ധർമേന്ദ്രയുടെ മരണശേഷം അദ്ദേഹത്തിന്റെ ആദ്യകുടുംബം ഹേമമാലിനിയെ പൂർണ്ണമായും ഒറ്റപ്പെടുത്തിയെന്ന് കോളമിസ്റ്റും എഴുത്തുകാരിയുമായ ശോഭാ ഡേ അവകാശപ്പെട്ടു. ധർമേന്ദ്രയുടെ ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, അജേത, വിജേത എന്നിവർ സംഘടിപ്പിച്ച പ്രാർഥനായോഗത്തിൽ നിന്ന് താൻ വിട്ടുനിന്നത് അതുകൊണ്ടാണെന്നും അവർ വെളിപ്പെടുത്തി.

ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പ്രകാശ് കൗറിന്റെ കുടുംബം ഹേമ മാലിനിയെ പൂർണമായും ഒഴിവാക്കിയതായി ശോഭാ ഡേ പറയുന്നു.

ഹേമയെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിരാശയും വേദനയും നൽകുന്ന സമയമായിരിക്കുമെന്നും അവർ പറയുന്നു. ''ഹേമയ്ക്ക് ഏറെ ബുദ്ധിമുട്ട് നൽകിയ, കഠിനമായ തീരുമാനമായിരുന്നിരിക്കണം, 45 വർഷം സ്വന്തമെന്ന് കരുതി ജീവിച്ച ഒരു കാര്യത്തിൽനിന്ന് ആദ്യകുടുംബം പൂർണമായും ഒഴിവാക്കുന്നത്. ആ വർഷങ്ങളിലെ മനോഹരമായ നിമിഷങ്ങളായിരുന്നു ഹേമയുടെ ജീവിതത്തെ സമ്പന്നമാക്കിയത്. ഈ വിവാഹത്തിൽനിന്ന് രണ്ടുമക്കളുമുണ്ട്. എന്നിട്ടും ഒഴിവാക്കിയത് അവരെ എത്രമാത്രം വേദനിപ്പിച്ചിരിക്കണം. പക്ഷേ അവർ അതെല്ലാം സ്വന്തം സ്വകാര്യതയെന്ന് കരുതി മനസ്സിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നിട്ടും അവരത് നന്നായി കൈകാര്യം ചെയ്തു. ധർമേന്ദ്രയ്ക്കായി ഒരു പൊതുപരിപാടി സംഘടിപ്പിച്ചപ്പോഴും ഹേമ അത് മാന്യമായി നടത്തിയെന്ന് ഞാൻ കരുതുന്നു. തനിക്കുവേണ്ടി മാത്രമല്ല, ധർമേന്ദ്രയ്ക്കുവേണ്ടിയും''.

ആ വൈകാരികനിമിഷങ്ങളെ ഹേമയ്ക്ക് വേണമെങ്കിൽ ഹൈജാക്ക് ചെയ്യാമായിരുന്നു. പക്ഷേ അതിനേക്കാൾ മാന്യത തിരഞ്ഞെടുക്കാനാണ് ഹേമ മാലിനി തീരുമാനിച്ചതെന്നും ശോഭ വെളിപ്പെടുത്തുന്നു. ''ഹേമ ഒരു ഉന്നതമായ വ്യക്തിത്വമായതിനാലാണ് അങ്ങനെ ചെയ്യാൻ കഴിഞ്ഞത്. അവർ മാന്യമായി അതെല്ലാം കൈകാര്യം ചെയ്തുവെന്നത് തന്നെ അവരുടെ സ്വഭാവത്തെക്കുറിച്ച് നമുക്ക് പല കാര്യങ്ങളും വെളിപ്പെടുത്തിത്തരുന്നു. ധരംജി മരിച്ചശേഷമുള്ള വൈകാരികനിമിഷങ്ങളെ അവർ ഹൈജാക്ക് ചെയ്യാനും ശ്രമിച്ചില്ല. ഹേമയുടെ ഓരോ തുള്ളി കണ്ണുനീരും ശ്വാസംമുട്ടലും വാർത്തയാക്കാൻ മാധ്യമങ്ങൾ ഇഷ്ടപ്പെടുമായിരുന്നു. പക്ഷേ അതിനൊന്നും ഹേമ നിന്നില്ല''.

ധർമേന്ദ്രയുടെ മരണശേഷം കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങിയെന്ന തരത്തിലുള്ള വാർത്തകളുണ്ടായിരുന്നു. ധർമേന്ദ്രയുടെ ഭാര്യമാരായ പ്രകാശ് കൗർ, ഹേമമാലിനി എന്നിവരും അവരുടെ മക്കളും തമ്മിലുള്ള ബന്ധം അത്ര നല്ലതല്ലെന്നും വാർത്തകൾ പരന്നു. അതിനെ തുടർന്നാണ് ഇരുകുടുംബങ്ങളും വ്യത്യസ്തമായി പ്രാർഥനകൾ സംഘടിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi