ഇക്കഴിഞ്ഞ ദിവസമാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചത്. വർഷങ്ങളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു അവർ. എല്ലാവരെയും സ്‌നേഹത്തോടെ ചേർത്തുപിടിച്ച, മക്കളെയെന്ന് വാത്സല്യത്തോടെ വിളിച്ച, അമ്മയാണ് യാത്രയാവുന്നത്. മകനെ അന്വേഷിച്ച് വീട്ടിലെത്തുന്നവരും മകന്റെ സുഹൃത്തുക്കളും അവർക്ക് മക്കളായിരുന്നു. മമ്മൂട്ടി എക്‌സിൽ കുറിച്ച ആ വാക്കുകളിൽ തന്നെ ആ അമ്മയുടെ സ്‌നേഹമുണ്ട്. ''നമുക്കെല്ലാവർക്കും വളരെ വേണ്ടപ്പെട്ട ആ ഒരാളുടെ വിയോഗത്തിൽ എന്റെ ഹൃദയത്തിന് ഏറെ ഭാരം തോന്നുന്നു''.
ശാന്തകുമാരിയമ്മയുടെ വിയോഗത്തിൽ കമൽഹാസൻ, ചിരഞ്ജീവി, ശിവരാജ്കുമാർ തുടങ്ങിയ താരങ്ങളും അനുശോചനമറിയിച്ചു. അതിനിടെ നടൻ അനൂപ് മേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. താൻ അവതാരകനായിരുന്ന സമയത്ത് ശാന്തകുമാരിയമ്മയെ അഭിമുഖം ചെയ്യാൻ പോയ ഓർമകളാണ് അദ്ദേഹം പങ്കുവെക്കുന്നത്.
''അമ്മ, ആ പേര് അവരുടെ മാത്രമായിരുന്നു. അവരെ കണ്ട, പരിചയപ്പെട്ട ഓരോരുത്തർക്കും 'മക്കളെ' എന്ന ഹൃദയസ്പർശിയായ വിളിയിലൂടെ അവർ അമ്മയായി. കൈരളി ടിവിയിൽ അമ്മയുടെ അഭിമുഖം എടുക്കുമ്പോഴാണ് ആദ്യമായി അമ്മയെ ഞാൻ കണ്ടുമുട്ടുന്നത്. അന്നെനിക്ക് 23 വയസ്സായിരുന്നു. മോഹൻലാൽ എന്ന മനുഷ്യനെ അന്നെനിക്ക് നേരിട്ട് പരിചയവുമില്ല. ഞാൻ ആ സൂപ്പർസ്റ്റാറിന്റെ വീട്ടിലേക്ക് അമ്മയോട് സംസാരിക്കാൻ പരിഭ്രാന്തിയോടെ ചെന്നു. ഞാൻ പേടിച്ച് വിറയ്ക്കുന്നുണ്ടായിരുന്നു, വയറ്റിൽ തീപിടിച്ച അവസ്ഥ. അപ്പോഴാണ് ഊഷ്മളമായ പുഞ്ചിരിയോടെയും ദയയുള്ള കണ്ണുകളോടെയും അവർ എന്റെ മുന്നിലേക്ക് വന്നത്. ആ നിമിഷ ആ വീട് എന്റേതുകൂടിയാണെന്ന് എനിക്ക് തോന്നി. എന്റെ കരിയറിൽ ആദ്യമായി ഒരു അവതാരകൻ എന്ന നിലയിൽ ഞാൻ ചോദ്യങ്ങൾ ചോദിക്കുകയല്ലായിരുന്നു. പകരം അമ്മ എന്നെക്കുറിച്ച് ചോദിച്ചു. അതിനിടയിൽ വളരെയടുത്ത ബന്ധുവിനോടെന്നപോലെ അവരുടെ ലാലുവിനെക്കുറിച്ചുള്ള കഥകൾ പറഞ്ഞു. അതിനിടയിൽ ഞങ്ങൾക്ക് ഉച്ചഭക്ഷണം നൽകി. ചായ കുടിക്കാൻ നിർബന്ധിച്ചു. അവിടുന്ന് ഇറങ്ങുമ്പോൾ എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകി അനുഗ്രഹിച്ചു, 'മോൻ സിനമേല് വരും കേട്ടോ' എന്ന് പറഞ്ഞു. ഒരു ദിവസത്തേക്ക് 200 രൂപ പ്രതിഫലം വാങ്ങുന്ന ഒരു നിർഭാഗ്യവാനായ 23 വയസ്സുള്ള ഒരു വ്യക്തിക്ക് അതൊരു പ്രതീക്ഷയുടെ വെളിച്ചമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഞാനവരുടെ മകനെ കണ്ടപ്പോൾ അവർ തന്റെ മകനും അതേ ഊഷ്മളത പകർന്നു നൽകിയെന്ന് എനിക്ക് മനസ്സിലായി. 'കനൽ' സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ അമ്മയുടെ അസുഖത്തെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു. അദ്ദേഹത്തെപ്പോലെ ഒരു അമ്മയെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരു മകനെ ഞാനിതുവരെ കണ്ടിട്ടില്ല. പക്ഷേ അത് നിങ്ങളുടെ നല്ല മനസ്സ് മാത്രമല്ല, ലാലേട്ടാ. മറിച്ച് അവർ നല്ലൊരു അമ്മയും വ്യക്തിയും കൂടി ആയതുകൊണ്ടാണ്''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Remembering Santhakumari Amma, Mohanlal`s mother, who touched lives with her warmth and motherly affection
Published: 31 Dec 2025, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented