അറബിക്കടലും ഭാരതപ്പുഴയും കനോലികനാലും ബിയ്യം കായലും ജലംകൊണ്ട് തീര്‍ത്ത ചതുരത്തിനുള്ളിലെ കുഞ്ഞ് ഭൂമികയാണ് പൊന്നാനി. ഒരു തുരുത്ത് പോലെ തൊട്ടപ്പുറമുള്ള പ്രദേശങ്ങളില്‍നിന്ന് വേറിട്ട് നില്‍ക്കുന്ന ഇടം. ഈ ജലവഴിയേ അനേകമനേകം കാര്യങ്ങള്‍ നാടിനെ തേടിവന്നു. അതുകൊണ്ടാവണം സംസ്‌കാരം കൊണ്ടും സവിശേഷ ജീവിതരീതികൊണ്ടും പാരമ്പര്യത്തനിമകൊണ്ടും പൊന്നാനി നമ്മെ വിസ്മയിപ്പിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് കേരളത്തിലെ പുരാതന തുറമുഖനഗരമായി പൊന്നാനിയെ മാറ്റിയത്. നിളയും അറബിക്കടലും തിരൂര്‍, പൊന്നാനി പുഴയുമൊക്കെ ഈ നാടിന് ജീവനാഡിയായി. അതുവഴി അറബ്-പേര്‍ഷ്യന്‍ നാടുകളുമായി വിശാലമായ വ്യാപാരബന്ധങ്ങളുണ്ടായി. പൊന്നാനിയെന്ന പേരുതന്നെ ആ വ്യാപാരബന്ധത്തില്‍ കൈമാറ്റംചെയ്യപ്പെട്ട പൊന്‍നാണയങ്ങളില്‍നിന്ന് വന്നതാണെന്നാണ് പേരിന് പിന്നിലെ ഐതിഹ്യങ്ങളിലൊന്ന്.
സാമൂതിരിയുടെ ഭരണകാലത്താണ് പൊന്നാനി അതിന്റെ പൂര്‍ണപ്രതാപത്തിലേക്കെത്തിയത്. ആഭ്യന്തര-വിദേശ വ്യാപാരങ്ങള്‍ സജീവമായ അക്കാലത്ത് പൊന്നാനി പ്രധാന തുറമുഖകേന്ദ്രമായി വളര്‍ന്നു. കോഴിക്കോട് സാമൂതിരിയുടെ സൈനിക ആസ്ഥാനവും രണ്ടാംതലസ്ഥാനവും പൊന്നാനിയായിരുന്നു. അദ്ദേഹത്തിന്റെ പടത്തലവനായിരുന്ന ഒന്നാം കുഞ്ഞാലിമരക്കാരുടെ പ്രിയപ്പെട്ട കേന്ദ്രംകൂടിയായിരുന്നു അവിടം. സാമൂതിരിയുടെ കാലംമുതലാണ് പൊന്നാനിയുടെ എഴുതപ്പെട്ട ചരിത്രം തുടങ്ങുന്നത്. പോര്‍ച്ചുഗീസ് പടയോട്ടത്തിനിടയ്ക്ക്, ഈ നഗരം ചുട്ടെരിക്കപ്പെട്ടതും രേഖകളിലുണ്ട്. ജീവനാഡികളായ പുഴകളും തീരങ്ങളും അധിനിവേശത്തിനും അതിന്റെ ചെറുത്തുനില്‍പ്പിനും വഴിയൊരുക്കിയതും വഴികാട്ടിയായതും ചരിത്രം.

മിനാരങ്ങള്‍ കഥപറയുന്ന നാട്
ജനസാന്ദ്രതയില്‍ മുന്നിലാണ് പൊന്നാനി. പള്ളികളുടെ എണ്ണത്തിലും ഏറെ മുന്നില്‍. നാടിന്റെ മതസൗഹാര്‍ദം മുറുകെപ്പിടിക്കുന്ന ഈ പള്ളികള്‍ക്ക് പറയാന്‍ ഒട്ടേറെ കഥകളുണ്ട്. 1510-ല്‍ സ്ഥാപിച്ച പൊന്നാനി വലിയ ജുമാഅത്ത് പള്ളിയാണ് പ്രൗഢിയിലും തലപ്പൊക്കത്തിലും മുന്നില്‍. അറിവുതേടി പലനാടുകളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തി. അവര്‍ക്ക് സംസ്‌കാരവും ധിഷണയും പകര്‍ന്ന് വിളക്കത്തിരുത്തി ഷെയ്ക്ക് സൈനുദ്ദീന്‍ മഖ്ദൂമും പിന്‍മുറക്കാരും നാടിന്റെ മുഖച്ഛായ മാറ്റി. മൂന്ന് നിലകളിലായി, ഒറ്റത്തടിയില്‍ തീര്‍ത്ത കഴുക്കോലുകളും കൊത്തുപണികളും ചേരുന്ന വാസ്തുവിദ്യാമേന്മയില്‍ പള്ളി തലയുയര്‍ത്തിനിന്നു. തോട്ടുങ്ങല്‍പള്ളിയും മറ്റനേകം പള്ളികളും ചേര്‍ന്ന് ഇസ്ലാമിന്റെ പ്രധാനപ്പെട്ട കേന്ദ്രമായി പൊന്നാനിയെ മാറ്റി. 'ചെറിയ മക്ക'യെന്ന് ഇവിടം വിളിക്കപ്പെട്ടു. യമനില്‍നിന്ന് പൊന്നാനിയിലെത്തിയ മഖ്ദൂം കുടുംബത്തിന് ഈ നാടിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട്. മതം മാത്രമല്ല, രാഷ്ട്രീയവും ദേശീയതയുമൊക്കെ ഈ പണ്ഡിതന്മാരിലൂടെ ഇവിടത്തെ സാധാരണക്കാരായ മനുഷ്യരിലേക്കുമെത്തി.
സൈനുദ്ദീന്‍ മഖ്ദൂം രചിച്ച 'തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍' കേരളത്തിലെ ആദ്യ ചരിത്രകൃതി മാത്രമല്ല, വിദേശാധിപത്യത്തിനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്തതുകൊണ്ടുകൂടിയാണ് പ്രാധാന്യമര്‍ഹിക്കുന്നത്. മതപ്രചാരണാര്‍ഥം കേരളത്തിലെത്തിയ മാലിക് ദിനാര്‍ മുതല്‍ ഇങ്ങേകണ്ണിയിലെ മതപണ്ഡിതര്‍വരെ മതവും അതുവഴി സംസ്‌കാരവും ഈ നാടിന് കൈമാറ്റംചെയ്തു. അറബിമലയാളമെന്ന സങ്കരഭാഷപോലും അങ്ങനെ ഉരുത്തിരിഞ്ഞതാണ്. നിരവധി സാഹിത്യസൃഷ്ടികള്‍ ഇന്ന് അറബിമലയാളത്തില്‍ ലഭ്യമാണ്. ഖാസി മുഹമ്മദിന്റെ 'മുഹ്യുദ്ദീന്‍മാല' പോലെ ഏറെ പ്രചാരം നേടിയവയാണ് അറബിമലയാളത്തിലെ പല കൃതികളും.

പൊന്നാനിക്കളരി
പഴയ പൊന്നാനി താലൂക്കിലെ അന്നാരയിലിരുന്നാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ മലയാളത്തിന് അക്ഷരങ്ങള്‍ തന്നത്. 1591-ല്‍ സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദ്ദീനി'ലൂടെ ആദ്യ ചരിത്രകൃതിയുടെ മണ്ണെന്ന പെരുമ പേറുന്നുണ്ട് പൊന്നാനി. ഇവരുടെ പിന്‍മുറക്കാര്‍ക്ക് ആ ശ്രേഷ്ഠപാരമ്പര്യത്തെ മുറുകെപ്പിടിക്കാതെ, ആവോളം തിരികെ നല്‍കാതെ കഴിയില്ലായിരുന്നു. പൊന്നാനിക്കളരിയെന്ന സാഹിത്യക്കൂട്ടായ്മ ഇവിടെ പിറവിയെടുത്തു.
കുട്ടികൃഷ്ണമാരാരും എം.ടി. വാസുദേവന്‍നായരും എം. ഗോവിന്ദനും നാലപ്പാട്ട് നാരായണമേനോനും ഉറൂബും അക്കിത്തവും ഇടശ്ശേരിയും പി.എം. പള്ളിപ്പാടും സി. രാധാകൃഷ്ണനും ഒക്കെച്ചേര്‍ന്ന് ഈ നാടിന്റെ സാഹിത്യപ്പെരുമ ഏറ്റി. പ്രതിഭയും ഈ കളരിയില്‍നിന്ന് സ്വായത്തമാക്കിയ അനുഭവങ്ങളും എം.ടി.യെയും അക്കിത്തത്തിനെയും ജ്ഞാനപീഠത്തിന്റെ നെറുകയിലെത്തിച്ചു. സ്വന്തം രചനാലോകം പുഷ്ടിപ്പെടുത്തുക മാത്രമല്ല, സാഹിത്യാസ്വാദനത്തില്‍ മികവുള്ള വലിയൊരു സമൂഹത്തെക്കൂടിയാണ് ഈ കളരി വാര്‍ത്തെടുത്തത്. വി.ടി. ഭട്ടതിരിപ്പാടും എം.ആര്‍.ബി.യും പ്രേംജിയും നമ്പൂതിരി സമുദായപരിഷ്‌കരണം നടത്തിയില്ലായിരുന്നെങ്കില്‍ ഇന്നും ഇരുളില്‍ ജീവിക്കുമായിരുന്ന അന്തര്‍ജനങ്ങളെ കാണേണ്ടിവന്നേനേ. കേരളഗാന്ധി കെ. കേളപ്പന്റെയും തട്ടകമായിരുന്നു പൊന്നാനി.

1921-ലെ മലബാര്‍ കലാപകാലത്ത് കേളപ്പനും സമാധാനപ്രിയരായ മറ്റുചിലരും നടത്തിയ ഇടപെടലുകള്‍ക്ക് കലുഷിതമായ അന്തരീക്ഷത്തെ ഇല്ലായ്മ ചെയ്യാനായി. ഈ കൂട്ടായ്മയ്ക്ക് ചുവടുനല്‍കിയ വായനശാല ഒരു നാടിനെ വായിപ്പിച്ച്, ചിന്തിപ്പിച്ച് ഇന്നും സജീവമാണ്. ഇടശ്ശേരിയുടെ 'കൂട്ടുകൃഷി'യെന്ന നാടകംപോലെ ജനങ്ങള്‍ ഏറ്റുവാങ്ങിയ അനേകം രചനകള്‍ക്കും അതിന്റെ ചര്‍ച്ചകള്‍ക്കും, നിളാതീരം സാക്ഷിയായി. നിളാതീരത്തെ മോത്തിലാല്‍ ഘട്ട്, പാരമ്പര്യത്തിന്റെ പ്രൗഢി പുതുതലമുറ എഴുത്തുകാരിലൂടെ മുന്നോട്ടുപോകുന്നതില്‍ അഭിമാനിക്കുന്നുണ്ടാവണം. കെ.പി. രാമനുണ്ണിയും പി.പി. രാമചന്ദ്രനും പി. സുരേന്ദ്രനും സി. അഷ്റഫും മോഹനകൃഷ്ണന്‍ കാലടിയും ആലങ്കോട് ലീലാകൃഷ്ണനുമൊക്കെ ആ പാരമ്പര്യത്തിന്റെ ഇങ്ങേകണ്ണികളാണ്.
ക്ഷേത്രപ്പെരുമ
വിശേഷപ്പെട്ടത് എന്നാണ് 'തൃ' എന്ന ശബ്ദത്തിന് അര്‍ഥം. പേരുപോലെ പൊന്നാനിയെ വിശേഷപ്പെട്ടതാക്കി തൃക്കാവ് ശ്രീ ദുര്‍ഗാക്ഷേത്രം. ത്രങ്ങളിലൊന്നാണ് തൃക്കാവിലേത്. സാമൂതിരിയുടെ കേന്ദ്രമായിരുന്നു തൃക്കാവും പരിസരങ്ങളും. ഹൈദരലിയുമായി സാമൂതിരിക്കുവേണ്ടി തവനൂരിലെ വെള്ളനമ്പൂതിരി, ഈ ക്ഷേത്രമുറ്റത്തുവെച്ച് ഒരു സന്ധി സംഭാഷണം നടത്തിയിരുന്നു. ഇതാവാം ഒരുപക്ഷേ, ലോകത്തിലെ ആദ്യ അഭിമുഖമെന്ന് ചരിത്രകാരനായ എം.ജി.എസ്. നാരായണന്‍ രേഖപ്പെടുത്തിയത് ഓര്‍ത്തു. അന്ന് കോഴിക്കോടിനെക്കാള്‍ പെരുമയുണ്ടായിരുന്നു പൊന്നാനിക്ക്.

ഇതരവിഭാഗങ്ങളെക്കൂടി ഇവിടെയെത്തിച്ച് സാംസ്‌കാരികവിനിമയത്തിന്റെ ഒരു കേന്ദ്രമാക്കി പൊന്നാനിയെ മാറ്റിയത് സാമൂതിരിയാണ്. കച്ചവടവും മറ്റുമായി സജീവമായൊരു ഗുജറാത്തിസമൂഹമുണ്ട് ഇന്നും ഇവിടെ. ഞങ്ങളെത്തുമ്പോള്‍ പൂജകള്‍ക്ക് ശേഷമുള്ള തിരക്കിലായിരുന്നു ഹന്‍സ വ്യാസ്. അവശേഷിച്ച ഗുജറാത്തി കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ് അവര്‍. ഇവിടത്തെ തെരുവുകളും ആല്‍മരങ്ങളും പൊന്നാനിയുടെ വേറൊരു മുഖം തരും. ഇവിടെനിന്ന് നിള മുറിച്ചുകടന്നാല്‍ നാവാമുകുന്ദക്ഷേത്രമെത്തും. മാമാങ്കത്തിന്റെ പടയൊച്ചകളാല്‍ മുഖരിതമായിരുന്നു തിരുനാവായയും ഈ ക്ഷേത്രവും. പിതൃമോക്ഷത്തിനായി എത്രയെത്ര തിലോദകങ്ങളും ബലിച്ചോറുകളും നിളയുടെ ഓളങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കും. മഹാത്മാഗാന്ധിയുടെ ചിതാഭസ്മവും ഇവിടെ നിമജ്ജനം ചെയ്തിരുന്നു. അല്പംകൂടി യാത്രചെയ്താല്‍ ആഴ്‌വാഞ്ചേരി മനയിലെത്തും.
വ്യാപാരപ്പെരുമ
ഇപ്പോഴത്തെ ഹാര്‍ബറിനും ചരിത്രമുറങ്ങുന്ന കോടതിക്കെട്ടിടത്തിനും തൊട്ടടുത്താണ് പഴയ പാണ്ടികശാല. ഇന്നാട്ടില്‍നിന്ന് കടല്‍കയറിയ ഒട്ടനേകം വ്യാപാരചരിത്രങ്ങളുടെ കഥപറയാനുണ്ടാകും ഈ പാണ്ടികശാലയ്ക്ക്. നാടിന്റെ അധിനിവേശചരിത്രത്തെയാണോ ഈ പഴയ കെട്ടിടത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ആല്‍മരങ്ങള്‍ ഓര്‍മിപ്പിക്കുന്നതെന്ന് തോന്നി. ഇനി അധികകാലം ഈ കെട്ടിടങ്ങള്‍ പഴയ വ്യാപാരചരിത്രം പറയില്ല. ആല്‍മരങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയാണ്, ഒരു നാടിന്റെ ചരിത്രം മായുകയാണ്. വ്യാപാരകേന്ദ്രമായിരുന്ന അങ്ങാടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളാണ് പ്രതാപകഥകള്‍ പറയുന്ന മറ്റുചില അടയാളങ്ങള്‍. മലബാര്‍ കളക്ടറായിരുന്ന ഹെന്റി കനോലി, കനോലി കനാല്‍ നിര്‍മിച്ചതും ഇന്നാടിനെ മറ്റിടങ്ങളുമായി ബന്ധിപ്പിച്ചതും പൊന്നാനിക്ക് കച്ചവടത്തിന് മേന്മ കൂട്ടി. 19-ാംനൂറ്റാണ്ടില്‍ ഉരുനിര്‍മാണത്തിനും ഇവിടം പ്രസിദ്ധമായിരുന്നു. കറുത്ത പൊന്നും അരിയും കയറും വെളിച്ചെണ്ണയും നാളികേരവും കയറ്റിയയച്ച് പൊന്‍പണം നേടി സമൃദ്ധരായിരുന്ന പൂര്‍വികരുടെ പിന്‍മുറക്കാര്‍ക്ക് പക്ഷേ, എവിടെയോ കാലിടറി. കാലത്തിനൊപ്പം വളരാനാകാതെ വികസനവഴിയില്‍ പൊന്നാനി കിതച്ചു. വലിയങ്ങാടിയും കോടതിപ്പടിയുമൊക്കെ ശ്വാസം വിടാനിടയില്ലാത്തവണ്ണം വീര്‍പ്പുമുട്ടി. വര്‍ത്തമാനത്തിനൊപ്പം നീങ്ങാനാകാതെ, പാരമ്പര്യപ്പെരുമയില്‍ അഭിരമിക്കുന്ന ഏതൊന്നിനെയും പോലെ പൊന്നാനി പിന്‍തള്ളപ്പെട്ടു.

ഈ നാടിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടി വഹിച്ച പങ്ക് ചെറുതല്ല. അതിന് ചുക്കാന്‍പിടിച്ച കെ. ദാമോദരന്റെ തട്ടകമാണ് പൊന്നാനി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊന്നാനി സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കെ. ദാമോദരനും സംഘവും 'പാട്ടബാക്കി'യെന്ന നാടകം ഒരുക്കുന്നത്. സാധാരണക്കാരുടെ ചിന്തകളില്‍ തീര്‍ത്ത ചോദ്യങ്ങളിലൂടെയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ച. പൊന്നാനിയുടെ പുത്രനായി ഇ.കെ. ഇമ്പിച്ചിബാവ വളരുന്നതിനും ഇവിടം സാക്ഷിയായി. അദ്ദേഹത്തിനുവേണ്ടിയെഴുതിയ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചുവരെഴുത്തുകള്‍ ഇപ്പോഴുമുണ്ട് ഇവിടെ. അങ്ങാടിക്കെട്ടിടത്തിലെ ആ ചുവരെഴുത്തുകളിലേക്ക് നോക്കിയപ്പോള്‍ ഒരു കാലം ഫ്‌ളാഷ്ബാക് പോലെ മിന്നി.
എട്ടുകെട്ടിന്‍ പെരുമ
പൊന്നാനിയുടെ പഴയ വീടുകള്‍ക്കുമുണ്ട് പ്രത്യേകത. പടിപ്പുര കടന്ന് പടാകോലായയും പടാപ്പുറവും (സ്വീകരണമുറി) കൊട്ടിലും (ഹാള്‍) കടന്നാല്‍ നടുമുറ്റത്തെത്തും. പിന്നീടാണ് വിശാലമായ കിടപ്പുമുറികള്‍. മുറികള്‍ക്കുശേഷം ചെറിയൊരു വരാന്ത, മുറ്റം, കുളിമുറികള്‍ എന്നിവയുമുണ്ട്. ഈ പ്രദേശത്ത് പണ്ട് മരുമക്കത്തായസമ്പ്രദായമാണ് നിലനിന്നിരുന്നത്.
നാലകങ്ങള്‍ എന്ന് ഇവിടെ പറയുന്ന വീടിന് നാലുകെട്ടുകളോടാണ് സാമ്യം. രണ്ട് നടുമുറ്റങ്ങളുള്ള എട്ടുകെട്ടുകളും ഇപ്പോഴുമുണ്ട് ഇവിടെ. പഴയ നമ്പൂതിരിഭവനങ്ങളുടെ മാതൃകയാണ് പല വീടുകള്‍ക്കും. പിന്നീട് ഇസ്ലാംമതം സ്വീകരിച്ച പഴയ നമ്പൂതിരിസമുദായാംഗങ്ങളുടെ വീടുകളാകാം ഇതൊക്കെയെന്ന് കരുതുന്നവരുണ്ട്. 500 വര്‍ഷത്തെ പഴക്കമുള്ള വീടുകളൊക്കെ ഭംഗിയായി നിലനിര്‍ത്തിയിട്ടുണ്ട്. തയ്യിലക്കണ്ടി പുതിയ വളപ്പിലും മായന്ത്രികവും കോടമ്പിയകവുമെല്ലാം പേരുപോലെ നാട്ടിലെ പതിവ് വീടുകളില്‍ നിന്ന് വേറിട്ട് നിന്നു.
തക്കാരപ്പെരുമ
നോമ്പുകാലം പൊന്നാനിയില്‍ പലഹാരപ്പെരുമയുടെ സീസണാണ്. തട്ടുകളായിത്തീര്‍ത്ത ഒരു വിസ്മയവിഭവത്തിന് അള്ളാഹു അഅ്ലം എന്നാണ് പേര്. അള്ളാഹുവിനുമാത്രമേ അറിയൂ എന്നാണ് ആ അറബിവാക്കിന്റെ അര്‍ഥം. ഇത്തരത്തില്‍ 'പടച്ചോനുമാത്രം തിരിയുന്ന' രുചിവൈവിധ്യങ്ങള്‍ ഏറെയുണ്ട് ഇവിടെ. അരിപ്പൊടി മൈദമാവ് ചേര്‍ത്ത് കുഴച്ച് തിളച്ച എണ്ണയിലിട്ട് പൊരിച്ചെടുക്കുന്ന മുട്ടപ്പത്തിരി പൊന്നാനിയുടെ സ്വന്തം വിഭവമാണ്. കോഴിമുട്ട ചേര്‍ക്കാതെയാണ് മുട്ടപ്പത്തിരി തയ്യാറാക്കുന്നത്. വീടുകളിലാവട്ടെ തക്കാരങ്ങളുടെ കാലംകൂടിയാണ് റംസാന്‍. ഏറ്റവും സജീവമാകുന്ന ഇടങ്ങളാകും അക്കാലത്ത് അടുക്കളകള്‍. പറഞ്ഞാലും പറഞ്ഞാലും തീരാത്ത പലഹാരവിശേഷങ്ങള്‍ക്കൊടുവില്‍ അങ്ങാടിയിലെ പലഹാരക്കടയ്ക്ക് മുന്നിലെത്തി. പലഹാരപ്പെരുമകൊണ്ട് ഉള്ളുനിറയാന്‍ ചൂടോടെ എന്തൊക്കെയോ തയ്യാറാകുന്നുണ്ട്. മണ്ട, കിട്ത, അംബായത്തിലട, വിണ്ടി ഹല്‍വ, ചിരട്ടമാല, മുട്ടമാല....പേരുകള്‍ അങ്ങനെ നീളും. വിദ്യാഭ്യാസപരമായും സാമൂഹിക ഇടപെടലുകളിലും ഏറെ പുറകിലായിരുന്നു അടുത്തകാലംവരെ പൊന്നാനിയിലെ സ്ത്രീകള്‍. അവര്‍ക്ക് മികവുകാട്ടാനുള്ള മേഖലകളില്‍ ആവോളം ആസ്വദിച്ച് ജീവിച്ചതിന്റെ തുടര്‍ച്ചയാകാം ഈ പലഹാരപ്പെരുമയെന്ന് തോന്നാറുണ്ട്.

തീരത്തെ സ്വപ്‌നങ്ങള്‍
തെങ്ങോലച്ചുവരുകളെ പിഴുതെറിഞ്ഞ് കടല്‍, വീടിനുള്ളിലേക്കെത്തുമോയെന്ന ആധിയോടെ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മണ്ണുകൂടിയാണിവിടം. ആ വീടുകള്‍ക്ക് സമീപത്തുകൂടെ ലൈറ്റ്ഹൗസിന് ചുവട്ടിലേക്ക് നടന്നു. ലൈറ്റ്ഹൗസിന് സമീപം അടുത്തദിവസത്തെ യാത്രയ്ക്കുമുന്‍പായി വലകളിലെ കേടുപാടുകള്‍ തീര്‍ക്കുന്നവരെ കണ്ടു. പൊന്നാനി അങ്ങാടി സജീവമാകുന്നതിനുമുന്‍പ് ഇവിടത്തെ സാമ്പത്തിക നട്ടെല്ലായിരുന്നവര്‍. പത്തേമാരികള്‍ ഉണ്ടാക്കിയിരുന്നവരുടെയും ഖലാസികളുടെയും പിന്‍മുറക്കാരും ഇവരിലുണ്ട്. മനസ്സും വയറും നിറയ്ക്കും പൊന്നാനിയിലേക്കുള്ള യാത്രകള്‍. സ്‌നേഹത്തിന്റെ അടയാളങ്ങള്‍ ബാക്കിയാക്കിയല്ലാതെ തിരിച്ചുപോകാനാവില്ല ഇവിടെനിന്ന്.
Content Highlights: the cultural diversity and historical importance of ponnani
Published: 03 Feb 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented