ഇന്ത്യ കണ്ട ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രമാണ് 'മദര്‍ ഇന്ത്യ' സിനിമയിലെ നര്‍ഗീസ് കഥാപാത്രം. അക്കാലത്ത് ഏറ്റവും ചെലവ് മുടക്കി നിര്‍മിച്ചതും ഏറ്റവും പണം വാരിയതുമായ സിനിമ. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ ഒരു ദുരന്തത്തില്‍ നിന്നാണ് സുനില്‍ ദത്ത്- നര്‍ഗീസ് പ്രണയകഥയുടെ തുടക്കം.

To advertise here,

ഗുജറാത്തിലായിരുന്നു 'മദര്‍ ഇന്ത്യ' സിനിമയുടെ ചിത്രീകരണം. നര്‍ഗീസാണ് മുഖ്യ വേഷത്തില്‍. നര്‍ഗീസിന്റെ മകനായി അഭിനയിക്കുന്നത് സുനില്‍ ദത്ത്. വൈക്കോല്‍ കൂനയ്ക്ക് മേല്‍ തീ പടരുന്നതാണ് ഷൂട്ട് ചെയ്യുന്നത്. പക്ഷേ തീ നിയന്ത്രിക്കാന്‍ പറ്റാത്തവിധം പടര്‍ന്നു. സെറ്റിലുള്ളവര്‍ നെട്ടോട്ടമായി. ആര്‍ക്കും തീയണക്കാന്‍ പറ്റുന്നില്ല. നര്‍ഗീസ് തീയ്ക്ക് നടുവില്‍ പെട്ടുപോയി. അവര്‍ക്ക് പുറത്തേക്ക് കടക്കാനാകുന്നില്ല. 

placeholder
'മദർ ഇന്ത്യ' പോസ്റ്റർ/Wikipedia

നര്‍ഗീസിന്റെ അവസ്ഥ കണ്ട എല്ലാവര്‍ക്കും സഹായിക്കാന്‍ വെമ്പലുണ്ട്. പക്ഷേ, തീ ശക്തമായി ആളിപ്പടരുന്നതിനിടെ എന്ത് ചെയ്യാന്‍ പറ്റും.. സുനില്‍ ദത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ തീയിലേക്ക് എടുത്തുചാടി. നര്‍ഗീസിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. സുനിലിന്റെ നിസ്വാര്‍ഥമായ ആ രക്ഷപ്പെടുത്തല്‍ ക്യാമറക്കണ്ണില്‍ പതിയുന്നുണ്ടായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ആ ദൃശ്യങ്ങള്‍ ഇന്നും ലഭ്യമാണ്.

placeholder
സുനിൽ ദത്ത് 

ആ സാഹസത്തിന് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്. സുനിലിന് ദേഹമാസകലം പൊള്ളലേറ്റു. ഏതാനും ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. കുറച്ച് ദിവസത്തേക്ക് ഷൂട്ടിങ്ങും മുടങ്ങി. സ്വന്തം ജീവന്‍ വകവെക്കാതെ തനിക്കായി തീയിലേക്ക് ചാടിയ സുനില്‍ നര്‍ഗീസിന്റെ വീരനായകനായി. കേവലം സഹപ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും അവരുടെ ബന്ധം വളര്‍ന്നു. സുനിലും നര്‍ഗീസും പ്രണയത്തിലാകാന്‍ അധികം താമസമുണ്ടായില്ല.

നടന്‍ രാജ് കപൂറുമായി ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നു നര്‍ഗീസ്. പക്ഷേ, രാജ് കപൂര്‍ വിവാഹിതനായിരുന്നു. നര്‍ഗീസിന് പ്രണയവാഗ്ദാനം നല്കാന്‍ മടി കാണിക്കാത്ത രാജ് അവര്‍ക്കായി മറ്റൊന്നും ത്യജിക്കാന്‍ ഒരുക്കമായിരുന്നില്ല. ഭാര്യയില്‍ നിന്നും വിവാഹമോചനം നേടാന്‍ രാജ് തയ്യാറാകില്ല എന്ന ഉറപ്പായതോടെ നര്‍ഗീസ് ആ ബന്ധത്തിനോട് വിട പറയുകയായിരുന്നു. കടുത്ത വിഷാദത്തിലായിരുന്നു അതിനുശേഷം നര്‍ഗീസ്. അപ്പോഴാണ് സുനില്‍ ദത്ത് അവരുടെ ജീവിതത്തിലേക്ക് പ്രണയത്തീയായി കടന്നുവന്നത്.

placeholder
നർഗീസ്, രാജ് കപൂർ 

1958-ല്‍ സുനിലും നര്‍ഗീസും വിവാഹിതരായി. ബോളിവുഡിലെ ഏറ്റവും ആരാധ്യരായ ദമ്പതികളായിരുന്നു അവര്‍. സഞ്ജയ്, പ്രിയ, നമ്രത എന്നിങ്ങനെ മൂന്നുമക്കള്‍. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച് തന്റെ അന്‍പത്തിരണ്ടാം വയസ്സില്‍ നര്‍ഗീസ് ലോകത്തോട് വിട പറഞ്ഞു. നര്‍ഗീസില്ലാതെ ഇരുപത്തിനാല് വര്‍ഷം കൂടി സുനില്‍ ദത്ത് ജീവിച്ചിരുന്നു.
രണ്ടാമതൊരു വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. 2005-ല്‍ എഴുപത്തിയഞ്ചാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ താരജോഡി തകര്‍ത്തഭിനയിച്ച 'ഓം ശാന്തി ഓം' എന്ന സിനിമയില്‍ ഒരു രംഗമുണ്ട്. നായിക ഷൂട്ടിങ്ങിനിടെ തീയ്ക്ക് നടുവില്‍ പെട്ടുപോകുന്നതും നായകന്‍ രക്ഷിക്കുന്നതുമായ ഒരു രംഗം. നര്‍ഗീസ്- സുനില്‍ പ്രണയത്തില്‍ നിന്നും പ്രചോദിതമാണ് ആ രംഗമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ പ്രമോഷന് ഈ സംഭവകഥ വലിയ സഹായവുമായിരുന്നു.