മുൻ ക്രിക്കറ്റ് താരവും നടനുമായ യോഗ്‌രാജ് സിങ്, തന്റെ മകൻ യുവ്‌രാജ് സിങ്ങിനെക്കുറിച്ചും, മരുമകൾ ഹേസൽ കീച്ച്നെക്കുറിച്ചും പലപ്പോഴായി ചില പരാമർശങ്ങൾ നടത്തിയിരുന്നു. അത്തരമൊരു സംഭാഷണം ഇപ്പോൾ ഓൺലൈനിൽ വീണ്ടും പ്രചരിക്കുകയാണ്.

ഒരഭിമുഖത്തിൽ, യുവരാജും ഹേസലുമായുള്ള വിവാഹത്തെക്കുറിച്ച് യോഗ്‌രാജ് സംസാരിക്കുകയും, സ്വന്തം സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കാൻ മകനെ പ്രോത്സാഹിപ്പിച്ചിരുന്നതായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

"യുവിക്ക് 20-കളിൽ തന്നെ വിവാഹം നടത്തിക്കൊടുക്കാൻ ആളുകൾ എന്നോട് ആവശ്യപ്പെട്ടിരുന്നു. അവന് 38 വയസ്സായപ്പോൾ, 'ഇനി നിനക്ക് ഇതേക്കുറിച്ച് ചിന്തിക്കാം' എന്ന് ഞാൻ പറഞ്ഞു. 'നിനക്കായി പങ്കാളിയെ തിരഞ്ഞെടുക്കാൻ എനിക്ക് കഴിയില്ല. ഇത് നിന്റെ ജീവിതമാണ്, അതിനാൽ നിന്റെ പങ്കാളിയെ നീ തന്നെ കണ്ടെത്തുക.' എന്നാൽ 'ബ്രീഡ്' (വംശം) മാറ്റാൻ ഞാൻ അവനോട് അഭ്യർത്ഥിച്ചിരുന്നു. ഇത് കേൾക്കുന്ന ആളുകൾ എതിർത്തേക്കാം, എന്നാൽ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു ഐറിഷ് അല്ലെങ്കിൽ ഇംഗ്ലീഷ് പെൺകുട്ടി വരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു,"  കൃഷ്ണങ്ക് അത്രേയുമൊത്തുള്ള സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

"അങ്ങനെയാണ് ഹേസൽ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. അവർക്ക് മനോഹരമായ കുട്ടികളുമുണ്ട്. അവർ എന്നെ ഒരു സുഹൃത്തിനെപ്പോലെയാണ് കാണുന്നത്. ഞാൻ ഹേസലിനെ മരുമകൾ എന്ന് വിളിക്കാറില്ല, എന്റെ മകളാണ്."

യുവരാജ് സിങും ഹേസൽ കീച്ചും 2016-ലാണ് വിവാഹിതരായത്. അവർക്ക് രണ്ട് കുട്ടികളുണ്ട്. 2022-ൽ ജനിച്ച മകൻ ഓറിയോണും, 2023-ൽ ജനിച്ച മകൾ ഓറയും.

യുവരാജുമായുള്ള ബന്ധത്തെക്കുറിച്ച്
കഴിഞ്ഞ വർഷം SMTV-ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ, യോഗ്‌രാജ് തന്റെ മകനുമായും പേരക്കുട്ടികളുമായുള്ള ബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു. തങ്ങളുടെ സമയക്രമങ്ങൾ ഒത്തുപോകാത്തതിനാൽ പേരക്കുട്ടിയായ ഓറിയോൺ ജനിച്ച് രണ്ട് വർഷത്തിലേറെ കഴിഞ്ഞാണ് താൻ അവനെ കണ്ടതെന്ന് അദ്ദേഹം പങ്കുവെച്ചു. തന്റെ കർക്കശമായ parenting രീതി ആയിരിക്കാം താനും യുവരാജിന്റെ കുടുംബവും തമ്മിലുള്ള അകൽച്ചയ്ക്ക് ഒരു കാരണമെന്ന് യോഗ്‌രാജ് പറഞ്ഞിരുന്നു.

കുടുംബവുമായി അകൽച്ച
കുടുംബവുമായി അകൽച്ചയിലാണെങ്കിലും തന്റെ മുഴുവൻ കുടുംബവും ഒന്നിച്ചുണ്ടാകണമെന്ന് താൻ ഇപ്പോഴും സ്വപ്നം കാണുന്നുണ്ടെന്ന് യോഗ്‌രാജ് പറഞ്ഞിരുന്നു. "എന്റെ മുഴുവൻ കുടുംബവും എന്നോടൊപ്പം ഉണ്ടായിരിക്കുക എന്നത് എന്റെ ഒരു സ്വപ്നമാണ്; രണ്ട് ഭാര്യമാർ, നാല് മക്കൾ, എന്റെ പേരക്കുട്ടികൾ... എല്ലാവരും ഒന്നിച്ച്.. ഈ ആഗ്രഹം കുടുംബാംഗങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട്, പക്ഷേ അവർ എന്നോട് സംസാരിക്കാറില്ല. അവർ എന്നിൽ നിന്ന് അകലം പാലിക്കുന്നു," ഹൈബ്രോ സ്റ്റുഡിയോസുമായുള്ള (Highbrow Studios) മറ്റൊരു സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു.

യോഗ്‌രാജ് സിങ്ങിന്റെ ആദ്യ വിവാഹത്തിലെ മകനാണ് യുവരാജ് സിങ്. വിവാഹമോചനത്തിന് ശേഷം യോഗ്‌രാജ് സത്ബീർ കൗറിനെ വിവാഹം കഴിച്ചു, ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

തന്റെ പിതാവിന്റെ കീഴിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന കർക്കശമായ പാരന്റിങ്‌ ശൈലിയെക്കുറിച്ച് യുവരാജ് തന്നെ മുൻപ് സംസാരിച്ചിട്ടുണ്ട്. രൺവീർ അല്ലാബാദിയയുടെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ താരം പറഞ്ഞത് തന്റെ മകൻ അതേ സമ്മർദ്ദത്തിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ്.

"അദ്ദേഹം എനിക്ക് എപ്പോഴും ഒരു കോച്ച് മാത്രമായിരുന്നു, ഒരിക്കലും ഒരു അച്ഛനായിരുന്നില്ല. എന്റെ മകന്റെ കാര്യത്തിൽ അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്ക് അവന് ഒരു നല്ല അച്ഛനാകണം," യുവരാജ് പറഞ്ഞിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi