ഭാര്യാ- ഭര്‍ത്താക്കന്‍മാര്‍ക്കിടയില്‍ ഒരു കുഞ്ഞ് വരുമ്പോള്‍ സീനാകെ മാറും. പാല്‍ക്കുപ്പിയും ഡയപ്പറും മാറ്റുന്ന തിരക്കുകള്‍ക്കിടയില്‍, പങ്കാളികള്‍ തമ്മിലുളള പ്രണയം കുറഞ്ഞില്ലാതാവുന്നുണ്ടോ? ഉറക്കം നഷ്ടപ്പെട്ട്, ക്ഷീണിതരായി, കുഞ്ഞിന്റെ കരച്ചിലും, ഭക്ഷണക്രമവും കൈകാര്യം ചെയ്യുമ്പോള്‍, പല ദമ്പതികള്‍ക്കും 'പങ്കാളികള്‍' എന്നതിനേക്കാള്‍ 'മാതാപിതാക്കള്‍' എന്ന ഉത്തരവാദിത്വത്തിനാണ് കൂടുതല്‍ പരിഗണന.
വിവാഹം ജീവിതത്തിലെ മൈല്‍സ്റ്റോണ്‍ തന്നെയാണ്. കുഞ്ഞിന്റെ വരവോടെ ജീവിതം ഒരു പുതിയ തലത്തിലേക്ക് കടക്കുന്നു. ഉറക്കമില്ലാത്ത രാത്രികള്‍, കുഞ്ഞിന്റെ കരച്ചിലും, ആരോഗ്യവും സംബന്ധിച്ച ആശങ്കകള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാവുന്നു.
കുഞ്ഞിന്റെ വരവ്, അച്ഛനും അമ്മയ്ക്കും ഒരുപോലെ മാറ്റങ്ങള്‍ വരുത്തും. അമ്മയുടെ ശരീരം ക്ഷീണത്താല്‍ തളര്‍ന്നിരിക്കുമ്പോള്‍, അച്ഛന്‍ കുഞ്ഞിനെ പരിചരിക്കുന്നതിലും കുടുംബത്തിലെ മറ്റ് കാര്യങ്ങളിലും വ്യാപൃതനായിരിക്കും. സ്വാഭാവികമായും അച്ഛനമ്മമാര്‍ തമ്മില്‍ അടുത്തിടപഴകാന്‍ സമയം കിട്ടാതെവരും.
'ഒരു കുഞ്ഞ് വന്നാല്‍, രണ്ട് പേരുടെ ബന്ധം മൂന്ന് പേരുടെ ബന്ധമായി മാറുന്നു. മാതാപിതാക്കള്‍ക്കിടയില്‍ കുഞ്ഞിനാണ് കൂടുതല്‍ പ്രയോരിറ്റി' എന്ന് റിലേഷന്‍ഷിപ്പ് കൗണ്‍സിലേഴ്‌സ് പറയുന്നു.
പങ്കാളികളില്‍ നിന്ന് മാതാപിതാക്കളിലേക്ക് മാറുമ്പോള്‍, പുതിയ വേഷങ്ങളില്‍നിന്നും വരുന്ന സമ്മര്‍ദ്ദം, ക്ഷീണം, അതുമൂലമുണ്ടാകുന്ന വഴക്ക് കൂടലുകള്‍ എന്നിവ ബന്ധത്തെ ബാധിക്കും.
മുന്‍ഗണനകള്‍ മാറേണ്ടതുണ്ടോ?
കുഞ്ഞിന്റെ വരവോടെ മുന്‍ഗണന കുഞ്ഞിനായി മാറുന്നതു സ്വാഭാവികമാണെങ്കിലും, അത് ദമ്പതികളുടെ ബന്ധത്തെ ശിഥിലമാക്കരുത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
'ഒരു നല്ല രക്ഷകര്‍ത്താവാകാന്‍, നല്ല പങ്കാളിയെന്ന പദം ഉപേക്ഷിക്കേണ്ടതില്ല. കുഞ്ഞിന്റെ വളര്‍ച്ചയില്‍ ആദ്യത്തെ അഞ്ചു വര്‍ഷം നിര്‍ണായകമാണ്. അതിനാല്‍ കുട്ടിക്ക് പരിഗണന നല്‍കണമെന്നത് ശരിയാണ്. പക്ഷേ പങ്കാളികള്‍ക്കിടയില്‍ സ്നേഹവും സമത്വവും നിലനിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം വേണം.'
പ്രണയം നഷ്ടമായോ
കുഞ്ഞിനെ വളര്‍ത്തുന്നതിന്റെ തിരക്കുകള്‍ക്കിടയില്‍ പ്രണയം നിലനിര്‍ത്താന്‍ ശ്രമിക്കണം. ചെറിയ റൊമാന്റിക്ക് നിമിഷങ്ങള്‍ ബന്ധങ്ങളില്‍ പ്രണയം നിലനിര്‍ത്താന്‍ സഹായിക്കും.
ഉറങ്ങും മുന്‍പ് പങ്കാളിയുമായി ചെറിയൊരു 'ചെക്ക്-ഇന്‍' സംഭാഷണം. (പരസ്പരം പറയാനുളള കാര്യങ്ങള്‍, മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ എന്നിവ).
പങ്കാളിക്ക് ഒരു കപ്പ് ചായ ഉണ്ടാക്കി കൊടുക്കുന്നതുൾപ്പെടെ ചെറുതെന്ന് തോന്നുന്ന പല കാര്യങ്ങളും ബന്ധങ്ങളുടെ ആഴം നിലനിര്‍ത്താന്‍ സഹായിക്കും. 'നന്നായി ചെയ്തു’ എന്ന തരത്തിലുളള അഭിനന്ദനങ്ങളും സ്‌നേഹവാക്കുകളും പങ്കാളിയില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല.
കുറച്ചു സമയമെങ്കിലും അന്നേ ദിവസത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതും നല്ലതാണ്.
പേരന്റിങ് മെച്ചപ്പെടുത്താന്‍ ചില നിര്‍ദേശങ്ങള്‍
- പങ്കാളിയെ കുട്ടിയുടെ മുമ്പില്‍ വെച്ച് കുറ്റപ്പെടുത്തരുത്. മാതാപിതാക്കളുടെ ബന്ധത്തിന്റെ ദൃഢത കണ്ടുവേണം മക്കള്‍ വളരാന്‍.
- കുട്ടികളെ നോക്കുക എന്നത് മാതാപിതാക്കളുടെ കൂട്ടായ ഉത്തരവാദിത്വമാണ്. ജോലികള്‍ ഇരുവരും പങ്കുവെയ്ക്കുക.
- 'ഞാന്‍ ഇത്ര ചെയ്തു, നീ കുറച്ചു ചെയ്തു' എന്ന തോന്നല്‍ ബന്ധം ദുര്‍ബലമാക്കും.
- ആഴ്ചയില്‍ ഒരിക്കല്‍ 'പാരന്റിങ് ടോക്ക്' നടത്താം
- പങ്കാളിയോട് തുറന്നു സംസാരിക്കുക. (എത്ര ചെറിയ കാര്യമാണെങ്കില്‍ക്കൂടി)
- വഴക്കുണ്ടായ ശേഷം പെട്ടെന്ന് അതു പറഞ്ഞു പരിഹരിക്കുന്നത് കുട്ടികള്‍ക്ക് നല്ലൊരു മാതൃകയാകും. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരമുളള സ്‌നേഹം വര്‍ധിക്കും. ബന്ധങ്ങളില്‍ വഴക്കുകള്‍ സാധാരണമാണ്, എങ്കിലും അതിരുവിടാതെ ശ്രദ്ധിക്കാം.
കൂട്ടായ പാരന്റിങ്
കുഞ്ഞിനെ നോക്കുക എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്ത്വമല്ല, അച്ഛനും അതില്‍ തുല്യ പ്രാധാന്യമുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും സഹായത്തിനായി ആശ്രയിക്കാം. സ്വന്തം ശരീരത്തിനും മാനസിക സന്തോഷത്തിനും ആവശ്യമായ കാര്യങ്ങള്‍ക്കെല്ലാം മാതാപിതാക്കള്‍ സമയം കണ്ടെത്തണം.
ബന്ധത്തെ ശിഥിലമാക്കുന്നത്?
- കുഞ്ഞ് ഒരാളുടെ പ്രത്യേകിച്ചും അമ്മയുടെ മാത്രം ഉത്തരവാദിത്വമാണെന്ന ധാരണ അവരില്‍ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കും.
- ദാമ്പത്യത്തില്‍ പ്രണയം നഷ്ടമായി പങ്കാളികള്‍ 'കോ-പാരന്റ്‌സ്' മാത്രമായി മാറുന്നത്.
- പങ്കാളിയുടെ അവഗണിക്കപ്പെട്ട വികാരങ്ങള്‍.
- പരിഹരിക്കപ്പെടാത്ത കലഹങ്ങള്‍.
കുഞ്ഞിന്റെ വരവോടെ ജീവിതവും പങ്കാളിയുമായുളള ബന്ധവും മാറും. പക്ഷേ പങ്കാളിത്തം നഷ്ടപ്പെടാതെ, പരസ്പരം കേള്‍ക്കുക. ബന്ധങ്ങളിലെ പ്രണയവും അടുപ്പവും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. പങ്കാളിയോട് അടങ്ങാത്ത പ്രണയം ഉണ്ടായിരിക്കണം. അവരെ മടുപ്പിക്കാതിരിക്കാനും പരസ്പര ആകര്‍ഷണം നിലനിര്‍ത്താനും ശ്രദ്ധിക്കാം. ദാമ്പത്യത്തിലും സ്പാര്‍ക്ക് നിലനിര്‍ത്താന്‍ ചെറിയ ശ്രമങ്ങള്‍ മതിയാവും. ഇതോടൊപ്പം കുഞ്ഞിനെ വളര്‍ത്തുക എന്ന ചുമതല ഒന്നിച്ച് ഏറ്റെടുത്ത് ആനന്ദകരമാക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Navigating parenthood while keeping the spark alive. Tips for maintaining a strong relationship after having a baby.
Published: 06 Sept 2025, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented