വര്‍ഷം 1999. എറണാകുളം പ്രസ് അക്കാദമി. ജേണലിസം ഡിപ്ലോമ കോഴ്സിലേക്കുള്ള പുതിയ ബാച്ച്. 50 വിദ്യാര്‍ഥികള്‍. കൂട്ടത്തില്‍ ഒമ്പതു പെണ്‍കുട്ടികള്‍. മുന്‍ബെഞ്ചിലെ പെണ്‍സംഘത്തില്‍ ഒരു ഇരിങ്ങാലക്കുടക്കാരിയും തലശ്ശേരിക്കാരിയും ഉണ്ടായിരുന്നു. നേരില്‍ കാണുംമുന്‍പേ പരസ്പരം കഥകളിലൂടെ അറിഞ്ഞവര്‍. കെ. രേഖയും എസ്. സിതാരയും. അക്കാദമിയിലെ 'തലതെറിച്ച' പെണ്‍കൂട്ടത്തില്‍ ഒരു ബെഞ്ചിന്റെ രണ്ടറ്റത്തായി അവരിരുന്നു. പത്തുമാസത്തെ കോഴ്സിനിടയില്‍ അതേ ബെഞ്ചിലിരുന്ന് ഒരു നൗകയിലെന്നപോലെ സൗഹൃദത്തിന്റെ ഏതേതോ വന്‍കരകളിലൂടെ, മഹാസമുദ്രങ്ങളിലൂടെ അവര്‍ യാത്രചെയ്തു.

To advertise here,

രേഖ: പ്രസ് അക്കാദമിയിലെ പഠനകാലത്തിനുമുന്‍പുതന്നെ സിതാര ഒരു മുതിര്‍ന്ന എഴുത്തുകാരിയായി മാറിയിരുന്നു. ഞാന്‍ പി.ജി. കഴിഞ്ഞ് ഇനിയെന്തെന്ന് ചിന്തിച്ചിരിക്കുന്ന കാലംകൂടിയാണത്. എന്റെ ഒരു കൂട്ടുകാരിക്ക് സിതാരയെ പരിചയമുണ്ട്. സിതാരയ്ക്ക് ടീച്ചിങ് ഇഷ്ടമില്ല. അതുകൊണ്ട് അവള്‍ പ്രസ് അക്കാദമിയില്‍ ജേണലിസം പഠിക്കാന്‍ പോവുകയാണെന്ന് ആ കൂട്ടുകാരി പറഞ്ഞറിഞ്ഞു. എനിക്ക് സിതാരയുടെ കൂടെ പഠിക്കണമെന്ന ആഗ്രഹം തോന്നി. അങ്ങനെ ടെസ്റ്റെഴുതി ഞാനും അവിടെയെത്തി. അക്കാദമിയില്‍ ചേരാനെത്തുമ്പോള്‍ സിതാരയ്‌ക്കൊപ്പം അവളുടെ പപ്പയും എഴുത്തുകാരനുമായ എന്‍. ശശിധരനും യുവകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനവും ഉണ്ട്. 

placeholder
കെ.രേഖയും എസ്.സിതാരയും
കഥക്കൂട്ടുകാർ


സിതാര: നേരില്‍ കാണുംമുന്‍പേ രേഖയുടെ കഥകളൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്. അച്ചടിച്ചുവരുന്ന കഥകള്‍ക്കൊപ്പം അവളുടെ ഫോട്ടോയുമുണ്ടാവും. സാരിയുടുത്ത സുന്ദരി. പക്ഷേ, ആദ്യകാഴ്ചയില്‍ ആ സുന്ദരി മറ്റൊരു കോലത്തിലായിരുന്നു. ഒരു നരച്ച ചുരിദാറൊക്കെയിട്ട്...
  
ഒരേ ബഞ്ചില്‍
രേഖ: ഇവളോട് കൂട്ടുകൂടാനാണ് സത്യത്തില്‍ ഞാനവിടെ ചേര്‍ന്നതുതന്നെ. പക്ഷേ, എന്തുചെയ്യാന്‍. വളരെ തണുത്ത പ്രതികരണമായിരുന്നു ഇവളുടെ ഭാഗത്തുനിന്ന്. ആരോടും സംസാരിക്കില്ല. അധികം ആരോടും അടുക്കില്ല. ദൈവമേ, ഈ മിണ്ടാത്ത കൊച്ചിന്റെ കൂടെ ഞാനിതെങ്ങനെ എന്ന് അന്തിച്ചുപോയിട്ടുണ്ട്. പിന്നെയങ്ങടുത്തു. ഞങ്ങള്‍ നാലുപേര്‍തമ്മിലായി വലിയ കൂട്ട്. സിതാര, ലേബി, ഞാന്‍, രൂപേഷ്. 
സിതാര: ഇവരുമായി കൂട്ടുകൂടരുതെന്നുപറഞ്ഞ് എന്നെ ഉപദേശിച്ചവരുണ്ട്. നല്ല ചിട്ടയും അച്ചടക്കവുമുള്ള ആളാണ് ഞാന്‍ എന്ന തോന്നല്‍ പലര്‍ക്കുമുണ്ടായിരുന്നു. അതൊക്കെ പുറമേക്കുള്ള നാട്യമാണെന്ന് ആര്‍ക്കും മനസ്സിലായില്ല.
 
തരികിടയും പ്രതിഷേധവും
രേഖ: ഞങ്ങള്‍ പ്രേമമൊക്കെയുള്ളവരായിരുന്നു. പത്രപ്രവര്‍ത്തകനായ മോഹന്‍ലാലായിരുന്നു എന്റെ കാമുകന്‍. ബ്രണ്ണനിലെ സഹപാഠി അബ്ദുള്‍ ഫഹീമുമായി (പമ്മി) സിതാരയും പ്രണയത്തിലാണ്. കോഴ്സിന് ചേര്‍ന്നയുടനേ എന്റെ കല്യാണം കഴിഞ്ഞു. അതുകൊണ്ട് ഞാന്‍ വല്ലപ്പോഴുമൊക്കെയേ ക്ലാസില്‍ വരൂ. 

ഞങ്ങള്‍ ഗ്രൂപ്പായി പ്രേമിക്കും. അതൊക്കെ അക്കാലത്തിന്റെ കുസൃതികളായിരുന്നു. ക്ലാസിലെ ചില ആണ്‍കുട്ടികളുടെ അമ്മമാര്‍ ഞങ്ങള്‍ക്ക് ജനിക്കാതെപോയ അമ്മായിയമ്മമാരായിരുന്നു.

ഞങ്ങള്‍ അവരെ ഫോണ്‍ചെയ്യും. കൂട്ടത്തിലൊരാളുടെ അമ്മയോട് ഞങ്ങള്‍ക്ക് കുറച്ചധികം ഇഷ്ടക്കൂടുതലുണ്ടായിരുന്നു. അവരായിരുന്നു ഞങ്ങളുടെ പൊതു അമ്മായിയമ്മ. 
സിതാര: തമാശയും തരികിടയുമൊക്കെയാണെങ്കിലും ഞങ്ങള്‍ അനീതി കണ്ടാല്‍ പ്രതികരിക്കുന്നവരായിരുന്നു. അധ്യാപകരെയൊക്കെ വിചാരണചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെന്ന നിലയില്‍ പ്രാധാന്യം കിട്ടിയിരുന്ന ഇടങ്ങളില്‍നിന്ന് വന്നവരാണ് ഞങ്ങള്‍. പക്ഷേ, അക്കാദമിയില്‍ അങ്ങനെയായിരുന്നില്ല. ആണ്‍കോയ്മയെ എതിര്‍ക്കേണ്ടിവന്നു. 
സോണിയാ ഗാന്ധി രാഷ്ട്രീയത്തിലേക്കുവരുന്നതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിച്ച കാലമായിരുന്നു അത്. ഞങ്ങളുടെ അധ്യാപകന്‍ ക്ലാസില്‍ അതുമായി ബന്ധപ്പെട്ട് തികച്ചും സ്ത്രീവിരുദ്ധമായൊരു കമന്റ് പറഞ്ഞു. പിന്നെ ഞങ്ങള്‍ സാറിന്റെ ക്ലാസില്‍ ഇരുന്നിട്ടില്ല. 

placeholder
കെ.രേഖ
കെ.രേഖ


 
കുപ്രസിദ്ധിയുടെ കാലം
രേഖ: കത്തെഴുതി ക്ലാസിലിരുന്ന് കൈമാറും. ചെറുപ്പക്കാരായ ജേണലിസ്റ്റുകള്‍ പഠിപ്പിക്കാന്‍ വരുമ്പോള്‍ അവരെപ്പറ്റി കമന്റ് പാസാക്കും. അങ്ങനെയൊക്കെയാണ് ക്ലാസിന്റെ വിരസത മാറ്റിയിരുന്നത്. ലീലാവതി ടീച്ചര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചറിന്റെ ക്ലാസില്‍പ്പോലും ഞങ്ങള്‍ ഈ പരിപാടികളൊക്കെ ഒപ്പിച്ചിട്ടുണ്ട്. 

കുറെക്കാലം കഴിഞ്ഞ്, എന്റെ അമ്മ മരിച്ച് ആളൊഴിഞ്ഞ വീട്ടില്‍നിന്ന് ഞാനാ കുറിപ്പുകളില്‍ ചിലത് കണ്ടെടുത്തു. പലതും അണ്‍പാര്‍ലമെന്ററിയാണ്. പ്രേമചര്‍ച്ചകളും മറ്റും. ഇപ്പോഴും അതു നോക്കുമ്പോള്‍ രസമാണ്. ആ പ്രായത്തില്‍ എന്താണ് ചിന്തിച്ചിരുന്നതെന്ന് അറിയാന്‍ കഴിയും.


സിതാര: എന്റെ കൈയിലുമുണ്ട് ആ കുറിപ്പുകള്‍. നല്ല കുട്ടികളുടെ കൂട്ടത്തില്‍ പെടുന്നവരായിരുന്നില്ല ഞങ്ങള്‍. കാലത്തിനുമുന്നിലുള്ളവരുടെ സംഘമെന്നൊക്കെ പറയാം. അക്കാലത്ത് എല്ലാവരും ശാലീനരായിരുന്നു. ഞങ്ങള്‍ ശാലീനത തീരെ ഇല്ലാത്തവരും. അതിനൊപ്പം സാഹസികരുമായിരുന്നു. 
അവധിക്ക് വീട്ടിലേക്കുപോകാന്‍ എന്നെയും രേഖയെയും ട്രെയിന്‍ കയറ്റിവിടാന്‍ ലേബി സ്റ്റേഷനില്‍ വരും. ട്രെയിന്‍ വരുന്നതുകാണുമ്പോള്‍ അവള്‍ക്കും കയറണമെന്ന് തോന്നും. കയറും. തൃശ്ശൂരോ തലശ്ശേരിയിലോ ഇറങ്ങി അടുത്ത ട്രെയിനിന് അവള്‍ തിരികെപ്പോകും. അങ്ങനെയൊക്കെയായിരുന്നു. 
 
ഹോസ്റ്റല്‍ നാളുകള്‍
രേഖ: അക്കാദമി ഹോസ്റ്റലിലെ ജീവിതവും സംഭവബഹുലമായിരുന്നു. ഞാന്‍ നവവധുവാണ്. വിവാഹിതയായ എനിക്ക് കുടുംബജീവിതത്തെപ്പറ്റി ക്ലാസെടുത്തുതരുന്നത് അവിവാഹിതരായ ഈ കൂട്ടുകാരാണ്.
സിതാര: ഹോസ്റ്റലില്‍ ഞാനും രേഖയും വെവ്വേറെ മുറികളിലായിരുന്നു. എന്റെ റൂംമേറ്റ്സ് അച്ചടക്കശാലികളാണ്. ഞാന്‍ അവരുമായും കൂട്ടാണ്. രാവിലേ എഴുന്നേറ്റാല്‍ ഞാന്‍ ഇവരുടെ മുറിയിലേക്ക് ചെല്ലും. അവിടെ അതുമിതും വലിച്ചുവാരിയിട്ട് ആകെ അലങ്കോലമായിരിക്കും. അതൊക്കെ അടുക്കിവെയ്ക്കും. സ്‌നേഹംകൊണ്ട് ചെയ്യുന്നതാണ്. അതിനും ഇവരെന്നെ കുറ്റപ്പെടുത്തും. 
രേഖ: രാത്രിയില്‍ ഹോസ്റ്റല്‍മുറിയിലിരുന്ന് ഞങ്ങള്‍ ക്ലാസിലെ മറ്റെല്ലാവരെപ്പറ്റിയും ചര്‍ച്ചചെയ്യും. ഇവളുടെ കട്ടിലില്‍ എപ്പോഴും ഒരു റേഡിയോ കാണും. അതില്‍ പാട്ടുകേള്‍ക്കുന്നതാണ് ഇവളുടെ സ്ഥിരം ഹോബി. അങ്ങനെ റേഡിയോ കേട്ടും ഞങ്ങളോട് സംസാരിച്ചും ഇരിക്കുന്നതിനിടയില്‍ ഇവളെഴുതിയ കഥയാണ് 'അഗ്‌നി'. 
ഇവളങ്ങനെയാണ്. ഇടയ്ക്കിടെ പണിപറ്റിക്കും. ഇവള്‍ നമ്മുടെ കൂടെ ഉഴപ്പുകയാണെന്നു വിചാരിച്ച് ഞങ്ങള്‍ പഠിക്കാതിരിക്കും. അവള്‍ പഠിച്ച് റാങ്ക് വാങ്ങും. ഇവളും കൂടെയുണ്ടല്ലോ എന്നുകരുതി ഞങ്ങള്‍ ഹരംപിടിച്ച് വര്‍ത്തമാനം പറയും. അതിനിടയിലൂടെ അവള്‍ കഥയെഴുതും. അക്കാദമിയില്‍ ഇവളായിരുന്നു ഞങ്ങളുടെ ഒന്നാംറാങ്കുകാരി. 

99 ലെ വെള്ളപ്പൊക്കം
സിതാര: അക്കാദമിയിലെ 1999 ബാച്ചായിരുന്നു ഞങ്ങളുടെത്. 99-ലെ വെള്ളപ്പൊക്കം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ശരിക്കും വെള്ളപ്പൊക്കം പോലെയായിരുന്നു. 
അതുവരെ ശാലീനരും സല്‍സ്വഭാവികളുമായവര്‍ക്കൊപ്പം പഠിച്ചുശീലിച്ചവരായിരുന്നു ഏറെയും. പക്ഷേ, ഇവിടെ അങ്ങനെയായിരുന്നില്ല. എല്ലാവരും ഒരുപോലെ. സൗഹൃദം നിലനിര്‍ത്താനായി മാനസികമായി ബോധപൂര്‍വം പൊരുത്തപ്പെടേണ്ട കാര്യം വന്നില്ല. 

placeholder
എസ്.സിതാര
എസ്.സിതാര

കോഴ്സ് കഴിഞ്ഞ് ഞാനും രേഖയും ഒരു പത്രസ്ഥാപനത്തിലേക്ക് ഒരുമിച്ച് ജോലിക്കപേക്ഷിച്ചു. പരീക്ഷ പാസായി. അതിനിടയിലായിരുന്നു എന്റെ കല്യാണം. ഞാന്‍ ഇന്റര്‍വ്യൂവിന് പോയില്ല. ഇവള്‍ പോയി. അതും ജയിച്ച് ജോലിക്ക് കയറി. ഞാന്‍ പമ്മിക്കൊപ്പം സൗദിയിലേക്ക് പോയി. പിന്നെ കുറെക്കാലം അവിടെയായിരുന്നു. രേഖയും ലേബിയും നാട്ടില്‍. എനിക്കിവരോട് ഭയങ്കര അസൂയതോന്നും. 
രേഖ: വര്‍ഷത്തിലൊരിക്കല്‍ സിത്തു അവധിക്ക് നാട്ടില്‍ വരും. അപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചുകൂടും. പിന്നെയുള്ള ഒരുവര്‍ഷം ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള ഊര്‍ജം ആ ഒരു ദിവസംകൊണ്ട് ഞങ്ങള്‍ നേടിയെടുക്കും. വര്‍ഷത്തില്‍ ഒരൊറ്റദിവസമേ ജീവിക്കുന്നുള്ളൂ എന്ന തോന്നലായിരുന്നു. ബാക്കി ദിവസങ്ങളൊക്കെ പൈസയുണ്ടാക്കാനും ജീവിതം എന്ന വ്യവസ്ഥിതി നിലനിര്‍ത്താനുമുള്ള പെടാപ്പാട് മാത്രം. 
ചെറിയ കുഞ്ഞുങ്ങളുടെ അമ്മമാരായിരുന്നു ഞങ്ങള്‍, ആ കൂടിച്ചേരലിന്റെ തുടക്കവര്‍ഷങ്ങളില്‍.

പക്ഷേ, ഈ ചങ്ങാത്തത്തില്‍നിന്ന് കുടുംബം ഞങ്ങളെ ഒരിക്കലും പിറകോട്ടുവലിച്ചില്ല, ഇടപെട്ടിട്ടില്ല. ഇടപെട്ടാല്‍ അവര്‍ പരാജയപ്പെടുമെന്ന് ഞങ്ങളുടെ പങ്കാളികള്‍ മനസ്സിലാക്കിയിട്ടുണ്ടാകാം.

കണ്ടുപിരിയുമ്പോള്‍ സങ്കടമാകും. സിത്തു വരുന്ന സമയം നോക്കി അക്കാദമിയില്‍ ഞങ്ങളുടെ ബാച്ചിന്റെ ഗെറ്റ് ടുഗദര്‍ വെയ്ക്കും. അങ്ങനെയൊരു കൂടിച്ചേരലിന്റെ സമയത്ത് സിത്തുവിന്റെ മകന്‍ തീരെ ചെറുതാണ്. അവന്‍ വലിയ കുസൃതിയാണ്. എല്ലായിടത്തും ചാടിക്കയറും. അടങ്ങിയിരിക്കില്ല. അപ്പോള്‍ ആരൊക്കെയോ പറഞ്ഞു, ഇത് സിതാരയുടെ മോനല്ല, രേഖയുടെ മോനാണെന്ന്.
സിതാര: കല്യാണം കഴിഞ്ഞ് ഞാന്‍ ആദ്യത്തെ വെക്കേഷന് വരുമ്പോള്‍ രേഖയ്ക്ക് കുഞ്ഞ് പിറന്നിരുന്നു. അന്ന് ഇവളെ കാണാന്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ പോയി. തികഞ്ഞ സസ്യാഹാരിയായ രേഖ അന്ന് ഞങ്ങള്‍ക്ക് തരാനായി കല്ലുമ്മക്കായ ഒക്കെ ഉണ്ടാക്കിവെച്ചിരുന്നു. 
രേഖ: ആ വരവില്‍ പമ്മി ഒരു കാര്യം പറഞ്ഞു, ഇവള്‍ ഒറ്റയ്ക്ക് 20 പേര്‍ക്കുവേണമെങ്കിലും സദ്യയൊരുക്കുമെന്ന്. അതുകേട്ടപ്പോള്‍ എനിക്കുണ്ടായ ടെന്‍ഷന്‍... ഇത്രയൊന്നും ശാലീനത ഇവള്‍ക്ക് താങ്ങാനാവില്ലെന്ന തോന്നല്‍! 
 
ഒന്നിച്ചു കൂടുമ്പോഴൊക്കെയും
രേഖ: അന്നൊക്കെ സിത്തു കൊച്ചിയില്‍ വരുമ്പോള്‍ അവളെ കാണാന്‍ ഫെയ്സ്ബുക്ക് ആരാധകരെത്തും. അവളന്ന് സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ്. ഫെയ്സ്ബുക്കും വാട്സാപ്പുമൊക്കെ എന്താണെന്നുപോലും അന്നെനിക്കറിയില്ല. പക്ഷേ, ഇവളതിന്റെ ഉസ്താദാണ്. 
സിതാര: നാട്ടിലേക്കു വരുമ്പോള്‍ ഞാന്‍ ഫെയ്സ്ബുക്കില്‍ 'കമിങ് ടു കൊച്ചി' എന്നൊക്കെ സ്റ്റാറ്റസിടും. അതിന് കുറെപ്പേര്‍ ലൈക്കും കമന്റുമൊക്കെ ചെയ്യും. ആരെങ്കിലും കാണാന്‍ വരും. അതിന് രേഖയും ലേബിയും എന്നെ എത്രയാ വഴക്കുപറഞ്ഞിട്ടുള്ളത്. ഞാന്‍ സദാസമയം സോഷ്യല്‍ മീഡിയയിലാണെന്നായിരുന്നു ഇവരുടെ കുറ്റപ്പെടുത്തല്‍. എന്നിട്ടിപ്പോഴോ, ഇവര്‍ രണ്ടും അതില്‍ കയറിപ്പോരാത്ത മുങ്ങിക്കുളിയാണ്. 
രേഖ: സിത്തുവിന് മറ്റേതെങ്കിലും സൗഹൃദങ്ങളുണ്ടായാല്‍ ഞങ്ങള്‍ക്ക് ചെറിയ അസൂയയും പൊസസീവ്നെസ്സുമൊക്കെ ഉണ്ടാകും. 
സിത്താര: ആര്‍ക്കെങ്കിലുമൊപ്പമുള്ള ഒരു ഫോട്ടോ ഫെയ്സ്ബുക്കിലോ മറ്റോ ഇട്ടാല്‍ ഇവരുവന്ന് അതിനുതാഴെ ചൊറിയന്‍ കമന്റ് വല്ലതും ഇടും. അത് കണ്ടില്ലെങ്കില്‍ ഒരു വല്ലായ്മയാണ്! 
രേഖ: വളരെ ചുരുക്കംപേര്‍ക്കൊപ്പമേ നമുക്ക് നമ്മളായിരിക്കാന്‍ സാധിക്കൂ. അങ്ങനെയുള്ള സൗഹൃദമാണ് ഞങ്ങളുടെത്. പഠനകാലത്ത് ഞങ്ങള്‍ എങ്ങനെയോ അങ്ങനെയാണ് ഇപ്പോഴും. അന്നത്തെ അതേ പ്രായം. ഞങ്ങള്‍ ഇപ്പോഴും ജേണലിസം ക്ലാസില്‍നിന്ന് ഇറങ്ങിയിട്ടില്ല. 
  
പ്രകാശം പരത്തുന്ന സാമീപ്യം

സിതാര: അക്കാദമിയിലെ പഠനകാലത്ത് രേഖയെ ഞങ്ങള്‍ വിളിച്ചിരുന്ന ഒരു പേരുണ്ട്: പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ഏതുവിഷമത്തിലും ഇവളോട് അല്പനേരം സംസാരിച്ചാല്‍ സന്തോഷം തോന്നും. ഇന്നും അതുപോലെതന്നെയാണ്. അതേ പ്രസരിപ്പ്. പ്രകാശം പരത്തുന്ന സാമീപ്യം എന്നനിലയിലാണ് ഞാന്‍ ഇവളുമായി ആദ്യം അടുക്കുന്നത്. ജീവിതത്തിന്റെ പരുക്കന്‍ പ്രതലത്തിലൂടെ യാത്രചെയ്യുന്നവരാണല്ലോ എല്ലാവരും. അതിന്റെ പരിക്കും തഴമ്പും സ്വഭാവത്തില്‍ പ്രകടമാകും. പക്ഷേ, രേഖ അന്നും ഇന്നും ഒരുപോലെയാണ്.
രേഖ: ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മിടുക്കി സിത്തുവായിരുന്നു. നന്നായി പഠിക്കുന്ന കുട്ടി. ടീച്ചിങ്ങിലും ജേണലിസത്തിലും ഒരുപാട് മുകളിലെത്താന്‍ ശേഷിയുള്ള ആള്‍. പക്ഷേ, അതെല്ലാം വേണ്ടെന്നുവെച്ചിട്ടാണ് ഇവള്‍ പമ്മിക്കൊപ്പം സൗദിയിലേക്കു പോകുന്നത്. പമ്മിയുമായി സിത്തുവിനുള്ള അടുപ്പത്തിന്റെ ആഴമറിയാവുന്നതുകൊണ്ട് ഞങ്ങളാരും പിടിച്ചുനിര്‍ത്തിയതുമില്ല. 
ഒരുകാര്യത്തിലും സിത്തുവിന് നഷ്ടബോധമില്ല. ഇവളെപ്പോലെ സത്യസന്ധയായ ഒരു വ്യക്തിയെ ഞാന്‍ വേറേ കണ്ടിട്ടില്ല. ഞങ്ങളൊന്നും നൂറുശതമാനം സത്യസന്ധരല്ല. ഇത്രയും സത്യസന്ധത ലോകം അര്‍ഹിക്കുന്നില്ലെന്ന് ഞാന്‍ പറയാറുണ്ട്. എന്തുരഹസ്യവും പറയാം. അത് മൂന്നാമതൊരാള്‍ ഇവളില്‍ നിന്നറിയില്ല. സ്വിസ്ബാങ്ക് അക്കൗണ്ട് പോലെ അത് സൂക്ഷിച്ചോളും. സ്വാര്‍ഥതയെന്ന വാക്ക് നിഘണ്ടുവിലില്ലാത്തയാളാണ് സിത്താര. അതുകൊണ്ട് ഏതുസാഹചര്യത്തിലും ഇവള്‍ എന്തുപറയുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. 
ഇവള്‍ക്ക് ധാര്‍മികതയും കൂടുതലാണ്. പണത്തെപ്പറ്റിയോ സമയത്തെപ്പറ്റിയോ ഒന്നും ആശങ്കയില്ല. ഇവളുടെ ധാര്‍മികതയും ഈ സമൂഹം അര്‍ഹിക്കുന്നില്ല. എല്ലാവരുടെയും നീതിക്കുവേണ്ടി നില്‍ക്കും. പക്ഷേ, സ്വന്തം നീതി മറക്കും.
സിതാര: രേഖയും ലേബിയും കൂടി ചെറിയ സൗന്ദര്യപ്പിണക്കം വല്ലതും ഉണ്ടാകുമ്പോള്‍ ലേബി എന്റെയടുത്ത് വരും. 'നീയല്ലേ ധാര്‍മികതയുടെ ആള്‍, നീ പറ, ആരാ ശരിയെന്ന്...' അതോടെ ഞാന്‍ കുടുങ്ങും. 
മുതലെടുക്കപ്പെടുമ്പോഴും നമ്മുടെതായ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാതാവുമ്പോഴുമൊക്കെ ഇവര്‍ പറയുന്നത് ശരിയാണെന്ന തോന്നല്‍ എനിക്കുണ്ടാകാറുണ്ട്. 

എന്റെ ജീവിതത്തില്‍ എല്ലാക്കാലത്തും പ്രതിസന്ധികളാണ്. ഒന്നിനുപുറകെ ഒന്നായി അതിങ്ങനെ വന്നുകൊണ്ടിരിക്കും.

ആസമയത്തെല്ലാം പാറപോലെ ലേബിയും രേഖയും കൂടെനിന്നു. എന്നോടുപറയാതെ എനിക്കുവേണ്ടി അവര്‍ എന്തൊക്കെയോ ചെയ്തു. സഹായം എന്ന് ഞാനതിനെ പറയുന്നില്ല. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാന്‍ സൗഹൃദമല്ലാതെ മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാന്‍സര്‍ വന്നപ്പോഴും പമ്മി മരിച്ചപ്പോഴുമൊക്കെ ഇവരെന്റെ കൂടെത്തന്നെ നിന്നു. വിചാരിക്കാതെ വന്ന ദുരന്തങ്ങളില്‍ ഇവരുടെ കരുത്തിലാണ് പിടിച്ചുനിന്നത്. 
രേഖ: സിത്തുവിന് അസുഖം വന്നപ്പോള്‍ സുഖപ്പെടാനായി ഞങ്ങള്‍ തെയ്യം നേര്‍ന്നു. ജീവിതത്തില്‍ സിത്തു അത്രയധികം പ്രതിസന്ധികളെ നേരിട്ടു. അതില്‍ ഒടുവിലത്തെതായിരുന്നു പമ്മിയുടെ മരണം. പമ്മി എനിക്ക് സിത്തുവിന്റെ ഭര്‍ത്താവ് മാത്രമായിരുന്നില്ല. എന്റെ ഉറ്റചങ്ങാതികൂടിയായിരുന്നു. പമ്മി മരിച്ചതറിഞ്ഞ് ഞങ്ങള്‍ ഇവളെ കാണാന്‍ ട്രെയിനില്‍ തലശ്ശേരിയിലേക്ക് പോയി. ആ യാത്രയില്‍ അനുഭവിച്ച ആശങ്കയ്ക്ക് കണക്കുണ്ടായിരുന്നില്ല. എങ്ങനെ സിത്തുവിനെ അഭിമുഖീകരിക്കും, അവളോട് എന്തുപറയും എന്നൊക്കെയായിരുന്നു ചിന്ത. 

placeholder
എസ്.സിതാര, കെ.രേഖ
ചങ്ങാത്തത്തണലിൽ: കെ.രേഖയും എസ്.സിതാരയും


 
എഴുത്തുകാരികളല്ലാത്ത ഞങ്ങള്‍

സിതാര: ഞങ്ങള്‍ എഴുത്തുകാരികളായ സുഹൃത്തുക്കളല്ല. എഴുതണമെന്ന് പരസ്പരം പറയുമെന്നല്ലാതെ എഴുത്ത് സൗഹൃദത്തെ നിര്‍ണയിക്കുന്ന ഘടകമായിരുന്നില്ല. എഴുതാത്തതിന് എന്നെ എപ്പോഴും വഴക്കുപറയുന്ന ആളാണ് രേഖ. 
രേഖ: നമ്മുടെയുള്ളില്‍ നല്ലതും ചീത്തയുമായ നമ്മളുണ്ട്. അത് കലര്‍പ്പില്ലാതെ അംഗീകരിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നില്ല. ഞങ്ങളുടെ പോരായ്മകളും ശരികളും ഞങ്ങള്‍ക്ക് പരസ്പരം അറിയാം. കുഴപ്പങ്ങള്‍ പറഞ്ഞ് ഇരുത്താന്‍ ശ്രമിക്കും ചിലര്‍. പക്ഷേ, ഞങ്ങള്‍ തിരുത്താനാണ് ശ്രമിച്ചിട്ടുള്ളത്. 
ഞങ്ങള്‍  അപൂര്‍വമായേ സാഹിത്യം സംസാരിച്ചിട്ടുള്ളൂ. കഥ വായിച്ച് വിമര്‍ശിക്കുകയോ നല്ലത് പറയുകയോ ചെയ്തിട്ടില്ല. പരിഹാസമാണ് ഞങ്ങള്‍ക്ക് പരസ്പരവിനിമയത്തിനുള്ള ഭാഷ. പരസ്പരം ഒരിക്കലും നല്ലവാക്ക് പറയാറില്ല.