ഒരാൾ പ്രശസ്തനായ ഫുട്‌ബോൾ താരം, മറ്റേയാൾ 'സ്‌പൈസ് ഗേൾസ്' എന്ന മ്യൂസിക് ഗ്രൂപ്പിലെ അംഗം...അവർ പ്രണയത്തിലായപ്പോൾ ഇത് അധികകാലം നീണ്ടുനിൽക്കില്ലെന്ന് പറഞ്ഞ് പലരും കളിയാക്കി. അതെല്ലാം കാറ്റിൽപ്പറത്തി വിവാഹത്തിന്റെ 26-ാം വാർഷികം ആഘോഷിക്കുകയാണ് ഡേവിഡ് ബെക്കാമും വിക്ടോറിയ ബെക്കാമും.
ഒട്ടേറെ പ്രശ്‌നങ്ങളിലൂടെയാണ് തങ്ങളുടെ വിവാഹജീവിതം ഇവിടെ വരെ എത്തിയതെന്ന് വിക്ടോറിയയും ബെക്കാമും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അക്ഷരാർഥത്തിൽ അതുശരിയാണ്.
1997-ലാണ് വിക്ടോറിയയും ബെക്കാമും ആദ്യമായി കാണുന്നത്. അതിനുമുമ്പ് തന്നെ വിക്ടോറിയയോട് അദ്ദേഹത്തിന് ഒരാകർഷണം തോന്നിയിരുന്നു. അവരുടെ മ്യൂസിക് വീഡിയോകൾ കണ്ട്, തന്റെ സഹകളിക്കാരോട് വിക്ടോറിയയെ കുറിച്ച് ബെക്കാം പറയുകയും ചെയ്തു. തനിക്ക് വിക്ടോറിയയോട് ഇഷ്ടം തോന്നുന്നുവെന്നാണ് ബെക്കാം അന്ന് കൂട്ടുകാരോട് പറഞ്ഞത്. ഒരു ചാരിറ്റി ഫുട്‌ബോൾ മത്സരത്തിനിടെ ആദ്യമായി കണ്ടു. ആരോ പരസ്പരം പരിചയപ്പെടുത്തിയപ്പോൾ ബെക്കാമിന് ആദ്യം തോന്നിയത് ലജ്ജയാണ്. അതെല്ലാം മാറ്റിവെച്ച് ഏറെ കഷ്ടപ്പെട്ടാണ് വിക്ടോറിയയുമായി സംസാരിച്ചത്.
അവരുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പിന്നീട് വിക്ടോറിയ പറഞ്ഞതിങ്ങനെ, ''അദ്ദേഹം ആരാണെന്ന് എനിക്ക് ശരിക്കും അറിയില്ലായിരുന്നു. ഫുട്‌ബോൾ അത്രത്തോളം കാണുന്നൊരാളായിരുന്നില്ല ഞാൻ''.
എന്നാൽ, ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം പ്രണയം തോന്നി. അധികം വൈകാതെ, അവർ ഡേറ്റിങ് തുടങ്ങി. 1998 ജനുവരിയിൽ ബെക്കാം വിക്ടോറിയയോട് വിവാഹാഭ്യർഥന നടത്തി. ഇംഗ്ലണ്ടിലെ ഒരു റസ്‌റ്റോറന്റിൽ വെച്ചായിരുന്നുവത്. 1998-ൽ തങ്ങൾ എൻഗേജ്ഡ് ആണെന്ന് പുറംലോകത്തെ അറിയിച്ചു. അതുവരെ തങ്ങളുടെ ബന്ധം രഹസ്യമായി സൂക്ഷിക്കാനും അവർക്ക് കഴിഞ്ഞു. 'പോഷ് ആന്റ് ബെക്ക്‌സ്' എന്നാണ് ആരാധകരും മാധ്യമങ്ങളും അവരെ സ്‌നേഹത്തോടെ വിശേഷിപ്പിച്ചത്. 1999 ജൂലായ് 4-ന് വിവാഹിതരായി. അയർലണ്ടിലെ പള്ളിയിൽവെച്ചു നടന്ന വിവാഹച്ചടങ്ങിൽ, അവരുടെ നാലുമാസം പ്രായമുള്ള മകൻ ബ്രൂക്ലിനായിരുന്നു റിങ് ബെയറർ.
വിവാഹത്തിനുമുമ്പ് തന്നെ 'ഒകെ' മാസികയുമായി വൻതുകയ്ക്ക് താരങ്ങൾ കരാറിലേർപ്പെട്ടു. അതുകൊണ്ട് എല്ലാ മാധ്യമങ്ങളെയും ചടങ്ങിൽനിന്ന് മാറ്റിനിർത്തി. ഒരേയൊരു ചിത്രം മാത്രമാണ് പുറത്തുവിട്ടത്. സ്ലിം ബാരെറ്റ് എന്ന ആഭരണഡിസൈനർ തയ്യാറാക്കിയ ഒരു വജ്രകിരീടം ധരിച്ചാണ് വിക്ടോറിയ എത്തിയത്. വിവാഹസത്കാരച്ചടങ്ങുകൾക്ക് മേൽനോട്ടം നൽകുന്നതിനായി മാത്രം 400-ലേറെ ആളുകളെ നിയമിച്ചു. ആർഭാടപൂർവമുള്ള വിവാഹം.
അതേ വർഷം തന്നെയാണ് ദമ്പതികൾ തങ്ങളുടെ ഏറെ പ്രശസ്തമായ വീട് വാങ്ങിയത്. ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിൽ 24 ഏക്കറിലായുള്ള വീടിന്റെ അന്നത്തെ വില 29 കോടിയായിരുന്നു. കൊട്ടാരം പോലുള്ള ആ വീടിനെ മാധ്യമങ്ങൾ 'Beckingham Palace എന്നാണ് വിശേഷിപ്പിച്ചത്. ബെക്കാം, ബക്കിങ്ഹാം പാലസ് എന്നിവയിൽനിന്നാണ് ആ പേരുവീണത്.
അതിനിടയിലാണ് 2004-ൽ പത്രങ്ങളിൽ ഒരു വാർത്ത വന്നത്. ബെക്കാമിന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് റെബേക്ക ലൂസിന്റെ അവകാശവാദങ്ങളാണ് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. താനും ബെക്കാമും വിവാഹേതരബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നതായിരുന്നു റെബേക്കയുടെ അവകാശവാദം. തൊട്ടുപിറകെ ഓസ്‌ട്രേലിയൻ മോഡൽ സാറ മാർബെക്കും രംഗത്തെത്തി. തനിക്ക് ബെക്കാമുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്നായിരുന്നു അവർ പറഞ്ഞത്. ഈ രണ്ട് ആരോപണങ്ങളും ബെക്കാം തള്ളിക്കളഞ്ഞു. എന്നാൽ, അന്നൊന്നും വിക്ടോറിയ അതിനെക്കുറിച്ച് സംസാരിച്ചതേയില്ല. വർഷങ്ങൾക്കുശേഷം വിക്ടോറിയ പറഞ്ഞതിങ്ങനെ, ''ഞാൻ കള്ളം പറയുന്നില്ല. അത് വളരെ മോശം സമയമായിരുന്നു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചുനിന്ന് പ്രശ്‌നം പരിഹരിച്ചു''. പിന്നാലെ 'ബെക്കാം' എന്ന ഡോക്യുമെന്ററിയിൽ ബെക്കാമും തുറന്നുസംസാരിച്ചു, ''എനിക്ക് നേരിടാൻ ബുദ്ധിമുട്ടുള്ള ചില ഭയപ്പെടുത്തുന്ന കഥകൾ ഉണ്ടായിരുന്നു. ദാമ്പത്യബന്ധത്തിൽ എനിക്കും വിക്ടോറിയയ്ക്കും ആദ്യമായിട്ടായിരുന്നു ഇത്രയുമധികം സമ്മർദ്ദം നേരിടേണ്ടി വന്നത്.'
നാലുമക്കളാണ് വിക്ടോറിയ-ബെക്കാം ദമ്പതിമാർക്കുള്ളത്. ബ്രൂക്ലിൻ, റോമിയോ, ക്രൂസ്, ഹാർപർ എന്നിവർ. ഈയടുത്ത് ബെക്കാം ദമ്പതികൾ വീണ്ടും വാർത്തയിൽ വന്നത് മകൻ ബ്രൂക്ലിനുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ്. ബ്രൂക്ലിന്റെ വിവാഹം മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്. തങ്ങളുടെ വിവാഹച്ചടങ്ങ് അലങ്കോലമാക്കാൻ വിക്ടോറിയ ശ്രമിച്ചുവെന്ന് ബ്രൂക്ലിന്റെ ഭാര്യയും നടിയുമായ നികോള പെൽറ്റ്‌സ് ആരോപിച്ചിരുന്നു. അതോടെ കുടുംബത്തിൽ പ്രശ്‌നങ്ങളാണെന്ന് വാർത്തകൾ പരന്നു. മാതാപിതാക്കളുടെ വിവാഹവാർഷികത്തിന് ബ്രൂക്ലിൻ സോഷ്യൽമീഡിയയിൽ പോസ്റ്റിടാതായതോടെ പ്രശ്‌നങ്ങൾ വലുതാണെന്നും വ്യാഖ്യാനമുണ്ടായി. മറ്റു മൂന്നുമക്കളും സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. ഇതിനോടൊന്നും വിക്ടോറിയയോ ബെക്കാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: david and victoria beckham celebrate 26 years of marriage, overcoming challenges and tabloid controversies
Published: 07 Jul 2025, 03:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented