നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ചരിത്രവും പള്ളിയുടെ വാസ്തുസൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം

സെന്റ് ഫ്രാന്‍സിസ് പള്ളി
'Come to me, all you who are weary and burdened, and I will give you rest.' - The Bible
ഏഴ് കടലുകള്‍ താണ്ടി ആദ്യമായി ഇന്ത്യയിലെത്തിയ യൂറോപ്പുകാരനായിരുന്നു വാസ്‌കോ ഡ ഗാമ. 1498-ല്‍ ഗാമ കോഴിക്കോട്ട് കപ്പലടുപ്പിച്ചതോടെ ലോക ചരിത്രം തന്നെ തിരുത്തിക്കുറിക്കപ്പെട്ടു. 1524-ല്‍ കേരളത്തിലേക്കുളള തന്റെ മൂന്നാം വരവില്‍ ഗുരുതരമായ അസുഖം പിടിപെട്ട് അദ്ദേഹം മരിച്ചപ്പോള്‍ അടക്കം ചെയ്തത് ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പളളിയിലാണ്.
ഫോര്‍ട്ട് കൊച്ചിയുടെ ഹൃദയഭാഗത്ത് തിരക്കേറിയ വഴിയോരങ്ങളില്‍ സഞ്ചാരികളെ വരവേല്‍ക്കുകയാണ് ചരിത്ര പ്രസിദ്ധമായ ഈ അള്‍ത്താര. കൊളോണിയല്‍ ഭരണകാലത്തിന്റെ ചരിത്രം ഉറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള യൂറോപ്യന്‍ പള്ളിയാണിത്. നൂറ്റാണ്ടുകള്‍ നീണ്ട കോളനിവല്‍ക്കരണത്തിന്റെ ചരിത്രവും പള്ളിയുടെ വാസ്തുസൗന്ദര്യവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
പോര്‍ച്ചുഗീസ് പര്യവേക്ഷകനായ വാസ്‌കോ ഡ ഗാമയെ അടക്കം ചെയ്തിരിക്കുന്ന പളളി എന്ന നിലയിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പിന്നീട് ലിസ്ബണിലേക്ക് മാറ്റിയെങ്കിലും ശവകുടീരം ഇപ്പോഴും പളളിയിലുണ്ട്. മൂന്ന് കൊളോണിയല്‍ ശക്തികളുടെ അധീനതയിലായിരുന്ന സെന്റ് ഫ്രാന്‍സിസ് പളളി ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുളള സംരക്ഷിത ആരാധനാലയമാണ്.
കൊച്ചിയുടെ ചരിത്രത്തിലെ ഏട്
1503-ല്‍ നിര്‍മ്മിച്ച സെന്റ് ഫ്രാന്‍സിസ് സിഎസ്ഐ പള്ളി ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യന്‍ പള്ളിയാണ്. കൊച്ചിയുടെ ചരിത്രത്തെയും സംസ്‌കാരത്തെയും ഏറെ സ്വാധീനിച്ച ഈ പള്ളി കൊളോണിയല്‍ ഭരണകാലത്തിന്റെ ചരിത്രസ്മാരകമാണ്. ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്തിയതിന് പിന്നാലെ 1498-ലാണ് വാസ്‌കോ ഡ ഗാമ കേരളാതീരത്ത് കപ്പലിറങ്ങുന്നത്. പിന്നീട് അഡ്മിറല്‍ കബ്രാലിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് കപ്പലുകള്‍ കൊച്ചിയില്‍ കച്ചവടത്തിനെത്തുകയും കൊച്ചി രാജാവ് 1503-ല്‍ ആല്‍ഫോണ്‍സോ ആല്‍ബുക്കര്‍ക്കിന് കൊച്ചിയില്‍ ഒരു പള്ളി നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.
പോര്‍ച്ചുഗീസുകാര്‍ അവരുടെ ശൈലിയില്‍ നിര്‍മ്മിച്ച ഈ പള്ളി ആദ്യം സൈന്റ് ബാര്‍ത്തലോമിയുവിന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. 1524-ല്‍ വാസ്‌കോ ഡ ഗാമ കൊച്ചിയില്‍ വെച്ച് മരിച്ചപ്പോള്‍ അദ്ദേഹത്തെ ഈ പള്ളിയില്‍ അടക്കി. 14 വഷങ്ങള്‍ക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലേക്ക് മാറ്റിയെങ്കിലും, ആ ഓര്‍മകളുടെ ഉറവിടമായി ഈ പള്ളി ഇന്നും നിലകൊള്ളുന്നു.
അദ്ദേഹത്തിന്റെ ശവകുടീരം പളളിയില്‍ അള്‍ത്താരയുടെ താഴെ ഇടതു ഭാഗത്തായി കാണാം. വാസ്‌കോ ഡ ഗാമ താമസിച്ചിരുന്ന വീടും പളളിയുടെ തൊട്ടുപിറകിലായി സ്ഥിതി ചെയ്യുന്നു. 1664-ല്‍ കൊച്ചി ഡച്ചുകാരുടെ കീഴില്‍ വന്നപ്പോള്‍ അവരുടെ ശൈലിയില്‍ പള്ളി പുതുക്കിപ്പണിതു. പള്ളിയുടെ സമീപത്തായി 300 വര്‍ഷത്തിലേറെ പഴക്കമുളള ഡച്ചുകാര്‍ തന്നെ നിര്‍മ്മിച്ച ശ്മശാനവും കാണാം. 1795-ല്‍ ബ്രിട്ടീഷുകാര്‍ കൊച്ചി കൈവശപ്പെടുത്തുകയും പള്ളി ആംഗ്ലിക്കന്‍ സഭയുടെ കീഴിലാവുകയും ചെയ്തു. ആ കാലത്താണ് ഇന്നത്തെ സെന്റ് ഫ്രാന്‍സിസ് പളളിയായി രൂപപ്പെട്ടത്. 1949-ല്‍ പള്ളി ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ (CSI) കീഴിലായി.
ശവകുടീരങ്ങള്‍ മുതല്‍ തുണിപ്പങ്കാവു വരെ
പള്ളിയുടെ ചരിത്രപ്രാധാന്യത്തിന് പുറമെ അതിന്റെ വ്യത്യസ്തമായ ശില്പകലയും ശ്രദ്ധേയമാണ്. ഗോതിക് മാതൃകയിലാണ് പളളി നിര്‍മിച്ചിരിക്കുന്നത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്കു മേലെ ഓടുകള്‍ കൊണ്ട് പൊതിഞ്ഞ് തടി കൊണ്ട് നിര്‍മ്മിച്ച ഉയര്‍ന്ന ഘടനയാണ് പള്ളിക്കുള്ളത്. പളളിയുടെ മുന്‍ഭാഗം ഉയരമേറിയതും പള്ളിയുടെ കവാടത്തിനു മുന്നില്‍ 1923-ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മപ്പെടുത്തുന്ന ഒരു ക്ലോക്കുണ്ട്.
നിലത്തു കല്ലുകളും നടവഴിയില്‍ വിക്ടോറിയന്‍ ടൈലുകളും പാകിയിരിക്കുന്നു. തടികൊണ്ടുള്ള മേല്‍ക്കൂരയും തറയിലെ ടൈലുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പള്ളിയുടെ ഉള്‍വശം പുരാതന ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നതാണ്. പള്ളിക്കായി പ്രവര്‍ത്തിച്ച പലരുടെയും ഓര്‍മയ്ക്കായുള്ള ഫലകങ്ങള്‍ ഭിത്തികളില്‍ സ്ഥാപിച്ചിട്ടുണ്ട്. എലിസബത്ത് രാജ്ഞി പള്ളി സന്ദര്‍ശിച്ചതിന്റെ ഓര്‍മയ്ക്കായി സ്ഥാപിച്ച ഫലകവും ഭിത്തിയിലുണ്ട്.
വടക്കന്‍ ഭിത്തിയില്‍ പോര്‍ച്ചുഗീസുകാരുടെയും തെക്ക് ഭിത്തിയില്‍ ഡച്ചുകാരുടേതും ശവകുടീര കല്ലുകള്‍ കാണാം. വംശസൂചകങ്ങളായ ആലേഖനങ്ങളും പദവികളെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സ്മാരകശിലകളില്‍ പതിച്ചിരിക്കുന്നു.
കൊത്തുപണികളാല്‍ അലങ്കരിച്ച മരം കൊണ്ടുണ്ടാക്കിയ പ്രസംഗപീഠം, മാമ്മോദീസാ പീഠം, ബുക്ക് റെസ്റ്റുകള്‍ എന്നിയവും പള്ളിയുടെ മനോഹാരിത വര്‍ധിപ്പിക്കുന്നതാണ്. പള്ളിയുടെ ഓഫീസ് മുറിയില്‍ ധാരാളം പൗരാണിക രേഖകളും സൂക്ഷിച്ചിട്ടുണ്ട്. കാലാകാലങ്ങളായി പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്ന ഡൂപ് ബുക്കില്‍ (DOOP BOOK) ബ്രിട്ടീഷുകാരുടെ കാലം മുതല്‍ പളളിയില്‍ നടന്നിട്ടുളള മാമോദിസകളും കല്യാണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.
താളിയോലയില്‍ എഴുതിയ പട്ടയങ്ങള്‍, ചരിത്രപ്രധാന്യമുളള രാജാക്കന്മാരുടെ താളിയോലകള്‍ എന്നിവ ഇപ്പോഴും അകത്ത് സൂക്ഷിച്ചിരിക്കുന്നു. ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ് തുണിപ്പങ്കാവുകള്‍. ഇലക്ട്രിക്ക് ഫാനുകള്‍ വരും മുമ്പേ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഈ പങ്കകള്‍ രാമച്ചമുള്‍പ്പെടെ പല ഔഷധങ്ങളും നിറഞ്ഞതാണ്. കൗതുകമുണര്‍ത്തുന്ന ഈ പങ്കകള്‍ കാറ്റ് നല്‍കുന്നതിനു പുറമെ സുഗന്ധവും പരത്തുന്നു.
സഞ്ചാരികളുടെ പറുദീസ
കൊളോണിയല്‍ ഭരണകാലത്തെ കൊച്ചിയില്‍ അവശേഷിക്കുന്ന ഏറ്റവും ശ്രദ്ധേയമായ സ്മാരകങ്ങളിലൊന്നാണ് ഈ പളളി. കവാടത്തിനടുത്ത് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച യോദ്ധാക്കളുടെ സ്മാരകമായി 1920-ല്‍ സ്ഥാപിച്ച സ്തൂപം കാണാം. ഈ സ്തൂപത്തിന് മുന്നില്‍ നിന്നാണ് എല്ലാ വര്‍ഷവും കൊച്ചി കാര്‍ണിവലിന്റെ തുടക്കം. പള്ളിക്കകത്ത് ഒരു കുരിശ് മാത്രമേയുള്ളൂ, മറ്റൊരു വിഗ്രഹാരാധനയും അനുഷ്ടാനങ്ങളും ഇല്ല.
ഇത് വെറും ഒരു ആരാധനാലയമല്ല, മറിച്ച് കോളനിവല്‍ക്കരണത്തിന്റെ മതപരവും സംസ്‌കാരികപരവുമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്മാരകം കൂടിയാണ്. കൊച്ചിക്കായലിനൊപ്പം ഫോര്‍ട്ട് കൊച്ചിയുടെ വളര്‍ച്ചയുടെ സാക്ഷിയാണ്.
കേരളതീരത്തെത്തിയ വൈദേശികര്‍
15-ാം നൂറ്റാണ്ടോടെ ആരംഭിച്ച യൂറോപ്യന്‍ അധിനിവേശം, കേരളത്തിന്റെ രാഷ്ട്രീയ ഘടന, മതവിശ്വാസങ്ങള്‍, കടല്‍വാണിജ്യം എന്നിവയില്‍ സമൂലമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരാണ് ഇന്ത്യയില്‍ ആദ്യമായി കോളനി ഭരണം തുടങ്ങിയത്. 1498-ല്‍ കോഴിക്കോട് കാപ്പാട് തീരത്ത് ആദ്യമായി കപ്പലിറങ്ങിയത് പോര്‍ച്ചുഗീസുകാരനായ വാസ്‌കോ ഡ ഗാമയാണ്. അന്നു മുതല്‍ 1663 വരെ കേരളം പോര്‍ച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. കുരുമുളക്, ഏലം, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളാണ് കച്ചവടത്തിനായി കേരളത്തിലേക്ക് യൂറോപ്യന്‍ ശക്തികളെ ആകര്‍ഷിച്ചത്. കോളനിവല്‍ക്കരണത്തിലൂടെ വിരുന്നെത്തിയവര്‍ നാട്ടുരാജ്യങ്ങളെ ചൂഷണം ചെയ്തു.
1503-ല്‍ കൊച്ചിയില്‍ ഫോര്‍ട്ട് ഇമ്മാനുവെല്‍ എന്ന ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ കോട്ട പണി കഴിക്കപ്പെട്ടു. അങ്ങനെയാണ് ഫോര്‍ട്ട് കൊച്ചി എന്ന പേരുപോലും പില്‍ക്കാലത്ത് ഉണ്ടാവുന്നത്. വ്യാപാരത്തിനൊപ്പം റോമന്‍ കത്തോലിക്ക മതം ശക്തമായി പ്രചരിപ്പിക്കുകയും ഇന്ത്യയിലെ ആദ്യ യൂറോപ്യന്‍ പള്ളിയായ സെന്റ് ഫ്രാന്‍സിസ് പള്ളി പണിയുകയും ചെയ്തു. മത പ്രചരണത്തിനും, മിഷനറി വിദ്യാഭ്യാസത്തിനും മുന്‍കൈ എടുക്കുകയും ചെയ്തു.
കൊച്ചി രാജാവിന്റെ സഹായത്തോടെ 1663-ല്‍ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ പുറത്താക്കി അധികാരം സ്ഥാപിച്ചു. പ്രൊട്ടസ്റ്റന്റ് മത വിശ്വാസികളായ അവര്‍ വ്യാപാരബന്ധം സ്ഥാപിക്കുന്നതിനു പുറമെ പ്രൊട്ടസ്റ്റന്റ് മതം പ്രചരിപ്പിച്ചു. 1663 മുതല്‍ 1795 വരെ ഡച്ചുകാരുടെ ആധിപത്യമുണ്ടായിരുന്നു.
മാഹിയിലും പോണ്ടിച്ചേരിയുമായിരുന്നു പ്രധാനപ്പെട്ട ഫ്രഞ്ച് കോളനികള്‍. ഫ്രഞ്ചുകാര്‍ രാജാക്കന്മാരുമായി വ്യാപാരബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രിട്ടീഷും ഡച്ചും മുഖ്യ ശക്തികളായതിനാല്‍ പരിമിതമായ സ്വാധീനം മാത്രമേ ഉണ്ടാക്കാനായുള്ളൂ. 1795 മുതല്‍ 1947 വരെ കേരളം സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കീഴിലായിരുന്നു.
ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഈ ചരിത്ര സ്മാരകം കാണാന്‍ ആയിരക്കണക്കിനു വിനോദ സഞ്ചാരികളാണ് ദിവസവും ഇവിടെയെത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദര്‍ശന സമയം. എല്ലാ ഞായറാഴ്ചയും രാവിലെ 7.30 ന് ഇംഗ്ലീഷ് പ്രാര്‍ത്ഥനയും 10 ന് മലയാളത്തിലുളള പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. പളളി വക ചാരിറ്റി പ്രവര്‍ത്തനങ്ങളും മറ്റ് സാമുഹ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. സഞ്ചാരികളുടെ പറുദീസയായ ഇവിടെ എല്ലാവര്‍ക്കും ജാതി-മതഭേതമന്യേ സന്ദര്‍ശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം. പള്ളിയുടെ സമീപത്തു തന്നെ ഉളള ഡച്ച് ശ്മശാനവും, സാന്താക്രൂസ് ബസിലിക്കയും സഞ്ചാരികളുടെ പ്രഭവകേന്ദമാണ്. പളളിയിലേക്ക് പവേശിക്കുന്നതിന് ടിക്കറ്റുകളൊന്നും ആവശ്യമില്ല.
HOW TO REACH?
ഫോര്‍ട്ട് കൊച്ചിയിലെത്താന്‍ എറണാകുളത്ത് നിന്ന് ബോട്ട് സര്‍വ്വീസുകളും വാട്ടര്‍ മെട്രോ സര്‍വ്വീസുകളും ലഭ്യമാണ്. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് രാവിലെ ആറ് മുതല്‍ രാത്രി 9.30 വരെ ഫെറി സര്‍വീസുകള്‍ ലഭ്യമാണ്. ഫോര്‍ട്ട് കൊച്ചി ബോട്ട് ജെട്ടിയില്‍ നിന്ന് സെന്റ് ഫ്രാന്‍സിസ് പളളിയിലേക്ക് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരമുണ്ട്. വാഹനങ്ങളുടെയും യാത്രക്കാരുടെയും ഗതാഗതത്തിനായി വൈപ്പിനും ഫോര്‍ട്ട് കൊച്ചിക്കും ഇടയില്‍ ജങ്കാര്‍ സര്‍വ്വീസുകളും ലഭ്യമാണ്. എറണാകുളത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് ഏകദേശം 16 കിലോമീറ്റര്‍ ദൂരം ബസ് സര്‍വീസുകള്‍ സുലഭമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the historic St. Francis Church, India`s oldest European church. Discover its colonial past and Vasco da Gama`s tomb.
Published: 07 Sept 2025, 04:42 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented