മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവ്‌രാജ് സിങ്ങും അദ്ദേഹത്തിന്റെ പിതാവും മുൻക്രിക്കറ്ററുമായ യോഗ്‌രാജ് സിങ്ങും തമ്മിലുള്ള ബന്ധം പലപ്പോഴും ചർച്ചയാവാറുണ്ട്. യോഗ്‌രാജിന് ആദ്യഭാര്യയായ ഷബ്‌നം കൗറിലുണ്ടായ മകനാണ് യുവ്‌രാജ്. എന്നാൽ പിന്നീട് യോഗ്‌രാജും ഷബ്‌നവും വിവാഹമോചിതരായി. അതിനുശേഷവും അമ്മയോടൊപ്പം തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു യുവി.

ഇപ്പോൾ അച്ഛനെക്കുറിച്ച് യുവി പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്. ''അമ്മ ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടാണ് ഞാൻ വളർന്നത്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല. പക്ഷേ, അമ്മ അവരുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. എനിക്ക് ആദ്യമായൊരു ചെക്ക് കിട്ടിയപ്പോൾ അമ്മയെ ഓർത്താണ് ഞാൻ സന്തോഷിച്ചത്. ഇത്രയും കാലം എന്നെ സംരക്ഷിച്ച അമ്മയ്ക്കായൊരു സമ്മാനമെന്ന രീതിയിലാണ് ഞാനതിനെ കണ്ടത്'', സാനിയ മിർസയുടെ 'സെർവിങ് ഇറ്റ് അപ്പ് വിത്ത് സാനിയ' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു യുവി.

ചെറുപ്പകാലത്ത് പിതാവാണ് തന്നെ പരിശീലിപ്പിച്ചതെന്നും അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ കാലമെന്നും അദ്ദേഹം ഓർക്കുന്നു. ''എന്നെ പരിശീലിപ്പിക്കാൻ തുടങ്ങിയതോടെ, അദ്ദേഹം എന്റെ അച്ഛനല്ലാതായി മാറി. വെറുമൊരു പരിശീലകൻ മാത്രമായിരുന്നു അന്നൊക്കെ അദ്ദേഹം. ഒരുപാട് സങ്കടം തോന്നിയിരുന്നു അന്നൊക്കെ. അച്ഛൻ അദ്ദേഹത്തിനറിയുന്ന കാര്യം എനിക്ക് പകർന്നുതരികയായിരുന്നു. അദ്ദേഹത്തിന് സ്വന്തം പിതാവിൽനിന്ന് ലഭിച്ചതും അങ്ങനെയുള്ള കാര്യങ്ങളാവാം. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങൾക്കൊപ്പം ഉണ്ടായില്ലെന്ന് പിന്നീട് തോന്നുന്ന ചില സന്ദർഭങ്ങളുണ്ട്. എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട് അത്തരം സന്ദർഭങ്ങൾ''.

എന്നാൽ തന്റെ കുട്ടികളുമായി തനിക്കുള്ള ബന്ധം വളരെ നല്ലതാണെന്നാണ് യുവിയുടെ അഭിപ്രായം. ''അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ ഹേസലിന് കൊടുക്കും. അവർ ജനിച്ചപ്പോൾ സ്‌നഗ്ഗി മാറ്റാനും കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ എനിക്ക് മടിയായിരുന്നു. പക്ഷേ ഹേസൽ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് കുട്ടികളുമായുള്ള എന്റെ ബന്ധം വളരെയധികം മെച്ചപ്പെട്ടത്''. 2016-ലാണ് യുവിയും ബ്രിട്ടീഷ് നടിയും മോഡലുമായ ഹേസൽ കീച്ചും വിവാഹിതരാവുന്നത്. 2022-ൽ അവർക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചു, അടുത്തവർഷം രണ്ടാമത്തെ കുഞ്ഞും.

ഇതേ അഭിമുഖത്തിൽ തന്റെ സ്വകാര്യജീവിതത്തിലെ വലിയൊരു വിവാദത്തെക്കുറിച്ചും യുവി സംസാരിച്ചു. ക്രിക്കറ്റ് മാച്ചിനിടയ്ക്കും യുവി തന്റെ ഗേൾഫ്രണ്ടിനെ കാണാൻ പോകുന്നുവെന്നതായിരുന്നുവത്. ഇതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ, ''എനിക്കൊരു മാനേജർ-ഏജന്റുണ്ടായിരുന്നു. അവരെ ഞാൻ കെട്ടിപ്പിടിച്ചു. നമ്മളൊരാളെ കാണുമ്പോൾ ആശ്ലേഷിക്കില്ലേ, അതുപോലെ. അത് പക്ഷേ പുറത്തുവന്നത് ഞാൻ മാച്ചിനിടയിലും ഗേൾഫ്രണ്ടിനെ കാണാൻ പോകുന്നുവെന്ന രീതിയിലാണ്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi