പ്രണയബന്ധങ്ങളിൽ ഇന്നത്തെ പല സ്ത്രീകളും തളർച്ച പ്രകടിപ്പിക്കുക മാത്രമല്ല, ഒരു പങ്കാളിയിൽ നിന്ന് തങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് വേണ്ടതെന്ന് പുനർവിചിന്തനം ചെയ്യുകയും കൂടിയാണ്. ഞാൻ കരയുമ്പോൾ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ഞാൻ എന്തിന് വിശദീകരിക്കണം? ഒരു നല്ല കാമുകൻ എങ്ങനെയായിരിക്കണമെന്ന് ഞാൻ എന്തിന് പഠിപ്പിക്കണം? ഞാൻ ഒരു കാമുകനെ ഡേറ്റ് ചെയ്യുകയാണോ അതോ വളർത്തുകയാണോ? ഇങ്ങനെ സങ്കീർണമായ ചോദ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് പലരുടെയും മനസും ജീവിതവും.

മാൻകീപ്പിങ് അഥവാ പുരുഷന്മാരുടെ സാമൂഹികവും മാനസികവുമായ ക്ഷേമം നിലനിർത്താൻ സ്ത്രീകൾ ചെയ്യുന്ന പ്രതിഫലമില്ലാത്ത വൈകാരിക അധ്വാനമാണ് മേൽപ്പറഞ്ഞ പ്രശ്‌നങ്ങളുടെയൊക്കെ അടിസ്ഥാനം.

സ്റ്റാൻഫോർഡ് ഗവേഷകയായ ആഞ്ചലിക്ക ഫെരാരയാണ് 'മാൻകീപ്പിങ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്. 1980-കളിൽ ഉപയോഗിച്ചിരുന്ന പദമായ 'കിൻകീപ്പിങ്ങിൽ' നിന്നാണ് ഇതിന്റെ ഉത്ഭവം. കുടുംബങ്ങളെ പരസ്പരം ബന്ധിപ്പിച്ചു നിർത്താൻ സാധാരണയായി സ്ത്രീകൾ ചെയ്യുന്ന തിരശ്ശീലയ്ക്ക് പിന്നിലെ ജോലിയെ സൂചിപ്പിക്കുന്ന പദമാണ് കിൻകീപ്പിങ്.

എന്നാൽ കിൻകീപ്പിങ്ങിനേക്കാൾ മാൻകീപ്പിങ് കൂടുതൽ സങ്കീർണമാണ്. പങ്കാളിയുടെ ഏക വൈകാരിക ആശ്രയമാകുക, അവരുടെ സാമൂഹിക ജീവിതം നിയന്ത്രിക്കുക, ഒരാളെ എങ്ങനെ ആശ്വസിപ്പിക്കാം എന്നതു മുതൽ എപ്പോൾ ക്ഷമ ചോദിക്കണം എന്നതുവരെയുള്ള അടിസ്ഥാനപരമായ പെരുമാറ്റ രീതികളിൽ അവരെ പരിശീലിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മാൻകീപ്പിങ് എന്നത് നിങ്ങളുടെ പങ്കാളിയുടെ ടെക് സപ്പോർട്ട്, എച്ച്ആർ, ലൈഫ് കോച്ച് എന്നിവയെല്ലാം ഒരുമിച്ച് പ്രതിഫലമില്ലാതെ ചെയ്യുന്നതിന് തുല്യമാണ്.

റിലേഷൻഷിപ്പ് വെൽനസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ഒരു സർവേ പ്രകാരം, 72% അവിവാഹിതരായ സ്ത്രീകളും തങ്ങൾ ഡേറ്റ് ചെയ്യുന്ന പുരുഷന്മാരെ വൈകാരികമായി ഉപദേശിച്ച് മടുത്തുവെന്ന് പറയുന്നു. പങ്കാളികളെ എങ്ങനെ സ്‌നേഹം പ്രകടിപ്പിക്കാമെന്നും, വിഷമഘട്ടങ്ങളിൽ എങ്ങനെ ആശ്വസിപ്പിക്കാമെന്നും, സ്വന്തം ചിന്തകൾക്കപ്പുറം ഒരു സംഭാഷണം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും പഠിപ്പിക്കേണ്ട അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകുന്നത് അസാധാരണമല്ല. റൊമാന്റിക് ഭാവങ്ങൾ, വൈകാരികമായ പ്രതികരണം ഇവയൊന്നും പല പുരുഷന്മാർക്കും സ്വാഭാവികമായി വരാറില്ല. കാരണം ഇവയൊന്നും അവരെ കുടുംബങ്ങളിൽ നിന്നു പോലും പരിശീലിപ്പിച്ചിട്ടില്ല. വൈകാരികമായ നീക്കങ്ങൾക്ക് സ്ത്രീകൾ നേതൃത്വം നൽകുമെന്നാണ് എല്ലാവരുടെയും മിഥ്യാധാരണ.

ഗ്ലോബൽ മെന്റൽ ഹെൽത്ത് അലയൻസിന്റെ 2024-ലെ റിപ്പോർട്ട് പ്രകാരം, 25-നും 40-നും ഇടയിൽ പ്രായമുള്ള 45% പുരുഷന്മാരും വ്യക്തിപരമായ പ്രശ്‌നങ്ങൾ സംസാരിക്കാൻ അടുത്ത പുരുഷ സുഹൃത്തുക്കൾ ആരുമില്ലെന്ന് സമ്മതിക്കുന്നു. അതിനാൽ പുരുഷന്മാർ തങ്ങളുടെ റൊമാന്റിക് പങ്കാളികളെയാണ് ഏക ആശ്രയമായി കാണുന്നത്. സമ്മർദ്ദം, ഭയം, സന്തോഷം, നീരസം എല്ലാം അവർ ഈ ഒരാളിലേക്ക് ഇറക്കിവയ്ക്കുന്നു. വൈകാരികമായ തുറന്നുപറച്ചിൽ മനോഹരമാണെങ്കിലും ഒരാളെ നിങ്ങളുടെ മുഴുവൻ പിന്തുണാ സംവിധാനവുമാക്കുന്നത് പലപ്പോഴും അനീതിയാണ്.

ഈ അസന്തുലിതാവസ്ഥ സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. തങ്ങൾ വൈകാരികമായി കൂടുതൽ നൽകുന്നുവെന്ന് തോന്നുന്ന ബന്ധങ്ങളിലുള്ള സ്ത്രീകൾക്ക് സംതൃപ്തി കുറവാണെന്നും, സമ്മർദ്ദം കൂടുതലാണെന്നും, ബന്ധം വേർപെടുത്താനോ വിവാഹമോചനം നേടാനോ ഉള്ള സാധ്യത കൂടുതലാണെന്നും നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പരിചരണം ഏകപക്ഷീയമാകുമ്പോൾ, അത് സ്‌നേഹമല്ലാതാവുകയും അധ്വാനമായി മാറുകയും ചെയ്യുന്നു.

പിന്തുണ തേടുന്നത് ഒരിക്കലും തെറ്റല്ല. അതിൽ പുരുഷന്മാരെ അടച്ചാക്ഷേപിക്കുകയുമല്ല ലക്ഷ്യം. പ്രശ്‌നം, വൈകാരിക വളർച്ചയുടെയും പരിപാലനത്തിന്റെയും മുഴുവൻ ജോലിയും അവരുടെ ജീവിതത്തിലെ സ്ത്രീകൾക്ക് പുറംകരാർ നൽകുന്നതാണ്. പുരുഷന്മാർ അവരുടെ സ്വന്തം വൈകാരിക വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തുടങ്ങുമ്പോൾ മാത്രമേ അത് പരിഹരിക്കപ്പെടൂ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi