
'മോഡീസിലെ ഹോട്ട് ചോക്ലേറ്റ്! എന്റെ വീടും വീട്ടുകാരെയും മിസ്സ് ചെയ്യുന്നതിനേക്കാൾ ഞാനാ ഹോട്ട് ചോക്ലേറ്റ് മിസ്സ് ചെയ്യുന്നുണ്ട്!' കോളേജ് ഹോസ്റ്റലിലെ എന്റെ റൂംമേറ്റും ഊട്ടിക്കാരിയുമായ ഡെബ്ര ഇതുപറഞ്ഞപ്പോൾ മുതൽ മോഡീസ് മനസ്സിലുണ്ട്. പാലിൽ കൊക്കോപ്പൊടി കലക്കി, തിളപ്പിച്ചെടുക്കുന്ന ബൂസ്റ്റ് പോലൊരു സാധനമാണ് ഇവിടെ കിട്ടാറുള്ള മിക്ക ഹോട്ട് ചോക്ലേറ്റും. അതിന് ഇത്രയ്ക്ക് ഹൈപ്പ് കൊടുക്കാൻ എന്താ? ഈ കൗതുകം പേറിക്കൊണ്ട് നടന്നത് ഏകദേശം പത്തുവർഷമാണ്! ഊട്ടിയിൽ ചെറുങ്ങനെ മഴ പെയ്യുന്നുണ്ട്. സുഖമുള്ള, നേരിയ തണുപ്പ്. ഈ സമയത്ത് ആ ചൂട് ഹോട്ട് ചോക്ലേറ്റ് ഊതികുടിച്ചാൽ... ഉഫ്! ആ ചിന്ത മസ്തിഷ്‌കത്തെ പൊതിഞ്ഞ മാത്രയിൽ ഞാൻ സ്‌കൂട്ടറെടുത്തു പുറപ്പെട്ടു മോഡീസിലേക്ക്! ബോട്ടാണിക്കൽ ഗാർഡന് അടുത്താണ് മോഡീസ്. 1951-ൽ തുടങ്ങിയ ഈ ബേക്കറി ഊട്ടിക്കാർക്ക് ഒരു വികാരമാണ്. തുടങ്ങിയത് മോഡേൺ സ്റ്റോഴ്സ് എന്ന പേരിൽ ബ്രിട്ടനിലെ പലവ്യജ്ഞനങ്ങൾ വിൽക്കുന്ന കടയായാണെങ്കിലും പിൽക്കാലത്ത്, ബ്രിട്ടീഷ് ഓഫീസർമാരുടെ ഒരു പാചകക്കാരനെ കിട്ടിയതോടെ മോഡീസ് ഒരു ബേക്കറിയായി പരിണമിച്ചു! ഇന്നും മോഡേൺ സ്റ്റോഴ്‌സ് മോഡീസിന്റെ ഒരു ഭാഗത്തുണ്ട്. അകത്തേക്ക് കയറിയതും രണ്ട് യന്ത്രങ്ങളിൽ ഹോട്ട് ചോക്ലേറ്റ് കറങ്ങിക്കൊണ്ടിരുന്നു. ചുറ്റുമുള്ള ചില്ലലമാരകളിൽ വിവിധയിനം പേസ്ട്രികളും ബ്രെഡ് റോളുകളും നിരത്തി വെച്ചിട്ടുണ്ട്. മറ്റൊരു അറ്റത്തായി ഹാൻഡ്മെയ്ഡ് ചോക്ലേറ്റുകൾ. ഹേസൽനട്ട്, കാഷ്യൂ തുടങ്ങി റോസാപ്പൂവും മുളകുപൊടിയും വരെയിട്ട ചോക്ലേറ്റുകൾ. അവ രുചിച്ചുനോക്കി വാങ്ങിക്കാം. മുകളിലെ നിലയിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. ഞാൻ ഓർഡർ ചെയ്തു 'ഒരു ഹോട്ട് ചോക്ലേറ്റ്'. നിമിഷങ്ങൾക്കകം ഒരു വെളുത്ത കോപ്പയുടെ അറ്റംവരെ തുളുമ്പനെ നിറച്ച ഹോട്ട് ചോക്ലേറ്റ് വന്നു. ചെറുതായൊന്ന് ഊതി ഞാൻ രുചിച്ചുനോക്കി. The closest thing to heaven, എന്നു മാത്രമേ ആ ഹോട്ട് ചോക്ലേറ്റിനെ വിശേഷിപ്പിക്കാൻ എനിക്ക് സാധിക്കൂ. കറുവാപ്പട്ടയുടെ നേരിയ രുചിയുള്ള, മധുരം പൊടിക്കുപോലും കൂടുതലോ കുറവോ ആകാത്ത കൊഴുത്ത പാനീയം! മായൻ ജനത കൊക്കോപ്പാനീയത്തെ ദൈവങ്ങളുടെ പാനീയമായാണ് കരുതിയിരുന്നത്. അതങ്ങനെ ആസ്വദിച്ചു കുടിക്കുമ്പോൾ ഞാൻ വെയ്റ്റർ അണ്ണനോട് ചോദിച്ചു, 'ഇവിടുത്തെ ഏറ്റവും ഉഗ്രൻ പേസ്ട്രി ഏതാണ്?' 'ജപ്പോനയ്‌സ്.' യൂറോപ്പിൽ നിന്നെത്തിയ ആ പേസ്ട്രി ഊട്ടിയിലെ മിക്ക ചായക്കടകളിലും കിട്ടും. പൊതുവെ, മുട്ടയുടെ വെള്ളയും പഞ്ചസാരയും അടിച്ചു പതപ്പിച്ച 'മെരിങ്' പേസ്ട്രികൾ എനിക്കിഷ്ടമല്ല. അതുകൊണ്ട് ജപ്പോനയ്‌സ് എനിക്കത്ര പഥ്യമല്ല. പക്ഷെ അവിടുത്തെ ഉഗ്രൻ സാധനം അതാണെന്നു പറയുമ്പോൾ കഴിക്കാതെ എങ്ങനെ? പക്ഷേ, എനിക്കിഷ്ടമായില്ല. വായില് വെക്കാൻ കൊള്ളില്ലായിരുന്നു!
അവിടുന്നിറങ്ങിയപ്പോൾ ബോട്ടാനിക്കൽ ഗാർഡൻ കണ്ടാലോ എന്ന തോന്നൽ. ടൂറിസ്റ്റ് സ്ഥലങ്ങൾ വേണ്ടെന്ന് വെച്ചെങ്കിലും കുഞ്ഞിലേ പോയ സ്ഥലം വീണ്ടും കാണാൻ ഒരു മോഹം. അകത്തേക്ക് കയറി. വലിയ മാറ്റങ്ങളൊന്നുമില്ല. പുൽത്തകിടികളും സുഗന്ധമുള്ള ബഹുവർണ പൂക്കളും. കറങ്ങി നടന്ന ശേഷം ഒരു പൈൻമരത്തിന്റെ തണലിൽ വിശാലമായ പുൽത്തകിടിയിൽ മാനവും നോക്കിക്കിടന്നു. യൂക്കാലിയുടെ നേരിയ മണമുള്ള കാറ്റ്. അൽപനേരം അവിടെക്കിടന്നു മയങ്ങി. കണ്ണു തുറന്നപ്പോഴേക്കും സമയം മൂന്നുമണി. വെൻലോക്ക് ഡൗൺ പോകേണ്ട സമയമായി. ഒൻപതാം മൈൽ എന്ന് ഊട്ടിക്കാർ സ്‌നേഹത്തോടെ വിളിക്കുന്ന വെൻലോക്ക് ഡൗൺ എന്ന മൊട്ടക്കുന്നിൽ ചിത്രീകരിച്ച സിനിമകൾ എണ്ണിയാൽ ഒടുങ്ങില്ല. മൂൻഡ്രാം പിറൈ, കിലുക്കം, ദിൽ സേ, ചിത്രം, കുഛ് കുഛ് ഹോത്താ ഹേ, ഒളിംപിയൻ അന്തോണി ആദം... തുടങ്ങി അനേകം സിനിമകളിലൂടെ നാം കണ്ടു ശീലിച്ചൊരിടം. എന്നാൽ എനിക്ക് ഈ ഇടം അത്രമേൽ പ്രിയങ്കരമായത് 'സമ്മർ ഇൻ ബേദ്‌ലഹേം' കണ്ട ശേഷമാണ്. ഒരു രാത്രി കൂടി വിടവാങ്ങവേ എന്ന പാട്ട് ഹെഡ്‌സെറ്റിൽ കേട്ടുകൊണ്ട് ഞാൻ ലക്ഷ്യമില്ലാതെ നടന്നു. ഓഫ് സീസൺ ആയതുകൊണ്ടാവാം ആളുകൾ കുറവാണ്. സ്വസ്ഥം, സുന്ദരം.
തിരികെ ടൗണിൽ എത്തിയപ്പോഴേക്കും നേരം ഇരുണ്ടിരുന്നു. തണുപ്പ് ഒരു ജാക്കറ്റിൽ ഒതുങ്ങുന്നതിനുമപ്പുറമായിരുന്നു. കലശലായ വിശപ്പ്. ചൂട് ബിരിയാണി കഴിക്കാൻ അതിയായ മോഹം! ജൂനിയർ കുപ്പണ്ണയും തലപ്പാക്കട്ടിയുമൊക്കെ ഊട്ടിയിൽ വന്നെങ്കിലും പണ്ട് മുതൽക്കേ നിലനിൽക്കുന്നൊരു ഹോട്ടലിൽ നിന്ന് കഴിക്കണം എന്നൊരു പൂതി. അവിടത്തെ ആളുകൾ പറഞ്ഞതനുസരിച്ച് ബ്ലു ഹിൽസ് റെസ്റ്റോറന്റിലേക്ക് വണ്ടി വിട്ടു. തൊണ്ണൂറുകളിലെ ഇന്റീരിയർ അതുപോലെ നിലനിർത്തിയ ഹോട്ടൽ. പഴമയിലെ സാമാന്യം ഫാൻസി റെസ്റ്ററന്റ്. ഉടമ ഒരു മലയാളിയാണ്! അല്പനേരത്തെ കാത്തിരിപ്പിന് ശേഷം ബിരിയാണി വന്നു! ചൂടു ജീരകസാമ്പാ ബിരിയാണി! വയറും മനസ്സും നിറഞ്ഞു!
പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റു. റെയിൽവേ ആപ്പ് വഴി ബുക്ക് ചെയ്ത നീലഗിരിയുടെ വിശ്വവിഖ്യാതമായ ടോയ് ട്രെയിനിൽ കയറി കൂനൂർ എത്തണം. 7: 45 നുള്ള ട്രെയിൻ ഒരു മണിക്കൂർ കൊണ്ട് കൂനൂരെത്തും. ഉദഗമണ്ഡലം സ്റ്റേഷനിൽ സ്‌കൂട്ടർ വെച്ച് ഞാൻ ട്രെയിൻ കയറി. UNESCO പൈതൃകപ്പട്ടികയിലുള്ള ഈ റൂട്ട് മേട്ടുപ്പാളയത്തെ ചൂടിൽ നിന്ന് രക്ഷപ്പെട്ട് കൂനൂരിൽ അതിവേഗം എത്താനായി 1800-കളിൽ ബ്രിട്ടീഷ്‌കാർ നിർമ്മിച്ചതാണ്. പിന്നീട് 1900-ന്റെ തുടക്കത്തോടെ ഈ ലൈൻ ഊട്ടിയിലേക്കും നീട്ടി. ഏകദേശം മൂന്നു മാസം മുൻപ് ഈ റൂട്ടിലേക്കുള്ള ടിക്കറ്റ് റെയിൽവേ ആപ്പ് വഴി ബുക്ക് ചെയ്യാം. യുക്കാലിമരങ്ങൾക്കിടയിലൂടെ കവിതപോലെ സുന്ദരമായ ലവ്‌ഡേൽ സ്റ്റേഷൻ പിന്നിട്ട് കെട്ടി താഴ്വാരയുടെ മനോഹരക്കാഴ്ചകൾ കടന്ന് വെല്ലിങ്ടൺ പിന്നിട്ട് കൂനൂരെത്തും. തിരിച്ചുള്ള ട്രെയിൻ ഏകദേശം നാലു മണിക്ക് പുറപ്പെടും. കൂനൂരെത്തിയതും ചീവീട് പൊതിയുംപോലെ ഓട്ടോക്കാർ പിന്നാലെ കൂടി. കൂട്ടത്തിലൊരാളോട് ചോദിച്ചു; 'അണ്ണാ! എന്നെ ടൈഗർഹിൽ കൊണ്ടുപോകമുടിയുമാ?'
'മലയാളത്തിൽ പറഞ്ഞാൽ മതി. ഞാൻ മലയാളിയാ.'
രജനി സ്‌റ്റൈലിൽ കോളറിനു പിന്നിൽ കർച്ചീഫ് തിരുകി മുടി പുറകിലേക്ക് ചീകി വെച്ച അണ്ണൻ മലയാളിയാണെന്ന തിരിച്ചറിവ് തെല്ലൊരു അദ്ഭുതം ഉണ്ടാക്കിയെങ്കിലും ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു;
'ചേട്ടന്റെ പേരെന്താ?'
'മുരളി. പത്തനംതിട്ടക്കാരനാണ്. ഇവിടെ വന്നിട്ട് ഇരുപതു വർഷമായി.'
'ചേട്ടാ! എനിക്ക് ടൈഗർ ഹിൽ സെമിത്തേരിയിൽ പോകണം.'
'അങ്ങോട്ടേക്കൊന്നും ഞാനില്ല. റൂട്ട് കൃത്യമായിട്ട് അറിയില്ല. വേറൊരു കക്ഷിയെ തരാം. എന്റെ നമ്പർ സേവ് ചെയ്‌തോളൂ. എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി.'
ഇത്രയും പറഞ്ഞു തൊട്ടടുത്തു നിന്ന പ്രായമായ മനുഷ്യനോട് ഇദ്ദേഹം പറഞ്ഞു; 'മുരുഗൻ അണ്ണാ! ഇത് എന്നോട് ഊര് പൊണ്ണ്. നല്ലാ ഗൗനിക്കണം. അവൾക്ക് ടൈഗർ ഹിൽ പോണം.'
'ഏത്ക്ക് അമ്മാ!?'
ഞാനൊന്നും മിണ്ടിയില്ല. ദൈവദൂതൻ സിനിമയിലെ സെമിത്തേരി കാണാനുള്ള ആഗ്രഹമാണെന്ന് പറഞ്ഞാൽ അവർ കളിയാക്കിയാലോ! സ്‌തേവാച്ചൻ മരിക്കുമ്പോൾ അദ്ദേഹത്തെ അടക്കുന്നത് ഇവിടെയാണ്. ഈ ടൈഗർഹിൽ സെമിത്തേരിയിൽ നിന്നാണ്, അതിസുന്ദരിയായ ജയപ്രദ 'എൻ ജീവനേ' എന്ന പാട്ട് പാടുന്നത്.
ഇരുവശവും തേയിലത്തോട്ടവും, മുന്നിൽ ഇടുങ്ങിയ, വളഞ്ഞുപുളഞ്ഞ, പൊട്ടിപ്പൊളിഞ്ഞ വഴിയും. കൂടെ മഞ്ഞിന്റെ നേരിയ മൂടാപ്പും. കുലുങ്ങിക്കുലുങ്ങി വല്ലവിധേനയും വണ്ടി മുകളിലെത്തിച്ച് ഒരു ഓരത്തിൽ നിർത്തിയിട്ട് അണ്ണൻ പറഞ്ഞു. 'ഇതുക്ക് മേലെ യേറാത് മാ... ദോ പാറ്! അത് താൻ ടൈഗർ ഹിൽസ്. നീ പോ മാ. നാൻ ഇങ്കയെ ഇറുക്കേൻ! ഏതാച് ഇരുന്താ കാൾ പണ്ണ്.'
ഒരു റേഞ്ചും ഇല്ലാത്ത ഈ ഹുദാമിൽ വിളിക്കാൻ പറഞ്ഞ അദ്ദേഹത്തിന്റെ മനസ്സിനെ നമിച്ചുകൊണ്ട് ഞാൻ ഇറങ്ങിനടന്നു.
കുറച്ചു നടന്നപ്പോൾ മുന്നിൽ കാടും പടലവുമായി, പൊട്ടിപ്പൊളിഞ്ഞ മതിൽക്കെട്ടുള്ളൊരു സെമിത്തേരി. ഒറ്റനോട്ടത്തിൽ വല്ലാത്തൊരു ഇരുട്ട് മനസ്സിൽ നിറയും. എന്തോ പേടി തോന്നി ഒരു നിമിഷം! എങ്കിലും ധൈര്യം സംഭരിച്ച് അകത്തേക്കു കയറാൻ തീരുമാനിച്ചു. ഗേറ്റ് പൂട്ടിയിരിക്കുകയാണ്. പൊളിഞ്ഞുകിടക്കുന്ന മതിലിന് വലിയ പൊക്കമില്ലാത്തതുകൊണ്ട് വേഗം അകത്തു കയറി. ചുറ്റും കണ്ണോടിച്ചു. പല കല്ലറകളും തകർന്ന നിലയിലാണ്. മിക്കവരും പതിനെട്ടാം നൂറ്റാണ്ടിൽ അടക്കപ്പെട്ടവർ. കല്ലറകളിൽവെച്ച കുരിശുകൾ അങ്ങിങ്ങായി ചെരിഞ്ഞു കിടക്കുന്നു. ശെരിക്കും ഒരു പ്രേതപ്പടത്തിന് സെറ്റ് ഇട്ടപോലെ! അധികം നിന്നു കറങ്ങാതെ വീഡിയോയും പിടിച്ച് തിരിച്ചു മതിൽ ചാടിയപ്പോഴാണ് ശ്രദ്ധിച്ചത്- സെമിത്തേരിയുടെ ഒരു വശത്ത് മനോഹരമായ തേയിലത്തോട്ടമാണ്. പച്ചപ്പുല്ലു വിരിച്ച വിജനമായ പാതകൾ. ഇതുവരെ വന്നിട്ട് അവിടം കണ്ടില്ലെങ്കിൽ മോശമല്ലേ! ഞാൻ പാട്ടൊക്കെ പാടി, സന്തോഷത്തോടെ നടന്നു. മൂടൽമഞ്ഞിങ്ങനെ ഇടക്കിടയ്ക്ക് കാറ്റിനൊപ്പംവന്നു പൊതിയുന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും ഞാൻ വീഡിയോകൾ എടുത്ത് തേയിലച്ചെടികൾക്കിടയിലൂടെ മെല്ലെ നടന്നുകൊണ്ടിരിക്കെ, പെട്ടെന്ന് കാതിന്റെ പിന്നിലൊരു നേരിയ കാറ്റ്. ആരോ നമ്മുടെ തൊട്ടടുത്തുനിന്ന് രഹസ്യം പറയാൻ തുടങ്ങുമ്പോൾ അവരുടെ ശ്വാസം കാതിൽ തട്ടില്ലേ...അതുപോലെ. എന്റെ രണ്ടു കൈകളിലെയും കഴുത്തിന് പിന്നിലെയും രോമങ്ങൾ എഴുന്നേറ്റു നിന്നു. ഒറ്റയൊരോട്ടം വെച്ചു കൊടുത്തതു മാത്രമേ ഓർമ്മയുള്ളൂ. ഓടുന്നതിനിടക്ക് എവിടെയും ഞാൻ നോക്കിയില്ല. കരിയിലകളിൽ എന്റെ പാദങ്ങളുടെ ശബ്ദം മാത്രമാണ് കേൾക്കുന്നതെന്ന് ഉറച്ചുവിശ്വസിച്ച് നിർത്താതെ ഓടി. മുന്നിൽ മഞ്ഞിനിടയിലൂടെ തെളിഞ്ഞ ഓട്ടോ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. കിതച്ചുകൊണ്ട് ഓട്ടോയിൽ കയറിയ എന്നോട് എന്താ പറ്റിയതെന്ന് മുരുഗണ്ണൻ ചോദിച്ചില്ല. പകരം ഒരൊറ്റ ഡയലോഗ് മാത്രം. 'നാൻ അപ്പോവേ സൊന്നേ ല്ല! ഇങ്കെ യാരുമേ വരമാട്ടാങ്ക!' തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ പരസ്പരം മിണ്ടിയില്ല. ടൗൺ എത്തിയപ്പോഴേക്കും സമയം ഉച്ചക്ക് ഒന്നു കഴിഞ്ഞു. വയറു വിശന്നു കരയാൻ തുടങ്ങി.
'അണ്ണാ! എനക്ക് റൊമ്പ പസിക്കിത്. ഇങ്കെ എന്നാ റൊമ്പ ഫേമസ്?'
വണ്ടി നേരെ ചെന്നുനിന്നത് ഹോട്ടൽ രാമചന്ദ്രയുടെ മുന്നിലാണ്. കൂനൂരിന് അടുത്തുള്ള വെലിങ്ടണിൽ ആയിരുന്നു മുൻപ് ബ്രിട്ടീഷ് പട്ടാള കന്റോൺമെന്റ്. അവിടെയുള്ള പട്ടാളക്കാർക്ക് കഴിക്കാനായി എളുപ്പത്തിൽ പാകം ചെയ്യാൻ പറ്റുന്ന വയറു നിറയ്ക്കുന്നൊരു വിഭവം വേണമായിരുന്നു. അങ്ങനെയാണ് വെല്ലിങ്‌ടോൺ പൊറോട്ടയുണ്ടാവുന്നത്. മൈദാമാവ് പരത്തിയതിലേക്ക് മിൻസ് ചെയ്ത, മസാലയിൽ പാകം ചെയ്ത ഇറച്ചി നിറയ്ക്കും. ശേഷം ചതുരത്തിൽ മടക്കി പരത്തി ചുടും. ഇതാണ് വെല്ലിങ്ടൺ പൊറോട്ട. രാമചന്ദ്ര അതിന് ഫേമസും.
വെല്ലിങ്ടൺ പൊറോട്ട ആസ്വദിച്ചു കഴിച്ച് ഞാൻ വെളിയിലിറങ്ങി. ശേഷം സ്റ്റേഷനിലെത്തി. ട്രെയിൻ അവിടെ തന്നെയുണ്ട്. നാലു മണിക്കേ എടുക്കൂ. ഓട്ടോക്കാശ് കൊടുക്കേ മുരുഗണ്ണൻ എന്നോട് പറഞ്ഞു
'അമ്മാ! ഒരു പത്തുരൂപ എടുത്ത് സാമിക്ക് കൊടുത്തിട്. ഇല്ലാട്ടി ഏതാവത് ചർച്ചിലെ പോട്ടിട്. അത് റൊമ്പ കെട്ടയിടം.'
എന്ത് പറയണമെന്ന് അറിയാതെ ഞാൻ ഇങ്ങനെ തരിച്ചു നിന്നു. ശേഷം സ്റ്റേഷന് ഉള്ളിലേയ്ക്ക് നടന്നു ട്രെയിനിൽ കയറി ഇരുന്നു. വണ്ടി മെല്ലെ ചൂളമടിച്ച് നീങ്ങിത്തുടങ്ങി. ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു- 'മുരുഗണ്ണൻ അങ്ങനെ പറയാൻ കാരണമെന്താണ്? സെമിത്തേരിയിലെ നേരിയ തണുപ്പുള്ള ആ കാറ്റ് എന്നോട് എന്താണ് പറയാൻ ശ്രമിച്ചത്?'
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience the iconic hot chocolate at Moddy's Bakery in Ooty., Explore cinematic locations like Wenlock Downs (9th Mile)., Travel via the UNESCO heritage Nilgiri Mountain Railway to Coonoor., Discover the history and mystery of Tiger Hill Cemetery., Taste the authentic Wellington Parotta at Hotel Ramachandra.
Published: 02 May 2026, 03:16 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented