"ഞാൻ പൊസസീവ് ആണ്. ഞാൻ നിന്നെ മറ്റൊരാളുമായി പങ്കുവെക്കില്ല. നീ എനിക്കുള്ളതാണ്," ഹൃദയത്തിന്റെ ഇമോജികളോടുകൂടിയുള്ള ഈ സന്ദേശം അടുത്ത ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. നടി തൃഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത സ്റ്റോറിയാണിതെന്നാണ് പലരും പറയുന്നത്. നടൻ വിജയും ഭാര്യ സംഗീതയും വേർപിരിയുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് സന്ദേശവും പ്രചരിച്ചത്. സംഗീതയുടെ പിറന്നാൾ ദിവസമാണ് ഈ പോസ്റ്റ് പങ്കുവെച്ചതെന്നും അതല്ല, വിവാഹവാർഷികദിനത്തിലാണ് ചെയ്തതെന്നും പ്രചരിച്ചു.

എന്നാൽ, സന്ദേശം ഒറിജിനലാണോയെന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായിരുന്നു. പോസ്റ്റ് സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, ഇത് തൃഷയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ളതല്ലെന്ന് ആളുകൾക്ക് മനസ്സിലായി. പോസ്റ്റിലെ പേര് ഒരു ഫാൻ പേജിന്റേതാണ് (fan page), തൃഷയുടേതല്ല. വിശ്വസനീയമായ വാർത്താ സ്രോതസ്സുകളിൽ നിന്ന് തൃഷ ഈ പോസ്റ്റ് പങ്കിട്ടതായി തെളിവുകളൊന്നും ലഭ്യവുമല്ല. അതുകൊണ്ടുതന്നെ പോസ്റ്റ് വ്യാജമാണെന്നാണ് കണ്ടെത്തൽ.

അതേസമയം, മുമ്പ് ഒരു പരിപാടിയിൽ വെച്ച്, വിജയ്‌യുമായുള്ള തന്റെ ഊഷ്മളമായ ബന്ധത്തെക്കുറിച്ച് തൃഷ കൃഷ്ണൻ പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വളരെ സ്നേഹത്തോടെ വിജയ്‌യെ "തൻ്റെ വീട്" എന്നാണ് തൃഷ വിശേഷിപ്പിക്കുന്നത്. ഇത് ഇരുവരും തമ്മിൽ ആഴത്തിൽ ബന്ധമുണ്ടെന്നതിന്റെ സൂചനയാണെന്ന് പലരും പറയുന്നു. ക്ലിപ്പ് വ്യാപകമായി പ്രചരിച്ചതോടെ തൃഷയ്ക്കെതിരേ സോഷ്യൽ മീഡിയയിൽ വലിയ ആക്രമണവുമുണ്ടായി.

ഹോം എന്ന് വിളിച്ച് ഹോംബ്രേക്കറായെന്ന് വലിയൊരു കൂട്ടം ആളുകൾ തൃഷയെ പരിഹസിച്ചു. വെറുമൊരു ഉപമയാവാം ഇതെന്നും സെലിബ്രിറ്റികൾ പരസ്പരം അഭിസംബോധന ചെയ്യാൻ സാധാരണയായി പറയുന്ന വാക്കുകളാണിതെന്നും തൃഷയെ അനുകൂലിക്കുന്നവർ പറയുന്നു.

വിവാദങ്ങൾക്കിടെ തൃഷ വിജയ്‌യെ അൺഫോളോ (unfollow) ചെയ്തതായും ചില ആരാധകർ പറയുന്നു. തൃഷ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ പട്ടികയിൽ വിജയ് ഇല്ല. അതേസമയം, വിജയ് തൃഷയേയും പിന്തുടരുന്നില്ല. ഇത് ഇപ്പോൾ അൺഫോളോ ചെയ്തതല്ലെന്നും നേരത്തേ തന്നെ ഇരുവരും പരസ്പരം ഇൻസ്റ്റയിൽ പിന്തുടരുന്നില്ലെന്നുമാണ് ചിലർ വാദിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi