
വീട്ടില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള പറിച്ചുനടല്‍ എനിക്ക് വലിയ പ്രയാസമല്ലായിരുന്നു. കാരണം അത്രയും നല്ല കോളേജും, ഹോസ്റ്റലും ആയിരുന്നു അസംപ്ഷന്‍ കോളേജും വിമല ഹോസ്റ്റലും. കടമ്പനാട് നിന്നും ബസ് കയറി അടൂരിറങ്ങി അവിടെ നിന്നും ബസ് കയറി ചങ്ങനാശേരിയിലിറങ്ങി അവിടെ നിന്നും ഓട്ടോയില്‍ കോളേജിലേക്ക്, ഇങ്ങനെയായിരുന്നു എല്ലാ രണ്ടാം വെള്ളിയാഴ്ചകളില്‍ വീട്ടിലേക്കും അത് കഴിഞ്ഞുള്ള തിങ്കളാഴ്ചകളില്‍ തിരിച്ചു ചങ്ങനാശേരിയിലേക്കും ഉള്ള യാത്രകള്‍. അവയൊന്നും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല, കാരണം ഞാന്‍ ഒറ്റക്കല്ല യാത്ര ചെയ്യുന്നത് എന്നത് തന്നെ. അവധിയെടുത്തു ഡാഡിയും വരും എന്നെ കൊണ്ടാക്കാനും വിളിക്കാനും, രാവിലെയും വൈകിട്ടുമുള്ള ബസില്‍ നല്ല തിരക്കായിരിക്കും,
സ്ത്രീകളുടെ ഇടയില്‍ എനിക്ക് സീറ്റ് കിട്ടിയാലും, ബാഗും തൂക്കി ആണുങ്ങളുടെ തിരക്കില്‍ ക്ഷീണിച്ചു നില്‍ക്കുന്ന എന്റപ്പന്റെ മുഖം ആയുസ്സുള്ളിടത്തോളം കാലം എനിക്ക് മറക്കാന്‍ സാധിക്കില്ല. ഒരു ട്രെയിൻ ആക്‌സിഡന്റ് കഴിഞ്ഞ ആളാണ്, എങ്കിലും എന്നെ കൊണ്ടാക്കുന്നതും വിളിക്കാന്‍ വരുന്നതും ഡാഡി കൃത്യമായി ചെയ്തിരുന്നു. തിരിച്ചു പോകുമ്പോള്‍ ബാഗ് നിറയെ പലഹാരങ്ങളും കഴുകിയ ഡ്രെസ്സും പുസ്തകങ്ങളും ഒക്കെ ആയിരിക്കും, ഇതും തൂക്കിയാണ് ഡാഡി നില്‍ക്കുന്നത്. പ്രീഡിഗ്രി രണ്ടു വര്‍ഷങ്ങളും, ഡിഗ്രി അവസാന വര്‍ഷം ഒഴികെയുള്ള കാലങ്ങളിലും ഇത് തന്നെയായിരുന്നു എല്ലാ മാസത്തേയും പതിവ്.
പക്ഷേ ഇങ്ങനെ ക്ഷീണിച്ചും തളര്‍ന്നുമുള്ള രാവിലെ യാത്രകളുടെ അന്ത്യം ചങ്ങനാശേരി ബസ്സ്റ്റാന്‍ഡ് ആണ്. അതിനോട് ചേര്‍ന്നാണ് ഓട്ടോ സ്റ്റാന്‍ഡ് അവിടുന്ന് ഓട്ടോ പിടിച്ചു വേണം കോളേജിലേക്ക് പോകാന്‍, പക്ഷേ കഥയുടെ നായകന്‍ ഇവിടെയല്ല. ബസ്റ്റാന്‍ഡിനപ്പുറം ഓട്ടോസ്റ്റാന്‍ഡ്, അതിനുമപ്പുറം നമ്മുടെ സ്വന്തം ഇന്ത്യന്‍ കോഫിഹൗസ്. ബസ് സ്‌റാന്‍ഡിലിറങ്ങിയാല്‍ പിന്നെ ഡാഡിയുടെ കൂടെ നേരെ നടന്നു കോഫി ഹൌസ്സിനുള്ളിലേക്കു കടക്കും.
എയര്‍ ഇന്ത്യയുടെ പരസ്യത്തില്‍ കാണുന്ന വേഷം ധരിച്ച ചേട്ടന്മാര്‍ ആദ്യം ചൂട് വെള്ളം കൊണ്ട് വെയ്ക്കും, പിന്നീട് രസീത് കുറ്റി കണക്കെയുള്ള ഒരു സംഭവത്തില്‍ ഓഡര്‍ എടുക്കും, അത് പ്രത്യേകിച്ച് എടുക്കേണ്ട കാര്യമില്ല, പൊറോട്ട-മുട്ടക്കറി, അതാണ് ഞങ്ങളുടെ സ്ഥിരം ചോയ്‌സ്. അത് കഴിഞ്ഞ് ചൂട് കോഫി. കോഫി ഹൗസിലെ ഭക്ഷണം പോലെ ഇത്രയും വ്യക്തിത്വമുള്ള ഭക്ഷണം വേറെ എവിടെയുണ്ട്.
എണ്ണ കുറച്ച് എരിവുള്ള േ്രഗവിയില്‍ സവാളയിങ്ങനെ അലസതയോടെ കിടക്കും. അതില്‍ നല്ല പുഴുങ്ങിയ മുട്ട മന്നവേന്ദ്രനെ പോലെ വിളങ്ങിക്കിടക്കും. ആ മുട്ടക്കറി കൊണ്ട് വരുന്ന വെളുത്ത ചൈന ക്ലേ ബൗള്‍ പോലും ഒരു നൊസ്റ്റാണ്. അതേപോലത്തെ ഒരു പ്ലേറ്റില്‍ രണ്ടു ചൂട് പൊറോട്ട, ഈശ്വരന്മാരേ എത്ര മൃദുലമാണ് ആ പൊറോട്ട. അതില്‍ നിന്നും ഒരു കഷ്ണം മെല്ലെ പൊട്ടിച്ചു മുട്ടക്കറിയില്‍ മുക്കി വായിലേക്ക് വെയ്ക്കുമ്പോള്‍ ഉള്ള ആശ്വാസം ആണ് ആശ്വാസം. അതുപോലെ ഒരനുഭവം ഇനി ഒരിക്കലും കിട്ടുകയുമില്ല. അതിനു ശേഷം മെല്ലെ മുട്ടയുടെ വെള്ള പതുക്കെ മുറിച്ചു േ്രഗവിയോടൊപ്പം കഴിക്കണം, പിന്നീട് മുട്ടയുടെ മഞ്ഞയും അതുപോലെ േ്രഗവി ചേര്‍ത്ത് കഴിക്കണം, അവസാനം കോഫി കുടിച്ചു അവസാനിപ്പിക്കും. എത്ര സ്വര്‍ഗ്ഗീയമായിരുന്നു ആ ദിവസങ്ങള്‍.
ചുറ്റുമുള്ളതും ചുറ്റുമുള്ളവരെയും നോക്കാതെ പതിനഞ്ചു ഇരുപതു മിനിറ്റു കൊണ്ട് ആഹാരം കഴിഞ്ഞു ഡാഡിയും ഞാനും എഴുന്നേല്‍ക്കും. കൈ കഴുകിയാലും പൊറോട്ടയുടെയും കറിയുടെയും മണം അത്ര പെട്ടെന്ന് പോകില്ല. അത് പോകാതിരിക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിക്കും, അറിയാതെ പോലും മുഖത്തേക്ക് വിരലുകള്‍ അടുപ്പിക്കുമ്പോള്‍, വിരലുകളോട് മൂക്ക് ചോദിക്കും, 'ങ്ഹാ കോളടിച്ചല്ലോ കോഫി ഹൗസില്‍ പോയി അല്ലെ,' എന്ന്. എനിക്ക് കൈ വിയര്‍ക്കുന്ന ശീലമുള്ളതു കൊണ്ട് പെട്ടെന്ന് ഈ വാസന നഷ്ടപ്പെടും. എങ്കിലും ഒരു ദിവസത്തെ ഊര്‍ജം നല്കാന്‍ കൂടെയുണ്ടാകുന്ന ആ മണം എനിക്ക് ഒരുപാട് കാര്യങ്ങളുടെ പ്രതീകമാണ്. ബസ് യാത്ര, ഡാഡി, ഡാഡിയുടെ കഷ്ടപ്പാട്, പഠനം, അമ്മയുടെ പ്രാര്‍ത്ഥന എല്ലാം ആ മണത്തിലുണ്ട്.
Content Highlights: dr.gigi j alex share her memories about food and indian coffee house
Published: 26 Jan 2024, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented