
പരിചയപ്പെടുത്തല്‍ തിലാപ്പിയ മൊസാമ്പിക്ക എന്നതാണ് എന്റെ യഥാര്‍ത്ഥ പേര്, പിന്നെ നിങ്ങള്‍ മലയാളികള്‍ വായില്‍ തോന്നിയത് വിളിക്കുന്നതാണല്ലോ പേര്. അപ്പൊ ചിലര്‍ എന്നെ തിലാപ്പ്യ എന്നും, മറ്റു ചിലര്‍ പിലോപ്പിയ എന്നും, വേറെ ചിലര്‍ കുറെ കൂടെ സ്‌റ്റൈല്‍ ആയിട്ടു സിലോപ്പ്യ എന്നും വിളിക്കും.
സിലോപ്പ്യ മീന്‍ എനിയ്‌ക്കെന്നും ഒരു വീക്‌നെസ് ആയിരുന്നു. ഞങ്ങടെ ചെറുപ്പത്തില്‍ ഹോസ്റ്റലില്‍ നിന്നും ആഴ്ചയവസാനം വീട്ടില്‍വരുമ്പോള്‍ കാത്തിരുന്നു കഴിക്കുന്ന മീനായിരുന്നു സിലോപ്പ്യ. സ്ഥിരമായി വീട്ടില്‍ മീന്‍ തരുന്ന ഒരു ചേച്ചി ഉണ്ട്, റോസിച്ചേച്ചി, അടിപൊളി കക്ഷിയാണ്. നല്ല മീന്‍ കൊണ്ടുവരും, വില വല്യ കത്തിയൊന്നുമല്ല. അവര്‍ സ്ഥിരമായി കൊണ്ടുവന്നിരുന്നത് സിലോപ്പ്യ ആയിരുന്നു. മമ്മി അത് നല്ല പോലെ കറിയും വെയ്ക്കും, വറക്കുകയും ചെയ്യും. കറി തന്നെ മുളകരച്ചതുമുണ്ട്, തേങ്ങാ വറുത്തരച്ചതുമുണ്ട്, രണ്ടും സൂപ്പറാണ്.
Also Read
ഇച്ചിരി ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു അതിന്റെകൂടെ കാശ്മീരി മുളകുപൊടി, ഉലുവ, മഞ്ഞള്‍, കായം, ഉപ്പുപൊടികളും കൂടെ ചേര്‍ത്തരച്ചു ആ അരപ്പില്‍നിന്നും കുറച്ചെടുത്തു വരഞ്ഞുവെച്ചിരിക്കുന്ന മീനില്‍ മെല്ലെ മെല്ലെ മസ്സാജ് ചെയ്തു വെയ്ക്കും. ബാക്കി അരപ്പ് ചട്ടി വെച്ച് എണ്ണയൊഴിച്ചു, കടുക് പൊട്ടി വരുമ്പോള്‍ വെളുത്തുള്ളി ഇഞ്ചി വഴറ്റി കുറച്ചു കറിവേപ്പില ഇട്ടു മൂക്കുമ്പോള്‍, അരച്ചു വെച്ചിരിക്കുന്ന അരപ്പ് മെല്ലെ മെല്ലെ ചേര്‍ത്ത് ലേശം വെള്ളം ചേര്‍ത്ത് വഴറ്റി, എണ്ണ തെളിയുമ്പം കുറച്ചു വെള്ളം ചേര്‍ത്ത് ആവശ്യത്തിന് കുടംപുളിയിട്ടു തിളയ്ക്കുമ്പോള്‍, മീനും പെറുക്കിയിട്ടു, ചെറിയ തീയില്‍ പാകം ചെയ്യും. വേവിച്ചെടുത്ത സിലോപ്പിയ കുഞ്ഞുങ്ങളെ കഴിക്കുവാന്‍ എന്താ സ്വാദ്, നല്ല പഞ്ഞി പോലത്തെ മാംസം, അത് മുളകില്‍ പിടിച്ചങ്ങനെ ഇരിക്കും. വരുത്തരച്ചതിനും അപാര സ്വാദാണ്. അതൊരു കാലം.
കല്യാണം കഴിഞ്ഞു ജോലിയുമായി തിരുവനന്തപുരത്തു വന്നതിനുശേഷം അങ്ങനത്തെ ഇഷ്ടങ്ങളൊക്കെ വല്ലപ്പോഴും വീട്ടില്‍ ചെല്ലുമ്പോള്‍ മാത്രമായി, ക്രമേണ സിലോപ്പ്യ എന്നില്‍ നിന്നും അകന്നു, സിലോപ്പ്യ സ്വാദും ഞാന്‍ മറന്നു. കെട്ടി, കുട്ടിയും കുടുംബവുമായി ജീവിക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ വെയ്ക്കുന്ന കറിക്കൊന്നും നമുക്ക് അങ്ങനെ സ്വാദൊന്നും തോന്നുകയില്ല, പലപ്പോഴും കാണുകയുമില്ല. അങ്ങനെയിരിക്കെ ഒരിക്കല്‍ കോളേജില്‍ ഒരു കൂട്ടുകാരി കരിമീന്‍ ഫിഷ്‌മോലി വെച്ചുകൊണ്ട് വന്നു. പക്ഷേ കഴിച്ചുതുടങ്ങിയപ്പോള്‍ മനസ്സിലായി അത് കരിമീനല്ല, എന്റെ സ്വന്തം സിലോപ്പ്യ ആണെന്ന്, പുള്ളിക്കാരിയെ പാളയം മാര്‍ക്കറ്റിലെ ചേച്ചിമാരില്‍ ആരോ ഒരാള്‍ പറ്റിച്ചു, എന്നാലും നാളുകള്‍ക്കുശേഷം എന്റെ സിലോപ്പ്യ മോളെ കഴിച്ചതിലുള്ള സന്തോഷം എനിക്ക് പറഞ്ഞറിയിക്കാന്‍ സാധിച്ചില്ല.
ആ സംഭവത്തിന് ശേഷം നാളുകള്‍ ഏറെ കഴിഞ്ഞു. അങ്ങനെയിരിക്കെ കോവിഡ് വന്നു, ലോക്ക്ഡൗണ്‍ വന്നു, പള്ളിയടച്ചു, സ്‌കൂളടച്ചു, പിന്നെല്ലാം പതുക്കെ പതുക്കെ തുറന്നു, വീണ്ടും പൂര്‍വസ്ഥിതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചു. അങ്ങനെയൊരു ഞായറാഴ്ച കുടുംബ പ്രാര്‍ത്ഥന വന്നു. പ്രാര്‍ത്ഥനയാണ് ലക്ഷ്യമെങ്കിലും, നമ്മള്‍ അത് കഴിഞ്ഞുള്ള പ്രധാന കര്‍ത്തവ്യം കൂടെ കഴിഞ്ഞാണ് പിരിയാറുള്ളത്. സാധാരണ പ്രാര്‍ത്ഥനകള്‍ കഴിഞ്ഞ് ഒരു ഹൈ ടീ പതിവാണ്. പക്ഷേ അന്നത്തെ പ്രാര്‍ത്ഥന തുടങ്ങിയത് തന്നെ വൈകുന്നേരമാണ്, അപ്പോള്‍ നമ്മള്‍ അടുക്കളയും പൂട്ടിയാണ് പോയത് എന്ന് സാരം. അച്ചന്‍ ആശീര്‍വദിച്ചനുഗ്രഹിച്ചു പ്രാര്‍ത്ഥന തീര്‍ന്നു.
എല്ലാവരും ഒരു മനമോടെ ഡൈനിങ്ങ് ടേബിളിലേക്ക് നോക്കി, കണ്ണുകളെ വിശ്വസിക്കാനാകാതെ ഞാനൊന്നു കൂടെ നോക്കി, അവിടെയൊരു വെള്ള പോര്‍സ്‌ലൈന്‍ പാത്രത്തില്‍ മുഴുത്ത ഒരു സിലോപ്പ്യ ഫ്രൈ ഇരുന്നു ചിരിക്കുന്നു. ചിരിയുടെ അലകള്‍ എന്നെ വന്ന് മൂടി. ഞാന്‍ മെല്ലെ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു, ഞങ്ങള്‍ ഇവിടെ ഉണ്ട് കേട്ടോ എന്ന് പറഞ്ഞ് തൊട്ടടുത്തെ കാസറോളില്‍ കിടന്നിരുന്ന സിലോപ്പ്യ പെണ്ണുങ്ങള്‍ എന്നെ കൈയാട്ടി വിളിച്ചു, ഹൊ സന്തോഷമായി. ഇതെങ്ങനെ സംഭവിച്ചു, അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ പരിപോഷിപ്പിച്ച കര്‍ത്താവ് ഈയുള്ളവളുടെ ആഗ്രഹം അനിത ചേച്ചിയിലൂടെ (അന്നത്തെ പ്രാര്‍ത്ഥന അനിതച്ചേച്ചിയുടെയും, പ്രിന്‍സ് അച്ചാച്ചന്റെയും വീട്ടിലായിരുന്നു) നടത്തി തന്നു. ഞാനും മോളും മത്സരബുദ്ധിയോടുകൂടെ ഞങ്ങടത്രേം (അല്‍പ്പം അതിശയോക്തി നല്ലതല്ലേ ) ഉള്ള ഒരു സിലോപ്പ്യയും ചപ്പാത്തിയും കൂടെ കഴിച്ചു നിര്‍വൃതിയടങ്ങി.
അന്നാണ് അറിഞ്ഞത് ചേച്ചിക്ക് ഒരു ഫിഷ് ഫാം ഉണ്ടെന്നും അവിടെ നമ്മുടെ രാജകുമാരികള്‍ വളരുന്നുണ്ടെന്നും, പിന്നീട് പള്ളിയില്‍ വെച്ച് കാണുമ്പോള്‍ ഞാന്‍ ചേച്ചിയെയും, ചേച്ചി എന്നെയും ഓര്‍ക്കുന്നത് സിലോപ്പ്യ എന്ന 'ലസാഗു'വിലൂടെയാണ്. ഭര്‍ത്താവിന് അത്ര താല്‍പ്പര്യമില്ലാത്ത മീനായതിനാല്‍ ഒരു തവണ മാത്രമേ മേടിച്ചുതന്നുള്ളൂ. പക്ഷെ എന്നാലും ഞാന്‍ ഇടക്കിടയ്ക്ക് വിചാരിക്കും, എന്നാലും ഇങ്ങേര്‍ സിലോപ്പ്യയയെ പറ്റി, അത് മേടിക്കുന്നതിനെ പറ്റി ഒന്നും പറയുന്നുപോലുമില്ലല്ലോ എന്ന്. സിലോപ്പ്യ വേദനിപ്പിക്കുന്ന ഒരു നനുത്ത ഓര്‍മ്മയായി എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അങ്ങനെ കിടന്നുറങ്ങി.
അങ്ങനെ സന്ധ്യയായി ഉഷസ്സുമായി മൂന്നാം ദിവസം എന്ന് പറയുന്നത് പോലെ ഓണവും കഴിഞ്ഞു ക്രിസ്മസ് എത്താറായി. നവംബര്‍ 30-ന് എനിക്ക് ചേച്ചിയുടെ ഒരു ഫോണ്‍കോള്‍, കുറച്ചു മീന്‍ ഉണ്ട് എന്നേ പറഞ്ഞുള്ളു. കുറച്ച് എന്ന് പറഞ്ഞാല്‍ ഒരു വലിയ ബക്കറ്റ് എന്നാണര്‍ത്ഥം എനിക്കന്നു മനസ്സിലായി. സിലോപ്പ്യ കണ്ടു എന്റെ വയറ് നറഞ്ഞു.
പിറ്റേന്ന് നോയമ്പ്, ഞാന്‍ മാത്രം കഴിക്കുന്ന മീന്‍. പൈസയൊന്നും മേടിക്കാതെ ചേച്ചി തന്ന മീന്‍. ഈ മീന്‍ ഇഷ്ടമുള്ള ആള്‍ക്കാര്‍ ആണ് വീടിനുചുറ്റും, കോളേജില്‍ ആണെങ്കില്‍ എന്റെ കുട്ടികള്‍ ഭക്ഷണത്തിന്റെ ദയനീയകഥ എന്നും പറയാറുണ്ട്. ഐശ്വര്യമായിട്ടു നോയമ്പ് തുടങ്ങിക്കോളൂ എന്ന് ദൈവം ചേച്ചിയിലൂടെ പ്രവര്‍ത്തിക്കുകയാണ് എന്ന് എനിക്ക് തോന്നി. ഫ്രീ ആയി ചേച്ചി തന്ന മീന്‍ ഫ്രീ ആയി കുറെയേറെ പേര്‍ക്ക് കൊടുത്തു, അവരുടെ സന്തോഷം കണ്ടപ്പോള്‍ ചേച്ചിയോട് കൊറേ കൂടെ സ്‌നേഹം തോന്നി. ചൊമന്ന കറിയും ഫിഷ് ഫ്രൈയും ഉണ്ടാക്കി ഞങ്ങളും കഴിച്ചു. പിറ്റേന്ന് മീന്‍കറി വലിയമലയിലേക്കു വണ്ടി കയറി. അവിടെയും നമ്മുടെ കുട്ടികള്‍ അത് കഴിച്ചു, കര്‍ത്താവ് വലിയവനാണ്, സിലോപ്പ്യ കൊണ്ട് വന്ന വഴി കണ്ടില്ലേ.
Content Highlights: dr.gigi j alex share her memories about tilapia fish curry
Published: 22 Jul 2024, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented