സാമൂഹിക,മത,രാഷ്ട്രീയ അതിരുകളെ വെല്ലുവിളിക്കുന്ന ആശയങ്ങളെ അടിച്ചമര്‍ത്താനായി പലപ്പോഴും പുസ്തകങ്ങള്‍ നിരോധിക്കാറുണ്ട്. ആക്ഷേപകരമായ ഭാഷ, വിവാദപരമായ പരാമര്‍ശങ്ങള്‍, ധാര്‍മികമൂല്യങ്ങള്‍ക്ക് ഭീഷണിയെന്ന് കരുതപ്പെടുന്ന ആശയങ്ങള്‍ എന്നീ കാരണങ്ങളാണ് ന്യായമായി പറയാറുള്ളത്. ഇങ്ങനെ തമസ്‌കരിക്കാന്‍ ശ്രമിച്ച പല പുസ്തകങ്ങളും പില്‍ക്കാലത്ത് ക്ലാസ്സിക് പദവി സ്വന്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പെടുന്നതാണ് ലൂയിസ് കാരോളിന്റെ ‘ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’. 1865-ല്‍ പുറത്തുവന്ന ഈ പുസ്തകം ലോകത്തിന്റെ നാനാകോണുകളില്‍ വിമര്‍ശിക്കപ്പെടുകയും നിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
മുയലിന്റെ മാളത്തില്‍ നിന്ന് ഭാവനയുടെ അതിശയലോകത്തേക്ക് വീഴുന്ന ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവല്‍ പറയുന്നത്. ജിജ്ഞാസുവായ ആലീസ്, വികൃതിയായ ചെഷയര്‍ പൂച്ച, ഭ്രാന്തന്‍ മാഡ് ഹാറ്റര്‍, ഹൃദയങ്ങളുടെ രാജ്ഞി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. മാജിക്കിന്റെ താന്ത്രികളില്‍ കുരുങ്ങിക്കിടക്കുന്ന കഥാസന്ദര്‍ഭങ്ങള്‍. ഈ മാന്ത്രികത തന്നെയാണ് പുസ്തകത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായതും. മതവിരുദ്ധമായിട്ടാണ് മാജിക്കിനെ കണ്ടിരുന്നത്. മനുഷ്യന്‍ അതീന്ദ്രിയശക്തികള്‍ നേടുന്നത് ദൈവനിഷേധമായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ പുസ്തകം വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു.
ആലീസിന്റെ വളര്‍ച്ചയാണ് പുസ്തകത്തിന്റെ പ്രമേയം. എന്നാല്‍ പുസ്തകത്തില്‍ പറയുന്ന മൂല്യങ്ങളും ആശയങ്ങളും കുട്ടികള്‍ക്ക് ദഹിക്കുന്നതല്ല എന്നൊരു ആരോപണം ഉണ്ടായി. കുട്ടികളില്‍ റിബല്‍ സ്വഭാവം കുത്തിവെക്കുന്നതാണ് കഥയെന്ന് വിമര്‍ശനമുണ്ടായി. എന്നാല്‍ പുസ്തകം നിരോധിക്കപ്പെട്ടത് ഗൗരവമായ മറ്റ് വിമര്‍ശനങ്ങളുടെ പേരിലാണ്.
അമേരിക്കയിലെ ന്യൂ ഹാംഷെയറിലാണ് പുസ്തകം ആദ്യം നിരോധിക്കപ്പെടുന്നത്. അങ്ങേയറ്റം ഗുരുതരമായ കുറ്റങ്ങളാണ് പുസ്തകത്തിനുമേല്‍ ആരോപിക്കപ്പെട്ടത്. പുസ്തകം കുട്ടികളില്‍ അതിലൈംഗികചോദന വളര്‍ത്തും എന്നതായിരുന്നു അതിലൊന്ന്. പുസ്തകത്തിലെ പല സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ദ്വയാര്‍ഥങ്ങള്‍ ഉള്ളവയാണെന്നും അതെല്ലാം ലൈംഗികസൂചനകളാണെന്നും വളച്ചൊടിക്കപ്പെട്ടു. പുസ്തകം ചെറിയ കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കും എന്നുവരെ നീണ്ടു ആരോപണങ്ങളുടെ നിര. കരോളിനെ പീഡോഫൈല്‍ എന്ന് പരോക്ഷമായി ആക്ഷേപിക്കാനും വിമര്‍ശകര്‍ മറന്നില്ല.
1931-ലാണ് പുസ്തകം ചൈനയില്‍ നിരോധിക്കപ്പെടുന്നത്. അങ്ങേയറ്റം വിചിത്രമായിരുന്നു അതിനുള്ള ന്യായീകരണം. പുസ്തകത്തിലെ ജീവികള്‍ സംസാരിക്കുന്നു എന്നതായിരുന്നു കാരണം. മനുഷ്യനും മൃഗങ്ങള്‍ക്കും ഇത്തരത്തില്‍ ഒരേ സ്വഭാവ സവിഷേതകള്‍ ഉണ്ടെന്ന് പറയുന്നത് മനുഷ്യവര്‍ഗത്തെ അധിക്ഷേപിക്കലാണത്രെ. രണ്ടുകൂട്ടര്‍ക്കും ഒരു വില നല്‍കുന്നത് അപരാധമായാണ് ചൈനീസ് ഭരണകൂടം കണ്ടത്. പോരാത്തതിന് പുസ്തകം മുന്നോട്ടുവെക്കുന്ന പാശ്ചാത്യ ആശയങ്ങള്‍ ചൈനീസ് സംസ്‌കാരത്തിന് ഭീഷണിയാകുമെന്നും വിലയിരുത്തപ്പെട്ടു.
1960-ല്‍ അമേരിക്കയിലോട്ടാകെ പുസ്തകം സിലബസില്‍ നിന്ന് പുറത്തായി. ഇക്കുറി പുസ്തകം ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു കാരണം. കരോള്‍ പുസ്തകമെഴുതിയത് പോലും ഓപ്പിയം ഉപയോഗിച്ച ശേഷമാണ് എന്നൊരു ശ്രുതി പരന്നു. പക്ഷേ ഓരോ കാര്യങ്ങളും വിശദമായി കുറിച്ചിട്ടിരുന്ന കരോളിന്റെ ഡയറിയില്‍ ലഹരിയെപ്പറ്റി ഒരു വാക്ക് പോലും ഉണ്ടായിരുന്നില്ല.
പുസ്തകത്തിനുള്ളിലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന പല ഘടകങ്ങളും ഉണ്ടെന്ന് നിരീക്ഷിക്കപ്പെട്ടു. ഫിലോസഫറായ കാറ്റര്‍പില്ലര്‍ എന്നൊരു കഥാപാത്രത്തെ ആലീസ് കണ്ടുമുട്ടുന്നുണ്ട്. കാറ്റര്‍പില്ലര്‍ ഹുക്ക വലിക്കുമ്പോഴാണ് ആ കണ്ടുമുട്ടല്‍. കാറ്റര്‍പില്ലര്‍ ആലീസിനു ഒരു കൂണ്‍ കഴിക്കാന്‍ കൊടുക്കുന്നു. അത് കഴിച്ചതോടെ ആലീസിന് രൂപമാറ്റം വരുന്നതായും പറയുന്നുണ്ട്. മാഡ് ഹാറ്റര്‍ എന്ന കഥാപാത്രം നടത്തുന്ന ടീ പാര്‍ട്ടിയും പരാമര്‍ശിക്കുന്നുണ്ട്. അവിടെ കുടിക്കുന്ന ടീയും പ്രത്യേക മാജിക് ശക്തിയുള്ളതാണ്. ഇതെല്ലം ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതായാണ് അധികാരികള്‍ കണ്ടത്.
പുസ്തകം ധാരാളം മാനസികപ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഉന്നയിക്കപ്പെട്ടു. കഥാനായികയായ ആലീസിന് മതിഭ്രമം ആണെന്നാണ് ഒന്നാമത്തെ ആരോപണം. അതുകൊണ്ട് മായയാണ് അവളുടെ ലോകമെന്നാണ് അനുമാനം. വൈറ്റ് റാബിറ്റിന്റെ വെപ്രാളം ഉത്കണ്ഠാരോഗമായി വ്യാഖ്യാനിക്കപ്പെട്ടു. ചെഷയര്‍ കാറ്റ് ആത്മരതിയില്‍ ജീവിക്കുന്നയാളായും സ്‌കീസോഫ്രീനിയയുടെ അടിമയായും കണക്കാക്കപ്പെട്ടു.
കാലം ഏച്ചുകെട്ടിയ വിമര്‍ശനങ്ങളുടെ കുരുക്കില്‍ നിന്നും പുറത്തുവരാനുള്ള മാന്ത്രികത ആലീസിന്റെ അദ്ഭുതലോകത്തിനുണ്ടായിരുന്നു. ലോകസാഹിത്യത്തിലെ ഒന്നാം നമ്പര്‍ ബാലസാഹിത്യകൃതിയായി ഇന്ന് ഈ പുസ്തകം പ്രകീര്‍ത്തിക്കപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Alice in Wonderland faced bans due to allegations of sexual innuendo, drug references, and corrupting influence on children. Learn its history.
Published: 05 Jul 2025, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented