
'ഇത്രേം ഷൂ റോഡില്‍ നിന്ന് പോളിഷ് ചെയ്താല്‍ ഒരൊറ്റ ആഴ്ചക്കുളളില്‍ ഒരു ബോട്ട് വാങ്ങാന്‍ പറ്റും' പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്റെ ഈ ഡയലോഗ് കേട്ട് അന്ന് ഒരുപാട് ചിരിച്ചെങ്കിലും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ സംഗതി ശരിയാണ്. ഇന്‍സ്റ്റാഗ്രാമിലെ തരംഗത്തിനുപിന്നില്‍ കണ്ണോടിച്ചപ്പോള്‍ ഷൂസും പിടിച്ചു നില്‍ക്കുന്നു ഫോര്‍ട്ടുകൊച്ചിക്കാരി കൃഷ്ണ. ഷൂ വൃത്തിയാക്കി മാത്രം ലക്ഷങ്ങള്‍ കൊയ്യുകയാണ് കൃഷ്ണ എന്ന ഇരുപത്തിയഞ്ചുകാരി. കുഞ്ഞുന്നാളിലെ ഷൂവിനോടുള്ള ഇഷ്ടം കൃഷ്ണയെ കൊണ്ടെത്തിച്ചത് ഷൂ ലോണ്‍ഡ്രി എന്ന സംരംഭത്തിലേക്കാണ്. മിനുക്കിയെടുത്ത വിജയത്തിനു പിന്നിലെ കഥ പറഞ്ഞ് കൃഷ്ണ...
ഷൂ ലോണ്‍ഡ്രി എന്ന സ്വപ്‌നം
''എനിക്കൊരു വലിയ ഷൂ കളക്ഷനുണ്ട്. ഷൂ ചെറുതായൊന്നു അഴുക്കായാല്‍ പോലും ഞാന്‍ ടെന്‍ഷനാകും. പുതിയ ഷൂ വാങ്ങിയായാലും പരമാവധി ചെളിപറ്റാതെ ആളുകളില്‍ നിന്നെല്ലാം മാറി നടക്കും. എങ്കിലും ഒരു തവണ ഇടുമ്പോള്‍തന്നെ ഷൂ വില്‍ പെട്ടെന്ന് പൊടിപിടിക്കും. ഷൂ വൃത്തിയാക്കുന്ന കട തിരക്കി ഞാന്‍ കുറേ നടന്നിട്ടുണ്ട്. ഡ്രൈ ക്ലീനിങ്ങിനൊപ്പം ഷൂവും വൃത്തിയാക്കുന്ന അപൂര്‍വം കടകളുണ്ട്. പക്ഷേ നല്ല വിലയാകും. ഷൂവിനോടുള്ള താല്പര്യം കൊണ്ടാകാം സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയപ്പോള്‍ ഷൂ ലോണ്‍ഡ്രിയാണ് ആദ്യം മനസിലേക്കെത്തിയത്. ഇതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷം അടുത്ത സുഹൃത്തിനോട് പറഞ്ഞു. ആദ്യമായാണ് ഷൂ ലോണ്‍ഡ്രിയെക്കുറിച്ച് കേള്‍ക്കുന്നത്? ഇത് ക്ലിക്ക് ആകുമോ ? എങ്ങനെ ചെയ്യും? തുടങ്ങി പലവിധ ആശങ്കകളും അവര്‍ പങ്കുവെച്ചു. ഒടുവില്‍ എന്റെ ഇഷ്ടത്തിനൊപ്പം നിന്നു. ഇന്‍സ്റ്റാഗ്രാമിലെ ഒരു റീല്‍ ഇട്ടുകൊണ്ടാണ് സംരംഭം തുടങ്ങുന്നത്. അതാണ് ആളുകളിലേക്കെത്തിയത്. അപ്പോഴാണ് ഇത്രയും ഷൂ ലൗവേഴ്‌സുണ്ടെന്ന് മനസ്സിലാകുന്നത്. സമയം ഇല്ലാത്ത ആളുകള്‍ക്ക് ഷൂ ലോണ്‍ഡ്രി എന്ന ആശയം വളരെ ഉപകാരപ്പെടുമെന്ന് അപ്പോള്‍ മനസ്സിലായി.
കഷ്ടപ്പാടിന്റെ ഫലം
250 രൂപയ്ക്ക് സുഹൃത്തിന്റെ ഷൂ കഴുകിക്കൊണ്ടാണ് സംരംഭം തുടങ്ങുന്നത്. അവനും സത്യത്തില്‍ സംശയമായിരുന്നു. ഇങ്ങനെ ഷൂ കഴുകാനൊക്കെ ആരെങ്കിലും കൊണ്ടുവന്നുതരുമോ എന്ന്. അവന്‍ കളയാന്‍ വച്ചിരുന്ന ഷൂ എനിക്ക് തന്നിട്ട് നിന്റെ സംഗതി എന്താണെന്ന് അറിയട്ടെ എന്ന് പറഞ്ഞു. ഷൂ വൃത്തിയാക്കി തിരികെ കൊടുത്തപ്പോള്‍ അവന് ഒരുപാട് സന്തോഷമായി. ഷൂ ലോണ്‍ഡ്രി തുടങ്ങുമ്പോള്‍ അച്ഛനും അമ്മയും നന്നായി എതിര്‍ത്തു. മാത്രമല്ല അതിനായി ഒരു രീതിയിലും സഹായിച്ചതുമില്ല. ഷൂ വൃത്തിയാക്കുന്നത് ഒരു മോശം പ്രവര്‍ത്തിയായാണ് അവര്‍ കാണുന്നത്. ഞാന്‍ ഒറ്റയ്ക്ക് തന്നെയാണ് എല്ലാം ചെയ്തത്. ഒരു പക്ഷേ ഒറ്റയ്ക്കായതുകൊണ്ടാകാം എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത് എന്ന് തോന്നാറുണ്ട്. ഇതിനിടയില്‍ പലപ്പോഴും ഉറക്കം പോലും ഇല്ലാതെ പണിയെടുത്തു. ഒരിക്കല്‍ രാത്രി തുടങ്ങിയ ഷൂ കഴുകല്‍ വെളുപ്പാന്‍കാലം വരെ നീണ്ടുപോയി. ആ ദിവസങ്ങളില്‍ നന്നായി കഷ്ടപ്പെട്ടു.
ഇന്‍സ്റ്റഗ്രാമിലെ വീഡിയോ ഏഴ് ലക്ഷം പേരോളം കണ്ടു. ഒരു ലക്ഷം പേര്‍ വിളിച്ചു. സംഗതി വൈറലായി. 2023 മെയ് മാസത്തിലാണ് ഇന്‍സ്റ്റഗ്രാം വഴി സംരംഭം തുടങ്ങുന്നത്. ഷോപ്പ് എടുക്കാനുള്ള പൈസയില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ ആരംഭിച്ചു. അങ്ങനെ തുടക്കത്തില്‍ ഒരു ദിവസം മുപ്പതിനുപുറത്ത് ഷൂസ് കിട്ടുമായിരുന്നു, സഹായത്തിന് മൂന്ന് പേരും. അതിനായി വിവിധ സ്ഥലങ്ങളില്‍ കളക്ഷന്‍ പോയിന്റുകള്‍ സ്ഥാപിച്ചു. കൊച്ചി, കലൂര്‍, പാലാരിവട്ടം... ആളുകള്‍ കളക്ഷന്‍ പോയിന്റുകളില്‍ ഷൂ കൊണ്ടുവന്ന് നല്‍കും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ചെന്ന് അത് ശേഖരിച്ച് വൃത്തിയാക്കി രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരികെ നല്‍കും. ആദ്യം 200 രൂപയായിരുന്നു വാങ്ങിയിരുന്നത്. പിന്നീട് നിരക്ക് 250 രൂപയായി ഉയര്‍ത്തി. ഇപ്പോള്‍ 250 മുതല്‍ മുകളിലേക്ക് വ്യത്യസ്ത നിരക്കുകളില്‍ ആളുകളുടെ ആവശ്യാനുസരണം പൈസ ഈടാക്കാറുണ്ട്. ഫോം വാഷ്. ഡീപ്പ് ക്ലിനിങ് തുടങ്ങിയവയാണ് സേവനങ്ങള്‍.തുടക്കത്തില്‍ ഓണ്‍ലൈന്‍ മാത്രമായിരുന്നെങ്കിലും ഇപ്പോള്‍ പാടിവട്ടത്ത് ഹിദ ദ ഷൂ ഷൈനി എന്ന ഷോപ്പായി അത് വളര്‍ന്നു.
ഹിദയ്ക്കുപിന്നിലെ കഥ
'ഹിദ ദ ഷൂ ഷൈനി' എന്നാണ് സംരംഭത്തിന്റെ പേര്. 'ഹിദ' എന്ന പേര് എന്റെ സുഹൃത്ത് നിര്‍ദേശിച്ചതാണ്. 'ഹിദ' എന്ന അറബി വാക്കിന്റെ അര്‍ഥം ഫൂട്‌വെയര്‍ എന്നാണ്. മലയാളത്തില്‍ ദൈവത്തിന്റെ സമ്മാനം എന്നും അര്‍ഥം വരും. ഇപ്പോള്‍ മാസത്തില്‍ 450 കസ്റ്റമേഴ്‌സ് ഷോപ്പില്‍ വരുന്നുണ്ട്. അടുത്തുള്ള കസ്റ്റമേഴ്‌സില്‍ നിന്നും ഷൂസുകള്‍ പോയി വാങ്ങാറുണ്ട്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ സ്ഥിരം കസ്റ്റമേഴ്‌സ് ഒരുപാടുണ്ട്. പ്രതിമാസം 1.20 ലക്ഷം വരെ വരുമാനം ലഭിക്കുന്നുണ്ട്. ഒറ്റയ്ക്കുള്ള ഈ യാത്രയില്‍ എന്റെ വാക്കു വിശ്വസിച്ച് എന്നെ ചേര്‍ത്തുപിടിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളാണ്. അതിന്റെ ഭാഗമായുണ്ടായ വിജയമാണ് ഹിദയുടേത്. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും സോഷ്യല്‍മീഡിയ വഴി പരമാവധി ആളുകളിലേക്കെത്തിയതുകൊണ്ടും ടീം ഒരുമിച്ച് നിന്നതും കൊണ്ടാണ് സംരംഭം ഇത്രയും വിജയമായത്.

തേടിവന്ന സന്തോഷം
തുടക്കത്തില്‍ ഷൂസ് കഴുകലും കണ്ടന്റ് ക്രീയേഷനും എഡിറ്റിങ്ങും എല്ലാം ഞാന്‍ തന്നെയായിരുന്നു. ഇന്‍സ്റ്റാഗ്രാം വീഡിയോസില്‍ വോയിസ് ഓവര്‍ ചെയ്യുന്നതും ഞാന്‍ തന്നെ. വോയിസ് ഓവറിലെ ശബ്ദം കേട്ട് പുതിയൊരു ശബ്ദം അന്വേഷിച്ചുകൊണ്ടിരുന്ന സിനിമാപ്രവര്‍ത്തകര്‍ക്ക് എന്റെ ശബ്ദം ഇഷ്ടമായി. അങ്ങനെ ഓഫ് റോഡ്, ആന്റപ്പന്റെ അദ്ഭൂതപ്രവര്‍ത്തികള്‍ എന്നീ രണ്ട് സിനിമയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി വിളിച്ചു. സത്യത്തില്‍ സംരംഭം തുടങ്ങിയശേഷം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ മാത്രമേ സംഭവിച്ചിട്ടുള്ളൂ. 2023 എന്റെ ജീവിതത്തിലെ ഏറ്റവും നല്ല വര്‍ഷമായിരുന്നു. കേരളത്തില്‍ എല്ലായിടത്തേക്കും ഹിദയുടെ സര്‍വീസ് വ്യാപിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണ പറഞ്ഞു.
'നമുക്ക് ഒരു സ്വപ്‌നമുണ്ടെങ്കില്‍, കൂടെ ആരെങ്കിലും നില്‍ക്കുമെങ്കില്‍, തീര്‍ച്ചയായും ആത്മവിശ്വാസത്തോടുകൂടി നമ്മള്‍ ആ സ്വപ്‌നത്തിന് പുറകെ സഞ്ചരിക്കണം. നൂറ് ശതമാനം ആത്മാര്‍ഥമായി അതിന് പിറകെ പോയാല്‍ വിജയം നമുക്കൊപ്പമായിരിക്കും'
Content Highlights: life story krishna the entrepreneur
Published: 08 Mar 2024, 09:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented