തുർക്കിയിൽ നിന്നുള്ളവർ തന്നെയാണോ ടർക്കിക്കോഴികൾ? അല്ലേയല്ല. വടക്കേ അമേരിക്കയിലെയും മെക്സിക്കോയിലെയും കാടുകളാണ് ടർക്കിക്കോഴികളുടെ സ്വദേശം. ലോകത്തിന്റെ പല ഭാഗങ്ങളിലും പല പേരുകളിലാണിവ അറിയപ്പെടുന്നത്. ഏറ്റവും കൗതുകമെന്തെന്നാൽ ടർക്കികൾക്ക് ഇതുവരെ കിട്ടിയ പേരുകളെല്ലാം അബദ്ധത്തിലുള്ളതായിരുന്നു. ആ കഥയൊന്നു പരിശോധിക്കാം.
15-ാം നൂറ്റാണ്ടുമുതലാണ് യൂറോപ്യൻമാർ ടർക്കികളെ കണ്ടുപരിചയിച്ചത്. അതിനും മുമ്പേ മറ്റൊരു പക്ഷിയെ അവർ ഇറക്കുമതി ചെയ്ത് ഭക്ഷിക്കാൻ തുടങ്ങിയിരുന്നു. ആഫ്രിക്കയിൽ നിന്നുള്ള ഗിനിക്കോഴികളെ. തുർക്കിയിലെ ഓട്ടോമാൻ സാമ്രാജ്യത്തിൽ നിന്നുള്ള വ്യാപാരികൾ വഴിയാണ് യൂറോപ്യൻമാർക്ക് ഗിനിക്കോഴികളെ കിട്ടിയത്. തുർക്കി വഴിയെത്തിയ ഗിനിക്കോഴികൾ അങ്ങനെ ടർക്കികൾ എന്നറിയപ്പെട്ടു. പിന്നീടാണ് യൂറോപ്യൻ കുടിയേറ്റക്കാർ അമേരിക്കയിൽ വന്യതയിൽ കഴിയുന്ന പക്ഷികളെ കണ്ടുമുട്ടുന്നത്. ഗിനിക്കോഴിയുമായി രുചിയിലടക്കം സാദൃശ്യം തോന്നിയപ്പോൾ അവയെയും ടർക്കിയെന്നു വിളിച്ചു. യഥാർഥത്തിൽ തുർക്കിയുമായി യാതൊരു ബന്ധവുമില്ലാത്ത പക്ഷികൾക്ക് ടർക്കിയെന്ന പേരും വന്നു.
അതേസമയം, തുർക്കിക്കാർ 'ഹിന്ദി' എന്ന പേരാണ് ടർക്കിക്കോഴികൾക്ക് നൽകിയത്. ഇതൊരു ഇന്ത്യൻ പക്ഷിയാണെന്ന തെറ്റിദ്ധാരണയാണ് കാരണം. ഹിന്ദിക്കാർക്കിത് പെറുപ്പക്ഷിയാണ്. അറബിനാട്ടുകാർ റോമൻ പക്ഷിയെന്നും ഗ്രീക്കുകാർ ഫ്രഞ്ചു പക്ഷിയെന്നും വിളിക്കുന്നു. അങ്ങനെ നോക്കിയാൽ ചരിത്രപരമായി ഒരുപാട് തെറ്റിദ്ധരിപ്പിക്കപ്പെട്ട പക്ഷിയാണ് ടർക്കി.
ടർക്കി ഇന്ത്യൻ പക്ഷിയാണെന്ന ധാരണ പല ഭാഷകളിലുമുണ്ട്. അർമേനിയൻ, ഇറ്റാലിയൻ, പോളിഷ്, റഷ്യൻ ഭാഷകളിൽ ഈ പക്ഷിക്ക് പേര് നൽകിയത് അതിൻ്റെ ഇന്ത്യൻ ബന്ധം മുൻനിർത്തിയാണ്. ഡച്ച്, ഇന്തോനേഷ്യൻ, ഐസ്‌ലാൻഡിക്, ലിത്വാനിയൻ ഭാഷകളിൽ ടർക്കിയെ കൽക്കട്ടയിൽ നിന്നുള്ള പക്ഷിയായി വിശേഷിപ്പിക്കുന്നു. ഇത്രയധികം ഭാഷക്കാർ ടർക്കിയുടെ ഇന്ത്യൻ ഉത്ഭവത്തിൽ വിശ്വസിക്കാനും ഒരു കാരണമുണ്ട്. ഓട്ടോമൻ സാമ്രാജ്യത്തിലേക്ക് ഗിനിക്കോഴിയെ കൊണ്ടുവന്ന പോർച്ചുഗീസ് വ്യാപാരികൾ, ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരത്തിന്റെ പേരിൽ പ്രശസ്തരായതുകൊണ്ടാവാം ഇത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the surprising origin of the turkey bird! Learn why it`s called "turkey" and how it got mistakenly linked to India and Turkey. A story of historical confusion.
Published: 03 Oct 2025, 05:45 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented