
ആമസോണിലെ ഡോക്യു-സീരീസാണ് 'ആംഗ്രി യങ് മെന്‍'. സലീം ഖാന്റെയും ജാവേദ് അക്തറിന്റെയും ജീവിതത്തിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഇരുവരുടെയും പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ചും സ്വകാര്യജീവിതത്തെക്കുറിച്ചുമെല്ലാം ഈ ഡോക്യുമെന്ററി പ്രതിപാദിക്കുന്നുണ്ട്. സിനിമാമേഖലയിലെ പ്രമുഖരെല്ലാം ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. അതിനൊപ്പം ഇരുവരുടെയും കുടുംബാംഗങ്ങളും.
ഡോക്യുമെന്ററിയില്‍ ജാവേദ് അക്തറിന്റെ മകനും അഭിനേതാവും ഫിലിംമേക്കറുമായ ഫര്‍ഹാന്‍ അക്താര്‍ പറയുന്നത് തന്റെ കുട്ടിക്കാലത്തെക്കുറിച്ചാണ്. ജാവേദ് അക്തറിന്റെ ആദ്യഭാര്യ ഹണി ഇറാനിയിലുണ്ടായ മകനാണ് ഫര്‍ഹാന്‍. അതിനുശേഷമാണ് ജാവേദ്, ശബാന ആസ്മിയെ വിവാഹം കഴിക്കുന്നത്. ''അദ്ദേഹം വീണ്ടും വിവാഹം കഴിച്ചപ്പോള്‍ ചതിക്കപ്പെട്ടതായി എനിക്ക് തോന്നി. അതിനൊപ്പം ദേഷ്യവും. ആ ചെറിയ പ്രായത്തില്‍ അങ്ങനെയൊക്കെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. അച്ഛനുമായുള്ള ബന്ധം സാധാരണപോലെയാവാന്‍ കുറേ സമയമെടുത്തു. അക്കാര്യത്തില്‍ ശബാന വലിയൊരു റോള്‍ വഹിച്ചിട്ടുണ്ട്.''
''ഒരു ത്രികോണബന്ധം വളരെ വേദനാജനകമായിരുന്നു, പ്രത്യേകിച്ച് അക്കാര്യത്തില്‍ കുട്ടികള്‍ ഉള്‍പ്പെടുകയാണെങ്കില്‍. അതുമാത്രമല്ല ആളുകള്‍ പെട്ടെന്ന് അവരുടേതായ നിഗമനങ്ങളിലെത്തും. കുടുംബം തകര്‍ത്തവള്‍ എന്നൊക്കെയാണ് പലരും അന്ന് വിളിച്ചിരുന്നത്. എന്റെ ഭാഗം എനിക്ക് വിശദീകരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താല്‍ പലരെയും വേദനിപ്പിക്കേണ്ടതായി വരും. അതുകൊണ്ട് മിണ്ടാതിരുന്നു'', ശബാന ആസ്മി അക്കാലത്തെക്കുറിച്ച് ഇങ്ങനെ ഓർക്കുന്നു.
തന്റെ ആദ്യവിവാഹത്തിലെ പരാജയങ്ങളെക്കുറിച്ച് ജാവേദ് അക്തറും സംസാരിക്കുന്നു. ''ഹണിയുമായുള്ള ബന്ധം തകര്‍ന്നതിന് കൂടുതല്‍ ഉത്തരവാദിത്തം എനിക്ക് തന്നെയാണ്. ഇന്നത്തെ പോലെ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് എനിക്കന്നുണ്ടായിരുന്നുവെങ്കില്‍, അങ്ങനെയൊന്നും നടക്കില്ലായിരുന്നു.
ഇന്‍ഡോറില്‍നിന്ന് ഭാഗ്യംതേടി മുംബൈയിലെത്തിയയാളാണ് സലീം ഖാന്‍. ജാവേദ് അക്തര്‍ ഭോപ്പാലില്‍നിന്നാണ് വരുന്നത്. തുടക്കകാലത്ത് ഇരുവരും ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. എന്നാല്‍ പതുക്കെ ഈ കൂട്ടുകെട്ട് വിജയിച്ചു. 'രണ്ട് പയ്യന്‍മാര്‍ ഒന്നുമല്ലാതെ വന്ന്, എല്ലാമായി മാറിയ കഥയാണിത്'', സലീം ഖാന്‍ പറയുന്നു. ''തിരക്കഥാകൃത്തുക്കളുടെ സിനിമയിലെ സ്ഥാനം തന്നെ ഞങ്ങള്‍ മാറ്റിയെഴുതി''.
സല്‍മാന്‍ ഖാന്റെ സല്‍മാന്‍ ഖാന്‍ ഫിലിംസ്, ഫര്‍ഹാന്‍ അക്തറിന്റെ എക്‌സല്‍ മീഡിയ ആന്റ് എന്റര്‍ടെയിന്‍മെന്റ്, സോയ അക്തറിന്റെ ടൈഗര്‍ ബേബി എന്നിവയാണ് ഇത് നിര്‍മിച്ചത്. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് ഈ ഡോക്യു-സീരീസ് സ്ട്രീം ചെയ്യുന്നത്.
Content Highlights: farhan akhtar about her relation with father
Published: 24 Aug 2024, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented