കബീർ ബേദിയും പർവീൺ ബാബിയും തമ്മിലുണ്ടായിരുന്ന പ്രണയം ബോളിവുഡിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണ്. അന്താരാഷ്ട്രതലത്തിൽ താരമായി ഉയർന്ന കബീറും സൗന്ദര്യത്തിന് പേരുകേട്ട പർവീണിനും തമ്മിലുള്ള പ്രണയത്തിന് വലിയ ആരാധകരുണ്ടായിരുന്നു. കബീറിന്റെ വ്യക്തിജീവിതം ഒരു പരിവർത്തനത്തിന്റെ ഘട്ടത്തിലായിരുന്ന കാലത്താണ് ഇവരുടെ പ്രണയം തീവ്രമാകുന്നത്. കബീറും ആദ്യഭാര്യ പ്രോതിമ ബേദിയും ദാമ്പത്യബന്ധത്തിനു പുറത്ത് ബന്ധങ്ങൾ തിരയുന്ന സമയം. പ്രോതിമയ്ക്ക് ഒരു ഫ്രഞ്ച് പൗരനുമായി ബന്ധമുണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു, അക്കാലത്തെ ഏറ്റവും തിളങ്ങിനിന്ന നടിമാരിൽ ഒരാളായ പർവീൺ ബാബിയുമായി കബീറും അടുപ്പമുണ്ടാക്കി. കബീറിന്റെ ജീവിതസാഹചര്യങ്ങളിൽ പർവീണുമായുള്ള ബന്ധം ആശ്വാസമായിരുന്നു. ആഴത്തിൽ അടുത്തുപോയ ഇരുവരുടെയും പ്രണയമവസാനിച്ചത് വേദനയിലാണ്. അവതാരകൻ സിദ്ധാർഥ് കണ്ണനുമായുള്ള അഭിമുഖത്തിൽ പർവീണുമൊത്തുള്ള ഓർമകൾ പങ്കുവെക്കുകയാണ് കബീർ ബേദിയിപ്പോൾ.
പർവീൺ ചില മാനസികബുദ്ധിമുട്ടുകൾ നേരിട്ടിരുന്നുവെന്ന് കബീർ പറയുന്നു. ഷീസോഫ്രീനിയയായിരുന്നു അവർക്ക്. പതിയെപ്പതിയെ ലക്ഷണങ്ങൾ കാര്യമായി പ്രകടിപ്പിക്കാൻ തുടങ്ങി. പർവീണിന്റെ അവസ്ഥയിൽ ആശങ്കയുണ്ടായിരുന്ന കബീർ വൈദ്യസഹായം തേടാൻ അവരെ നിർബന്ധിച്ചു. ദൗർഭാഗ്യവശാൽ ചികിത്സതേടാൻ അവർ തയ്യാറായിരുന്നില്ല. തന്റെ മാനസികവെല്ലുവിളി ഇൻഡസ്ട്രിയിൽ ആരെങ്കിലും അറിയുമെന്നും അങ്ങനെ വന്നാൽ സിനിമയിൽ അവസരം കുറയുമെന്നും പർവീൺ ഭയന്നു.
കബീറിന് അന്താരാഷ്ട്രപ്രശസ്തിയും അവസരങ്ങളും ലഭിച്ചതോടെ ഇന്ത്യയിൽ നിന്ന് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറി. പർവീണും ഒപ്പമുണ്ടായിരുന്നു. അവിടെവെച്ച് പുതിയൊരു ജീവിതം തുടങ്ങാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. ഹിന്ദി സിനിമ വിടാനും പർവീൺ തയ്യാറായിരുന്നു. എന്നാൽ കബീറിന്റെ പ്രശസ്തി പർവീണിൽ അസ്വസ്ഥതയുണ്ടാക്കി. ലണ്ടനിൽ വെച്ചാണ് അവളുടെ മാനസികാവസ്ഥയിൽ കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് കബീർ മനസ്സിലാക്കുന്നത്.
''അവൾ ബുദ്ധിമതിയും കരുതലുള്ളവളുമായിരുന്നു. പക്ഷേ, മിഥ്യാബോധവും ഹാലൂസിനേഷനും കൊണ്ട് ബുദ്ധിമുട്ടി. വൈദ്യസഹായം തേടാൻ പർവീണിനെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. മുന്നോട്ട് പോകാനുള്ള വഴി കണ്ടെത്താൻ ധാരാളം മാനസികരോഗവിദഗ്ദ്ധരുമായി ആലോചിച്ചെങ്കിലും, തെറാപ്പി സിനിമാ ജീവിതത്തിൽ ചെലുത്താവുന്ന സ്വാധീനം ഭയന്ന് പർവീൺ അത് നിരസിച്ചു.'' മാനസിക പ്രശ്നങ്ങൾ ഇരുവർക്കുമിടയിൽ അസ്വസ്ഥതകളുണ്ടാക്കി. പതുക്കെ അവർ അകന്നു.
ഒടുവിൽ ബന്ധം അവസാനിപ്പിച്ചത് പർവീൺ ആണെന്ന് കബീർ പറയുന്നു, താനല്ല അതവസാനിപ്പിച്ചതെന്നും. ചികിത്സയ്ക്ക് നിർബന്ധിക്കുമെന്ന് പർവീൺ ഭയന്നിരുന്നു, ഭ്രമം കാരണം എല്ലാവരെയും സംശയമായി, കബീറിനെയും സംശയിച്ചു. വൈകാതെ ഇരുവരും പിരിയുകയും ചെയ്തു.
അവസാനകൂടിക്കാഴ്ച
അതിനിടെ, അമിതാഭ് ബച്ചൻ തന്നെ തട്ടിക്കൊണ്ടുപോയെന്നും കൊല്ലാൻ ശ്രമിച്ചെന്നും പർവീൺ പരസ്യമായി ആരോപണങ്ങളുന്നയിച്ചിരുന്നു. ഇതിനെച്ചൊല്ലി മാധ്യമങ്ങൾ അവരെ നിരന്തരം വേട്ടയാടുകയും അവർ മാനസികരോഗിയാണെന്ന് മുദ്രകുത്തുകയും ചെയ്തു. എല്ലാംകൊണ്ടും സംഘർഷഭരിതമായിരുന്നു പർവീണിന്റെ ജീവിതം. പിരിഞ്ഞതിനുശേഷം 2005-ലാണ് കബീറും പർവീണും തമ്മിൽ കാണുന്നത്. അസുഖബാധിതയായി പർവീൺ മരിക്കുന്നതിന് ഒരു വർഷം മുൻപ്. അത് അവസാനത്തെ കൂടിക്കാഴ്ചയാവുകയും ചെയ്തു. ഒരു ഹോട്ടലിന്റെ നീന്തൽക്കുളത്തിനരികിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു പർവീൺ എന്ന് കബീർ ഓർക്കുന്നു. കബീർ അടുത്തേക്കുചെന്നപ്പോൾ ആളുകൾ തന്നെ ഭ്രാന്തിയായിട്ടാണ് കരുതുന്നതെന്ന് പർവീൺ അദ്ദേഹത്തോട് പറഞ്ഞു. കാഴ്ചപ്പാടുകളുടെ വ്യത്യാസമാണെന്നും അതുവെച്ച് ആത്മാഭിമാനത്തെ നിർവചിക്കരുതെന്നും കബീർ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, പെട്ടെന്ന് അവരുടെ ഭാവം മാറി. കബീറിനും മറ്റുള്ളവരുടെ അതേ കാഴ്ചപ്പാടാണെന്ന് ആരോപിച്ച് അദ്ദേഹത്തോട് ഇറങ്ങിപ്പോകാൻ പറഞ്ഞു. “നീയും അവരിലൊരാളാണ്, നിനക്കും ഞാൻ ഭ്രാന്തിയാണ്'" എന്നായിരുന്നു പർവീണിന്റെ മറുപടി.
ആ കൂടിക്കാഴ്ചയിൽ തളർന്നുപോയെങ്കിലും, കബീർ നിശ്ശബ്ദമായി അവിടെനിന്ന് പോന്നു. പർവീൺ ബാബി 2005-ലാണ് മരിക്കുന്നത്. ഒറ്റയ്ക്കു താമസിച്ചിരുന്ന അവരുടെ മരണവിവരം മൂന്നുദിവസത്തിനുശേഷണാണ് പുറംലോകമറിഞ്ഞത്. ഷീസോഫ്രീനിയക്ക് പുറമേ, ചെറുപ്രായത്തിൽ പ്രമേഹവും അവരെ ബാധിച്ചിരുന്നു. 50-ാം വയസ്സിലായിരുന്നു മരണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 15 Jul 2025, 01:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented