ഒരു പ്രത്യേകതരം ശബ്ദം ഉയര്‍ന്നുകേട്ടു. ഇരുട്ടില്‍ ബീഗംജാനിന്റെ പുതപ്പ് ആനയോളം വലുതായി ഉലഞ്ഞു. ആ കാഴ്ചയില്‍ ഞാന്‍ ദുര്‍ബലമായി കരഞ്ഞുപോയി. പുതപ്പിനുള്ളിലെ ആന ഉയരുകയും താഴുകയും ചെയ്തു. ഞാന്‍ നിശബ്ദയായി. ആന അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. ഭയം എന്നെ അടക്കിക്കിടത്തി.

To advertise here,

ഇരുട്ടില്‍ രണ്ട് പെണ്‍ ശരീരങ്ങള്‍ അറിഞ്ഞ ആനന്ദത്തെ മൂന്നാമതൊരാളുടെ കാഴ്ചയിലൂടെ വിവരിക്കുകയാണ് ഇസ്മത് ചുക്തായി. കഥയുടെ പേര് ലിഹാഫ്. ആ ഉര്‍ദു വാക്കിന് പുതപ്പ് എന്ന് അര്‍ഥം വരും. അതേ ഭാഷയിലുള്ള ലിറ്റററി ജേണലായ അദാബ് ഇ ലത്തീഫില്‍ 1942-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥ. എഴുത്തുകാരിയെ കോടതി കയറ്റിയ കഥ. സ്വവര്‍ഗ ലൈംഗികത വിഷയമാക്കി കാതല്‍ എന്ന സിനിമ  കാഴ്ചക്കാരെ നേടുമ്പോള്‍ ഇസ്മത് ചുക്തായിയെ ഓര്‍ക്കേണ്ടതുണ്ട്. സ്വവര്‍ഗരതിയെ പാപത്തിന്റെ പര്യായമായി പരിഗണിച്ചിരുന്ന പഴയകാലത്ത് പേനയിലൂടെ ആ പാപത്തെ അവര്‍ സാമാന്യവല്‍ക്കരിച്ചു. ഉടലുകളുടെ ആനന്ദത്തിന് ആണ്‍ പെണ്‍ അതിരുകള്‍ എന്തിനെന്ന് സധൈര്യം അവര്‍ ചോദിച്ചു. അതും എണ്‍പതു കൊല്ലം മുമ്പ് വിഭജനപൂര്‍വ ഇന്ത്യയിലിരുന്ന്.

കഥയുടെ കോളിളക്കം
സദാചാരത്തെ ജീവനാ‍ഡിയായി കണ്ട സമൂഹത്തില്‍ 'ലിഹാഫ്' വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. കഥ എഴുതിയത് പെണ്ണാണെന്ന് വിശ്വസിക്കാന്‍ സമൂഹം വിസമ്മതിച്ചു. കഥയുടെ ഭാഷയും ഘടനയും മുന്‍നിര്‍ത്തി ആണെഴുതിയതാണ് അതെന്ന മുന്‍വിധി പലയിടത്തുനിന്നും ഉയര്‍ന്നുകേട്ടു. എഴുത്തിലും ജീവിതത്തിലും ലൈംഗികതയ്‌ക്കൊപ്പം പെണ്ണിന്റെ പേരു കണ്ട് ശീലമില്ലാത്ത ലോകമായിരുന്നു അത്. 

സാദത്ത് ഹസന്‍ മാന്റോ എന്ന അക്കാലത്തെ വിഖ്യാതനായ എഴുത്തുകാരനാണ് 'ലിഹാഫ്' എഴുതിയതെന്ന് പലരും മുറുമുറുത്തു. കേട്ടവര്‍ കേട്ടവര്‍ ആശ്വസിച്ചു, അവരത് വിശ്വസിച്ചു. ബു എന്ന ചെറുകഥയുടെ പേരില്‍ അതേ കോടതിയില്‍ മാന്റോയ്‌ക്കെതിരെ കുറ്റം നിലനില്‍ക്കുന്നുണ്ട്. ആരോപിക്കപ്പെട്ട കുറ്റം അശ്ലീലംതന്നെ. ലിഹാഫും മാന്റോയുടേതെന്ന് ആളുകള്‍ വിശ്വസിക്കാന്‍ പര്യാപ്തമായ കാരണമായിരുന്നു അതും.

placeholder
സാദത്ത് ഹസൻ മാന്റോ

പക്ഷേ, ഊഹാപോഹങ്ങളെ പടികടത്തി ഇസ്മത്ത് ചുക്തായി ലാഹോര്‍ കോടതിയില്‍ ഹാജരായി. ''അശ്ലീലമെന്ന് കരുതി നിങ്ങള്‍ നിന്ദിച്ച ആ കഥ എഴുതിയത് ഞാനാണ്...'' ദൃഢമായിരുന്നു വാക്കുകള്‍. എതിര്‍പ്പുവാദം ദുര്‍ബലമായിരുന്നു. ചുക്തായി കുറ്റവിമുക്തയായി. വൈകാതെ മാന്റോയേയും കോടതി കുറ്റത്തില്‍ നിന്നൊഴിവാക്കി. കുറ്റാരോപിതരായ രണ്ടെഴുത്തുകാര്‍ ചേര്‍ന്ന് സൗഹൃദത്തിന്റെ മഹാസഖ്യം ഒരുക്കുന്ന കാഴ്ചയ്ക്കാണ് പിന്നെ സാഹിത്യലോകം സാക്ഷിയായത്. 

സദാചാരത്തെ വറ്റിച്ച സൗഹൃദം
കഥയുടെ കുപ്രസിദ്ധിയുടെ പേരില്‍ കോടതി കയറിയിറങ്ങുന്ന കാലത്താണ് ഇസ്മത്തും മാന്റോയും ആദ്യമായി തമ്മില്‍ കാണുന്നത്. അവര്‍ ഉറ്റചങ്ങാതിമാരായി. അശ്ലീലം എഴുതുന്നവര്‍ എന്ന ആരോപണം പിന്നീടും അവര്‍ക്ക് കേള്‍ക്കേണ്ടിവന്നു. അപ്പോഴൊക്കെ സൗഹൃദം അവര്‍ക്ക് കവചമായി.

അശ്ലീലപ്പട്ടം കൊണ്ട് തകര്‍ക്കാനാവുന്നില്ല എന്ന് തിരിച്ചറിഞ്ഞ സമൂഹം ഉടനെടുത്തു അടുത്ത ഒളിയമ്പ്. അവിഹിതം. രണ്ടു കുട്ടികളുടെ അമ്മയായ ഇസ്മത്തും കുടുംബസ്ഥനായ മാന്റോയും തമ്മില്‍ അവിശുദ്ധ ബന്ധമാണെന്ന ആരോപണം ആവര്‍ത്തിക്കപ്പെട്ടു. സമൂഹത്തിന്റെ സിരകളില്‍ ഒഴുകുന്ന സദാചാരം എന്ന ജീവജലത്തെ സൗഹൃദത്തിന്റെ സൗരവെളിച്ചത്താല്‍ അവര്‍ വറ്റിച്ചില്ലാതാക്കി.  ഇരുവരും ഒന്നിച്ചുതന്നെ പൊതുവേദികള്‍ പങ്കിട്ടു. ആരോപണങ്ങളെ മൗനത്താലും നര്‍മത്താലും വിവേകമതികളായി പൂരിപ്പിച്ചു.  

വിഭജനത്തിന്റെ ഇരുകരകള്‍
പഠനകാലത്തുതന്നെ പ്രോഗ്രസിവ് റൈറ്റേഴ്‌സ് അസോസിയേഷനില്‍ അംഗമായിരുന്നു ഇസ്മത് ചുക്തായി. ലിഹാഫിന്റെ പ്രസിദ്ധീകരണത്തോടെ കുപ്രസിദ്ധിയുടെ വന്‍കരയില്‍ അവര്‍ എത്തപ്പെടുകയായിരുന്നു. ആദ്യകാലത്ത് ആരോപണങ്ങള്‍ അവരെ ലേശമൊക്കെ തളര്‍ത്തി. പക്ഷേ, പെട്ടെന്നുതന്നെ അവര്‍ സ്വാസ്ഥ്യം വീണ്ടെടുത്തു. ഇടതടവില്ലാതെ കഥകളും നോവലുകളും എഴുതി. അവരുടെ കഥാപാത്രങ്ങള്‍ ലൈംഗികതയുടെ വക്താക്കളായി. അവരുടെ കഥകള്‍ പിഞ്ഞിയ വ്യവസ്ഥിതിക്കെതിരായ താക്കീതുകളായി.

ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഷഹീദ് ലത്തീഫ് ആയിരുന്നു ചുക്തായിയുടെ ജീവിതപങ്കാളി. ചുക്തായിയും ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥയൊരുക്കി. അവര്‍ സംവിധായികയും നിര്‍മാതാവും ഒക്കെയായി. മാന്റോയുമായുള്ള സൗഹൃദം അക്കാലങ്ങളിലൊക്കെ ദൃഢപ്പെടുകയാണ് ചെയ്തത്. ആ സൗഹൃദം അവരിരുവരുടെയും സര്‍ഗാത്മകതയെ വിസ്തൃതവും രസഭരിതവുമാക്കി. അതിനിടെ ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനാനന്തരം മാന്റോ പാകിസ്താനിയായി. ചുക്തായി ഇന്ത്യക്കാരിയായി തുടര്‍ന്നു.

ആ മൂര്‍ച്ചയില്‍ നിശബ്ദരായവര്‍
ഉറുദു സാഹിത്യലോകത്തെ അതികായരുടെ മുന്‍നിരയിലാണ് ചുക്തായിയുടെ സ്ഥാനം. ഉറുദു സാഹിത്യത്തില്‍ അന്നോളം സ്ത്രീകള്‍ പ്രകടിപ്പിക്കാത്ത ധൈര്യം അവര്‍ തന്റെ രചനകളിലൂടെ സാധ്യമാക്കി. ലിംഗവിവേചനവും സ്ത്രീലൈംഗികതയും അവര്‍ക്ക് വിഷയങ്ങളായി. മതവും സമൂഹവും ഒരുപോലെ ആ തുറന്നെഴുത്തില്‍ വിറളിപൂണ്ടു. തിരുത്താന്‍ വന്നവരെയൊക്കെയും അവരുടെ എഴുത്തിന്റെ മൂര്‍ച്ചയേറ്റ് നിശബ്ദരാവുകയാണുണ്ടായത്.

ലിഹാഫ് ഉറുദു സാഹിത്യലോകത്തെ വിപ്ലവമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയുടെ കണ്ണിലൂടെ സ്വവര്‍ഗ ലൈംഗികതയ്ക്ക് അവര്‍ വാക്ദൃശ്യമൊരുക്കി. ബീഗം ജാന്‍ എന്ന കേന്ദ്രകഥാപാത്രത്തിന്റെ രതികല്പനകളെ, ശരീരതൃഷ്ണകളെ മിതമായ വാക്കുകളിലൂടെ ലളിതമായി അവര്‍ കഥയില്‍ അവതരിപ്പിച്ചു. ആണിനും പെണ്ണിനും ഇടയില്‍ കത്തിക്കെടേണ്ടതു മാത്രമാണ് ലൈംഗികത എന്ന പൊള്ളത്തരത്തെ പൊളിച്ചുകളയുകയാണ് അവര്‍ ചെയ്തത്. സ്വവര്‍ഗ രതിയില്‍ അഭയം തേടിയ ഭര്‍ത്താവില്‍ നിന്നുണ്ടായ ഒറ്റപ്പെടലില്‍ നിന്നാണ് ബീഗം ജാന്‍ തന്റെ ശരീരത്തെ തിരിച്ചറിഞ്ഞുതുടങ്ങുന്നത്. തിളച്ചുപൊന്തിയ യൗവനത്തില്‍ മറ്റൊരു പെണ്ണുടല്‍ അവര്‍ക്ക് ഇന്ധനമേകുന്നു. അവരുടെ സൗന്ദര്യത്തെ, ആന്തരീകോര്‍ജത്തെ ആ ബന്ധം ജ്വലിപ്പിക്കുന്നു, നിലനിര്‍ത്തുന്നു. 

ഒരേതൂവല്‍
സാഹിത്യാഭിരുചിയിലെന്നപോലെ വീക്ഷണങ്ങളിലും സമാനരായിരുന്നു ഇസ്മത് ചുക്തായിയും സാദത്ത് ഹസന്‍ മാന്റോയും. ആ സാമ്യം അവരിരുവരുടെ എഴുത്തിലും നിലനിന്നു. എഴുത്തിന് വിഷയമായ ഇതിവൃത്തങ്ങളുടെ പേരില്‍ ചുക്തായി ഇകഴ്ത്തലിനും വിമര്‍ശനങ്ങള്‍ക്കും ഇരയായപ്പോഴൊക്കെയും മാന്റോ സ്‌നേഹത്തിന്റെ ആവരണമായി അവരെ പൊതിഞ്ഞുനിന്നു.

അതൊരിക്കലും ഒരു ആണിന്റെ കരുതലായിരുന്നില്ല. ലിംഗാതീതമായ സൗഹൃദത്തിന്റെ പ്രതിഫലനം മാത്രമായിരുന്നു. ആ സൗഹൃദം ആളുകളെ അമ്പരപ്പിച്ചു. പൊതുബോധത്തിന്റെ നെറ്റി ചുളിപ്പിച്ചു. സാധാരണജീവിതത്തിന്റെ പതിവു ചേരുവകളായ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക അസ്ഥിരതകളും അവര്‍ക്ക് അന്യമായിരുന്നില്ല. പക്ഷേ, യാഥാര്‍ഥ്യത്തിന്റെ കിടങ്ങുകളെല്ലാം താണ്ടി അവര്‍ സാഹിത്യത്തിലും ജീവിതത്തിലും ഒരുപോലെ വളര്‍ന്നു. 

പൊട്ടാത്ത നൂലിലെ പട്ടം
ഇരുവര്‍ക്കും കുടുംബം സ്വാസ്ഥ്യത്തിന്റെ കൂടായിരുന്നു. പങ്കാളികള്‍ ഉറ്റസുഹൃത്തുക്കളും. പൊളിഞ്ഞുവീഴാത്ത ദാമ്പത്യത്തിന്റെ ഉടമകളായ ഇരുവരുടെയും ജീവിതത്തിലെ സുശക്തമായ സൗഹൃദത്തെ സംശയക്കണ്ണുകളിലൂടെ നോക്കി പലരും. പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹിതരാകുമോ എന്ന ചോദ്യം പലരും തൊടുത്തു. ഇസ്മത്തിനെപ്പറ്റി എഴുതിയ ലേഖനത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം എന്ന നിലയില്‍ മാന്റോ ഇങ്ങനെ കുറിച്ചു: ഇസ്മത്തും ഞാനും വിവാഹിതരായിരുന്നെങ്കില്‍ സമകാലിക സാഹിത്യത്തിന് ആറ്റംബോംബിന്റെ പ്രഹരശേഷി കൈവന്നേനേ. കഥകള്‍ പഴയകാലത്തിന്റെ സമ്പത്തായി ഒതുങ്ങുകയോ കടങ്കഥകളായി മാറുകയോ ചെയ്‌തേനേ. വാക്കുകളുടെ പാലുറവകള്‍ വറ്റി വെളുത്ത ചാരമായി മാറിയേനേ. ഞങ്ങളുടെ അവസാന രചനകള്‍ ഒരുപക്ഷേ, വിവാഹക്കരാറിലെ ഒപ്പുകള്‍ ആയിരുന്നേനേ.

ഉത്തരത്തില്‍ കുറച്ചധികം കാല്പനിക കാത്തുവച്ചു ഇസ്മത്. ''ഷൗക്കത്ത്, മഹമൂദ്, അബ്ബാസ്, യൂനസ് അങ്ങനെ എത്രപേര്‍. സ്‌നേഹത്തിന്റെ ഈ ലോകത്ത് ഞാന്‍ അടുക്കിവച്ച കാര്‍ഡുകളില്‍ അങ്ങനെ എത്രയെത്ര പേരുകള്‍. കുരുങ്ങിപ്പിണഞ്ഞ നൂലുകട്ടപോലെ അവയെല്ലാം മനസ്സിന്റെ ഏതോ കോണില്‍ കിടന്നു. കെട്ടഴിക്കാന്‍ ഏതറ്റത്താണ് പിടിത്തമിടേണ്ടതെന്ന് എനിക്ക് പിടികിട്ടിയതേയില്ല. ഒടുവില്‍ ഒരു തുമ്പില്‍ ഞാന്‍ വിരല്‍കൊരുത്തു. ആ തുമ്പുപിടിച്ച് പൊട്ടാത്തനൂലില്‍ ഞാനൊരു പട്ടമെന്നപോലെ പാറി...'' 

placeholder
ഇസ്മത് ചുക്തായി

ഒരോമല്‍ സ്മൃതിയായി
ഹ്രസ്വവും സംഭവബഹുലവുമായിരുന്നു മാന്റോയുടെ ജീവിതം. വിഭജനാനന്തരം പാകിസ്താനിലെ എഴുത്തുജീവിതം മാന്റോയ്ക്ക് വിചാരണക്കാലം കൂടിയായിരുന്നു. എഴുത്തുനിര്‍ത്താത്ത പക്ഷം തടവറ വിധിക്കപ്പെടുമെന്ന് കോടതികള്‍ അയാളെ താക്കീതുചെയ്തുകൊണ്ടിരുന്നു. ഭയത്തിനു വഴിപ്പെട്ട് എഴുത്തു കലര്‍പ്പാക്കാന്‍ ഒരുക്കമായിരുന്നില്ല മാന്റോ. തനിമയുടെ വക്താവായ ആ എഴുത്തുകാരന്‍ തീവ്രവിഷാദത്തിലേക്ക് കൂപ്പുകുത്തി. മദ്യം അയാള്‍ക്ക് മരുന്നായി. കുടിച്ചുകുടിച്ച് കരള്‍ വീര്‍ത്ത് 1955 ജനുവരി 18ന് മാന്റോ മരണത്തിന്റെ ഇടനാഴി കടന്നു. ആ 42-കാരന്റെ ഖബറിടത്തിൽ കാലം ഇങ്ങനെ കുറിച്ചുവച്ചു: ഇവിടെയുറങ്ങുന്നു സാദത്ത് ഹസന്‍ മാന്റോ. അയാള്‍ക്കൊപ്പം ഈ മണ്ണടരില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു കഥയെഴുത്തിന്റെ കലയും നിഗൂഢതകളും. ഭൂമിയുടെ ആഴത്തില്‍ അയാള്‍ ഒരു സമസ്യയ്ക്ക് ഉത്തരംതേടുകയാണ്. ദൈവമോ താനോ ആരാണ് വലിയ കഥാകാരന്‍... അതാണാ സമസ്യ.

1991 ഒക്ടോബര്‍ 24-ന് 76-ാം വയസ്സില്‍ ചുക്തായി മരണത്തിന് കീഴടങ്ങി. അൽഷിമേഴ്‌സ് അവരുടെ ഓര്‍മയുടെ കണങ്ങളെ അതിനോടകം ഒരു ചിതലെന്നപോലെ കാര്‍ന്നുതിന്നു. അപ്പോഴും ഒരോമല്‍സ്മൃതിയായി മാന്റോ അവരുടെ മനസ്സില്‍ നിലനിന്നു.