സൂറിച്ച് നഗരഹൃദയത്തില്‍നിന്ന് എട്ടു കി.മീ. അകലെ കില്‍ച്ച്ബര്‍ഗ് തടാകക്കരയിലേക്കുള്ള യാത്രയില്‍ മനസ്സിലോര്‍ത്തത് റൊഡോള്‍ഫ് ലിന്റിന്റെ 'മധുരക്കൊട്ടാര'ത്തിലെ വിസ്മയക്കാഴ്ചകളെക്കുറിച്ചായിരുന്നു. ലിന്റ് ഹോം ഓഫ് ചോക്ലേറ്റ് -ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് മ്യൂസിയം. ഞങ്ങള്‍ യാത്ര പുറപ്പെടുന്നത് അവിടേക്കാണ്. യൂറോപ്യന്‍ ശൈത്യത്തിന്റെ ഈ അന്ത്യനാളുകളിലും വെയില്‍ മങ്ങി, വാടിയ പകലില്‍ തണുപ്പ് നനത്തുനിന്നു. പ്രകൃതി തന്റെ കാന്‍വാസില്‍ വരച്ചിട്ടതുപോലെ വഴിയോരക്കാഴ്ചകള്‍ മുന്നില്‍ത്തെളിഞ്ഞു. 

നോക്കെത്താദൂരം നീളെക്കിടക്കുന്ന നീലജലാശയം. ഇരുകരയിലും പച്ചപ്പിനുള്ളില്‍ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന, സ്വിസ് ശൈലിയില്‍ പണികഴിപ്പിച്ച വീടുകള്‍. അകലെ വെള്ളപുതച്ച ആല്‍പ്സ് പര്‍വതനിരയുടെ തലയെടുപ്പ്. ആകാശത്തുനിന്ന് ആരോ സ്വിച്ചിടുംപോലെ സായാഹ്നസൂര്യന്‍ ഇടയ്ക്കിടെ ഹിമപാളികളില്‍ മിന്നിത്തെളിയുന്നു. ഇതുതന്നെ ഭൂമിയിലെ സ്വര്‍ഗം എന്നുറപ്പിച്ച് സ്വയംമറന്നിരിക്കെ മുന്‍പില്‍ കണ്ടു, സുവര്‍ണലിപികളില്‍ -'ലിന്റ്; ഹോം ഓഫ് ചോക്ലേറ്റ്'. 

മുറ്റത്തുള്ള ചോക്ലേറ്റ് കഫേയില്‍ സഞ്ചാരികള്‍ വിവിധ രുചികളില്‍, നിറങ്ങളില്‍ ചോക്ലേറ്റ് കോഫി ആസ്വദിക്കുന്നു. പിസ്ത, സ്ട്രോബറി, ഓറഞ്ച്, ചോക്ലേറ്റ് കോഫി... വൈറ്റ് ചോക്ലേറ്റിന്റെ ആകൃതിയില്‍ മാര്‍ബിളിലൊരുക്കിയ വലിയ ഇരിപ്പിടങ്ങള്‍. കില്‍ച്ച്ബര്‍ഗ് തടാകത്തില്‍നിന്നെത്തുന്ന കുളിര്‍കാറ്റില്‍ ചോക്ലേറ്റിന്റെ ഗന്ധം അന്തരീക്ഷത്തില്‍ വന്നുനിറയുന്നു. മ്യൂസിയത്തിനുള്ളില്‍ പ്രവേശിക്കുന്നതും സഞ്ചാരികളെ വരവേല്‍ക്കുന്നതും ഗംഭീരമായ 'ചോക്ലേറ്റ് ഫൗണ്ടന്‍' ആണ്. 

ഒമ്പതു മീറ്ററിലധികം ഉയരത്തില്‍ നിര്‍മിച്ച ഫൗണ്ടനുള്ളില്‍ യഥാര്‍ഥ ചോക്ലേറ്റ് നിതാന്തമായി ഒഴുകിവീഴുന്നു. ലോകത്തിലെ ഏറ്റവും മേന്മയേറിയതും പ്രശസ്തവുമായ ലിന്റ് ചോക്ലേറ്റ് മാത്രം ഉപയോഗിച്ച് നിര്‍മിച്ച ഈ ഫൗണ്ടന്‍, കാഴ്ചയില്‍ നേര്‍ത്തതെങ്കിലും, 1400 കിലോ ചോക്ലേറ്റാണ് ഇവിടെ ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിനഭിമുഖമായി ലോകത്തിലെ ഏറ്റവും വലിയ ഒരു ചോക്ലേറ്റ് ഗിഫ്റ്റ് ഷോപ്പും പ്രവര്‍ത്തിക്കുന്നു. അത്യപൂര്‍വരുചികളില്‍ നിര്‍മിച്ച ലിന്റ് ചോക്ലേറ്റുകള്‍ സന്ദര്‍ശകര്‍ക്ക് വാങ്ങാനും സ്വന്തം പേരെഴുതി വ്യക്തിഗതചോക്ലേറ്റുകള്‍ നിര്‍മിക്കാനും അവസരമുണ്ട്. 

പ്രകൃതിസൗന്ദര്യത്തില്‍ ലോകശ്രദ്ധയാര്‍ജിച്ച സ്വിറ്റ്സര്‍ലന്‍ഡ്, ചോക്ലേറ്റിന്റെ മണ്ണ് എന്ന ഖ്യാതികൂടി നേടിയെടുത്ത കഥകളുടെ പൊരുള്‍തേടി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ സഞ്ചാരികളുടെ തിരക്കായിരുന്നു മ്യൂസിയത്തില്‍. കഴിഞ്ഞവര്‍ഷം മാത്രം ഏഴുലക്ഷത്തിലധികമാളുകള്‍ ഈ മ്യൂസിയം സന്ദര്‍ശിച്ചത്രേ! ഒരിക്കല്‍ ലാറ്റിന്‍ അമേരിക്കയിലെ ജനങ്ങള്‍ മാത്രം പരമ്പരാഗതരീതിയില്‍ കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്തിരുന്ന കൊക്കോ ചെടി, എങ്ങനെ യൂറോപ്പിലെത്തി എന്ന ചോദ്യത്തിന് ഉത്തരം ഇവിടെയുണ്ട്. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ചോക്ലേറ്റ് എന്ന 'മധുരരാജാവ്' യൂറോപ്പിലേക്ക് കുടിയേറിയ ചരിത്രമാണ് മ്യൂസിയത്തില്‍ കാണാനാവുക. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തില്‍ യൂറോപ്പിലുടനീളം വ്യാവസായികവിപ്ലവത്തിലൂടെ ആധുനിക വ്യവസായസാമഗ്രികളുടെ കണ്ടുപിടിത്തവും മുന്നേറ്റവുമുണ്ടായി. ചോക്ലേറ്റ് നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ ആധുനികോപകരണങ്ങള്‍, പ്രത്യേകിച്ചും സ്വിസ് ജനതയ്ക്ക്, ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്ന മികവുതന്നെയാണ് ഈ നാടിനെ ചോക്ലേറ്റിന്റെ മണ്ണുകൂടിയാക്കി മാറ്റിയത്. 

അതിന്റെ ഉദ്ഭവം, വളര്‍ച്ച തുടങ്ങിയ കാര്യങ്ങളെല്ലാം മ്യൂസിയത്തിലുള്ള പ്രൊജക്ഷനിലൂടെ വിശദമാക്കുന്നു. സ്വിറ്റ്സര്‍ലന്റിന്റെ വടക്ക് സൂറിച്ചിനടുത്തുള്ള ഹോര്‍ഗനില്‍ 1847-ല്‍ ഡേവിഡ് സ്പൃന്‍ഗ്ലിയും മകന്‍ റുഡോള്‍ഫും ചേര്‍ന്നാണ് ലോകത്തിലെ ആദ്യത്തെ ചോക്ലേറ്റ് ഫാക്ടറി തുറന്നത്. രണ്ടുവര്‍ഷം മുന്‍പ് സ്വന്തം ബേക്കറിയില്‍ നിര്‍മിച്ച ചോക്ലേറ്റ് ബാര്‍ വിജയകരമായതായിരുന്നു അതിനു പ്രചോദനം. ഇക്കാലത്തുതന്നെ ബേണിലെ ചെറുകിടവ്യവസായി, റൊഡോള്‍ഫ് ലിന്റ് ആദ്യമായി നിര്‍മിച്ച, വെല്‍വെറ്റ് പോലെ മൃദുവും അതിരുചികരവുമായ ചോക്ലേറ്റ് ഫോണ്ടന്റ് ജനപ്രീതി നേടി. 

ലിന്റ് നിര്‍മിച്ച ചോക്ലേറ്റിന്റെ രഹസ്യങ്ങള്‍ അറിയാനാഗ്രഹിച്ച സ്പൃന്‍ഗ്ലി, ലിന്റിന്റെ ബേണിലെ ഫാക്ടറി വാങ്ങിക്കുകയും പിന്നീട് അവര്‍ ഒരുമിച്ച് 1899-ല്‍ സൂറിച്ച് തടാകക്കരയിലെ കില്‍ച്ച്ബര്‍ഗില്‍ ലിന്റ് & സ്പൃന്‍ഗ്ലി എന്നപേരില്‍ പുതിയ ഫാക്ടറി തുറക്കുകയും ചെയ്തു. അതാണ് പില്‍ക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ചോക്ലേറ്റ് മ്യൂസിയമായ ലിന്റ് ഹോം ഓഫ് ചോക്ലേറ്റ് ആയിത്തീര്‍ന്നത്. കട്ടി ചോക്ലേറ്റ് ബാറുകള്‍ മാത്രം ലഭ്യമായിരുന്ന അക്കാലത്ത്, വെല്‍വെറ്റ് പോലെ മൃദുവായ ഫോണ്ടന്റ് ചോക്ലേറ്റിലൂടെ നാവിലലിയുന്ന രുചിമയത്തില്‍ വിസ്മയം തീര്‍ത്ത ലിന്റിന്റെ പാചകരഹസ്യങ്ങള്‍ എഴുതിവച്ച മ്യൂസിയത്തിലെ അണിയറക്കഥകളിലേക്ക് അറിയാതെ കണ്ണുകള്‍ എത്തിനിന്നു. 

placeholder
ചോക്ലേറ്റ് മ്യൂസിയം / ഫോട്ടോ: Shutterstock

1879-ലെ കൊടും ശൈത്യമാര്‍ന്ന ഡിസംബറിലെ ഒരു വെള്ളിയാഴ്ച. സായാഹ്നമായപ്പോള്‍ പുറത്ത് മഞ്ഞുവീഴ്ച കൂടിവരുന്നു. കടകളെല്ലാം നേരത്തേ അടച്ചുതുടങ്ങി. സാധാരണ ചോക്ലേറ്റില്‍നിന്നു വ്യത്യസ്തമായി മൃദുവായ ചോക്ലേറ്റ് ഉത്പാദിപ്പിക്കാന്‍ റൊഡോള്‍ഫ് ലിന്റ് എന്ന ബേക്കറിയുടമ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന അശ്രാന്തപരിശ്രമം അന്നും തുടര്‍ന്നു. പതിവുപോലെ രാവിലേതന്നെ പാചകക്കൂട്ടുകള്‍ മെഷീനില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍, ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് പാചകക്കൂട്ടുകള്‍ നിറച്ച യന്ത്രം ഓഫ് ചെയ്യാന്‍ മറന്ന് കടയടച്ചു. 

രണ്ടുദിവസം അവധി കഴിഞ്ഞ് തിങ്കളാഴ്ച കടതുറന്നപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കണ്ടു. നീണ്ട പ്രക്രിയയിലൂടെ താനാഗ്രഹിച്ച പരുവത്തില്‍ പാകപ്പെട്ട ചോക്ലേറ്റ് കണ്ട് അയാള്‍ സന്തോഷഭരിതനായി. അത് ഉത്തമമായ മൃദുചോക്ലേറ്റിലേക്കുള്ള കാല്‍വെപ്പായിരുന്നു - ഫോണ്ടന്റ് ചോക്ലേറ്റിന്റെ ജനനം അങ്ങനെയുണ്ടായി. ഇന്നും ഇതേരീതിയാണ് മൃദുവായ ചോക്ലേറ്റ് നിര്‍മാണത്തിന് ഇവര്‍ പിന്തുടര്‍ന്നുപോരുന്നത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കുമുന്നിലും അടിയറവുപറയാതെ, 1945-ല്‍ നൂറാംവാര്‍ഷികമാഘോഷിച്ച് തങ്ങളുടെ ചോക്ലേറ്റ് വിജയഗാഥ മുന്നോട്ടുനയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

കൃത്രിമമായി നിര്‍മിച്ചതെങ്കിലും ഒറിജിനലിനെ വെല്ലുന്ന കൊക്കോ ചെടികളുടെ വലിയൊരു പ്രദര്‍ശനശാലതന്നെ ഇവിടെക്കാണാം. ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ മാത്രം വളരുന്ന കൊക്കോ ചെടികളെയും കായകളെയും തെല്ലൊരദ്ഭുതത്തോടെ പാശ്ചാത്യസഞ്ചാരികള്‍ നോക്കിനില്‍ക്കെ വയനാട്ടിലെ തോട്ടത്തില്‍ ഇവ ചെറുപ്പംതുടങ്ങി കണ്ടുശീലിച്ച ഞാന്‍ ആഹ്ലാദത്തോടെ പച്ചയും പഴുത്തതുമായ കൊക്കോ കായകളെ ഒന്നു തലോടി. ഇന്ന് ലിന്റ് ചോക്ലേറ്റ് പാകപ്പെടുത്താനാവശ്യമായ കൊക്കോ ചെടികള്‍ ഘാനയിലാണ് കൃഷിചെയ്യുന്നത്. അത്യാധുനികയന്ത്രങ്ങളുപയോഗിച്ച് നൂതനപ്രക്രിയകളിലൂടെ തയ്യാറാക്കിയ 'പൈലറ്റ് പ്ലാന്റ്' ആണ് മ്യൂസിയത്തിന്റെ ആത്മാവ്. കൂടാതെ തൊട്ടടുത്ത മുറികളില്‍ വിവിധ നിറങ്ങളിലും രുചികളിലുമായി അനവധി ചോക്ലേറ്റ് ഫൗണ്ടന്‍സ് സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇതില്‍നിന്ന് മതിയാവുംവരെ ചോക്ലേറ്റ് എടുത്തുകഴിക്കാം. ഒടുവില്‍ കൈനിറയെ ചോക്ലേറ്റ് സമ്മാനമായും നേടാം.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യമാകുന്ന ഒരു സമ്പൂര്‍ണ ചോക്ലേറ്റ് ടൂര്‍തന്നെയാണിത്. സ്വിസ് നാടിനെ ചോക്ലേറ്റിന്റെ രാജധാനിയായി ഉയര്‍ത്തിയ കഥകള്‍ അറിഞ്ഞും ആസ്വദിച്ചും ഒഴുകിയിറങ്ങുന്ന ചോക്ലേറ്റ് ധാരയ്ക്കരികിലൂടെ പുറത്തിറങ്ങുമ്പോള്‍ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ ചിരി. ആവോളം ചോക്ലേറ്റ് കഴിച്ചതിന്റെ ആനന്ദവും. ചോക്ലേറ്റിനായി വാശിപിടിക്കുന്ന കൊച്ചുകുട്ടിയുടെ മനസ്സോടെ തിരിഞ്ഞുനോക്കവേ, മനസ്സ് മന്ത്രിച്ചു... ഇനിയും വരണം... ഈ മധുരക്കൊട്ടാരത്തിലേക്ക്.