പ്രണയത്തിൽ ഒരാളെ ചതിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നടിയും മോഡലും പാട്ടുകാരിയുമായ ഷെഹ്നാസ് ഗിൽ. തനിക്ക് സ്നേഹമോ പരിഗണനയോ കിട്ടാത്തതുകൊണ്ട് ഒരാളെ ചതിച്ചിട്ടുണ്ടെന്നാണ് ഷെഹ്നാസ് പറയുന്നത്. ബന്ധങ്ങളിലെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും സംസാരിച്ച താരം, സ്ത്രീയും പുരുഷനും സാമ്പത്തികമായി തുല്യരായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.

ചതിയെപ്പറ്റി ചോദിച്ചപ്പോൾ ഷെഹ്നാസിന്റെ മറുപടി ഇങ്ങനെയായിരുന്നു- "ഞാൻ ചെയ്തിട്ടുണ്ട്. പ്രണയത്തിൽ. അല്ലാതെ മറ്റൊന്നിലുമല്ല. ഞങ്ങളുടെ വൈബ് ചേരാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്. നമ്മൾ ഒരാളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുമ്പോൾ, അവരത് നിറവേറ്റാതിരിക്കുമ്പോൾ... എനിക്ക് അത്തരം പ്രതീക്ഷകളുണ്ട്. എപ്പോഴും കൊടുത്തുകൊണ്ടിരിക്കാനാവില്ല. കൊടുക്കൽ വാങ്ങലുകളിലാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് അത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ, ഞാൻ ബന്ധം അവസാനിപ്പിക്കും, മറ്റൊരാളിൽ നിങ്ങൾക്ക് അത്രയധികം നിക്ഷേപിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് സമയം പാഴാക്കലാണ്"

ഒരു സ്ത്രീ സ്നേഹത്തിന് പകരമായി സ്നേഹം ആഗ്രഹിക്കുന്നുവെന്നും ഷെഹ്നാസ് പറഞ്ഞു. ഒരാൾക്ക് നിങ്ങളെ സ്നേഹിക്കാനാവുന്നില്ലെങ്കിൽ പിന്നെ എന്തർഥമാണുള്ളത്? എൻ്റെ പങ്കാളി മനസ്സിലാക്കണം, തുറന്ന ചിന്താഗതിയും സ്വാതന്ത്ര്യവും വേണം. എനിക്ക് എൻ്റേതായ ഇടം നൽകണം. പരസ്പരം ഞങ്ങളുടെ ജോലികൾ കാണിക്കാനും അഭിനന്ദിക്കാനും കഴിയണം. ഫോണുകൾ മാറ്റിവെച്ച് പരസ്പരം സംസാരിക്കാനാവണം. ഒന്നിച്ച് യാത്ര ചെയ്യാനാവണമെന്നും അവർ പറഞ്ഞു.

എല്ലാ ബന്ധങ്ങളിലും പണം പങ്കുവെക്കുന്നതിൽ താൻ വിശ്വസിച്ചിരുന്നുവെന്നും ഷെഹ്നാസ് പറഞ്ഞു. ഉദാഹരണത്തിന്, ഒരു യാത്രയിലാണെങ്കിൽ, ബില്ലുകൾ പകുതിയായി പങ്കിടും. പുരുഷന്മാർക്ക് ഇതിലൊരു പ്രശ്നമുണ്ട്. 'എന്തിന് നിൻ്റെ പണം? എൻ്റെ പണം ചെലവഴിച്ചാൽ മതിയല്ലോ' എന്നവർക്ക് തോന്നും. എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു. സ്ത്രീക്ക് സ്വന്തമായി പണം ചെലവിടാനാവുമെന്നതിലെ അപകർഷതാബോധമാണോ? ഇത്തരം കാര്യങ്ങളിൽ എനിക്ക് നിർബന്ധമുണ്ട്." 

ഭാവി സുരക്ഷിതമാക്കാനുള്ള മാർഗമെന്ന നിലയിൽ പണം പ്രധാനമാണെന്നും ഷെഹ്നാസ് പറഞ്ഞു. വിവാഹം കഴിക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi