രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹത്തിനു മുന്നോടിയായി നടന്ന സംഗീതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയ നിറയെ. അത്രയേറെ സന്തോഷത്തോടെ ഇരുവരും കുടുംബത്തിനൊപ്പം ആർത്തുല്ലസിക്കുന്ന ദൃശ്യങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഉദയ്പൂരിലെ ലളിതവും സ്വകാര്യവുമായ ചടങ്ങിലായിരുന്നു വിജയ്-രശ്മിക വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിലൊടുവിലാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ജീവിതത്തിൽ ഒന്നായിരിക്കുന്നത്.

ഒരിക്കലൊരു അഭിമുഖത്തിൽ, ഭാവിയിൽ അമ്മയാകുന്നതിനെക്കുറിച്ച് രശ്മിക ഊർജത്തോടെ സംസാരിച്ചിരുന്നു.

"ഞാൻ ഇപ്പോഴും അമ്മയായിട്ടില്ല, പക്ഷെ എനിക്ക് തോന്നുന്നു... എനിക്ക് കുട്ടികളുണ്ടാകുമെന്ന് എനിക്കറിയാം, അത് സംഭവിക്കും എന്നതിൽ ഞാൻ സന്തുഷ്ടയാണ്. ഇതുവരെ ജനിക്കാത്ത ഈ ചെറിയ മനുഷ്യരോട് എനിക്ക് ഇപ്പോൾ തന്നെ ശക്തമായ സ്നേഹം തോന്നുന്നു. അവർക്കായി എനിക്ക് എല്ലാം ചെയ്യണം. ഞാൻ അവരെ സുരക്ഷിതരാക്കാൻ ആഗ്രഹിക്കുന്നു. അവർക്കായി യുദ്ധത്തിനു പോകേണ്ടിവന്നാൽ അതിനായി ഞാൻ പ്രാപ്തയായിരിക്കണം. ഞാൻ ഇപ്പോൾ തന്നെ അതിനെപ്പറ്റി ചിന്തിക്കുന്നുണ്ട്" അവർ പറഞ്ഞു.

"നമ്മൾ ജീവിക്കണം; നമ്മൾക്ക് സ്വന്തമായി പണം വേണം. 30 മുതൽ 40 വയസ്സ് വരെ ഞാൻ ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോവുകയായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, അത് നടക്കുന്നുണ്ടെന്ന് ഞാനുറപ്പാക്കണം. 40-ന് ശേഷം, ഞാൻ അത്രയധികം ചിന്തിച്ചിട്ടില്ല," അവർ കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഭക്ഷണം സംഭാവന ചെയ്തും തെലങ്കാന സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചും വിവാഹം ആഘോഷിക്കുകയാണ് ദമ്പതിമാർ ഇപ്പോൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi