ഉയർച്ച താഴ്ചകൾ കണ്ട കരിയറാണ് സഞ്ജു സാംസണിന്റേത്. പ്രതിഭ കൊണ്ടും പരിശ്രമം കൊണ്ടും ശ്രദ്ധേയനാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. 2026 ടി20 ലോകകപ്പിലെ മിന്നൽ പ്രകടനത്തിലൂടെ മലയാളികളുടെ അഭിമാനമായി തീർന്ന തിരുവനന്തപുരത്തുകാരൻ. ടീം കപ്പുയർത്തിയതിൽ സഞ്ജുവിന്റെ പങ്ക് നിസ്തുലമാണ്. സഞ്ജുവിന്റെ ഇടിവെട്ട് ബാറ്റിംഗ്‌പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ പ്രണയജീവിതവും. പ്രണയിനിയായ ചാരുലതയുമായി 8 വർഷം മുൻപായിരുന്നു സഞ്ജുവിന്റെ വിവാഹം.
തിരുവനന്തപുരത്തെ മാർ ഇവാനിയസ് കോളേജിലെ ബിരുദപഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പരിചയമുണ്ടായിട്ടും തമ്മിൽ സംസാരമുണ്ടായില്ല. അതിന് തുടക്കമിടുന്നത് സഞ്ജുവാണ്, ഫേസ്ബുക്കിലെ ഒരു മെസേജിലൂടെ. പക്ഷേ, കാത്തിരുന്നിട്ടും ചാരുലതയുടെ മറുപടി വന്നില്ല. ക്ഷമ നശിച്ച് നേരിട്ട് സംസാരിക്കാൻ സഞ്ജു തീരുമാനിച്ചു. ആ വർത്തമാനം ഒരു സൗഹൃദത്തിന് തുടക്കമിട്ടു. അത് പതിയെ പ്രണയമായി വളർന്നു. ബിരുദം പൂർത്തിയാക്കി ചാരുലത ചെന്നൈയിലെ ലയോള കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. സഞ്ജു ക്രിക്കറ്റിന്റെ ലോകത്ത് സ്വന്തം വഴിവെട്ടി.
2014-ൽ ക്രിക്കറ്റ് അരങ്ങേറ്റം. പക്ഷേ, തുടർന്നുള്ള നാല് വർഷങ്ങൾ സഞ്ജുവിന് ഭാഗ്യക്കേടിന്റേതായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ എത്തിപ്പിടിക്കാനായില്ല. ആശങ്കയുടെ വക്കോളമെത്തിയ നാളുകൾ. പിടിച്ചുനിർത്തിയത് ആഭ്യന്തര ക്രിക്കറ്റിലെയും ഐ.പി.എല്ലിലെയും തകർപ്പൻ പ്രകടനങ്ങളാണ്. പക്ഷേ, അതേ മികവ് വമ്പൻ കളികളിൽ പുറത്തെടുക്കാനായില്ല. എന്നിട്ടും സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന്റെ തിരക്കുകൾക്കും പ്രതിസന്ധികൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലൂടെ അവരുടെ പ്രണയം മുന്നോട്ടുപോയി.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ഡിസംബർ 22-ന് കോവളത്തു വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടുപേരും വ്യത്യസ്ത മതക്കാരായതിനാൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടത്തിയത്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങ്. പക്ഷേ, റിസപ്ഷൻ ഗംഭീരമായിരുന്നു. കായികലോകത്തെയും സിനിമാലോകത്തെയും രാഷ്ട്രീയത്തിലെയും പ്രമുഖർ വിരുന്നിനെത്തി. ദേശീയമാധ്യമങ്ങളടക്കം ചടങ്ങിന് കവറേജ് നൽകി. സഞ്ജു അപ്പോഴേക്കും രാജ്യത്തിന്റെ സ്വത്തായി മാറിയിരുന്നു.
ക്രിക്കറ്റിന്റെ ഗ്ലാമർ വെളിച്ചത്തിൽ സഞ്ജുവിനെ അധികം കാണാറില്ല. വ്യക്തിജീവിതത്തെ തന്റെ തിരക്കുകളിൽ നിന്ന് മാറ്റിനിർത്തുന്ന സഞ്ജു സോഷ്യൽ മീഡിയയിലും അത്ര സജീവമല്ല. സ്വകാര്യതയ്ക്ക് വലിയ വില കല്പിക്കുന്നു ചാരുലതയും. എങ്കിലും ഇടയ്‌ക്കൊക്കെ ഇരുവരെയും സോഷ്യൽമീഡിയയിൽ ഒരുമിച്ച് കാണാൻ കിട്ടാറുണ്ട് ആരാധകർക്ക്.
Content Highlights: the love story of sanju samson and charulatha
Published: 09 Mar 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented