ആദ്യഭാര്യ പ്രകാശ് കൗറിനൊപ്പം കുടുംബജീവിതം നയിക്കുന്നതിനിടെയാണ് അന്തരിച്ച നടൻ ധർമേന്ദ്ര ഹേമമാലിനിയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ഹേമയെ വിവാഹം ചെയ്യുമ്പോൾ ധർമേന്ദ്രയ്ക്ക് നാലുമക്കളും പിറന്നിരുന്നു. സണ്ണി ഡിയോൾ, ബോബി ഡിയോൾ, വിജേത ഡിയോൾ, അജീത ഡിയോൾ. എന്നാൽ ഹേമയിലുള്ള അദ്ദേഹത്തിൻ്റെ പെൺമക്കളായ ഇഷ ഡിയോളും അഹാന ഡിയോളും കുറച്ചുകാലത്തേക്ക് ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. സത്യത്തിൽ, ഇഷ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൻ്റെ അച്ഛൻ്റെ മറ്റൊരു കുടുംബത്തെക്കുറിച്ച് അവർ ആദ്യമായി അറിയുന്നത്. അതും സ്കൂളിൽ നിന്ന്.

To advertise here,

രാം കമൽ മുഖർജിയുടെ 'ഹേമമാലിനി, ബിയോണ്ട് ദ ഡ്രീം ഗേൾ' എന്ന ജീവചരിത്രത്തിൽ ഇഷ ഇതിനെപ്പറ്റി പറയുന്നുണ്ട്. "നിനക്ക് രണ്ട് അമ്മമാരുണ്ടല്ലേ?" സഹപാഠിയിൽ നിന്ന് ഈ ചോദ്യം കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ഇഷ ഓർക്കുന്നു. രൂക്ഷമായാണവർ ഇതിനോട് പ്രതികരിച്ചത്. അതംഗീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. "ഞാൻ ഉടൻ തന്നെ ദേഷ്യത്തോടെ പറഞ്ഞു, 'എന്ത് അസംബന്ധമാണിത്, എനിക്ക് ഒരമ്മയേ ഉള്ളൂ.'"

അപ്പോഴങ്ങനെ പറഞ്ഞെങ്കിലും ഇഷയെ അത് അലട്ടിക്കൊണ്ടേയിരുന്നു. വീട്ടിലെത്തിയ ഉടനെ ഇക്കാര്യം അമ്മയോട് ചോദിച്ചു. അപ്പോഴാണ് ഹേമമാലിനി മകളോട് കാര്യങ്ങൾ തുറന്നുപറയുന്നത്.

“വീട്ടിലെത്തിയ ഉടനെ, ഒരു സുഹൃത്ത് എന്നോട് ഈ ചോദ്യം ചോദിച്ചുവെന്ന് ഞാൻ അമ്മയോട് പറഞ്ഞു. ആ സമയത്താണ് അമ്മ എന്നോട് സത്യം പറയാൻ തീരുമാനിച്ചതെന്ന് തോന്നുന്നു. ഓർത്തുനോക്കൂ, ഞങ്ങൾ നാലാം ക്ലാസിലായിരുന്നു, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ലായിരുന്നു. ഇന്നത്തെ കുട്ടികൾ വളരെ മിടുക്കരാണ്”- അവർ പറഞ്ഞു. “അങ്ങനെയാണ് എൻ്റെ അമ്മ വിവാഹം കഴിച്ചത് നേരത്തേ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഒരാളെയാണെന്നും, അവർക്കും ഒരു കുടുംബമുണ്ടെന്നും ഞാൻ മനസ്സിലാക്കിയത്.”

അച്ഛൻ്റെ ഭൂതകാലത്തെക്കുറിച്ച് അറിഞ്ഞിട്ടും തനിക്ക് ഒരിക്കലും നിരാശ തോന്നിയിട്ടില്ലെന്ന് ഇഷ സമ്മതിച്ചു. “സത്യം പറഞ്ഞാൽ, എനിക്കൊരിക്കലും അതിൽ വിഷമം തോന്നിയിട്ടില്ല. അതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾക്ക് ഒരിക്കലും ഒരു വിഷമവുമുണ്ടാക്കാത്തതിന് അച്ഛനമ്മമാർക്ക് സകലബഹുമതിയും നൽകുന്നു”- അവർ പറഞ്ഞു.

അതേസമയം, രാത്രിയിൽ അച്ഛൻ കൂടെയില്ലാതെയാണ് താൻ വളർന്നതെന്നും ഇഷ ഓർത്തു. അദ്ദേഹം അവരോടൊപ്പം അത്താഴം കഴിക്കുമെന്നും എന്നാൽ പിന്നീട് വീട്ടിൽ നിന്ന് പോകുമെന്നും ഇഷ പറഞ്ഞു. അത് ശീലമായിരുന്നു. അമ്മയിൽ സംതൃപ്തയായിരുന്നു തങ്ങളെന്നും ഇഷ പറഞ്ഞു. 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നവംബർ 24-നാണ് ധർമേന്ദ്ര അന്തരിച്ചത്. തുടർന്ന് ആദ്യ ഭാര്യ പ്രകാശ് കൗറും മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും ഒരു പ്രാർഥനാ യോഗം സംഘടിപ്പിച്ചിരുന്നു. ഹേമ മാലിനിയും ഇഷ ഡിയോളും അഹാന ഡിയോളും ഇതിൽനിന്ന് വിട്ടുനിന്നു. പിന്നീട്, ഹേമമാലിനി തൻ്റെ വസതിയിൽ ധർമേന്ദ്രയുടെ സ്മരണയ്ക്കായി ഒരു ഗീതാപാരായണവും ഭജനസന്ധ്യയും സംഘടിപ്പിച്ചിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi