ഉറക്കം കുറയുന്നതിന്റെയും വൈകിയുറങ്ങുന്നതിന്റെയും ദോഷങ്ങൾ പുതിയ തലമുറയെ പറഞ്ഞുമനസ്സിലാക്കാൻ പാടുപെടുകയാണ് രക്ഷിതാക്കൾ. വളരെ വൈകി മാത്രം ഉറങ്ങുന്ന നഗരങ്ങളും വെളിച്ചമണയാത്ത തെരുവുകളും മനുഷ്യന്റെ ശീലങ്ങൾക്കൊത്ത് മാറിയതോടെ നമ്മുടെ ചുറ്റുവട്ടത്തുള്ള ജീവികളും ഈ ശീലത്തിലേക്ക് പതിയെ മാറിവരുന്നുണ്ടിപ്പോൾ.

To advertise here,

നഗരങ്ങളിലെ പക്ഷികൾ ഗ്രാമങ്ങളിലെ പക്ഷികളെ അപേക്ഷിച്ച് വളരെ വൈകിയാണ് ഉറങ്ങുന്നതെന്ന് പുതിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. പ്രകാശ മലിനീകരണം കാരണം പക്ഷികൾ ഓരോ ദിവസവും ശരാശരി 50 മിനിറ്റ് വൈകിയേ ഉറക്കംപിടിക്കുന്നുള്ളൂ. ചിലയിനം പക്ഷികൾ ഒരു മണിക്കൂർ നേരത്തേ ഉണർന്നുശീലിച്ചു. ചിലർ ഒരു മണിക്കൂർ വൈകിയേ ചേക്കേറുന്നുള്ളൂ. പാശ്ചാത്യരാജ്യങ്ങളിലെ പഠനമാണിതെങ്കിലും നമ്മുടെ നാട്ടിലെ സ്ഥിതിയും ഏറെക്കുറെ ഇങ്ങനെതന്നെയായിരിക്കും. വെളിച്ചമുള്ള രാത്രികാലങ്ങളാണ് പക്ഷികളുടെ പകലുകൾ നീട്ടുന്നതെന്ന് സതേൺ ഇല്ലിനോയ് യൂണിവേഴ്സിറ്റിയിലെ ജൈവവൈവിധ്യ സംരക്ഷണ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ബ്രെൻ്റ് പീസ് പറയുന്നു.

വലിയ കണ്ണുള്ളവരെ ബാധിക്കുന്നു
പക്ഷി സ്നേഹികൾ, ഓരോ പ്രദേശത്തെയും പക്ഷികളെയും തിരിച്ചറിയാനും മാപ്പ് ചെയ്യാനുമായി ശേഖരിച്ചു സമർപ്പിച്ച റെക്കോർഡിങ്ങുകളാണ് പഠനത്തിനുപയോഗിച്ചത്. ഉപയോക്താക്കൾ സമർപ്പിക്കുന്ന പക്ഷിശശബ്ദങ്ങൾ ഉപയോഗിച്ച് ആഗോള ലൈവ് ലൈബ്രറി നിർമിക്കുന്ന 'ബേർഡ്‌വെതർ' എന്ന സിറ്റിസൺ സയൻസ് പ്രോജക്റ്റിൽ ലഭിച്ച റെക്കോർഡിങ്ങുകളാണിവ.

നൂറുകണക്കിന് സ്പീഷിസുകളിൽ നിന്നുള്ള, 2.6 ദശലക്ഷം പ്രഭാതശബ്ദങ്ങളും 1.8 ദശലക്ഷം സായാഹ്നശബ്ദങ്ങളുമാണ് വിശകലനം ചെയ്തത്. ഈ ഡേറ്റ, പ്രകാശ മലിനീകരണമളക്കുന്ന ആഗോള ഉപഗ്രഹ ചിത്രങ്ങളുമായി സംയോജിപ്പിച്ചു.

വലിയ കണ്ണുകളുള്ള സ്പീഷിസുകളാണ് കൃത്രിമ പ്രകാശത്തോട് ഏറ്റവും ശക്തമായി പ്രതികരിച്ചത്. അമേരിക്കൻ റോബിൻ, നോർത്തേൺ മോക്കിങ് ബേർഡ്, യൂറോപ്യൻ ഗോൾഡ്ഫിഞ്ച് എന്നിവയെല്ലാം കൂടുതൽ സമയം ഉണർന്നിരിക്കുന്നു. കുരുവികളെപ്പോലുള്ള ചെറിയ കണ്ണുകളുള്ള സ്പീഷിസുകളെ പക്ഷേ, അത്രയധികം ബാധിച്ചില്ല.

പ്രകാശമലിനീകരണം

പ്രകാശ മലിനീകരണം ഇപ്പോൾ ഭൗമോപരിതലത്തിന്റെ 23 ശതമാനത്തെയും ബാധിക്കുന്നുണ്ടെന്നും അതിവേഗം വർധിക്കുകയാണെന്നുമാണ് കണക്കുകൾ. പ്രാണികളുടെ കൂട്ടമരണം, വവ്വാലുകളുടെയും കടലാമകളുടെയും ദേശാടന രീതികൾ തടസ്സപ്പെടുക തുടങ്ങി പല ജീവജാലങ്ങളെയും ഇത് ദോഷകരമായി ബാധിക്കുന്നു. അതേസമയം, പകൽ ദൈർഘ്യം കൂടുമ്പോൾ പക്ഷികളെ അതെങ്ങനെ ബാധിക്കുമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചില സ്പീഷിസുകളിൽ കൃത്രിമ വെളിച്ചം ഇരതേടാനും ഇണചേരാനുമുള്ള സമയം വർധിപ്പിക്കുമെന്നും കുഞ്ഞുങ്ങളുടെ അതിജീവന നിരക്ക് മെച്ചപ്പെടുത്തുമെന്നും തെളിവുകളുണ്ട്. 'സയൻസ്' ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi