പേരെടുത്ത സിനിമാകുടുംബത്തില്‍ നിന്നെത്തിയവരാണ് കജോളും അജയ് ദേവ്ഗണും. നടി തനൂജയുടെയും സംവിധായകനും നിര്‍മാതാവുമായ ഷോമു മുഖര്‍ജിയുടെയും മകളാണ് കജോള്‍. സ്റ്റണ്ട് കൊറിയോഗ്രാഫറും സംവിധായകനുമായ വീരു ദേവ്ഗണ്‍, നിര്‍മാതാവായ വീണ ദേവ്ഗണ്‍ ദമ്പതികളുടെ മകനാണ് അജയ് ദേവ്ഗണ്‍. ബോളിവുഡിലെ ഏറ്റവും നോര്‍മലായ കപ്പിള്‍ എന്നാണ് കാജോളിനെയും അജയ് ദേവ്ഗണിനെയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

To advertise here,

തൊണ്ണൂറുകളിലെ പ്രണയകാലത്തെപ്പറ്റി ഇരുവരും പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. അതില്‍ രസകരമായ ഒരു അപകടത്തിന്റെ കഥയുണ്ട്. കരണ്‍ ജോഹറും ഷാരൂഖും ഈ കഥ പലയിടത്തും സൂചിപ്പിച്ചിട്ടുള്ളതാണ്. ദില്‍വാലെ എന്ന സിനിമയുടെ പ്രമോഷന് കപില്‍ ശര്‍മയുടെ ഷോയിലെത്തിയ ഷാരൂഖും കാജോളും അന്നും ആ കഥ ഓര്‍ത്തെടുത്തിരുന്നു.

ആ കഥയിങ്ങനെ- ഷാരൂഖും കാജോളും റാണിയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന 'കുച്ച് കുച്ച് ഹോത്താ ഹെ'യുടെ ഷൂട്ടിങ് നടക്കുകയാണ്. കരണ്‍ ജോഹര്‍ സംവിധായകനാകുന്ന ആദ്യ ചിത്രം. ചിത്രത്തിലെ 'യെ ലഡ്കി ഹേ ദിവാനി' എന്ന ഗാനം ഷൂട്ട് ചെയ്യുകയായിരുന്നു. ചിത്രത്തില്‍ നായികാനായകന്മാര്‍ കോളേജ് വിദ്യാര്‍ത്ഥികളായ കാലത്തിലെതാണ്‌ പാട്ട്. ഷാരൂഖും കാജോളും മറ്റു ബാക്ക്ഗ്രൗണ്ട് ആര്‍ട്ടിസ്റ്റുകളും സൈക്കിള്‍ ചവിട്ടി വരുന്ന രംഗമാണ് ചിത്രീകരിക്കുന്നത്.

സൈക്കിളില്‍ ആടിപ്പാടി വന്ന കജോള്‍ പൊടുന്നനെ ഹാന്‍ഡില്‍ വെട്ടി നിലത്തേക്ക്. എല്ലാവരും ഞെട്ടി. മുഖമിടിച്ചു നായിക വീഴുന്നത് കണ്ടാല്‍ ആരാണ് പേടിക്കാത്തത്. പിടിച്ചെഴുന്നേല്‍പ്പിച്ച കജോളിനെ ഡോക്ടറെ കാണിച്ചു. അല്പനേരത്തെ ബോധക്ഷയം. അത് കഴിഞ്ഞ കജോള്‍ കണ്ണുതുറന്നതും സെറ്റിലുള്ളവരുടെ ഷോക്ക് വര്‍ധിച്ചതേയുള്ളൂ.

placeholder
/PTI

മുറിവുകളും അടയാളങ്ങളും ഉണ്ടായില്ലെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ കജോളിന് താത്കാലികമായി ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. താന്‍ ആരാണെന്നോ എവിടെയാണെന്നോ ചുറ്റിലുമുള്ളത് ആരാണെന്നോ ഓര്‍മയില്ല. ആരെയും തിരിച്ചറിയാനാകാത്തതിന്റെ പരിഭ്രമവും ഭീതിയും. എന്തുചെയ്യണമെന്നറിയാതെ ചുറ്റിലുമുള്ളവര്‍.

അല്പനേരത്തിനുള്ളില്‍ കജോള്‍ പറഞ്ഞു, 'അജയ്യോട് സംസാരിക്കണം'. അപ്പോഴാണ് ഷാരൂഖിനും കരണിനും ശ്വാസം വീണത്. ഒരാളെയെങ്കിലും ഓര്‍മ വന്നല്ലോ. അവര്‍ അപ്പോള്‍ത്തന്നെ അജയ്‌യെ വിളിച്ചു കാര്യം പറഞ്ഞു, കജോളിന് ഫോണ്‍ കൊടുത്തു. കജോളും അജയും പ്രണയത്തിലാണെന്ന് ഉറ്റ സുഹൃത്തുക്കള്‍ക്കല്ലാതെ അന്ന് അധികമാര്‍ക്കും അറിയില്ല. ആ ഫോണ്‍കോള്‍ നീണ്ടുനീണ്ടു പോയി. അധികം വൈകാതെ കജോളിന്റെ ആരോഗ്യസ്ഥിതി പൂര്‍വനിലയിലായി. ചിത്രീകരണം പൂര്‍ത്തിയായി. സിനിമ എക്കാലത്തെയും ഹിറ്റായി  മാറുകയും ചെയ്തു.

അധികം വൈകാതെ അജയും കാജോളും വിവാഹിതരാകുകയും ചെയ്തു. ഒരു വര്‍ഷത്തെ ഹണിമൂണ്‍ ആയിരുന്നു പദ്ധതി. എന്നാല്‍ അജയ്‌യെ ഗൃഹാതുരത വേട്ടയാടിയതുകൊണ്ട് പതിവഴിയില്‍ ഇരുവരും മടങ്ങിയെത്തി. അപൂര്‍ണമായ മധുവിധു പ്ലാനുകളെപ്പറ്റിയും കജോള്‍ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്.