ആലപ്പുഴ മുതല്‍ തോട്ടപ്പള്ളി വരെയും കിഴക്ക് ചങ്ങനാശ്ശേരി, തിരുവല്ല ദേശങ്ങളുടെ അതിരുവരെയും വ്യാപിച്ചുകിടന്ന പഴയ നാട്ടുരാജ്യമായിരുന്നു ചെമ്പകശ്ശേരി. വിടര്‍ന്ന ചെന്താമരപ്പൂവിനെ ചിഹ്നമായി സ്വീകരിച്ച ചെമ്പകശ്ശേരി രാജാവിന്റെ തട്ടകം. പത്തിവിരിച്ച അനന്തന്റെ പ്രതീകങ്ങളായി ചുണ്ടന്‍വള്ളങ്ങള്‍ ജലകേളിക്കിറങ്ങുന്ന ജലാശയങ്ങളുടെ നാട്. കടലായിരുന്നു പടിഞ്ഞാറേ അതിര്. നെല്ലറയായ കുട്ടനാട് ആ നാട്ടുരാജ്യത്തിന് സമൃദ്ധിയുടെ അക്ഷയപാത്രമൊരുക്കി. ചെമ്പകശ്ശേരി, കലയുടെയും സാഹിത്യത്തിന്റെയും സമൃദ്ധിയുടെയും ഭൂമിയായിരുന്നു. വ്യാപാരവും വാണിജ്യവും ലക്ഷ്യമാക്കി വൈദേശികര്‍ പതിവായി ഇവിടേക്ക് എത്തിക്കൊണ്ടിരുന്നു. അമ്പലപ്പുഴയ്ക്കു സമീപമുള്ള പുറക്കാട്, നീര്‍ക്കുന്ന് തുറമുഖങ്ങളില്‍ അവര്‍ നങ്കൂരമിട്ടു. പരദേശികള്‍ ദേശസുരക്ഷയ്ക്ക് വെല്ലുവിളിയാകുമോ എന്നൊരു സംശയം സ്വാഭാവികമായും ചെമ്പകശ്ശേരിയരചനുണ്ടായി. ദേശത്തിന്റെ കരുത്തുയര്‍ത്താതെ തരമില്ലെന്നായി.

To advertise here,

മികവുറ്റ സേനയെ വളര്‍ത്തിയെടുത്ത് ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തുക എന്ന ആവശ്യം പടത്തലവന്‍മാരായ മാത്തൂര്‍ പണിക്കര്‍ക്കും വെള്ളൂര്‍ കുറുപ്പിനും മുന്നില്‍ അവതരിപ്പിച്ചു. അവര്‍ പരിഹാരംകണ്ടു. അങ്ങനെ ദേശത്തുടനീളം കായികപരിശീലനക്കളരികള്‍ തുടങ്ങി. യുവാക്കളെ കളരിച്ചിട്ടകള്‍ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. മെയ്വഴക്കമുള്ള അഭ്യാസികളാക്കി അവരെ പരുവപ്പെടുത്താനുള്ള ആലകളായിരുന്നു ഈ കളരികള്‍. യുവാക്കളാരും കളരികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കരുതെന്നാവശ്യപ്പെട്ട് രാജാവ് നിരന്തരം വിളംബരങ്ങള്‍ പുറപ്പെടുവിച്ചു. ചെമ്പകശ്ശേരിയിലെ കളരികളില്‍ ആയോധനത്തികവൊത്ത യുവാക്കള്‍ അഭ്യാസികളായി വളര്‍ന്നു. ഈ മെയ്ക്കരുത്ത് രാജാവിനുമുന്നില്‍ തെളിയിക്കുക അവരുടെ സ്വപ്‌നമായിമാറി. അങ്ങനെയവര്‍ യോദ്ധാക്കളുടെ വേഷമണിഞ്ഞ് പരിചയും വാളുമേന്തി കളരി പകര്‍ന്ന ചുവടുകള്‍ അരചനുമുന്നില്‍ പുറത്തെടുത്തു.

പ്രജകളുടെ ആയോധനമികവും മെയ്വഴക്കവും രാജാവിന് ബോധ്യപ്പെടാന്‍ അതൊരവസരമായി. ക്രമേണ ഇതൊരു അനുഷ്ഠാനമായി. രാജാവിനൊപ്പം ഭഗവാനും തങ്ങളുടെ ചുവടുകള്‍ക്ക് കാണിയാവുന്നുണ്ടെന്ന തോന്നലില്‍ യോദ്ധാക്കള്‍ അംഗചലനങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുള്ളവരായി. ചെമ്പകശ്ശേരിയുടെ ഈ കായികമുറ ക്രമേണ തികവൊത്തൊരു കലാരൂപമായി വളരുകയായിരുന്നു. ആനകള്‍ക്കും പുരുഷാരത്തിനും തീവെട്ടികള്‍ക്കുമിടയില്‍, ഉടുത്തുകെട്ടി, പരിചയും ചുരികയുമേന്തി, 'താത്തിത്തകോം തെയ്‌തെയ്‌തോം' എന്നിങ്ങനെ അവര്‍ താളബദ്ധമായി ചുവടുവെച്ചു. അങ്ങനെ ഈ ആയോധനകല 'വേലകളി' എന്ന കലാരൂപമായി വളര്‍ന്നു.

വേലകളിയുടെ ചരിത്രം അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. 'അമ്പലപ്പുഴ വേലകണ്ടവന് അമ്മയും വേണ്ട' എന്നൊരു ചൊല്ലുപോലുമുണ്ട്. ചെമ്പകശ്ശേരിയരചന്‍മാരുടെ തേവാരമൂര്‍ത്തിയായിരുന്നു അമ്പലപ്പുഴയിലെ കൃഷ്ണന്‍. മീനമാസത്തില്‍ പത്തുനാളുകളിലായി നടത്തപ്പെടുന്ന ഇവിടത്തെ ഉത്സവം ചെമ്പകശ്ശേരി രാജാക്കന്‍മാരുടെ കാലംമുതലേ പ്രസിദ്ധമാണ്. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ ഖ്യാതിയില്‍ അവിടത്തെ പാല്‍പ്പായസത്തിന്റെ രുചിക്കും വേലകളിയുടെ മിഴിവിനുമുള്ള പങ്ക് ചെറുതല്ല.

അമ്പലപ്പുഴ പാല്‍പ്പായസം ആസ്വദിക്കേണ്ട രുചിയും വേലകളി കാണേണ്ട കാഴ്ചയുമാണ്. ഒന്നാം ഉത്സവത്തിന് നൂറു പറ, രണ്ടാം ഉത്സവത്തിന് ഇരുനൂറു പറ എന്നിങ്ങനെ ഓരോനാളിലും നൂറുപറ വീതം അരി കൂട്ടിയായിരുന്നു അമ്പലപ്പുഴയിലെ സദ്യ. പത്തുദിവസത്തെ ഉത്സവത്തില്‍ ഒന്‍പതാം ഉത്സവം സവിശേഷതയുള്ളതാണ്. അന്നാണ് നാടകശാലസദ്യ. തൊള്ളായിരപ്പറ അരിവെച്ച് അമ്പലത്തിനു തെക്കുവശത്തെ നാടകശാലയില്‍ നടത്തുന്ന സദ്യ. നാടകശാലസദ്യക്ക് മേളക്കാര്‍ക്ക് ഭഗവാന്‍ വന്ന് നെയ്യ് വിളമ്പുമെന്നൊരു വിശ്വാസമുണ്ട്.

അന്നുവൈകീട്ട് തനിപ്പൊന്നുകൊണ്ടുള്ള വലിയ ചട്ടവും സ്വര്‍ണക്കുടയും ആനപ്പുറത്തെഴുന്നള്ളിക്കും. തിടമ്പില്‍ തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കുവെച്ച ഏഴരപ്പൊന്നാനപ്പതക്കം ചാര്‍ത്തും. എഴുന്നള്ളത്ത് ക്ഷേത്രത്തിനു വലംവെച്ച് പടിഞ്ഞാറേക്കഭിമുഖമായി നില്‍ക്കുമ്പോഴാണ് തിരുമുന്‍പില്‍ വേല. ചെമ്പകശ്ശേരിയിലെ യോദ്ധാക്കളുടെ പിന്മുറക്കാരായാണ് ഇവിടെ വേലകളിസംഘത്തെ കാണുന്നത്. അവര്‍ മേളത്തിനൊത്ത് തങ്ങളുടെ ആയോധനപാടവം പ്രകടിപ്പിക്കും. പഴയ നായര്‍പ്പടയാളികളുടെ വേഷമാണ് ഭടന്‍മാര്‍ക്ക്. പട്ടുകൊണ്ട് അങ്കവാലിട്ട് ഉടുത്തുകെട്ടി, തലപ്പാവണിഞ്ഞ്, കളഭം പൂശി, ചുവടുവെച്ച് വേലകളിക്കാര്‍ പയറ്റുമുറകള്‍ പ്രദര്‍ശിപ്പിക്കുന്നു. കൈയില്‍ ചുരികയും പരിചയുമേന്തി മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും സംഘത്തിന് നേതൃത്വംവഹിച്ച പഴയകാലം മേളത്തിലും ചുവടിലും വീണ്ടും പിറക്കും. ചെമ്പകശ്ശേരി രാജാവും അനുചരന്‍മാരും തെക്കേമഠത്തിന്റെ പൂമുഖത്തുനിന്ന് എഴുന്നള്ളത്തും വേലകളിയും കാണുന്നുവെന്നൊരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് 'തിരുമുന്‍പില്‍വേല' എന്ന പേരുവന്നത്.

മറ്റ് ക്ഷേത്രകലകളില്‍നിന്നെല്ലാം വ്യത്യസ്തമാണ് വേലകളി. അരങ്ങത്ത് കളിവിളക്കോ സ്തുതിഗീതങ്ങളോ ഇല്ല. പ്രത്യേകം കെട്ടിയൊരുക്കിയ തറയോ വേദിയോ വേണ്ട. ക്ഷേത്രമതില്‍ക്കെട്ടിനകത്തും പുറത്തും വേലകളി നടത്തും. ക്ഷേത്രക്കുളത്തിന്റെ പടവുകളും വേലകളിക്ക് അരങ്ങാണ്. കുളക്കരയില്‍വെച്ചാകുമ്പോള്‍ കുളത്തില്‍ വേലയാകും. നടയ്ക്കുമുന്നില്‍വെച്ചാകുമ്പോള്‍ തിരുമുന്‍പില്‍ വേല. നദീതീരത്തുവെച്ചാണെങ്കില്‍ ചിറയില്‍ വേല.

ഏതാണ്ടൊരു അഭ്യാസമുറയായ വേലകളിയെ, വാദ്യമേളങ്ങളുടെ ലയത്തിനൊത്ത്, അംഗചനങ്ങളെയും ചുവടുകളെയും ക്രമീകരിച്ച്, ക്ഷേത്രകലയായി വളര്‍ത്തിയത് പൂരാടം പിറന്ന തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന ചെമ്പകശ്ശേരി രാജാവാണെന്ന് കരുതപ്പെടുന്നു. ചുവടുകളുടെ താളക്രമമാണ് വേലകളിയുടെ അഴക്. കളരിപ്പയറ്റിനോട് ചുവടുകള്‍ക്കു സാമ്യമുണ്ട്. ഭാവം പ്രധാനമല്ല. ഒന്നിനുപുറകേ ഒന്നായി കളിക്കാര്‍ നിരന്നുനില്‍ക്കും. ചെണ്ട, കുഴല്‍, ഇലത്താളം എന്നിവയാണ് വാദ്യങ്ങള്‍. എണ്ണമനുസരിച്ച് ഓരോ സംഘത്തിലും രണ്ടോ മൂന്നോ പ്രധാന കളിക്കാര്‍ ഉണ്ടാകും. ഇവരാണ് വേലകളിസംഘത്തെ നയിക്കുക.

ചടുലമായ ചുവടുകളും പോര്‍വിളിക്കു സമാനമായ ചേഷ്ടകളും. സൗന്ദര്യത്തികവുള്ള, ചോരചിന്താത്ത ഒരു ചെറുയുദ്ധം പോലെയാണ് കാഴ്ചയില്‍ വേലകളി അനുഭവപ്പെടുക. വേലകളിയുടെ പിറവിയുമായി ബന്ധപ്പെട്ട് ചില ഐതിഹ്യങ്ങളുണ്ട്. കുട്ടിക്കാലത്ത് കാളിന്ദീതീരത്ത് കൃഷ്ണനും ചങ്ങാതിമാരും ഏര്‍പ്പെട്ടിരുന്ന ലീലയാണ് ഇതെന്നും വിശ്വസിക്കപ്പെടുന്നു. ജലസമൃദ്ധമായ കാളിന്ദിയില്‍നിന്ന് പറിച്ചെടുത്ത താമരപ്പൂക്കളെ പരിചയാക്കിയും താമരത്തണ്ടുകളെ വാളാക്കിയും അവര്‍ കളിയുദ്ധത്തില്‍ ഏര്‍പ്പെട്ടുവത്രേ. ഈ കൃഷ്ണലീല വേലകളിയായി വളര്‍ന്നുവെന്നും പറയപ്പെടുന്നു. മഹാഭാരതത്തിലെ കൗരവ-പാണ്ഡവ യുദ്ധത്തിന്റെ പുനരാവിഷ്‌കാരമായി വേലകളിയെ കാണുന്നവരുമുണ്ട്. പണ്ടുകാലത്ത് യുദ്ധസന്നാഹങ്ങള്‍ക്ക് നാന്ദികുറിക്കുന്നതിന്റെ ഭാഗമായും വേലകളി നടത്തിയിരുന്നതായി പറയപ്പെടുന്നു.

പുരുഷന്‍മാരാണ് വേലകളിയില്‍ പങ്കെടുക്കുക. വെളുത്ത മുണ്ടും അതിനുമുകളില്‍ ചുവന്ന കച്ചയുമാണ് വേഷം. മേല്‍ക്കുപ്പായമില്ല. തലപ്പാവില്‍ കസവുചുറ്റി തലയിലണിയും. മാറ് നിറഞ്ഞുകിടക്കുന്ന കഴുത്താരം, കങ്കണങ്ങളും തോള്‍വളകളും, ശരീരത്തില്‍ കളഭവും; ഇത്രയുമാണ് ചമയങ്ങള്‍. വലതുകൈയില്‍ ചുരിക, ഇടതുകൈയില്‍ പരിച; ഇവയാണ് ആയുധങ്ങള്‍. ചുവടുകളും അടവുകളുമാണ് വേലകളിയുടെ ചന്തം നിര്‍ണയിക്കുന്നത്. ആയംചാട്ടം, അരയില്‍ നീക്കം തുടങ്ങിയ ചുവടുകള്‍. കളിക്കാരുടെ നീക്കം എതിര്‍പക്ഷക്കാര്‍ അറിയാതിരിക്കാന്‍ വാദ്യമേളങ്ങളിലൂടെയാണ് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത്. മുറിയടന്ത മുഴങ്ങിയാല്‍ ചലനങ്ങള്‍ക്ക് വേഗമേറും. അടന്തയില്‍ ചുവടുകള്‍ക്ക് താളം അയയും. പഞ്ചാരി മുഴങ്ങിയാല്‍ പിന്തിരിഞ്ഞോടണമെന്നാണത്രേ വേലകളിയുടെ നിയമം.

വേലകളി കലാകാരന്‍മാര്‍ക്ക് ചുവടുവയ്ക്കാന്‍ ഒരുവര്‍ഷത്തെ പരിശീലനമെങ്കിലും അത്യാവശ്യമാണ്. ''നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കലയിലേക്ക് പുതുതലമുറ കടന്നുവരേണ്ടതുണ്ട്. ഇനിയുള്ള തലമുറ ഇങ്ങനെയുള്ള കലകള്‍ക്കായി ജീവിതം മാറ്റിവയ്ക്കുമോ എന്നകാര്യത്തില്‍ സംശയമുണ്ട്. കല ദൈവികമാണ്. അത് കൈയില്‍ വന്നുചേരുന്നവര്‍ വരംപോലെ അതിനെ പരിപാലിക്കേണ്ടതുണ്ട്. കുട്ടിക്കാലത്ത് വേലകളി പരിശീലിച്ച് ചുവടുറച്ച് മുതിര്‍ന്നുകഴിയുമ്പോള്‍ കലയെ കൈവിട്ടുകളയുന്നവരുണ്ട്. ആ പ്രവണത ഏത് കലാരൂപത്തിന്റെയും നിലനില്‍പ്പിന് അപകടമാണ്,'' -നൂറനാട് ദേവീവിലാസം കലാസംഘം വേലകളിസംഘം ആശാന്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. ക്ഷേത്രാങ്കണങ്ങളില്‍ ഗതകാലത്തിന്റെ പോരാട്ടവീര്യത്തെ പുനരാവിഷ്‌കരിക്കുകയാണ് വേലകളി. മണ്‍മറഞ്ഞൊരു കാലം ചമയങ്ങളണിഞ്ഞ് വാദ്യഘോഷങ്ങളോടെ മണ്ണില്‍ വീണ്ടും പതിയുന്നു.

 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi