
''നാലുവര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ഞങ്ങള്‍ പിരിയുന്നു. മകന് അഗസ്ത്യയ്ക്ക് നല്ല മാതാപിതാക്കളായി ഞങ്ങളെന്നുമുണ്ടാവും'', ഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചു. കുറേ നാളുകളായി ഇരുവരും വിവാഹമോചിതരാവുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈയടുത്ത് നതാഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ പേരില്‍നിന്ന് പാണ്ഡ്യ എന്ന പേര് ഒഴിവാക്കിയതാണ് എല്ലാത്തിനും തുടക്കം. ഐ.പി.എല്‍ മത്സരവേദികളില്‍ നതാഷയെ കാണാതിരുന്നതോടെ അവര്‍ തമ്മില്‍ പിരിഞ്ഞുവെന്ന് ആരാധകര്‍ ഉറപ്പിച്ചു. ഇരുവരും സോഷ്യല്‍മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ലെന്നതും തെളിവായി ആളുകള്‍ ചൂണ്ടിക്കാട്ടി. ട്വന്റി 20 ലോകകപ്പ് മത്സരത്തിലും അതിനുശേഷവും നതാഷ ഇല്ലാതിരുന്നത് ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.
സെര്‍ബിയയില്‍നിന്ന് ബോളിവുഡിലേക്ക്...
സെര്‍ബിയന്‍ നര്‍ത്തകിയും മോഡലും അഭിനേത്രിയുമാണ് നതാഷ. 2012-ലാണ് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനായി അവര്‍ ഇന്ത്യയിലെത്തുന്നത്. ആദ്യം ചെറിയ ചില പരസ്യചിത്രങ്ങളിലാണ് അവസരംകിട്ടിയത്. തൊട്ടടുത്ത വര്‍ഷം സത്യാഗ്രഹ എന്ന ചിത്രത്തില്‍ ഐറ്റം സോങ്ങില്‍ നൃത്തം ചെയ്താണ് നതാഷ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, ഡി.ജെ.വാലെ ബാബു എന്ന മ്യൂസിക് സിംഗിളില്‍ അഭിനയിച്ചതോടെ നതാഷ ആളുകള്‍ക്ക് കൂടുതല്‍ പരിചിതയായി.

7 ഹവേഴ്സ് ടു ഗോ, സീറോ എന്നീ സിനിമകളില്‍ പ്രധാനറോളില്‍ അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പാട്ടുകളില്‍ നൃത്തം ചെയ്താണ് നതാഷ ബോളിവുഡില്‍ പോപ്പുലര്‍ ഫെയ്സ് ആവുന്നത്. ഡാഡി, ഫുക്രി റിട്ടേണ്‍സ്, ഫ്രൈഡേ, ലുപുത്, ദ ബോഡി...അങ്ങനെ കുറേ സിനിമകളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. 2020-ല്‍ ഫ്ളഷ് എന്ന വെബ് സീരീസിലൂടെ ഒ.ടി.ടി.യിലും നതാഷ അരങ്ങേറ്റം കുറിച്ചു. നാച്ച് ബലിയേ, ബിഗ് ബോസ് എന്നീ റിയാലിറ്റി ഷോകളിലൂടെ ടി.വി.പ്രേക്ഷകര്‍ക്കും പരിചിതയാണവര്‍. പക്ഷേ ഒരുതാരമെന്ന നിലയില്‍ മികച്ചൊരു കരിയര്‍ പടുത്തുയര്‍ത്താന്‍ നതാഷയ്ക്ക് കഴിഞ്ഞില്ല.
പാണ്ഡ്യയെ കണ്ടുമുട്ടുന്നു
2018-ലാണ് ഹാര്‍ദിക് പാണ്ഡ്യയും നതാഷയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. മുംബൈയിലെ ഒരു നൈറ്റ് ക്ലബില്‍ കൂട്ടുകാര്‍ക്കൊപ്പം എത്തിയതായിരുന്നു നതാഷ. ഒരു പൊതുസുഹൃത്ത് വഴി പാണ്ഡ്യയെ പരിചയപ്പെട്ടു. ''തലയിലൊരു തൊപ്പിയും കഴുത്തില്‍ ഷാളും മിന്നുന്ന കുപ്പായവുമൊക്കെയിട്ട് ഒരാള്‍. എത്രയോ കാലമായി ഞാന്‍ ഇന്ത്യയിലെത്തിയിട്ട്. ഇതുവരെ അങ്ങനെയൊരാളെ കണ്ടിരുന്നില്ല'', പാണ്ഡ്യയെ ആദ്യമായി കണ്ടതിനെക്കുറിച്ച് നതാഷ പിന്നീട് പറഞ്ഞു. ''എനിക്കയാളുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നുമറിയില്ല. ഒരാളെ ആദ്യമായി കാണുമ്പോള്‍, ഷെയ്ക്ക് ഹാന്‍ഡ് നല്കിയല്ലേ നമ്മള് പരിചയപ്പെടുക? എന്നാല്‍, ഹാര്‍ദിക് നേരെവന്ന് ആലിംഗനം ചെയ്തു. വളരെ ഫ്രണ്ട്ലി ആയ മനുഷ്യന് എന്നാണ് ആദ്യമേ തോന്നിയത്''.
തന്നെ സംബന്ധിച്ചിടത്തോളം അത് 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' ആയിരുന്നുവെന്ന് പാണ്ഡ്യ പിന്നീട് വെളിപ്പെടുത്തി. ''നതാഷയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം ആ ടേബിളില്‍ ഞങ്ങളുമിരുന്നു. അപ്പോള്‍ മുതല്‍ ഞാന്‍ നതാഷയോട് മാത്രമാണ് സംസാരിച്ചത്. അവളേറെ സുന്ദരിയാണ്, അവിടെത്തന്നെ ഞാന്‍ തലയും കുത്തിവീണു''. 
ടെലിവിഷന്‍ താരം അലി ഗോണിയുമായി പ്രണയത്തിലായിരുന്നു ആ സമയത്ത് നതാഷ. ഇരുവരും നാച് ബലിയേ എന്ന റിയാലിറ്റി ഷോയില്‍ പങ്കാളികളായി പങ്കെടുക്കുകയും ചെയ്തിരുന്നു. പക്ഷേ അധികം വൈകാതെ വേര്‍പിരിഞ്ഞു. ഹാര്‍ദിക് ആണെങ്കില്‍ മോഡലുകളായ ലിഷ ശര്‍മ, എല്ലി അവ്റാം, ബോളിവുഡ് താരം ഉര്‍വശി റൗട്ടേല എന്നിവരുമായി മുമ്പ് പ്രണയത്തിലായിരുന്നു. അതെല്ലാം തകര്‍ന്നിരിക്കുമ്പോഴാണ് നതാഷയെ കാണുന്നത്.
2020-ലെ പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ ഒരു യാട്ടില്‍ വെച്ചാണ് ഹാര്‍ദിക് നതാഷയെ പ്രൊപോസ് ചെയ്യുന്നത്. തികച്ചും ഒരു ബോളിവുഡ് സ്റ്റൈലിലുള്ള പ്രൊപ്പോസല്‍. പൂക്കളും കേക്കും അതിന് മനോഹാരിത പകര്‍ന്നു. അതേവര്‍ഷം മേയ് 31-ന് ലളിതമായ ചടങ്ങുകളോടെ അവര്‍ വിവാഹിതരായി. കോവിഡ് സമയമായതുകൊണ്ട് ആഘോഷമാക്കാന്‍ പറ്റിയില്ല. പകരം രജിസ്റ്റര്‍ വിവാഹം ചെയ്തു, വീട്ടില്‍വെച്ച് ചെറിയൊരു ചടങ്ങും. ജൂലായില്‍ നതാഷ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി.
2023-ല്‍ ഇവര്‍ വീണ്ടും ആഘോഷപൂര്‍വം വിവാഹിതരായി. വാലന്റൈന്‍സ് ദിനത്തില്‍ ഉദയ്പുരില്വെച്ചായിരുന്നു ഹിന്ദു-ക്രിസ്ത്യന്‍ രീതികളിലുള്ള വിവാഹം. ആഡംബരവിവാഹത്തോടനുബന്ധിച്ച് ഇരുവരും ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. അതില്‍ പാണ്ഡ്യ പറയുന്നതിങ്ങനെ, ''നതാഷയുടെ സാന്നിധ്യം എന്റെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ജീവിതത്തില്‍ പലതും നേടാന്‍ പഠിപ്പിച്ചു. എങ്ങനെയാണ് ഓരോ പ്രശ്നങ്ങളും പരിഹരിക്കേണ്ടതെന്ന് അവള്‍ക്കറിയാം. എനിക്ക് കൂടുതല്‍ ക്ഷമയുമുണ്ടായി. കാരണം, നതാഷയ്ക്കൊപ്പം ജീവിക്കാന്‍ നല്ല ക്ഷമ വേണം''.
Content Highlights: who is natasa stankovic?
Published: 19 Jul 2024, 11:13 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented