നാടും നഗരവും പുലിത്താളത്തിൽ തുള്ളുന്ന കാഴ്ച കാണണമെങ്കിൽ നാലാം ഓണത്തിന് തൃശ്ശൂരിലേക്ക് പോകണം. മനുഷ്യർ പുലികളായി മാറുന്ന അപൂർവ ആഘോഷം... അരമണി കിലുക്കി, മേലാസകലം പുള്ളിയും വരയും നിറച്ച്, മുഖംമൂടിയണിഞ്ഞ പുലികൾ നിരത്തിലങ്ങനെ ആടിത്തിമിർക്കും.

To advertise here,

വയറിലാണ് പുലിമുഖം വിരിയുക, വലിയ വയറുള്ളവർക്ക് ഡിമാൻഡ് കൂടുതലാണ്. അവരാണ് കളിയിലെ സൂപ്പർസ്റ്റാറുകൾ. ഓണക്കാലത്ത് തൃശ്ശൂരിന്റെ പല ഭാഗത്തും പുലിക്കളികൾ അരങ്ങേറുമെങ്കിലും പ്രധാനം തേക്കിൻകാടിന് ചുറ്റും ചുവടുവെക്കുന്ന കളിതന്നെ.

തിരുവോണം കഴിഞ്ഞാൽ പുലിയൊരുക്കത്തിനുള്ള തിരക്ക് തുടങ്ങുകയായി. നിറങ്ങളിലും വരകളിലും പുത്തൻപരീക്ഷണങ്ങൾ ഒളിപ്പിച്ചുവെച്ചാണ് ഓരോ വർഷവും പുലിമടകൾ തുറക്കുന്നത്. ചെണ്ടയുടെ വന്യതാളത്തിൽ കുംഭ കുലുക്കിയെത്തുന്ന പുലിക്കൂട്ടങ്ങളിൽ നാലുവയസ്സുകാരൻമുതൽ അറുപതുവർഷത്തിലേറെയായി പുലിവേഷമണിയുന്നവർവരെയുണ്ടാകും.

നടുവിലാലിലെ ഗണപതിക്ക് തേങ്ങയുടച്ചാണ് ദേശക്കൂട്ടങ്ങളിൽനിന്നെത്തുന്ന പുലിക്കളിസംഘങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുക. മഞ്ഞ, ചുവപ്പ്, കറുപ്പ്, വെളുപ്പ് തുടങ്ങിയ നിറങ്ങളാണ് പൊതുവേ വരകളിൽ തെളിഞ്ഞുകാണുക. വരയൻപുലി, കരിമ്പുലി, പുള്ളിപ്പുലി... തുടങ്ങി കാഴ്ചയിൽ വ്യത്യസ്തരാണ് പുലികളെങ്കിലും ഇവരുടെ ചുവടും താളവും ഏറെക്കുറെ ഒന്നുതന്നെ.

ശരീരമാണ് ചിത്രമെഴുത്തിന്റെ കാൻവാസ്. വൈകീട്ടാണ് പുലിക്കൂട്ടങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുകയെങ്കിലും പുലർച്ചെമുതൽതന്നെ വര തുടങ്ങും. നഗരത്തിന് ചുറ്റുമുള്ള വിവിധപ്രദേശങ്ങൾ ഇതിനായി ദിവസങ്ങൾക്കുമുൻപേതന്നെ ഒരുങ്ങിയിരിക്കും, മഴ നനയാതിരിക്കാൻപാകത്തിൽ കെട്ടിയ വലിയ കൂടാരങ്ങളോ മുൻകൂട്ടി പറഞ്ഞുറപ്പിച്ച ഷെഡ്ഡുകളോ ആണ് പുലിമടകളായി മാറുന്നത്. ദേഹത്തെ രോമം മുഴുവൻ വടിച്ചുകളഞ്ഞ് മണിക്കൂറുകളോളം പെയിന്റിങ്ങിനായി നിന്നുകൊടുക്കണം. വര പൂർത്തിയാകുന്നമുറയ്ക്ക് കൈകാലുകൾ നിശ്ചിത അകലത്തിൽ വിട്ടുപിടിക്കണം. ശൗര്യം കൂടിയ പുലിയും കടുവയും സിംഹവുമെല്ലാമാണ് പൊതുവേ വിരിഞ്ഞ കുംഭകളിൽ തെളിയുക.

കളർപ്പൊടിയും വാർണീഷും ചേർത്തതാണ് പുലിച്ചായങ്ങൾ, കട്ടകളായി വരുന്ന കളർക്കട്ട ഇടിച്ചുപൊടിച്ചാണ് കാലങ്ങളായി ഇവ ഉപയോഗിക്കുന്നത്.

അരകല്ലിൽനിന്നാണ് പുലിവർണങ്ങൾ വിരിയുന്നത്. ''അരയ്ക്കുമ്പോൾ ചെറുതരികൾപോലും പൊടിയണം. അതാണ് പുലിച്ചായത്തിന്റെ പാകം, അരിച്ചെടുത്താണ് പിന്നീടിവ ഉപയോഗിക്കാറ്'' പത്തുവർഷത്തോളമായി പുലിക്കൊപ്പം നടക്കുന്ന തൃശ്ശൂർ ഗഡി സൗമേഷിന്റെ സാക്ഷ്യം. ഇന്ന് പുലിവരകൾക്കായി സ്‌പ്രേ പെയിന്റുകളും വിപണിയിൽ ലഭ്യമാണ്.

കൈകളിൽ വരച്ചുതുടങ്ങുമ്പോൾ രണ്ട് വടികളിൽ പിടിച്ച് കൈ അകറ്റിവെക്കണം. നിറങ്ങൾ ഇടകലർന്ന് പരന്നുപോകാതെ സൂക്ഷിക്കുകയെന്നത് ശ്രദ്ധയേറെ വേണ്ട ജോലിതന്നെ. പാതി വരച്ചുതീർത്ത പുലിമുഖങ്ങളുമായി പുലിമടയിലുള്ളവർ ഭക്ഷണം കഴിക്കുന്നതും കാറ്റുകൊള്ളുന്നതുമെല്ലാം കാണേണ്ട കാഴ്ചതന്നെയാണ്, നഗരത്തിനു പുറത്തുള്ള പുലിക്കളിസംഘങ്ങൾ വരപൂർത്തിയാക്കിയ പുലികളെ ലോറിയിൽ കയറ്റിയാണ് റൗണ്ടിലേക്കെത്തിക്കുക. അവരെ അനുഗമിച്ചുകൊണ്ട് ആർപ്പുവിളികളോടെ വീടടച്ച് നാടൊഴുകിയെത്തും. പുലിയൊരുക്കവും കളിയും കാണാൻ ചാലക്കുടിപ്പുഴയും ഭാരതപ്പുഴയും താണ്ടി ഇന്നും ദേശക്കാർ എത്തുന്നു.

തൃപുടയാണ് പുലിക്കളിയുടെ താളം. മുഷ്ടി ചുരുട്ടി ഇടതുകൈ മുന്നോട്ടുപൊക്കുമ്പോൾ വലതുകാൽ മുന്നോട്ടുനീങ്ങും വലതുകൈയ്യുടെ ചലനത്തിനൊപ്പം ഇടതുകാലാണ് ഇളകുക. ഇതാണ് പുലിക്കളിയുടെ പൊതുവായ ചുവട്.

കളികാണാനെത്തുന്നവരിൽ വലിയൊരു വിഭാഗം സൂക്ഷ്മനോട്ടംകൊണ്ട് ഓരോ പുലിയെയും ഓരോ വിഭാഗത്തിലേക്ക് തളച്ചിടും. ചാവാലിപ്പുലി, മടിയൻപുലി, ഫിറ്റ് പുലി, കുട്ടിപ്പുലി...അങ്ങനെ വിഭാഗങ്ങളേറെയുണ്ട് കൂട്ടത്തിൽ.

മെല്ലിച്ച ശരീരത്തോടെ എത്തുന്നവരാണ് ചാവാലിപ്പുലികൾ. പക്ഷേ, കളിയിലിവർ മറ്റ് പുലികളുടെ മീതെ നിൽക്കും. ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ചുവടുകളാണ് ഇവന്മാർ പുറത്തെടുക്കുക. മെല്ലിച്ചുപോയ ശരീരത്തിന്റെ ക്ഷീണം മറയ്ക്കുന്ന തലകുത്തിപ്രകടനമാണ് ഇവരുടെ പ്രധാനനമ്പർ. കളി കാണാനെത്തുന്ന കുട്ടികളെ പിന്നീടൊരുപാട് ദിവസം സ്വപ്‌നത്തിൽ വന്ന് പേടിപ്പിക്കുന്ന പുലികളാണ് കരിമ്പുലികൾ. പുലിക്കളിയിലെ മറ്റൊരു പ്രധാന ആകർഷണമാണ് കുട്ടിപ്പുലികൾ. കാഴ്ചക്കാരുടെ കണ്ണിലുണ്ണിയായ ഇവരുടെ മേൽ കുറച്ച് വരകളും പുള്ളികളും മാത്രമാണ് ഉണ്ടാകുക. ക്ഷീണം തോന്നുമ്പോഴെല്ലാം ലോറിയിൽ കയറി വിശ്രമിക്കാൻ സ്വാതന്ത്ര്യമുള്ള പുലികളാണ് കുട്ടിപ്പുലികൾ.

ദേഹമിളകാതെ നടക്കുകയും കാഴ്ചക്കാർ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയാൽ മാത്രം ചെറിയ ചില കൈയിളക്കങ്ങൾ നടത്തുകയും ചെയ്യുന്ന പുലികളാണ് മടിയൻപുലികൾ. നിറങ്ങളിൽ വ്യത്യസ്തത കൊണ്ടുവരുന്നതിന്റെ ഭാഗമായി സന്ധ്യാവെളിച്ചത്തിൽ തിളങ്ങുന്ന ഫ്‌ളൂറസെന്റ് പുലിയും സ്ത്രീകളുടെ കൂട്ടായ്മയിൽ പുറത്തിറങ്ങുന്ന പെൺപുലികളും കഴിഞ്ഞ ചില വർഷങ്ങളായുണ്ട്.

ലക്ഷങ്ങളാണ് ഓരോ നാട്ടുകൂട്ടവും പുലിക്കളിക്കായി പൊടിക്കുന്നത്. ഏഴായിരംമുതൽ പതിനയ്യായിരംവരെ നൽകിയാണ് വലിയ വയറുകൾ പലപ്പോഴും ഉറപ്പിക്കുന്നത്. അമ്പത് പുലികളാണ് ഓരോ സംഘത്തിനൊപ്പവും അകമ്പടിയായുണ്ടാകുക. പുലിക്കൂട്ടത്തിന് പുറകിലായി ഫ്ളോട്ടുകളും മത്സരസ്ഥലങ്ങളിലേക്ക് ഒഴുകിനീങ്ങും. വരക്കാരുടെ കൂലി, നിറങ്ങളുടെ ചെലവ്, നിശ്ചലദൃശ്യങ്ങൾ, ഭക്ഷണം, മദ്യം അങ്ങനെ ചെലവുകൾ ഏറെയുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi