കുംഭമേളയിലെ വൈറല്‍ സുന്ദരി മൊണാലിസയുടെ സിനിമാ അരങ്ങേറ്റത്തിനുള്ള കാത്തിരിപ്പിലായിരുന്നു രാജ്യമെമ്പാടുമുള്ള ആരാധകര്‍. മാലവില്‍പനക്കാരിയില്‍ നിന്ന് ഒരൊറ്റരാത്രികൊണ്ട് പ്രശസ്തയായിമാറിയ വൈറല്‍ മൊണാലിസ ജീവിതത്തില്‍ വലിയൊരു ചുവടുവെപ്പ് നടത്താന്‍ തയ്യാറെടുത്തപ്പോള്‍ വളരെ പ്രതീക്ഷയോടെയാണ് ആളുകളതിനെ കണ്ടത്. ബോളിവുഡ് നായികയിലേക്കുള്ള ചുവടുവെപ്പ്. മൊണാലിസയെ പ്രധാനകഥാപാത്രമാക്കുന്ന 'ദി ഡയറി ഓഫ് മണിപ്പൂര്‍' എന്ന സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് സനോജ് മിശ്ര എന്ന സംവിധായകന്‍ അറിയിക്കുകയും ചെയ്തു. 

To advertise here,

മൊണാലിസ എന്ന മോനി ഭോസ്ലെയ്‌ക്കൊപ്പം അവരുടെ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സംവിധായകന്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സിനിമയ്ക്കായി മൊണാലിസ എഴുത്തും വായനയും പഠിക്കാന്‍ തുടങ്ങിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബലാത്സംഗക്കേസില്‍ കഴിഞ്ഞദിവസം സനോജ് മിശ്ര അറസ്റ്റിലായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞുവെന്നാണ് ആരാധകര്‍ കരുതുന്നത്. 

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നല്‍കി തുടര്‍ച്ചയായി ലൈംഗികചൂഷണത്തിന് വിധേയമാക്കിയെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് ഡല്‍ഹിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് സംവിധായകനെ പരിചയപ്പെട്ടതെന്നും പിന്നാലെ സൗഹൃദത്തിലായെന്നും യുവതി ആരോപിക്കുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞ് സംവിധായകന്‍ പല തവണ ബലാത്സംഗം ചെയ്‌തെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നുമാണ് കേസ്.  

ഇതിനുപിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മൊണാലിസ പൊട്ടിക്കരയുന്ന വീഡിയോ വൈറലാവുകയാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും നടുവില്‍ നില്‍ക്കുകയാണവര്‍. ബന്ധുക്കളിലൊരാള്‍ മൊണാലിസയുടെ കണ്ണുനീര്‍ തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം. 'എന്തിനാണ് മൊണാലിസ പൊട്ടിക്കരയുന്നത്' എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

അതേസമയം, എന്തിനാണ് കരയുന്നതെന്ന് വ്യക്തമല്ല. സനോജ് മിശ്ര അറസ്റ്റിലായതിന്റെ വിഷമത്തിലാണ് കരയുന്നതെന്ന് നെറ്റിസണ്‍സില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. അതല്ല, മുമ്പുള്ള വീഡിയോയാണ് ഇതെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. ചിത്രങ്ങള്‍ വൈറലായ സമയത്തോ, സിനിമയിലേക്ക് ക്ഷണം കിട്ടിയ സമയത്തോ ആളുകള്‍ അവരെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ സന്തോഷം കൊണ്ട് കരയുന്ന മൊണാലിസയാണിതെന്നാണ് വിശദീകരണം. 

മൊണാലിസയെ ദുരുപയോഗം ചെയ്യാനാവാം സംവിധായകന്‍ അവരെ സമീപിച്ചതെന്നും മോശം ജീവിതസാഹചര്യം മുതലെടുക്കാന്‍ ശ്രമിച്ചതാവാമെന്നും കമന്റുകള്‍ വരുന്നുണ്ട്. 'ദി ഡയറി ഓഫ് വെസ്റ്റ്ബെംഗാള്‍' ആണ് സനോജ് മിശ്രയുടെ ശ്രദ്ധിക്കപ്പെട്ട മുന്‍ സിനിമ.