൂന്നെണ്ണം

സാമ്പാർ പരിപ്പ് കഴുകി മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. പരിപ്പ് വെന്താൽ നീളത്തിൽ കീറിയ പച്ചമുളക് ചേർത്ത് തീ അണയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച്, ജീരകം, കറിവേപ്പില, വറ്റൽ മുളക് എന്നിവ ചേർത്തിളക്കുക. അതിലേക്ക് അരിഞ്ഞ ചെറിയുള്ളിയും തക്കാളിയും ചേർത്തിളക്കുക. ശേഷം കഴുകിയ മുരിങ്ങപ്പൂ ചേർത്തിളക്കാം. പരിപ്പ് വേവിച്ച വെള്ളംകൂടി ഒഴിച്ച് മരിങ്ങപ്പൂ വേവിക്കുക. വെന്താൽ വേവിച്ച പരിപ്പ് ചേർക്കുക. കായപ്പൊടി ഇടുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം അരിഞ്ഞ മല്ലിയിലയും ചേർത്ത് ഒരു തിള വന്നതിനുശേഷം സാമ്പാർ വാങ്ങി വയ്ക്കുക.

മാമ്പഴ പുളിശ്ശേരി
പഴുത്ത മാമ്പഴം: 6 എണ്ണം
ശർക്കര:ഒരെണ്ണം
കറിവേപ്പില:ഒരു തണ്ട്
മുളകുപൊടി:ഒരു ടീസ്പൂൺ
പച്ചമുളക്:നാലെണ്ണം
മഞ്ഞൾപ്പൊടി:അര ടീസ്പൂൺ
തേങ്ങ:ഒരെണ്ണം
കുരുമുളക്:ഒരു ടീസ്പൂൺ
ജീരകം:അര ടീസ്പൂൺ
കടുക്:കാൽ ടീസ്പൂൺ
വറ്റൽമുളക്:നാലെണ്ണം
ചെറിയുള്ളി:ആറെണ്ണം
തൈര്:ഒരു കപ്പ്
ഉപ്പ്:ആവശ്യത്തിന്

പഴുത്ത മാങ്ങ തൊലി കളഞ്ഞ് മൺചട്ടിയിൽ ഇട്ട് ശർക്കര, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക. തേങ്ങ, കുരുമുളക്, ജീരകം എന്നിവ അരച്ച് ചേർക്കുക. അധികം പുളി ഇല്ലാത്ത ഒരു കപ്പ് തൈര് ചേർക്കുക. എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചെറിയുള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ താളിക്കാം.

മധുരപ്പച്ചടി
പൈനാപ്പിൾ (ചെറുത്): ഒരെണ്ണം
നേന്ത്രപ്പഴം : ഒരെണ്ണം
മുന്തിരി: പത്തെണ്ണം
പച്ചമുളക്: നാലെണ്ണം
വെളുത്തുള്ളി: നാലല്ലി
വറ്റൽ മുളക്: നാലെണ്ണം
ഉപ്പ്: പാകത്തിന്
ശർക്കര : ഒരു ചെറിയ കഷണം
തൈര് : ഒരുകപ്പ്
മുളകുപൊടി: ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി: അരടീസ്പൂൺ
വെളിച്ചെണ്ണ: മൂന്ന് ടേ.സ്പൂൺ
തേങ്ങ: ഒരു മുറി
ജീരകം: ഒരു ടീസ്പൂൺ
കറിവേപ്പില: രണ്ട് തണ്ട്
കടുക് (ചതച്ചത്): അര ടീസ്പൂൺ

പൈനാപ്പിൾ അരിഞ്ഞതും പഴം, പച്ചമുളക്, ശർക്കര, മുളകുപൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില എന്നിവയും ഒന്നിച്ച് അല്പം വെള്ളമൊഴിച്ച് വേവിക്കുക. അതിലേക്കു ചതച്ച കടുക് ചേർക്കാം. തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുത്ത് കറിയിൽ ചേർത്ത് മുന്തിരി കൂടി ഇട്ട് നന്നായി ഇളക്കുക. അവസാനം കടുക് താളിച്ചു ചേർക്കുക.

വിഷുക്കട്ട
ഉണക്കലരി- അരക്കപ്പ്
ശർക്കപ്പാനി- അരക്കപ്പ്
തേങ്ങയുടെ ഒന്നാം പാൽ,
രണ്ടാം പാൽ, മൂന്നാം പാൽ- അരക്കപ്പ് വീതം
ജീരകം- ഒരു ടീസ്പൂൺ
നെയ്യ്- ഒരു ടേബിൾസ്പൂൺ
ഏലയ്ക്കാപ്പൊടി, ചുക്കുപൊടി- ഒരു നുള്ള് വീതം

ഉണക്കലരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. ഇത് അരിച്ചെടുത്ത് ഒരു പാനിലേക്കിട്ട് തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേർക്കുക. ഇളംതീയിൽ ഇളക്കി കുറുക്കി പാൽ വറ്റിയാൽ ഒന്നാംപാലും ജീരകവും ഉപ്പും ചേർത്തിളക്കുക. നന്നായി കുറുകുമ്പോൾ ഈ കൂട്ട് നെയ്യ് തടവിയ ഒരു പാനിലേക്കൊഴിച്ച് മുകളിൽ ജീരകം വിതറി മിനുസപ്പെടുത്തണം. തണുത്തു കഴിയുമ്പോൾ ഇഷ്ടമുള്ള രൂപത്തിൽ മുറിച്ച് ശർക്കരപ്പാനി മുകളിൽ തൂകാം.

വിഷുപ്പുഴുക്ക്
പച്ച ചക്ക - കാൽ ഭാഗം (നുറുക്കിയത്)
തേങ്ങ ചിരവിയത് - ഒന്നര കപ്പ്
ജീരകം - അര ടീസ്പൂൺ
വെളുത്തുള്ളി - മൂന്നെണ്ണം
മഞ്ഞൾപൊടി - അര ടീസ്പൂൺ
പച്ചമുളക് - മൂന്നെണ്ണം
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് ചക്കയിട്ട് തിളപ്പിക്കുക. ഇതിലേക്ക് കറിവേപ്പിലയും ഉപ്പും ചേർത്ത് മൂടിവെച്ച് വേവിക്കാം. തേങ്ങചിരവിയത്, മഞ്ഞൾപൊടി, പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ നന്നായി അരച്ചെടുക്കുക. ചക്ക വെന്തശേഷം ഈ മിശ്രിതം അതിലേക്കിട്ട് അല്പനേരം കൂടി പാകം ചെയ്തശേഷം തീ അണയ്ക്കുക. ഇതിലേക്ക് കറിവേപ്പിലയും വെളിച്ചെണ്ണയും തൂവി വിളമ്പാം.

കണി അട
അരിപ്പൊടി വറുത്തത്- ഒരു കപ്പ്
ചൂടുവെള്ളം, വാഴയില - ആവശ്യത്തിന്
തേങ്ങ ചിരകിയത്- ഒരു കപ്പ്
ശർക്കര ചീകിയത്- അരക്കപ്പ്
ഏലയ്ക്കാപ്പൊടി, ഉപ്പ്- ഒരു നുള്ള് വീതം
വെളിച്ചെണ്ണ- അല്പം

അരിപ്പൊടി ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് മാവാക്കി ഉരുട്ടിയെടുക്കുക. തേങ്ങചിരകിയതും ശർക്കരയും ഏലയ്ക്കാപ്പൊടിയും ഒന്നിച്ച് ഇളക്കിയെടുക്കണം. അടയ്ക്കുള്ളിൽ വെക്കാനുള്ള കൂട്ടാണിത്. വാഴയില കീറി അതിനുമുകളിലായി എണ്ണ പുരട്ടി, മാവിൽനിന്ന് നാരങ്ങാ വലിപ്പമുള്ള ഉരുളകളെടുത്ത് അതിൽവെച്ച് പരത്തുക. ഇതിൽ നേരത്തെ തയ്യാറാക്കിയ തേങ്ങാക്കൂട്ട് നിരത്തി ഇല മടക്കാം. ആവിത്തട്ടിൽ വച്ച് പത്തോ പതിനഞ്ചോ മിനിറ്റ് പുഴുങ്ങിയെടുക്കുക.
(മാവ് തയ്യാറാക്കുമ്പോൾ അരിപ്പൊടിക്ക് പകരം ഗോതമ്പുപൊടിയും ഉപയോഗിക്കാം. അതുപോലെ അടയ്ക്കുള്ള കൂട്ടിൽ ശർക്കരയ്ക്ക് പകരം പഞ്ചസാരയും ഉപയോഗിക്കാവുന്നതാണ്)

വിഷുക്കൊഴുക്കട്ട
ഒറ്റപ്പുഴുക്കൻ അരി: 500 ഗ്രാം
തേങ്ങ : ഒരു എണ്ണം
ജീരകം : കാൽ ടീസ്പൂൺ
വറ്റൽ മുളക് : രണ്ടെണ്ണം
ഉഴുന്ന് പരിപ്പ് : 10 ഗ്രാം
വെളിച്ചെണ്ണ : 50 മില്ലി
കടുക് : കാൽ ടീസ്പൂൺ
കറിവേപ്പില : ഒരു തണ്ട്
ഉപ്പ് : പാകത്തിന്
അരി രണ്ട് മണിക്കൂർ കുതിർത്ത് തരിയോടെ അരച്ചെടുക്കാം. ഇതിലേക്ക് ഉപ്പും തേങ്ങയും ജീരകവും ചേർത്ത് കുഴച്ച് മാറ്റിവെക്കാം. ഒരു പാത്രത്തിൽ ഉപ്പിട്ട് വെള്ളം തിളപ്പിച്ച ശേഷം അരിമാവ് ചെറിയ ഉരുളകളാക്കി ഇതിലേക്ക് ഉടയാതെ ഇടണം. വെന്ത ഉരുളകൾ വെള്ളത്തിൽ പൊങ്ങി വരും. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ച് കടുക്, കറിവേപ്പില, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക് ഇവ താളിച്ച് ഉരുളകളിലേക്ക് ചേർക്കാം. ചുട്ടരച്ച ചമ്മന്തിക്കൊപ്പം കഴിക്കാം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi