
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയായി 'റോക്കട്രി' തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കാലത്തിന്റെ കാവ്യനീതിയാണ്. ചെയ്യാത്ത കുറ്റത്തിന് തന്റെ ജീവിതം തന്നെ ദാനം കൊടുക്കേണ്ട വന്ന നമ്പി നാരായണന്‍ എന്ന ശാസ്ത്രഞ്ജനോട് കാലം കാണിക്കുന്ന നീതി. മലയാളിയായ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ് മാധവന്‍ സംവിധാനം ചെയ്ത് നായകനായ സിനിമയാണ് 'റോക്കട്രി'. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ചിത്രത്തിന്റെ എഴുത്തും ചിത്രീകരണമടക്കമുള്ള കാര്യങ്ങള്‍ മാധവന്‍ ചെയ്തത്. മലയാളിയായ പ്രജേഷ് സെന്നും റോക്കട്രിയുടെ പിറവിയ്ക്ക് മുന്നില്‍ മാധവനൊപ്പം ഉണ്ടായിരുന്നു. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റങ്ങളെ 'ചാരക്കേസ്' എന്ന ഒരൊറ്റ സംഭവം ഒരുപാട് വര്‍ഷം പിന്നോട്ടടിച്ചെന്ന കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സിനിമ ചെയ്യണമെന്നുറപ്പിച്ചതെന്ന് മാധവന്‍ പറയുന്നു. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയമധുരം ആഘോഷിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ റോക്കട്രി മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. റോക്കട്രിയെ കുറിച്ച് നടനും സംവിധായകനുമായ മാധവന്‍ സംസാരിക്കുന്നു.

താങ്കളുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ' റോക്കട്രി' എന്തുകൊണ്ട് നമ്പി നാരായണന്റെ ജീവിതം തന്നെ തെരഞ്ഞെടുത്തു.... ?
Also Read
നമ്പി നാരായണന്‍ എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രഞ്ജരില്‍ ഒരാളെ ഞാനാദ്യം അറിഞ്ഞത് ചാരക്കേസ് വിവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ നിന്ന് തന്നെയാണ്. എന്നാല്‍ ഒരു വാര്‍ത്താചാനലില്‍ അദ്ദേഹത്തിന്റെ അഭിമുഖം കണ്ടപ്പോഴാണ് ആ ജീവിതത്തെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ആ കൗതുകത്തില്‍ അദ്ദേഹത്തെ നേരില്‍ കാണുകയും ജീവിതത്തെ കുറിച്ച് ഏറെ സംസാരിക്കുകയും ചെയ്തു. ആ കൂടിക്കാഴ്ചയില്‍ നിന്ന് കിട്ടിയ ഊര്‍ജത്തിലാണ് റോക്കട്രിയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതുന്നത്.
ആദ്യ ഘട്ടത്തില്‍ ഞാനായിരുന്നില്ല ഈ സിനിമയുടെ സംവിധായകന്‍. ആദ്യ ഡ്രാഫ്റ്റ് അദ്ദേഹത്തെ കാണിച്ചപ്പോഴാണ് തന്റെ ശാസ്ത്ര ജീവിതത്തെ കുറിച്ചും കണ്ടുപിടിത്തങ്ങളെ കുറിച്ചുമെല്ലാം കൂടുതലായി അദ്ദേഹം പറഞ്ഞു തന്നത്. ആ വിവരങ്ങളെല്ലാം ഞാന്‍ ഇതുവരെ എവിടെയും വായിച്ചറിയാത്തവയായിരുന്നു. ഇന്നും നമ്മുടെ നാട്ടിലെ പലര്‍ക്കും എന്തിനാണ് രാജ്യം നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചതെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവാദങ്ങളെ കുറിച്ച് അറിയാം എന്നതല്ലാതെ അദ്ദേഹം രാജ്യത്തിന് നല്‍കിയ നേട്ടങ്ങളെ കുറിച്ച് ഇന്നും ആരും ബോധവാന്‍മാരല്ല.

ആയൊരു തിരിച്ചറിവില്‍ നിന്നാണ് റോക്കട്രി എന്ന സിനിമ ഏത് പ്രതിസന്ധിയിലും പൂര്‍ത്തിയാക്കും എന്ന തീരുമാനം ഞാനെടുക്കുന്നത്. സിനിമ ഷൂട്ടിങ് തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അവസാന നിമിഷത്തില്‍ സംവിധായകന്‍ പിന്മാറി. എനിക്ക് മുമ്പില്‍ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായത്. ഒന്ന് സിനിമ ഉപേക്ഷിക്കുക, രണ്ടാമത്തേത് സംവിധാനം ഏറ്റെടുക്കുക. ഈ കാര്യം നമ്പി നാരായണന്‍ സാറോട് സംസാരിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ് '' എന്റെ ജീവിതത്തെ കുറിച്ചും ശാസ്ത്രത്തെ കുറിച്ചും മറ്റേത് സംവിധായകനെക്കാള്‍ നല്ലരീതിയില്‍ താങ്കള്‍ക്ക് അറിയാം. അതുകൊണ്ട് താങ്കള്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യണം'. ആയൊരു പ്രോത്സാഹനത്തില്‍ നിന്നാണ് ഞാന്‍ സംവിധാനതൊപ്പി അണിഞ്ഞത്.
ചാരക്കേസ് രാജ്യത്തിനുണ്ടാക്കിയ നഷ്ടം എത്രമാത്രം വലുതാണെന്ന് റോക്കട്രി പൂര്‍ത്തിയാക്കിയപ്പോള്‍ മാധവന്‍ തിരിച്ചറിഞ്ഞിട്ടുണ്ടോ...?
നമ്മുടെ ബഹിരാകാശ കുതിപ്പിനെ 20 വര്‍ഷം പിറകോട്ട് അടിക്കാന്‍ ചാരക്കേസ് കാരണമായി മാറി. ഈ വിവാദം ഉണ്ടായില്ലെങ്കില്‍ ക്രയോജനിക് എഞ്ചിനടക്കം ഇന്ത്യന്‍ ബഹിരാകാശ ലോകത്തിന് നാഴികക്കല്ലാകുന്ന മുന്നേറ്റങ്ങള്‍ 90 കളില്‍ സംഭവിക്കുമായിരുന്നു. ഇന്ന് ഐ.എസ്.ആര്‍. ഒ മികവുറ്റ പ്രവര്‍ത്തനം നടത്തുന്നുണ്ട് എന്നതില്‍ സംശയമില്ല. പക്ഷേ ഈ വിവാദം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ കുറേദൂരം കൂടി മുന്നേറുമായിരുന്നു. ഞാന്‍ ഈ സിനിമ ഷൂട്ട് ചെയ്യാനായി വിദേശരാജ്യങ്ങളിലെ സയന്‍സ് സെന്ററുകളില്‍ പോയപ്പോള്‍ നമ്പി നാരായണനെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ നല്‍കിയ ബഹുമാനം മാത്രം മതി അദ്ദേഹത്തിന്റെ മൂല്യം നമുക്ക് മനസ്സിലാക്കാന്‍. പക്ഷേ ഇവിടെ ആരും അത് തിരിച്ചറിയുന്നില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം.
ഈ സിനിമ പൂര്‍ത്തിയാക്കാന്‍ നമ്പി നാരായണന്‍ നല്‍കിയ പിന്തുണ എത്രമാത്രമാണ്..?
അതുവരെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച അറിയാത്ത പലകാര്യങ്ങളും വിശദമായി പറഞ്ഞുതന്നിരുന്നു. ആദ്യ ഡ്രാഫ്റ്റ് തയ്യാറായപ്പോള്‍ അത് അദ്ദേഹത്തെ വായിച്ച് കേള്‍പ്പിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു ' താങ്കള്‍ നന്നായി തന്നെ എഴുതിയിട്ടുണ്ട്, പക്ഷേ കുറച്ച് ഭാഗങ്ങള്‍ വിട്ടുപോയിട്ടുണ്ട്. ഞാന്‍ പ്രിന്‍സ്റ്റണില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇന്‍സെറ്റിബിലിറ്റി സിദ്ധാന്തം ചെയ്യുന്നത്.' ' താങ്കള്‍ എപ്പോഴാണ് അതിന് പ്രിന്‍സ്റ്റണില്‍ പോയത്...?' ഞാന്‍ ചോദിച്ചു. ആ ചോദ്യത്തില്‍ നിന്നാണ് അദ്ദേഹം താന്‍ ശാസ്ത്രമേഖലയില്‍ ഉണ്ടാക്കിയ നേട്ടങ്ങളെ കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചത്.
അത് കേട്ടപ്പോള്‍ എനിക്ക് പുതിയൊരു വാതില്‍ തുറന്ന് വെളിച്ചം എന്റെ ഉള്ളിലേക്ക് കയറിവരുന്നത് പോലെ തോന്നി. കാരണം അത്രമേല്‍ അത്ഭുതപ്പെടുത്ത കണ്ടുപിടിത്തങ്ങളാണ് അദ്ദേഹം നടത്തിയിട്ടുണ്ട്. അതെനിക്ക് തിരിച്ചറിവായിരുന്നു.
കാരണം തന്റെ നേട്ടങ്ങളെ കുറിച്ച് ഈ ലോകത്തോട് വിളിച്ച് പറയാതെ പകരം തന്നെ രാജ്യദ്രോഹി എന്ന് വിളിച്ച ആള്‍ക്കാരുടെ മുന്നില്‍ താന്‍ നിരപരാധിയെന്ന് തെളിയിക്കാന്‍ നിയമയുദ്ധം നടത്തിയ ഒരുമനുഷ്യന്‍, യഥാര്‍ഥ രാജ്യസ്‌നേഹിയെ ഞാന്‍ നമ്പി നാരായണില്‍ കണ്ടു. നമ്മള്‍ ചെയ്യുന്ന രാജ്യത്തിന് വേണ്ടി ചെയ്യുന്ന വലിയ കാര്യങ്ങള്‍ ലോകത്തോട് വിളിച്ച് പറയാത്തവരാണ് യഥാര്‍ഥ രാജ്യസ്‌നേഹികള്‍. പക്ഷേ അവരുടെ ആത്മാര്‍ഥതയെ നമ്മള്‍ ചോദ്യം ചെയ്താല്‍ അതവരെ തകര്‍ത്ത് കളയും. എന്ത് തടസ്സമുണ്ടായാലും ഈ സിനിമ ചെയ്യുമെന്ന് ഞാനുറപ്പിച്ചത് അവിടെ വച്ചാണ്.
റോക്കറ്റ് സയന്‍സാണ് നമ്പി നാരായണന്റെ ജീവിതത്തിന്റെ പ്രധാന ഭാഗം, അത് പഠിച്ചെടുക്കുക എന്ന വെല്ലുവിളി എങ്ങനെ മറികടന്നു..?
ഞാന്‍ ശാസ്ത്ര ബിരുദധാരിയാണ്. എയ്‌റോ സ്‌പൈസ്, ഫ്‌ളൈറ്റ് എഞ്ചിനീയറിങ്ങില്‍ മുമ്പ് തന്നെ ഏറെ താത്പര്യവുമുണ്ട്. നമ്പി നാരായണനുമായി സംസാരം തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് റോക്കറ്റ് സയന്‍സ് ഈ അഭിനേതാവിന് എങ്ങനെ മനസ്സിലാകും എന്ന് സംശയമുണ്ടായിരുന്നു. ഓരോ തവണ സംസാരിക്കുമ്പോള്‍ അദ്ദേഹം ചോദ്യങ്ങളിലൂടെ അത് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ആയൊരു പരീക്ഷണത്തെ വിജയകരമായി അതിജീവിക്കാന്‍ എനിക്ക് സാധിച്ചു. അദ്ദേഹം നിര്‍മിച്ച എഞ്ചിനെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും മനസ്സിലാക്കാന്‍ കുറച്ചധികം സമയമെടുത്തു. ആവശ്യമായ സാധനങ്ങളെല്ലാം തന്നെ അത്തരമൊരു എഞ്ചിന്‍ നിങ്ങള്‍ക്ക് നിര്‍മിച്ചു തരാന്‍ ഇന്നെനിക്ക് സാധിക്കും.
സംവിധാന മോഹം മാഡിയുടെ സ്വപ്‌നത്തില്‍ ഉണ്ടായിരുന്നോ...?
സംവിധായകനാകുക എന്നൊരു സ്വപ്‌നം എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. കാരണം അത്രമേല്‍ ആസ്വദിച്ചാണ് ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ, ജീവിതത്തില്‍ പുതിയ പ്രതിസന്ധികളാണ് പുതിയ അവസരങ്ങളും സാധ്യതകളും തുറന്നുതരിക എന്ന് പറയാറില്ലേ. 'റോക്കട്രി' സംവിധാനം എന്നൊരു പുതിയ മേഖലയിലേക്ക് ചുവടുവയ്്ക്കാന്‍ എനിക്കായി കാത്തുവച്ച നിയോഗമായിരുന്നു.
സിനിമ അംഗീകാരങ്ങളുടെ നിറവില്‍ നില്‍ക്കുന്നു, ലോക ശ്രദ്ധ നേടി കഴിഞ്ഞു, ഇപ്പോള്‍ എന്ത് തോന്നുന്നു..?
ഒരുരാജ്യത്തും ഇനിയൊരു ശാസ്ത്രഞ്ജനും നമ്പി നാരായണന് ഉണ്ടായ പോലൊരു അനുഭവം ഉണ്ടാകരുത്. രണ്ടുതരം രാജ്യസ്‌നേഹികളാണ് എല്ലായിടത്തുമുള്ളത്. യുദ്ധം പോലുള്ള പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രം ഭാരത് മാതാ കീ എന്ന് ജയ് വിളിച്ച് തെരുവിലിറങ്ങി സംഘര്‍ഷങ്ങളുണ്ടാക്കുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരാണ് ഒന്നാമത്തെ വിഭാഗം. എന്നാല്‍ രണ്ടാമത്തെ വിഭാഗം അവരുടെ ജീവിതം തന്നെ രാജ്യത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നവരാണ്.
തങ്ങള്‍ ഉണ്ടാക്കുന്ന നേട്ടങ്ങളോ, രാജ്യസേവനമോ ഒരിക്കല്‍പ്പോലും ആരും ഓര്‍മിക്കില്ലെന്നും എവിടെയും അംഗീകരിക്കപ്പെടില്ലെന്നും അവര്‍ക്കറിയാം. ഈ രാജ്യത്ത് ഒരുറോഡിനോ തെരുവിനോ പോലും തങ്ങളുടെ പേരിടില്ലെന്നും അവര്‍ക്കറിയാം. ഈ യാഥാര്‍ഥ്യങ്ങളൊക്കെ അറിഞ്ഞുകൊണ്ട് തന്നെ അവര്‍ രാജ്യത്തെ സേവിക്കുന്നു. അവരെ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെങ്കില്‍ ഒരിക്കലും ചെയ്യാത്ത കുറ്റത്തിന് കരിവാരിതേക്കരുത്.
ലോകത്ത് ഒാരോ രാജ്യവും ഗ്രേറ്റ് ആകുന്നത് അവിടത്തെ കുറച്ച് മനുഷ്യര്‍ ആ രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങള്‍ കൊണ്ടാണ്. അത്തരം മനുഷ്യരെ അംഗീകരിക്കുക, ആദരിക്കുക, സംരക്ഷിക്കുക അതാണ് എല്ലാവരും ചെയ്യേണ്ടത്. അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ നല്‍കാതെ ഒരുരാജ്യത്തിനും മുന്നേറാന്‍ സാധ്യമല്ല.
Content Highlights: Actor R.Madhavan Talks about national Award Winning film Rocketry: The Nambi Effect
Published: 25 Aug 2023, 11:40 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented