അന്താരാഷ്ട്ര ടൂറിസം മാസികയായ കോണ്ടെ നാസ്റ്റ് ട്രാവലര്‍ 2022-ല്‍ തയ്യാറാക്കിയ ‘സന്ദര്‍ശിക്കേണ്ട 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക’യില്‍ കോട്ടയത്തെ അയ്മനം ഉള്‍പ്പെട്ടിരുന്നു. വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റിന്റെ വണ്‍ ടു വാച്ച് പുരസ്‌കാരവും അയ്മനത്തിന് ലഭിച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഈ ഗ്രാമം. പാതയോരങ്ങളെയും ജലാശയങ്ങളെയും വൃത്തിയായി സൂക്ഷിക്കുന്ന അയ്മനം, സഞ്ചാരികള്‍ക്ക് തുറന്നുവെക്കുന്നത് അനന്താനുഭൂതികളാണ്. സഞ്ചാരികള്‍ക്ക് ബോട്ട് യാത്ര നടത്താനും സൈക്ലിങ് ചെയ്യാനും നാട്ടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും നടക്കാനും ഇവിടെ സൗകര്യമുണ്ട്. കൃഷിയും മത്സ്യബന്ധനവും പരമ്പരാഗത പാചകവിധികളും നേരില്‍ കണ്ടനുഭവിക്കാനും അയമനം അവസരമൊരുക്കുന്നു.

മണ്‍സൂണ്‍ ദുര്‍ബലമാകുന്ന ഓഗസ്റ്റ്-ഒക്ടോബര്‍ മാസങ്ങളിലെ പുലരികളില്‍ അയ്മനം പുത്തൂക്കരിയിലേക്ക് തിരക്കേറും. അറുപത് ഏക്കറോളം പാടത്ത് ആമ്പല്‍പ്പൂക്കള്‍ കണ്‍തുറക്കുന്നതപ്പോഴാണ്. ആമ്പല്‍ വസന്തം കാണാന്‍ അതിരാവിലെ മുതല്‍ ആളെത്തും. വെയിലിനു മൂര്‍ച്ച കൂടി പൂക്കള്‍ പതിയെ കൂമ്പുന്നതുവരെ പുത്തൂക്കരി ജനനിബിഢമായിരിക്കും. ആമ്പലുകള്‍ക്കിടയിലൂടെ വള്ളത്തിലും ശിക്കാരിയിലും കുട്ടവഞ്ചിയിലും തുഴയാം. അയ്മാനത്തിന്റെ നാഡികളായ കനലുകളിലൂടെയുള്ള ജലയാനം. മൂന്ന് ദിവസം നീളുന്ന ഇവിടുത്തെ ആമ്പല്‍ വസന്തം കനല്‍ ഫെസ്റ്റിന് കൊഴുപ്പേകാന്‍ കലാകായിക മത്സരങ്ങള്‍, തോണിയാത്ര, കയാക്കിങ്, കുട്ടവഞ്ചി, നാടന്‍ ഭക്ഷ്യമേള എന്നിങ്ങനെ അകമ്പടികള്‍ പലതാണ്.

placeholder
കുമരകം

വേമ്പനാട്ടു കായലും മീനച്ചിലാറും നനയ്ക്കുന്ന, കലയും കൃഷിയും വിളയുന്ന, പല വിശ്വാസങ്ങള്‍ ചേരുന്ന ജീവിതങ്ങള്‍. നാഗരികതയുടെ സൗകര്യങ്ങളുള്ള ഗ്രാമീണതയുടെ അഴകാണ് അയ്മാനത്തിന്. പാടങ്ങള്‍ അതിരിടുന്ന റോഡുകള്‍, കനലുകള്‍ക്ക് കുറുകെ പണിത പാലങ്ങളിലൂടെ കയറിയിറങ്ങുന്നു. വഴിയില്‍ ചെറുകടകളും നാടന്‍ ഭക്ഷണശാലകളും വീട്ടിലെ ഊണും. തിരക്കില്ലാത്ത തണല്‍വഴികള്‍.

എല്ലാ ഋതുക്കളിലും അയ്മനത്തിന്റെ പുലരികള്‍ക്ക് തിരുത്താനാകാത്ത ചില പതിവുകളുണ്ട്. കലയും കളരിയും ചേരുന്ന ചിട്ടകള്‍ ഈ നാടിന്റെ പ്രഭാതങ്ങള്‍ സാധകത്തിന് പതിച്ചുനല്‍കിയിരിക്കുന്നു. അയ്മനത്തോട് ചേര്‍ന്നുകിടക്കുന്ന കുടമാളൂര്‍ കഥകളിക്ക് പേരുകേട്ട പ്രദേശമാണ്. അവിടെ കഥകളിക്കളരികള്‍ സജീവമാണ്. കുടമാളൂര്‍ കരുണാകരന്‍ നായര്‍, മറ്റത്തൂര്‍ ഗോവിന്ദന്‍കുട്ടി, അദ്ദേഹത്തിന്റെ മകന്‍ കുടമാളൂര്‍ മുരളീകൃഷ്ണന്‍... നാടിന്റെ കഥകളിപ്പെരുമ വാനോളമുയര്‍ത്തിയവര്‍ പലരുമുണ്ട്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റും ഇവിടെയുണ്ട്. കലാസാംസ്‌കാരിക പൈതൃക ഗ്രാമമായ കുടമാളൂര്‍ ഗ്രാമത്തില്‍ സംഗീതം ജീവശ്വാസമാണ്. പുല്ലാങ്കുഴല്‍ നാദത്തിലൂടെ ആത്മാവ് തൊടുന്ന കുടമാളൂര്‍ ജനാര്‍ദ്ദനന്‍ എന്ന ഒറ്റപ്പേരു മതി, ആ പാരമ്പര്യത്തിന് സാക്ഷ്യമായി. കളമെഴുത്തും തിരുവാതിരയും ഇവിടുത്തെ ജീവതാളത്തില്‍ കലര്‍ന്നിരിക്കുന്നു.

placeholder
'ദി ഗോഡ് ഓഫ് സ്മോൾ തിങ്സി'ൽ പറയുന്ന അയ്മനം വീട്

കുടമാളൂരില്‍ തന്നെയാണ് പ്രശസ്തമായ തെക്കേടത്ത് മന. മനയുടെ പിറകിലൂടെ മീനച്ചിലാറൊഴുകുന്നു. ഇഎംഎസിന്റെ ഭാര്യവീടെന്ന് ഖ്യാതികേട്ട മന റിസോര്‍ട്ടായെന്ന ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്സിലെ പരാമര്‍ശം വിവാദമായിരുന്നു. മന വര്‍ഷങ്ങള്‍ക്ക് മുന്‍പേ പൊളിച്ചുകളഞ്ഞു. മനയുടെ നെല്ലറയാണ് റിസോര്‍ട്ടായി പരിണമിച്ചത്. നിലവില്‍ മനയുടെ ഭാഗമായി അവശേഷിക്കുന്നത് പണ്ട് കാര്യസ്ഥന്മാര്‍ കണക്കെഴുതാനായും ഓഫീസായും ഉപയോഗിച്ചിരുന്ന ഭാഗമാണ്. 'സ്ഫടികം' സിനിമയില്‍ ചാക്കോ മാഷിന്റെ വീടായി കാണിക്കുന്നത് ഇവിടമാണ്.

 

അയ്മനത്ത് മെയ്മാസം ഒരു തൂങ്ങന്‍ ചൂടുമാസമാണ്. നീണ്ട ഉഷ്ണദിനങ്ങള്‍. മീനച്ചിലാറു മെലിയും. നിശ്ച്ചലമായി നിലകൊള്ളുന്ന പൊടിപ്പച്ചമാവുകളിലെ തിളങ്ങുന്ന മാമ്പഴങ്ങള്‍ ആര്‍ത്തിയോടെ കൊതിയകത്താക്കും കരിങ്കാക്കകള്‍. ചെങ്കദളികള്‍ പഴുക്കും. ചക്കകള്‍ പഴുത്ത് പൊട്ടിപ്പിളരും. 

ആദ്യമായി ഇന്ത്യയിലേക്ക് ബുക്കര്‍ പുരസ്‌കാരമെത്തിച്ച അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്’ എന്ന നോവല്‍ തുടങ്ങുന്നതിങ്ങനെയാണ്. കോട്ടയത്തെ അയമനം ഗ്രാമമാണ് നോവലിന്റെ ഭ്രമണ, പരിക്രമണ പഥമായി മാറുന്നത്. ഇരുപതിലധികം രാജ്യങ്ങളില്‍ പുസ്തകം ബെസ്റ്റ് സെല്ലറായപ്പോള്‍ അയ്മനം എന്ന ഗ്രാമം എല്ലാവരുടേതുമായി. ആസ്വാദകമനസ്സിലിന്നും റാഹേല്‍, എസ്ത എന്നീ ഇരട്ട സഹോദരങ്ങളുടെ ജീവിതം കൊടുംമഴക്കാലത്തെ മീനച്ചിലാറ് പോലെ കരകവിഞ്ഞൊഴുകുന്നു. അരുന്ധതി റോയിയുടെ എഴുത്തില്‍ അയ്മനത്തിന്റെ ഭൂതകാലം തളംകെട്ടി നില്‍ക്കുകയാണ്. പുസ്തകത്താളുകള്‍ക്കപ്പുറം അയ്മനം എന്ന ദേശത്തിന്റെ സംസ്‌കൃതിയിലേക്കും പ്രകൃതിയിലേക്കും ഇറങ്ങിച്ചെന്നാല്‍ കാണുന്നത് കാലപ്രവാഹം കണ്ട് അതിശയിക്കും.

placeholder
കുടമാളൂർ പള്ളി

ഈ ദേശത്തിന്റെ ആത്മീയഔന്നത്യത്തിന്റെ മസ്തകമാണ് എഡി 1125-ല്‍ ചെമ്പകശ്ശേരി രാജാവ് സ്ഥാപിച്ച കുടമാളൂര്‍ പള്ളി. കുടമാളൂര്‍ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ എന്ന ഈ ദോവാലയത്തിന്റെ പഴക്കം ഏതാണ്ട് 900 വര്‍ഷം വരും. സീറോ മലബാര്‍ സഭയുടെ മധ്യതിരുവിതാംകൂറിലെ ഏറ്റവും പഴക്കമുള്ള ദേവാലയമാണിത്. പള്ളിക്കുള്ളില്‍ വിശുദ്ധ അല്‍ഫോണ്‍സാമ്മ മാമോദീസ സ്വീകരിച്ച മാമോദീസ തൊട്ടി കാണാം. ദുഃഖ വെള്ളിയാഴ്ച നഗരികാണല്‍ ശുശ്രൂഷയ്ക്ക് പുറത്തിറക്കുന്ന തിരുസ്വരൂപവും കാണാം. കൈകാലുകളും കണ്ണും കഴുത്തും ചലിപ്പിക്കാന്‍ കഴിയുന്ന രീതിയിലാണ് രൂപം പണിതീര്‍ത്തിരിക്കുന്നത്. മുക്തിയമ്മയുടെയും അല്‍ഫോന്‍സാമ്മയുടെയും മധ്യസ്ഥതയാണ് പള്ളിയുടെ സവിശേഷത. പെസഹാ വ്യാഴാഴ്ചയും ദുഖവെള്ളിയാഴ്ചയും ഇവിടെ നടക്കുന്ന നീന്തുനേര്‍ച്ച പ്രസിദ്ധമാണ്. പതിനായിരങ്ങളാണ് നേര്‍ച്ചയുടെ ഭാഗമാകുന്നത്. ഭാരതത്തിലെ ആദ്യ വിശുദ്ധയായ അല്‍ഫോന്‍സാമ്മ ജനിച്ച വീടിന്റെ സാന്നിധ്യവും ഇവിടേക്ക് വിശ്വാസികളെ വലിച്ചടുപ്പിക്കുന്നുണ്ട്. അയ്മനം നരസിംഹസ്വാമി ക്ഷേത്രം, കുടമാളൂര്‍ ഇരവീശ്വരം ക്ഷേത്രം, കാവുകള്‍... പല കൈവഴികള്‍ ചേരുന്ന മീനച്ചിലാര്‍ പോലെ, പല വിശ്വാസധാരകള്‍ ഈ നാടിന്റെ ആത്മാവിനെ പോഷിപ്പിക്കുന്നു.

 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi