എല്ലാവിധ ആഘോഷങ്ങളോടും ആഡംബരത്തോടും കൂടിയാണ് 2003-ല്‍ കരിഷ്മയും സഞ്ജയ് കപുറും വിവാഹിതരായത്. പക്ഷേ തുടക്കത്തില്‍തന്നെ താളം തെറ്റിയ ജീവിതത്തില്‍ ഇരുവരും സന്തുഷ്ടരായിരുന്നില്ല. വര്‍ഷങ്ങളോളം നീണ്ടുനിന്ന വ്യക്തിപരവും നിയമപരവുമായ പ്രശ്‌നങ്ങള്‍ക്കൊടുവില്‍ 2016-ല്‍ അവർ വേര്‍പിരിഞ്ഞു. തുടര്‍ന്ന് കരിഷ്മ സഞ്ജയ്ക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ചു. അതേസമയം സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ് കരിഷ്മ തന്നെ വിവാഹം കഴിച്ചതെന്ന് സഞ്ജയ്‌യും. എന്നാൽ സഞ്ജയ് കപൂറിന്റെ പെട്ടെന്നുള്ള മരണവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക വിവാദങ്ങളും മറ്റും ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ കരിഷ്മയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ താന്‍ ഒരിക്കലും സഞ്ജയും കരിഷ്മയുമായുള്ള വിവാഹം നടക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും തുടക്കം മുതല്‍ ആ ബന്ധത്തെ എതിര്‍ത്തിരുന്നെന്നുമുള്ള തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ്.
''സഞ്ജയ് ഒരു മൂന്നാംകിട മനുഷ്യനാണ്. കരിഷ്മ അവനെ വിവാഹം കഴിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അയാള്‍ ഭാര്യയെ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല.'അവന്‍ സ്വന്തം ഭാര്യയെ കബളിപ്പിക്കുകയും വിവാഹമോചനം നേടാതെതന്നെ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുകയും ചെയ്തു. ഡല്‍ഹിക്കു മുഴുവന്‍ അവന്‍ എങ്ങനെയാണെന്ന് അറിയാം. ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.'' അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വെറും വൈകാരികമായിരുന്നില്ല മറിച്ച് തന്റെ മകളുടെ ദാമ്പത്യം തകര്‍ന്നതിന്റെ വേദനജനകമായ ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു.
സഞ്ജയ് കപൂറിന്റെ വ്യക്തിജീവിതം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഫാഷന്‍ ഡിസൈനറായ നന്ദിത മഹ്താനിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ വിവാഹം വിവാഹമോചനത്തില്‍ കലാശിച്ചു. പിന്നീടാണ് അദ്ദേഹം കരിഷ്മ കപൂറിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് സമൈറ, കിയാന്‍ എന്നീ രണ്ട് കുട്ടികളുണ്ട്. പിന്നീട് സഞ്ജയ് മോഡലും നടിയുമായ പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു. പ്രിയയുമായുള്ള ബന്ധത്തില്‍ സഞ്ജയ്ക്ക് അസേറിയസ് എന്ന ഒരു മകന്‍ കൂടിയുണ്ട്.
2025 ജൂണ്‍ 12-ന് പോളോ മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചാണ് സഞ്ജയ് കപൂറിന്റെ മരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾപുറത്തുവന്നിരുന്നു. മത്സരത്തിനിടെ തേനീച്ചയുടെ കുത്തേറ്റതാണ് ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
3.6 ബില്യണ്‍ ഡോളറുള്ള സോന കോംസ്റ്റാര്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. 30,000 കോടിയിലധികം രൂപയുടെ ആസ്തികള്‍ അദ്ദേഹം ബാക്കി വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഗ്രൂപ്പിലെ ഭൂരിഭാഗം ഓഹരികളും തങ്ങള്‍ക്കാണെന്നും എസ്റ്റേറ്റിന്റെ നിയമപരമായ അവകാശി താനാണെന്നും അവകാശപ്പെട്ടു കൊണ്ടുള്ള സഞ്ജയ് കപൂറിന്റെ അമ്മയുടെ പ്രസ്താവന വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 30,000 കോടിയുടെ സ്വത്തില്‍ കരിഷ്മ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പിന്തുടര്‍ച്ചാവകാശത്തിലോ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ കരിഷ്മ ഉള്‍പ്പെട്ടിട്ടില്ലെന്ന പരാമര്‍ശങ്ങളും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Randhir kapoor reveals his disapproval of karisma`s marriage to sanjay,
Published: 29 Jul 2025, 04:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented