വിവിധതരം കറികൾ ചേർത്തുകഴിച്ച ഉഗ്രൻ സദ്യയ്ക്കൊടുവിൽ മധുരമൂറുന്ന ഒരു പായസം കൂടി കഴിച്ചില്ലെങ്കിൽ ആ സദ്യ പൂർണമാവില്ല നമ്മൾ മലയാളികൾക്ക്. ഈ ഓണക്കാലത്ത് സദ്യയ്ക്കൊപ്പം പരീക്ഷിക്കാൻ വിവിധതരം പായസങ്ങളുടെ റെസിപ്പികൾ ഇതാ.

To advertise here,

അവല്‍ പായസം
അവല്‍- 250 ഗ്രാം
പാല്‍- ഒന്നര ലിറ്റര്‍
പഞ്ചസാര- മുക്കാല്‍ കിലോ
ഏലക്കാപ്പൊടി- രണ്ട് ടീസ്പൂണ്‍
നെയ്യ്- 100 ഗ്രാം
കിസ്മിസ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
രണ്ട് സ്പൂണ്‍ നെയ്യ് ചൂടാക്കി അവല്‍ മൂന്ന് മിനിട്ട് വറുത്തെടുക്കുക. ഇതിലേക്ക് പാലും കാല്‍ ലിറ്റര്‍ വെള്ളവുമൊഴിച്ച് നന്നായി ഇളക്കുക. പാല്‍ വറ്റിത്തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്ത് തുടര്‍ച്ചയായി ഇളക്കി അഞ്ച് മിനുട്ടിനുശേഷം ഇറക്കിവയ്ക്കാം. കിസ്മിസ് നെയ്യില്‍ വറുത്തെടുത്ത് പായസത്തിനുമുകളില്‍ വിതറാം. അവല്‍ പായസം തയ്യാര്‍.

കാരറ്റ് പായസം
പാല്‍- ഒരു ലിറ്റര്‍
മില്‍ക്ക് മെയ്ഡ്- ഒന്ന്
കശുവണ്ടി- 100 ഗ്രാം
ഇടത്തരം കാരറ്റ്- രണ്ടെണ്ണം
നെയ്യ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
പാന്‍ അടുപ്പത്ത് വെച്ച് നെയ്യ് ചൂടാക്കുക. കശുവണ്ടി ഇളം ബ്രൗണ്‍ നിറം ആകുന്നതുവരെ വറുത്തെടുക്കുക. ഇത് പൊടിച്ചെടുത്ത് മാറ്റി വെക്കുക. ബാക്കി വന്ന നെയ്യിലേക്ക് ഗ്രേറ്റ് ചെയ്തെടുത്ത കാരറ്റ് അഞ്ചു മിനുട്ടോളം വഴറ്റുക. മയം വരുമ്പോള്‍ പാല്‍ ഒഴിക്കുക. അടിയില്‍ പിടിക്കാതെ ഇളക്കിക്കൊടുത്ത് 10-15 മിനിറ്റ് വേവിക്കുക. കുറുകുമ്പോള്‍ മില്‍ക്ക് മെയ്ഡ് ഒഴിക്കണം. പഞ്ചസാര ചേര്‍ക്കണ്ട. ശേഷം പൊടിച്ചു വെച്ച കശുവണ്ടി ചേര്‍ത്ത് കട്ട പിടിക്കാതെ ഇളക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങി വെക്കുക. (കശുവണ്ടി പൊടിച്ചു ചേര്‍ക്കുന്നതു കൊണ്ട് പായസം പെട്ടെന്നു കുറുകും)

നേന്ത്രപ്പഴം പ്രഥമന്‍
നേന്ത്രപ്പഴം- അരക്കിലോ
ശര്‍ക്കര- അരക്കിലോ
നെയ്യ്- ആവശ്യത്തിന്
തേങ്ങ- വലുത് രണ്ട്
അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത്- ആവശ്യത്തിന്
ഏലക്ക- മൂന്നെണ്ണം

തയ്യാറാക്കുന്ന വിധം:
അരക്കിലോ നേന്ത്രപ്പഴം പുഴുങ്ങുക. ശേഷം പുറമെയുള്ള നാരുകളും അകത്തുള്ള കറുത്ത കുരുക്കളും കളഞ്ഞ് മാറ്റുക. അരക്കിലോയില്‍ ഇടത്തരം മൂന്ന് ഏത്തക്കായ ഉണ്ടെങ്കില്‍ അതില്‍ ഒന്നു മാറ്റി വെച്ച് ബാക്കി നന്നായി ഉടച്ചെടുക്കുക. ബാക്കിയുള്ള ഒന്ന് നെടുകെ മുറിച്ച് ത്രികോണാകൃതിയില്‍ അരിഞ്ഞു വെക്കുക. ഉരുളിയില്‍ നെയ്യൊഴിച്ച് അരിഞ്ഞു വെച്ച കഷണങ്ങള്‍ നേര്‍ത്ത തവിട്ടു നിറമാകും വരെ വഴറ്റുക.

ബാക്കി വന്ന നെയ്യിലേക്ക് ഉടച്ചു വെച്ച നേന്ത്രപ്പഴം ഇട്ട് വഴറ്റി അതിലേക്ക് രണ്ടു തേങ്ങ പിഴിഞ്ഞ് പാലെടുത്തതില്‍ രണ്ടാം പാല്‍ ചേര്‍ത്ത് ചെറുതീയില്‍ കുറുക്കിയെടുക്കുക. പാലും പഴവും മിക്സ് ആവണം. ശേഷം ശര്‍ക്കര ഉരുക്കിയത് ഒഴിക്കുക. നന്നായി ഇളക്കി തിളച്ചു ചെറുതായി കുറുകുമ്പോള്‍ ഒന്നാം പാല്‍ (രണ്ടു കപ്പ്) ഒഴിച്ച് അടുപ്പത്തു നിന്നിറക്കി വെച്ച് ഇളക്കണം. ഇതിലേക്ക് നേരത്തെ വഴറ്റി വെച്ച പഴംനുറുക്കിയത് ചേര്‍ക്കാം. വേറൊരു പാനില്‍ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ്, കിസ്മിസ്, തേങ്ങാക്കൊത്ത് എന്നിവ ചേര്‍ക്കാം. ഏലയ്ക്കാപൊടിച്ചത് ചേര്‍ത്തിളക്കി ഒരു ടീസ്പൂണ്‍ നെയ്യ് ചേര്‍ത്ത് ഇളക്കി മൂടുക.

പനനൊങ്ക് പ്രഥമന്‍
പനനൊങ്ക്- 1 കപ്പ്
ശര്‍ക്കരപ്പാനി- 1 കപ്പ്
തേങ്ങാപ്പാല്‍- 1 കപ്പ്
ഏലക്കാപ്പൊടി- അര ടീസ്പൂണ്‍
നെയ്യ്- 2 ടേബിള്‍സ്പൂണ്‍
കശുവണ്ടി- 20 ഗ്രാം
ഉണക്കമുന്തിരി- 20 ഗ്രാം

തയ്യാറാക്കുന്ന വിധം:
നൊങ്ക് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചത് ഒരു പാനില്‍ നെയ്യ് ചേര്‍ത്ത് ഇടത്തരം തീയില്‍ വഴറ്റുക. കഷണങ്ങള്‍ മൃദുവായാല്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് നന്നായി ഇളക്കി കട്ടിയാകുന്നത് വരെ വേവിക്കുക. ശേഷം തേങ്ങാപ്പാലും ഏലക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പ്രഥമന്‍ അല്‍പ്പം കട്ടിയാകുന്നതുവരെ കുറച്ച് മിനിറ്റ് കൂടി വേവിക്കുക. ഒരു ചെറിയ പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്കമുന്തിരിയും സ്വര്‍ണ്ണനിറം വരുന്നതുവരെ വറുത്തെടുത്ത് പ്രഥമനില്‍ ചേര്‍ക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi