ധനുഷ് മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഓം: ചാപ്റ്റർ 1 - ഉധിരം' സിനിമയുടെ ഏറ്റവും പുതിയ ഗ്ലിംസ് വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മമ്മൂട്ടിയുടെ പുതിയ ലുക്കും റോയൽ എൻട്രിയുമാണ്. 'ബർമ കാർത്തികേയൻ' എന്ന ശക്തമായ കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നാട്ടുകാർക്കും പൊലീസിനും ഒരുപോലെ ബഹുമാനമുള്ള ഒരു വൻകിട സ്മഗ്ലറുടെ ഗെറ്റപ്പിലാണ് മമ്മൂട്ടി ഈ ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

To advertise here,

വലിയ കമാനത്തിന് അടിയിലൂടെ മമ്മൂട്ടി നടന്നു വരുന്ന ദൃശ്യവും അദ്ദേഹത്തിന് തൊട്ടുപിന്നാലെ അസിസ്റ്റന്റിനെപ്പോലെ നടന്നു വരുന്ന ധനുഷുമാണ് സിനിമാ പ്രേമികളുടെ ശ്രദ്ധ കവർന്നത്. ഈ രംഗം കണ്ടതോടെ ബോളിവുഡ് ചിത്രം 'ധുരന്ധറി'ൽ റഹ്മാൻ ഡാകൈറ്റായി അക്ഷയ് ഖന്ന നടന്നു വരുന്ന ഐക്കോണിക് സീനുമായാണ് സോഷ്യൽ മീഡിയ ഇതിനെ ഉപമിക്കുന്നത്. "സ്വന്തം സിനിമയിൽ നായകൻ തന്നെ പിന്നിലേക്ക് മാറുമ്പോൾ അറിയാം ആ ചിത്രം ഒരു ലെജൻഡറി സംഭവമാകാൻ പോവുകയാണെന്ന്" എന്നും "ധുരന്ധർ വൈബ് തന്നെ" എന്നുമൊക്കെയാണ് ആരാധകർ കുറിക്കുന്നത്. നായക കഥാപാത്രത്തെ മാത്രം കേന്ദ്രീകരിക്കുന്നത്തിന് പകരം മറ്റ് കഥാപാത്രങ്ങൾക്കും സിനിമയുടെ പ്രമേയത്തിനും പ്രാധാന്യം നൽകുന്നതാണ് ഈ മാസ് രംഗമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഓം', വനമേഖലയിലെ രക്തചന്ദന കടത്തുമായി ബന്ധപ്പെട്ട അധോലോക സംഘർഷങ്ങളാണ് പ്രമേയമാക്കുന്നത്. അപകടകരമായ വനാന്തരങ്ങളിൽ കുടുങ്ങിപ്പോയ 20 തമിഴ് തടിവെട്ടുകാരെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന നായകന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ഒക്ടോബർ 16-നാണ് തിയേറ്ററുകളിലെത്തുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi