ഇക്കഴിഞ്ഞ ദിവസമാണ് സെറീൻ ഖാൻ അന്തരിച്ചത്. പ്രശസ്ത ബോളിവുഡ് നടൻ സഞ്ജയ് ഖാന്റെ ഭാര്യയായിരുന്നു അവർ. സുസൈൻ ഖാൻ, നടനും ഫിലിംമേക്കറുമായ സയീദ് ഖാൻ എന്നിവരുൾപ്പെടെ നാലുമക്കളാണ് അവർക്കുള്ളത്.
59 വർഷമാണ് സെറീനും സഞ്ജയും തങ്ങളുടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോയത്. വഞ്ചനയുടെയും കണ്ണീരിന്റെയും കാത്തിരിപ്പിന്റെയും വിട്ടുവീഴ്ചകളുടെയും കഥയുണ്ട് ആ ബന്ധത്തിനുപിന്നിൽ.
സെറീൻ ഖത്രക് എന്നായിരുന്നു സെറീന്റെ യഥാർഥപേര്. കൗമാരകാലത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സെറീന്റെ വീടിനടുത്തേക്ക് സഞ്ജയ് ഖാന്റെ കുടുംബം താമസത്തിനെത്തി. പലപ്പോഴും പരസ്പരം കണ്ടുവെങ്കിലും സംസാരിക്കാനൊന്നും കഴിഞ്ഞില്ല. ഒരിക്കൽ കടൽ കാണാൻ പോയതായിരുന്നു സെറീനും സുഹൃത്തും. അവിടേക്ക് സഞ്ജയും എത്തി. സെറീനെ പരിചയപ്പെടുന്നതിന്റെ തുടക്കമായി കടൽത്തീരത്ത് 'ഹായ്' എന്നെഴുതി സഞ്ജയ്. തിരിച്ച് സെറീനും 'ഹായ്' എഴുതി.
അവിടുന്നായിരുന്നു ആ ബന്ധത്തിന്റെയും ആരംഭം. 'ദ ബെസ്റ്റ് മിസ്റ്റേക്ക്‌സ് ഓഫ് മൈ ലൈഫ്' എന്ന പുസ്തകത്തിൽ അവരെ ആദ്യം കണ്ടതിനെക്കുറിച്ച് സഞ്ജയ് ഇങ്ങനെ ഓർക്കുന്നു, ''അന്നവൾക്ക് 13 വയസ്സ്, എനിക്ക് 18-ഉം. ഞങ്ങൾ കുറച്ചുനേരം കണ്ണിൽ കണ്ണിൽ നോക്കിനിന്നു. എന്റെ ഇനിയുള്ള ജീവിതകാലം മുഴുവൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നയാളുടെ കണ്ണുകളാണ് അതെന്ന് അപ്പോൾ തന്നെ എനിക്ക് തോന്നി. അധികം വൈകാതെ വിവാഹാഭ്യർഥന നടത്തി. ഒരു വർഷം കഴിഞ്ഞും ഇതേ വികാരം സഞ്ജയിനോട് ഉണ്ടെങ്കിൽ, ഓകെ പറയാമെന്ന് സെറീൻ പറഞ്ഞു''. ആറുവർഷത്തോളം പ്രണയം ആരുമറിയാതെ കൊണ്ടുപോയി.
അന്നേ അറിയപ്പെടുന്ന മോഡലായിരുന്നു സെറീൻ. അതിനൊപ്പം രണ്ടുമൂന്ന് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒരുഘട്ടത്തിൽ കരിയർ അല്ലെങ്കിൽ വിവാഹം എന്ന ചോദ്യം വന്നപ്പോൾ അവർ കരിയർ ഉപേക്ഷിക്കുകയായിരുന്നു. ''രണ്ടുവർഷത്തെ മോഡലിങ് കോൺട്രാക്ടുമായി ലണ്ടനിൽ പോവാനുള്ള അവസരം വന്നു. സഞ്ജയിനോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ, 'ഒന്നുകിൽ ലണ്ടനിലേക്ക് പോവുക, അല്ലെങ്കിൽ എനിക്കൊപ്പം നിൽക്കുക'. സെറീൻ സഞ്ജയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനമെടുത്തു.
22-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹത്തോടെ സിനിമയിൽനിന്നും മോഡലിങ്ങിൽനിന്നും അകന്നു. ഇന്റീരിയർ ഡിസൈനിങ്, ഹോം ഡെകോർ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. അധികം വൈകാതെ മൂന്നുകുട്ടികളും. നാലാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്താണ് സഞ്ജയും നടി സീനത്ത് അമനും പ്രണയത്തിലാണെന്ന വാർത്തകൾ ഗോസിപ്പ് കോളങ്ങളിലിടം പിടിച്ചത്.
സഞ്ജയ് സീനത്തിനെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. അതിനിടെ 'തിരിച്ചുവന്നില്ലെങ്കിൽ ഈ ബന്ധത്തിൽനിന്ന് താൻ പുറത്തുപോവു'മെന്ന് സെറീൻ പറഞ്ഞു. ഒരുവർഷത്തോളം നീണ്ട അടുപ്പത്തിനുശേഷം സഞ്ജയ് തിരിച്ച് ഭാര്യയുടെ അടുത്തെത്തി. 1990-ൽ ഒരു സിനിമയുടെ സെറ്റിൽവെച്ച് വലിയ തീപിടുത്തമുണ്ടായി, കുറേ നാശനഷ്ടങ്ങളും മരണങ്ങളുമുണ്ടായി. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ സഞ്ജയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അതിനുശേഷം 13 മാസമാണ് അദ്ദേഹം ആസ്പത്രിയിൽ കഴിഞ്ഞത്. 73 ശസ്ത്രക്രിയകളും വേണ്ടിവന്നു. ആ സമയത്തെല്ലാം സെറീൻ സഞ്ജയ്‌ക്കൊപ്പം തന്നെ നിന്നു. അവരുടെ ബന്ധം വീണ്ടും പഴയതുപോലെ ദൃഢമാവുന്നതും ആ കാലത്താണ്. പതുക്കെ തന്റേതായ ഇടംകണ്ടെത്താനുള്ള ശ്രമത്തിലായി സെറീൻ. പാചകപുസ്തകങ്ങളും ലൈഫ് സ്റ്റൈൽ ലേഖനങ്ങളുമെഴുതി, ഒപ്പം ഇന്റീരിയർ ഡിസൈനിങ് സ്ഥാപനവും തുടങ്ങി. ഒടുവിൽ 81-ാം വയസ്സിൽ മരണവും
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Remembering Zarine Khan, wife of Sanjay Khan. A love story born at 13, a marriage tested by infidelity, and a testament to resilience and forgiveness
Published: 08 Nov 2025, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented