ബന്ധങ്ങളിലും പ്രണയത്തിലും തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമാക്കുകയാണ് ഗായികയും നടിയുമായ ജെന്നിഫർ ലോപസ്. പ്രണയത്തിന്റെ കാര്യത്തിൽ താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും തന്നെ നന്നായി പരിഗണിക്കണമെന്നുമാണ് ലാസ് വെഗാസിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ അവർ പറഞ്ഞത്. ബെൻ അഫ്ലെക്കുമായി വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം, കഴിഞ്ഞ ഫെബ്രുവരിയിൽ അവർ വേർപിരിഞ്ഞിരുന്നു. ഇത്രയുംകാലം വേർപിരിയലിനെക്കുറിച്ച് അവർ മൗനം പാലിക്കുകയായിരുന്നു.

To advertise here,

1999-ൽ പുറത്തിറങ്ങിയ, "ഇഫ് യു ഹാഡ് മൈ ലവ്" എന്ന ഗാനത്തെപ്പറ്റി ജെന്നിഫർ സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നുണ്ട്. "ആദ്യമായി ഇത് പാടുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നു. വളരെ പ്രതീക്ഷയോടെയാണ് ഞാൻ പാടിയത്. വർഷങ്ങളോളം ഞാനിത് പാടിയിട്ടുണ്ട്, ദുഃഖത്തിലായിരുന്നപ്പോഴും സന്തോഷത്തിലായിരുന്നപ്പോഴുമെല്ലാം. എന്നാലിന്ന് നിങ്ങൾക്കറിയാമോ ഞാനിത് എങ്ങനെയാണ് പാടുന്നതെന്ന്? ശക്തിയോടെ പാടുന്നു."- ഇതുകേട്ട് ആരാധകർ ഉച്ചത്തിൽ ആരവം മുഴക്കി. അവർ തുടർന്നു- "കാരണം സത്യമെന്തെന്നാൽ നിങ്ങൾക്കെന്റെ സ്നേഹം വേണമെങ്കിൽ, നിങ്ങൾ അത് നേടണമായിരുന്നു. എന്നെ നന്നായി പരിഗണിക്കണമായിരുന്നു. എന്നെ ബഹുമാനിക്കണമായിരുന്നു. ഞാൻ എന്താണോ അതെല്ലാം നിങ്ങൾ അംഗീകരിക്കണമായിരുന്നു. എന്റെ സ്നേഹം വേണമെങ്കിൽ നിങ്ങളെന്നെ സ്നേഹിക്കണമായിരുന്നു."-അവർ പറഞ്ഞു.

2000-ത്തിന്റെ തുടക്കത്തിലാണ് ജെന്നിഫറും ബെന്നും കണ്ടുമുട്ടിയത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹനിശ്ചയം വരെ കാര്യങ്ങളെത്തുകയും ചെയ്തു. എന്നാൽ 2004-ൽ അവർ വേർപിരിഞ്ഞു. തങ്ങൾ പിരിയാൻ പൊതുജനങ്ങളുടെ സമ്മർദ്ദവും കാരണമാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇരുപത് വർഷങ്ങൾക്ക് ശേഷം 2022-ൽ അവർ വീണ്ടും ഒന്നിക്കുകയും വിവാഹിതരാവുകയും ചെയ്തു. പക്ഷേ, ബന്ധം അധികകാലം നീണ്ടുനിന്നില്ല. 2024 ഓഗസ്റ്റിൽ അവർ വിവാഹമോചനത്തിന് അപേക്ഷ നൽകി. ജെന്നിഫർ ലോപസ് നാല് തവണ വിവാഹിതയായിട്ടുണ്ട്, ഗായകൻ മാർക്ക് ആന്റണിയിൽ ഗായികയ്ക്ക് ഇരട്ടക്കുട്ടികളുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi