നടികർ തിലകം ശിവാജി ഗണേശനും ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറും തമ്മിൽ വളരെ മനോഹരമായൊരു ബന്ധമുണ്ടായിരുന്നു. ഭാഷയുടെയും സംസ്‌കാരത്തിന്റെയുമെല്ലാം അതിരുതകർത്തൊരു ബന്ധം. ലതയ്ക്ക് തന്റെ സെക്കന്റ് ഹോം പോലെ തന്നെയായിരുന്നു ചെന്നൈ. അവരുടെ അണ്ണൻ താമസിക്കുന്ന നഗരത്തോടുള്ള സ്‌നേഹം.

1960-കളിലാണ് ആ ബന്ധം തുടങ്ങുന്നത്. ചെന്നൈയിൽ വന്ന ആശാ ഭോസ്ലേ, ശിവാജി ഗണേശന്റെ 'പാവ മന്നിപ്പ്' എന്ന സിനിമ കാണാനിടയായി. അവർക്കത് ഒരുപാടിഷ്ടമായി. അങ്ങനെ മുംബൈയിലെത്തി അമ്മയോടും സഹോദരങ്ങളോടും ഈ സിനിമയെക്കുറിച്ച് പറഞ്ഞു. ഒടുവിൽ ആശയും ലതാ മങ്കേഷ്‌കറും അമ്മയും ചേർന്ന് ആ സിനിമ കണ്ടു. അവർ കണ്ട ആദ്യത്തെ തമിഴ് സിനിമ. സ്‌ക്രീനിൽ അവർ കണ്ടതെല്ലാം ശിവാജി ഗണേശൻ എന്ന നടനെയായിരുന്നില്ല, സ്വന്തം അച്ഛനായ ദീനാനാഥ് മങ്കേഷ്‌കറിനെയായിരുന്നു. തന്റെ അച്ഛനുമായി ഏറെ സാമ്യമുള്ള ശിവാജിയോട് അവർക്ക് അടുപ്പം തോന്നി.

തൊട്ടടുത്തദിവസം തന്നെ രണ്ടുസഹോദരിമാരും ചേർന്ന് ചെന്നൈയിലെത്തി. കണ്ടയുടനെ ശിവാജിയെ കെട്ടിപ്പിടിച്ച് കരഞ്ഞു, കൈയിൽ രാഖി കെട്ടിക്കൊടുക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. ഒരു അണ്ണൻ-തങ്കച്ചി ബന്ധത്തിന്റെ തുടക്കം. ''അതൊരു സവിശേഷമായ ബന്ധമായിരുന്നു. ലതാജിക്ക് അച്ഛൻ സഹോദരനെ പോലെയായിരുന്നു. ഓരോ ദീപാവലിക്കും ഞങ്ങൾ മറക്കാതെ ലതാജിക്ക് പുതിയ വസ്ത്രങ്ങൾ അയക്കുമായിരുന്നു, ഞങ്ങൾക്കുള്ള വസ്ത്രങ്ങൾ ലതാജിയും അയച്ചുതരും''. ശിവാജിയുടെ മകനും നടനുമായ പ്രഭു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശിവാജി ഗണേശൻ ലതയ്ക്ക് അണ്ണനായി, ഭാര്യ കമല അണ്ണിയും.

''ചെന്നൈയിലേക്ക് റെക്കോർഡിങ്ങിനായി വരുമ്പോൾ ഹോട്ടലുകളിലായിരുന്നു താമസം. ഹോട്ടലിലെ താമസം അവർക്ക് അത്ര ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. ഭക്ഷണവും തീരെ പിടിക്കുന്നില്ലായിരുന്നു. ഇക്കാര്യങ്ങളെല്ലാം ലതാജി അച്ഛനോട് സൂചിപ്പിച്ചു. അതോടെ ലതാജിക്ക് വീട്ടിൽനിന്ന് ഭക്ഷണം എത്തിച്ചുകൊടുക്കാൻ തുടങ്ങി. ശുദ്ധമായ കുടിവെള്ളം കിട്ടാനും ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തിളപ്പിച്ച വെള്ളം അമ്മ ഫ്‌ളാസ്‌കിലൊഴിച്ച് കൊടുത്തയക്കുമായിരുന്നു. മാത്രമല്ല, രണ്ടുമാസം കൊണ്ട് അച്ഛൻ പുതിയൊരു കോട്ടേജ് അവർക്കുണ്ടാക്കിക്കൊടുത്തു. ടി നഗറിലെ ഞങ്ങളുടെ വീടിനോട് ചേർന്നായിരുന്നുവത്. ചൈനീസ് മാതൃകയിലായിരുന്നു അത്. ചൈനീസ് കോട്ടേജ് എന്നാണതിനെ ഞങ്ങൾ വിളിച്ചിരുന്നത്. അതിനുശേഷം വരുമ്പോഴെല്ലാം ലതാജി അവിടെയാണ് കഴിഞ്ഞത്''.

ലതാ മങ്കേഷ്‌കർ തമിഴിൽ ആദ്യമായി പാടുന്നത് പ്രഭുവിന്റെ 'ആനന്ദ്' എന്ന സിനിമയ്ക്കുവേണ്ടിയാണ്. ''എന്റെ സഹോദരനാണ് അവരോട് പാടാമോയെന്ന് ചോദിക്കുന്നത്. അപ്പോൾ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, 'പ്രഭു എന്റെ സഹോദരന്റെ മകനാണ്. അവനുവേണ്ടി ഞാൻ പാടാതിരിക്കുമോ?' അതിനായി അവർ സ്വയം ഫ്‌ളൈറ്റ് ടിക്കറ്റ് ഒക്കെ എടുത്തുവരികയായിരുന്നു. ടിക്കറ്റിന്റെ പൈസയൊന്നും വാങ്ങാൻ തയ്യാറായില്ല. എത്ര നിർബന്ധിച്ചിട്ടും പ്രതിഫലം പോലും വാങ്ങിയില്ല. പാടിയതിന് നന്ദി പറയാനെത്തിയപ്പോഴും അവർ എന്നോട് പറഞ്ഞു, 'നീയെനിക്ക് മകനെ പോലെയാണ്. അതുകൊണ്ടാണിത് ചെയ്തത്''. അങ്ങനെ ആ അണ്ണൻ-തങ്കച്ചി ബന്ധം പടർന്നുപന്തലിച്ചു. ശിവാജി മരിച്ചപ്പോൾ ലതയ്ക്ക് ശാരീരികപ്രശ്‌നങ്ങൾ കാരണം എങ്ങോട്ടും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നിട്ടും അവർ ചെന്നൈയിലെത്തി. ശിവാജിയുടെ മക്കൾ മുംബൈയിലെത്തുമ്പോഴെല്ലാം മറക്കാതെ ലതയെ കാണാനെത്തി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi