സിനിമയും രാഷ്ട്രീയവും വളരെയധികം ഇഴചേർന്നുകിടക്കുന്ന തമിഴ്നാട്ടിൽ ജനപ്രീതിയുള്ള സിനിമാതാരങ്ങൾ രാഷ്ട്രീയവും ഒന്നു പയറ്റിനോക്കാൻ പൊതുവേ താത്പര്യം പ്രകടിപ്പിക്കാറുണ്ട്. എംജിആർ, ജയലളിത, കമലഹാസൻ, വിജയകാന്ത്, വിജയ് തുടങ്ങിയവർ അത്തരത്തിൽ രാഷ്ട്രീയത്തിലേക്ക് കടന്നവരാണ് (Tamil Nadu Politics). തമിഴ്നാട് 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെ, നടി തൃഷാ കൃഷ്ണന്റെ പഴയൊരു അഭിമുഖം ശ്രദ്ധ നേടുകയാണ്. 2004-ൽ, താരമായി വളർന്നു വരുന്ന കാലത്ത്, തമിഴ്‌നാട് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു എന്ന് തൃഷ വെളിപ്പെടുത്തിയിരുന്നു. നടൻ വിജയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സംസ്ഥാനരാഷ്ട്രീയത്തിൽ അപ്രതീക്ഷിതമായി തൃഷയുടെ പേര് ഉയർന്നുവരുമ്പോൾ, വൈകാതെ അവരും രാഷ്ട്രീയത്തിലെക്കെത്തുമോയെന്നാണ് പലരും ഉറ്റുനോക്കുന്നത്. 

മോഡലിങ് ലോകത്തെ തിളക്കമാർന്ന പ്രകടനത്തിനുശേഷം പരസ്യ ചിത്രസംവിധായകരുടെ പ്രിയങ്കരിയായി മാറിയ വ്യക്തിയാണ് തൃഷ. പിന്നീട് തമിഴ് സിനിമാലോകത്ത് ഉയരങ്ങൾ കീഴടക്കിത്തുടങ്ങി. ഭാവിയെക്കുറിച്ചും 'ബക്കറ്റ് ലിസ്റ്റിൽ' ഇനിയെന്താണ് ഉള്ളതെന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ചോദിച്ചു. അടുത്ത ദശകത്തിൽ താൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു എന്ന് തൃഷ പ്രതികരിച്ചു. "എനിക്ക് തമിഴ്‌നാട് മുഖ്യമന്ത്രിയാകണം. സത്യം! കാത്തിരുന്ന് കാണുക; അടുത്ത 10 വർഷത്തിനുള്ളിൽ ഞാനത് നേടും"- ചിരിച്ചുകൊണ്ട് അവർ സൺ ടിവിയോട് പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയായാൽ എന്തു ചെയ്യുമെന്നു ചോദിച്ചപ്പോൾ, "ആദ്യം നിങ്ങൾ എല്ലാവരും വോട്ട് ചെയ്ത് എന്നെ തിരഞ്ഞെടുക്കൂ, എന്നിട്ട് ഞാൻ പറയാം" എന്നും താരം പ്രതികരിച്ചു.

തമാശയായിട്ടാണ് തൃഷ അന്നത് പറഞ്ഞതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അൽപം പ്രാധാന്യത്തോടെയാണ് പലരുമതിനെ കാണുന്നത്. തൃഷയും വിജയ്‌യും ഒരുമിച്ചായിരുന്നു എന്നും പിന്നീടാണ് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നുമുള്ള ഗോസിപ്പുകൾ ഈ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ അടുത്തിടെ വിജയ്‌യെയും തൃഷയേയും ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു, തൃഷ ഇതിനെ ശക്തമായി വിമർശിക്കുകയും ചെയ്തു. തന്റെ സ്വകാര്യ ജീവിതത്തെ പൊതുവേദിയിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പ്രതികരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. 

വിവാഹത്തെപ്പറ്റി തൃഷ മുമ്പു നടത്തിയ പരാമർശവും ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

"വിവാഹത്തിൽ എനിക്ക് വിശ്വാസമില്ല. അത് സംഭവിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല." എന്നായിരുന്നു ഒരു അഭിമുഖത്തിൽ അവർ പറഞ്ഞത്. പൊന്നിയിൻ സെൽവൻ 2 സിനിമയുടെ പ്രചാരണത്തിനിടെയും, തൃഷ വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് ശേഷം കൂട്ടുകാർ വിവാഹമോചിതരാകുന്നതിനെക്കുറിച്ചും അവർ വിശദീകരിച്ചു.

"ഞാൻ ആർക്കൊപ്പമാണ് ജീവിക്കുന്നത്, ആരെയാണ് കണ്ടുമുട്ടുന്നത് എന്നതിനെയാണ് ഇതെല്ലാം ആശ്രയിച്ചിരിക്കുന്നത്. ജീവിതകാലം മുഴുവൻ ഈ വ്യക്തിയോടൊപ്പം ജീവിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നണം. വിവാഹം കഴിക്കുമ്പോൾ വിവാഹമോചനം നേടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചുറ്റും ധാരാളം ദമ്പതികൾ അവരുടെ വിവാഹത്തിൽ സന്തോഷമില്ലാതെ കഴിയുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയൊരു വിവാഹത്തിലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi