ആഞ്ചലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും വളർത്തുമകൾ സഹാറാ ജോളി-പിറ്റ് എപ്പോഴും ഒതുങ്ങിയ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. ടാബ്ലോയ്ഡുകൾക്ക് അധികം മുഖം കൊടുക്കാതെ വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും തന്റേതായ പാത കണ്ടെത്തുന്നതിലാണ് സഹാറയുടെ ശ്രദ്ധ. അതേസമയം ലോകമറിയുന്ന താരദമ്പതിമാരുടെ മകളെന്ന നിലയിൽ അവരുടെ നീക്കങ്ങൾ എപ്പോഴും ആളുകൾ ശ്രദ്ധിച്ചുകൊണ്ടേയിരിക്കും. കഴിഞ്ഞദിവസം സഹാറ ഇടതുകൈയ്യിൽ ഡയമണ്ട് മോതിരമണിഞ്ഞെത്തിയത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

To advertise here,

കഴിഞ്ഞദിവസം നടൻ എലിജാ കൂപ്പറിനൊപ്പം ഒരു റെസ്റ്റോറന്റിലെത്തിയതായിരുന്നു സഹാറ. അതിന്റെ വീഡിയോ വൈറലായതോടെ സഹാറയുടെ മോതിരത്തിൽ ആളുകളുടെ ശ്രദ്ധപതിഞ്ഞു. സഹാറയുടെ വിവാഹനിശ്ചയം കഴിഞ്ഞോ എന്ന അഭ്യൂഹവും പിന്നാലെ വന്നു. 20-കാരിയായ സഹാറ നിലവിൽ കോളേജ് വിദ്യാർഥിനിയാണ്. ഒരു ബേസ്ബോൾ തൊപ്പി, തവിട്ടുനിറമുള്ള ലെതർ പേഴ്സ്, ഏതാനും ആഭരണങ്ങൾ എന്നിവയായിരുന്നു സഹാറയുടെ വേഷം. കൂപ്പർ ഓടിച്ച കാറിലാണ് ഇരുവരും വന്നിറങ്ങിയത്. അതേസമയം സഹാറയോ ആഞ്ജലീന ജോളിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ആരാണ് എലിജാ കൂപ്പർ?

ലോസ് ആഞ്ജലിസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നടനും അറ്റ്ലാന്റയിലെ മോർഹൗസ് കോളേജ് വിദ്യാർഥിയുമാണ് എലിജാ കൂപ്പർ. ടിൻ്റ്സ് എന്ന് പേരുള്ള ഒരു സ്ട്രീറ്റ്‌വെയർ കമ്പനിയുടെ സഹസ്ഥാപകൻ കൂടിയാണെന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ പറയുന്നു. കൂപ്പർ സഹാറയുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ടെന്നും ആരാധകർ കണ്ടെത്തി.

അധികം മാധ്യമങ്ങൾക്ക് ചർച്ചയ്ക്ക് വകകൊടുക്കാത്ത വ്യക്തിയാണ് സഹാറ. അതേസമയം, ബ്രാഡ് പിറ്റ്-ആഞ്ചലീന വിഷയത്തിൽ അമ്മയ്ക്കൊപ്പം ഉറച്ച നിലപാടെടുത്തതിന്റെ പേരിൽ ശ്രദ്ധപിടിച്ചുപറ്റി.

2023-ൽ, ആഫ്രിക്കൻ അമേരിക്കൻ വനിതാ കൂട്ടായ്മയായ ആൽഫ കപ്പാ ആൽഫ സോറോറിറ്റിയിൽ ചേർന്നപ്പോൾ തന്റെ പേരിൽ നിന്ന് അച്ഛന്‌‍‍റെ പേരിന്റെ പിറ്റ് എന്ന ഭാഗം സഹാറ ഒഴിവാക്കി. പലപ്പോഴും ആഞ്ചലീന ജോളിയോടൊപ്പം പൊതുപരിപാടികളിൽ സഹാറയെത്താറുണ്ട്.

വിവാഹനിശ്ചയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ മോതിരം വെറുമൊരു ഫാഷൻ സ്റ്റേറ്റ്മെൻ്റാണെന്ന് കരുതുന്നവരുമുണ്ട്.

നാട് എത്യോപ്യ

2005-ൽ എത്യോപ്യയിലാണ് സഹാറയുടെ ജനനം. അവൾക്ക് ഏഴു മാസം പ്രായമുള്ളപ്പോഴാണ് ആഞ്ചലീന ജോളി ദത്തെടുക്കുന്നത്. പിന്നീട് ബ്രാഡ് പിറ്റും ദത്തെടുത്തു. അക്കാദമിക് നേട്ടങ്ങളാലും സാംസ്കാരികപരമായ ഇടപെടലുകളാലും സ്വന്തം പാതയിലാണ്. 2017-ൽ സഹാറ കുടുംബത്തോടൊപ്പം എത്യോപ്യയിൽ സന്ദർശനം നടത്തിയിരുന്നു.