മുട്ടകൾ വിരിയിക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ഭംഗിയും സുരക്ഷിതവുമായ കൂടുകളുണ്ടാക്കുന്നവരാണ് മിക്ക പക്ഷികളും. ചില പക്ഷികളുടെ കൂടുകളിൽ പ്രത്യേകമായ കരവിരുതുകൾ തന്നെ നമുക്ക് കാണാനാവും. എങ്കിലും ഈ ഫീൽഡിൽ അത്രയ്ക്കങ്ങ് പ്രൊഫഷണലല്ലാത്ത ഒരു കൂട്ടരുണ്ട്. പക്ഷി ലോകത്തെ ഏറ്റവും വൈദഗ്ധ്യമില്ലാത്ത ശില്പികളെന്നറിയപ്പെടുന്ന പ്രാവുകളും അരിപ്രാവുകളുമൊക്കെയാണത്. വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം പ്രാവുകൾ അഡ്ജസ്റ്റ്മെന്റിൽ കൂടുണ്ടാക്കുന്നത് ഒന്നു ശ്രദ്ധിച്ചാൽ മനസ്സിലാവും, കമ്പും ചുള്ളിയുമെല്ലാം അടർന്നടർന്ന് താഴേക്കു വീണുകൊണ്ടിരിക്കും. പലപ്പോഴും മുട്ടകൾ കൂട്ടിൽ നിൽക്കാതെ താഴേക്കു ഉരുണ്ടുപോവുകയും ചെയ്യാറുണ്ട്.
മറ്റ് പല പക്ഷികളും മണിക്കൂറുകളെടുത്ത് സൂക്ഷ്മമായിട്ടാണ് സുരക്ഷിതഭവനങ്ങളൊരുക്കുന്നതെങ്കിൽ പ്രാവുകൾക്ക് അതിനോട് ലളിതമായ ഒരു സമീപനമാണ്. കുറച്ച് ചുള്ളിക്കമ്പുകൾ മാത്രമേ കൂടുകളിൽ കാണാറുള്ളൂ. അവ പരസ്പരം ചേർത്തുവെച്ചിട്ടുപോലുമുണ്ടാവില്ല. ഏതെങ്കിലും അരികുകളിലോ ബാൽക്കണിയിലോ, എയർ കണ്ടീഷണറിന് മുകളിലോ അലക്ഷ്യമായിട്ടായിരിക്കും ഇത് വെച്ചിട്ടുണ്ടാകുക. കൂടുകാണുമ്പോൾ അലക്ഷ്യമായി കൂട്ടിയിട്ട കുറച്ച് കമ്പുകളാണെന്നേ തോന്നൂ.
എന്നിട്ടും അതിജീവിക്കുന്നു
കൂടുണ്ടാക്കാനറിയില്ലെങ്കിലും പ്രാവുകൾ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ മിടുക്കരാണ്. ആൺപ്രാവും പെൺപ്രാവും ഒരുമിച്ചാണ് അടയിരിക്കുന്നതും കുഞ്ഞുങ്ങളെ തീറ്റുന്നതും. 17 മുതൽ 19 വരെ ദിവസമെടുത്താണ് മുട്ടകൾ വിരിയുക. കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്നവരാണ് പ്രാവുകൾ. ഇവയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പോഷകസമ്പുഷ്ടമായ ദ്രാവകമാണ് പ്രാവിൻപാൽ എന്നയപ്പെടുന്നത്. പാൽ വായിൽനിന്ന് തികട്ടിയെടുത്താണ് കുഞ്ഞുങ്ങൾക്ക് നൽകുക. കൂടിന് കെട്ടുറപ്പില്ലെങ്കിൽകൂടി കുഞ്ഞുങ്ങൾക്ക് വേണ്ടതെല്ലാം കിട്ടുന്നുണ്ടെന്ന് അവർ ഉറപ്പാക്കും.
കാട്ടിലായാലും നഗരങ്ങളിലായാലും പ്രാവിൻകൂട്ടം നന്നായി അതിജീവിക്കുന്നവരും വംശവർധനവ് നടത്തുന്നവരുമാണ്. പാറക്കെട്ടുകളിൽ തൊട്ട് അംബരചുംബികളായ കെട്ടിടങ്ങളിൽ വരെ അവർ കൂടുകൂട്ടും. ഒരിക്കൽ കൂടുകൂട്ടിയ സ്ഥലത്ത് വീണ്ടും കമ്പുകൾ ചേർത്തുവെച്ച് ആയിടം പുനരുപയോഗിക്കുന്നവർ കൂടിയാണ് പ്രാവുകൾ. എന്തൊക്കെ പറഞ്ഞാലും, ഉറപ്പില്ലാത്ത കൂടുകളിൽ തലമുറകളെ വളർത്തിയെടുക്കുന്ന പ്രാവിൻകൂട്ടങ്ങൾ ഒരു തരത്തിൽ അദ്ഭുതം തന്നെയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover why pigeons are called the `unprofessional architects` of the bird world. Learn about their surprisingly successful, yet simple, nest-building habits.
Published: 13 Nov 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented