
ഇരുപതാം നൂറ്റാണ്ടിന്റെ സാഹിത്യത്തെയും ബൗദ്ധികതയെയും ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരിയാണ് വിര്‍ജിനിയ വുള്‍ഫ്. ആണ്‌കോയ്മ നിലനിന്ന സാഹിത്യലോകത്തിലേക്ക് കടന്നുവരികയും അവിടെ കാലാതിവര്‍ത്തിയായ കലാമുദ്ര പതിപ്പിക്കുകയും ചെയ്ത പ്രതിഭ. വിര്‍ജിനിയയുടെ കലപോലെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് പുഴയിലേക്ക് നടന്നുമറഞ്ഞ അവരുടെ മരണവും. സംഭവബഹുലമായ ആ ജീവിതത്തിലെ വലിയൊരു ഏടാണ് അവര്‍ക്കുണ്ടായിരുന്ന സ്വവര്‍ഗാനുരാഗം.
1912-ലായിരുന്നു വിര്‍ജിനിയയുടെ വിവാഹം. എന്തുകൊണ്ടും വിര്‍ജിനിയയ്ക്ക് അനുയോജ്യനായിരുന്ന പങ്കാളിയായിരുന്നു എഴുത്തുകാരനായ ലിയോണാള്‍ഡ് വുള്‍ഫ്. പങ്കാളിയുടെ സ്വാതന്ത്ര്യത്തിലോ എഴുത്തിലോ അദ്ദേഹം കൈകടത്തിയില്ല. വിര്‍ജിനിയയുടെ സൗഹൃദങ്ങളിലും ഇടപെട്ടിട്ടില്ല.

1922-ലാണ് വിര്‍ജിനിയ എഴുത്തുകാരിയായ വീറ്റ സാക്കവില്ലെ വെസ്റ്റിനെ പരിചയപ്പെടുന്നത്. സമൂഹത്തിലെ ലിംഗ അസമത്വത്തില്‍ അതൃപ്തരായിരുന്നു ഇരുവരും. സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങളെയും അധികാരത്തെയും ഒരുപോലെ നേടിയെടുക്കാന്‍ കൊതിച്ചവര്‍. അവര്‍ക്കിടയിലെ സൗഹൃദം വളരെ പെട്ടെന്നാണ് വളര്‍ന്നത്.
വീറ്റയും വിവാഹിതയായിരുന്നു. വിര്‍ജിനിയയെക്കാള്‍ പത്ത് വയസ്സിനു ചെറുപ്പമായിരുന്നു, പ്രഭു കുടുംബത്തില്‍ പിറന്ന വിറ്റ. ഹാരോള്‍ഡ് നിക്കോള്‍സണ്‍ എന്ന നയതന്ത്രജ്ഞനുമായിട്ടായിരുന്നു 1913-ല്‍ വീറ്റയുടെ വിവാഹം. 1917-ല്‍ വീറ്റ പ്രണയിനിയായ വയലറ്റിനൊപ്പം നാടുവിട്ടു. രണ്ടുവര്‍ഷത്തോളം വയലറ്റും വീറ്റയും ആര്‍ക്കും പിടികൊടുക്കാതെ യൂറോപ്പില്‍ കഴിഞ്ഞു. അപ്പോഴേക്കും സ്വാധീനവും സാമ്പത്തികശേഷിയുമുള്ള അവരുടെ കുടുംബങ്ങള്‍ അവരെ കണ്ടെത്തി തിരിച്ചുകൊണ്ടുവന്നു. പിന്നീട് വീറ്റയുടെ ഭര്‍ത്താവായ ഹാരോള്‍ഡും സ്വവര്‍ഗാനുരാഗബന്ധത്തില്‍ പിടിക്കപ്പെട്ടു.
പതിയെയാണ് വീറ്റയും വിര്‍ജിനിയയും തമ്മിലുണ്ടായിരുന്ന ചങ്ങാത്തം പ്രണയമായി മാറുന്നത്. ലണ്ടനിലെ ഡിന്നര്‍ പാര്‍ട്ടികള്‍ക്കിടയിലെ നിരന്തര കണ്ടുമുട്ടലുകള്‍ ആ ബന്ധത്തിന് അടിത്തറയേകി. നൂറുകണക്കിന് പ്രണയലേഖനങ്ങള്‍ അവര്‍ പരസ്പരം എഴുതി. അതിതീവ്രമായ വൈകാരികബന്ധമാണ് അവര്‍ക്കിടയില്‍ ഉണ്ടായിരുന്നത്.
ഈ ബന്ധം ഇരുവരുടെയും പങ്കാളിമാര്‍ക്ക് അറിയാമായിരുന്നു. പക്ഷേ ഇരുവര്‍ക്കും എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് കൂടുതല്‍ അറിയപ്പെടുന്നതും വായിക്കപ്പെടുന്നതും വിര്‍ജിനിയ ആണെങ്കിലും അന്ന് വിപണിമൂല്യമുണ്ടായിരുന്നത് വീറ്റയുടെ പുസ്തകങ്ങള്‍ക്കാണ്. തന്റെ പുസ്തകം വുള്‍ഫിന്റെ താരതമ്യേന അപ്രസക്തമായ പ്രസ്സില്‍ അച്ചടിപ്പിക്കാന്‍ വീറ്റ തയ്യാറായി. ആ പുസ്തകങ്ങളുടെ വിജയം വിര്‍ജിനിയയ്ക്കും നേട്ടമായി.

വിര്‍ജിനിയയുടെ എഴുത്ത് അന്നത്തെ വായനക്കാര്‍ക്കോ നിരൂപകര്‍ക്കോ വലിയ പ്രിയമായിരുന്നില്ല. ആഖ്യാനശൈലിയുടെ മുഖ്യധാരയില്‍ നിന്ന് മാറി സ്ട്രീം ഓഫ് കോണ്‍ഷ്യസ്‌നെസ് ശൈലിയാണ് വിര്‍ജിനിയ സ്വീകരിച്ചിരുന്നത്. പക്ഷേ വിര്‍ജിനിയ ഏറെ ആഘോഷിക്കപ്പെടുന്ന എഴുത്തുകാരിയാകുമെന്ന് വീറ്റയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഇപ്പോള്‍ ലാഭം നേടുന്നുണ്ടെങ്കിലും തന്റെ എഴുത്ത് കാലത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ കരുതി. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.
1928-ല്‍ വിര്‍ജിനിയ 'ഒര്‍ലാന്റോ' എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ജെന്റര്‍ മാറുന്ന നോവലിലെ കേന്ദ്രകഥാപാത്രം ഇരുപതാംനൂറ്റാണ്ടിന്റെ സാംസ്‌കാരികലോകത്തെ ഞെട്ടിച്ചു. വിര്‍ജിനിയയുടെ ഐക്കണ്‍ പദവി അവിടെ തുടങ്ങുകയായി. ഇംഗ്ലീഷിലെ ആദ്യ ട്രാന്‍സ് നോവല്‍ ആയി പുസ്തകം വിലയിരുത്തപ്പെടുന്നു. വീറ്റയാണ് പുസ്തകത്തിന് പ്രചോദനമായതെന്ന് തന്റെ ഡയറിയില്‍ വിര്‍ജിനിയ കുറിച്ചിട്ടുണ്ട്. അവരുടെ അനുവാദം വാങ്ങിയിട്ടാണ് വിര്‍ജിനിയ പുസ്തകം അച്ചടിച്ചതും.
വര്‍ഷങ്ങള്‍ക്ക് ശേഷം വിര്‍ജിനിയയുടെയും വീറ്റയുടെയും പ്രണയലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എഴുത്തും ജീവിതവും പ്രണയവും സമൂഹവും കടന്നുവരുന്ന ആ കത്തുകള്‍ വായിക്കപ്പെട്ടു. അവരുടെ വാക്കുകള്‍ ഇഴകീറി പഠിക്കപ്പെട്ടു. ലൈംഗികതയും സ്വത്വവും നിരന്തരം ചര്‍ച്ചയാകുന്ന പുതിയലോകത്തിന് വഴിവെട്ടമാകും അവരുടെ കത്തുകള്‍.
Content Highlights: the queer relationship between modern writers virgina woolf and vita sackville west
Published: 28 Mar 2025, 04:44 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented