2021-ൽ പുറത്തിറങ്ങിയ സിനിമയാണ് 'ഷേർഷാ'. സിനിമയിൽ നായികാനായകൻമാരായത് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയുമാണ്. വിഷ്ണുവർധൻ ആണ് സംവിധാനം. ആ വർഷത്തെ ദേശീയപുരസ്‌കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള സ്‌പെഷൽ ജൂറി പുരസ്‌കാരം 'ഷേർഷാ'യ്ക്കായിരുന്നു. 1999-ലെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമയാണത്. തന്റെ ഇരട്ടസഹോദരനായ വിക്രം ബത്രയെക്കുറിച്ച് വിശാൽ ബത്ര, 'ടെക്ക് ടോക്കി'ൽ സംസാരിക്കുന്നിടത്തുനിന്നാണ് സിനിമ തുടങ്ങുന്നത്. 

To advertise here,

ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളും സിനിമയിലും കാണാം. കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ അദ്ദേഹം തന്റെ സുഹൃത്തിനോട് പറയുന്നതിങ്ങനെ, ''ഒന്നുകിൽ യുദ്ധത്തിൽ ജയിച്ചശേഷം ഇന്ത്യൻ പതാക ഉയർത്തി ഞാൻ തിരിച്ചുവരും. അല്ലെങ്കിൽ അതിൽ പൊതിഞ്ഞായിരിക്കും മടങ്ങിയെത്തുന്നത്. പക്ഷേ, എന്തായാലും തിരിച്ചുവരും''. ആ വാക്ക് അദ്ദേഹം പാലിച്ചു. എന്നാൽ, ആ മടക്കം ഇന്ത്യൻപതാകയിൽ പൊതിഞ്ഞുകൊണ്ടായിരുന്നു. 1999 ആഗസ്ത് 15-ന് മരണശേഷമുള്ള അംഗീകാരമായി പരംവീർ ചക്ര നൽകി അദ്ദേഹത്തെ ആദരിച്ചു.

ഹിമാചൽ പ്രദേശിലെ പാലംപൂരിലായിരുന്നി വിക്രം ജനിച്ചത്. മിനിറ്റുകളുടെ ഇടവേളയിൽ ഇരട്ടസഹോദരൻ വിശാൽ ബത്രയും. ചെറുപ്പംമുതലേ എൻ.എസി.സി.യിലും മറ്റും സജീവമായിരുന്നു വിക്രം. ഇന്ത്യൻ ആർമിയിൽ ചേരുക എന്നതായിരുന്നു ആ പയ്യന്റെ സ്വപ്‌നവും. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എം.എ.ഇംഗ്ലീഷിന് ചേരുമ്പോഴും മനസ്സിൽ അതുതന്നെയായിരുന്നു. സഹപാഠിയായ ഡിംപിൾ ചീമ എന്ന ചണ്ഡീഗഡുകാരിയുമായുള്ള പരിചയം വളരെ പെട്ടെന്ന് പ്രണയത്തിലേക്ക് മാറി.  

placeholder
സഹോദരൻ വിശാൽ ബത്രയ്‌ക്കൊപ്പം വിക്രം ബത്ര

അപ്പോഴും ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരുന്നു. കംബയിൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനുള്ള (സി.ഡി.എസ്)തയ്യാറെടുപ്പ് ഊർജിതമായി മുന്നോട്ടുകൊണ്ടുപോയി. അധികം വൈകാതെ പരീക്ഷ പാസായി. ഇന്റർവ്യൂവും കഴിഞ്ഞപ്പോൾ തിരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പ് കിട്ടി. പരിശീലനം ഡെഹ്‌റാഡൂണിലായിരുന്നു. ഡിംപിളിനോട് യാത്ര പറഞ്ഞ് പരിശീലനകേന്ദ്രത്തിലേക്ക്. 1997-ലാണ് സൈന്യത്തിൽ ചേരുന്നത്. ജമ്മു കശ്മീർ റൈഫിൾസിലെ 13-ാം ബറ്റാലിയനിലായിരുന്നു ദൗത്യം തുടങ്ങിയത്. 

അങ്ങോട്ടേക്ക് പോവും മുമ്പ് തന്നെ വിക്രം തന്റെ സഹോദരനായ വിശാലിനോട് ഡിംപിളിനെക്കുറിച്ച് പറഞ്ഞു. ചണ്ഡീഗഡിൽ പോവുമ്പോഴെല്ലാം അവളെ കാണണമെന്ന് സഹോദരനെ ഓർമിപ്പിക്കുകയും ചെയ്തു. 

സൈന്യത്തിലെ ഷേർഷാ
1999-ലാണ് കാർഗിൽ യുദ്ധത്തിനായി ക്യാപ്റ്റൻ വിക്രം നിയോഗിക്കപ്പെടുന്നത്. അവിടേക്ക് പോവും മുമ്പാണ് താൻ തിരിച്ചുവരുമെന്ന് വിക്രം സുഹൃത്തിന് ഉറപ്പുകൊടുക്കുന്നത്. അപ്പോഴേക്കും ഡിംപിളിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് വിവാഹത്തിനായുള്ള സമ്മർദങ്ങളുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞുവന്നാൽ വിവാഹിതരാവാമെന്ന് വിക്രം ഡിംപിളിനോട് പറയുകയും ചെയ്തു. 

അസാമാന്യധൈര്യമുള്ളയാളായിരുന്നു ക്യാപ്റ്റൻ വിക്രം. ഷേർഷാ എന്നാണ് പാക് സൈന്യം ഉൾപ്പെടെ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പാക് പട്ടാളം കൈയടക്കിയ പോയിന്റ് 5140 തിരിച്ചുപിടിക്കാൻ ക്യാപ്റ്റൻ വിക്രമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിയോഗിക്കപ്പെട്ടത്. മലമുകളിലൂടെ വലിഞ്ഞുകയറി അദ്ദേഹവും സംഘവും തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തി. അതിനിടയിൽ ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം പതറിയില്ല. അതുകഴിഞ്ഞ് പല തന്ത്രപ്രധാനമായ പോയിന്റുകളും സൈന്യം തിരിച്ചുപിടിച്ചു. പോയിന്റ് 4875 തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഒടുവിൽ. ആ ശ്രമത്തിൽ അഞ്ച് പാക് സൈനികരെ വധിച്ചു. അതിനിടയിലാണ് ഒരു സഹപ്രവർത്തകന് മുറിവേൽക്കുന്നത്. ആ സൈനികനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് ക്യാപ്റ്റൻ വിക്രമിന് ശത്രുക്കളുടെ വെടിയേൽക്കുന്നത്. എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചുകൊണ്ട് ജൂലായ് 7-ന് അദ്ദേഹം വീരമൃത്യു വരിച്ചു.

ക്യാപ്റ്റൻ വിക്രമിന്റെ ദേഹം നാട്ടിലെത്തിച്ചപ്പോൾ, നിറഞ്ഞകണ്ണുകളോടെ ഡിംപിളുമുണ്ടായിരുന്നു അവിടെ. വിവാഹം സ്വപ്‌നം കണ്ടുനടന്ന ആ പെൺകുട്ടിയുടെ മുന്നിലേക്കാണ് വിക്രമിന്റെ ജീവനില്ലാത്ത ശരീരമെത്തിയത്. കുറച്ചുദിവസങ്ങൾക്ക് മുമ്പ് വിശാലിനെ കണ്ടപ്പോഴും ഡിംപിൾ ആവശ്യപ്പെട്ടത് ഒരു കാര്യം മാത്രമായിരുന്നു, 'എത്രയും പെട്ടെന്ന് തന്റെയും വിക്രമിന്റെയും വിവാഹം നടത്തിത്തരണം'. 

placeholder
സിനിമയിൽ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും / IMDb

വിക്രം ഇനിയില്ലെന്ന കാര്യം അംഗീകരിക്കാൻ ഡിംപിൾ കുറച്ചുകാലമെടുത്തു. പിന്നീട് ഒരു സ്‌കൂളിൽ അധ്യാപികയായി. പക്ഷേ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന ഉറച്ചതീരുമാനവും അവരെടുത്തു. അവരുടെ മനസ്സ് മാറ്റാൻ വിക്രത്തിന്റെയും ഡിംപിളിന്റെയും കുടുംബം ശ്രമിച്ചുവെങ്കിലും എല്ലാം വെറുതെയായി. താൻ അദ്ദേഹത്തിന്റെ വിധവയാണെന്നും അങ്ങനെ തന്നെ എക്കാലവും ജീവിക്കുമെന്നുമാണ് അവർ പറഞ്ഞത്. വർഷങ്ങൾക്കുശേഷം 'ദ ക്വിന്റി'നു നൽകിയ അഭിമുഖത്തിലും ഡിംപിൾ ഇതിനെക്കുറിച്ച് സംസാരിച്ചു, ''ഒരിക്കൽ അദ്ദേഹം എന്നെ കാണാൻ വന്നു. ആകെ ഒരു അരക്ഷിതാവസ്ഥയായിരുന്നു മനസ്സിൽ. വിവാഹത്തിന്റെ കാര്യം തന്നെയായിരുന്നു അത്. ഇക്കാര്യം വിക്രമിനോട് പറഞ്ഞപ്പോൾ, ഒന്നും പറയാതെ അദ്ദേഹം പേഴ്‌സിൽനിന്ന് ഒരു ബ്ലേഡ് എടുത്തു. എന്നിട്ട് തള്ളവിരൽ മുറിച്ച്, അതിൽനിന്നുവന്ന രക്തം എന്റെ നെറുകയിൽ ചാർത്തിത്തന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം. പിന്നീട്, ഞാനെപ്പോഴും അദ്ദേഹത്തെ കളിയാക്കുമായിരുന്നു, 'നിങ്ങൾ ഭയങ്കര ഫിലിമിയാണെന്നുപറഞ്ഞ്''. 

മറ്റൊരു സംഭവവും അതേ അഭിമുഖത്തിൽ ഡിംപിൾ ഓർത്തെടുത്തു. ''ഒരിക്കൽ ഗുരുദ്വാരയിൽ പോയതായിരുന്നു ഞങ്ങൾ. അവിടെ നാലുചുറ്റ് പൂർത്തിയാക്കുമ്പോൾ എന്റെ പുറകിലായിരുന്നു വിക്രം. അതുകഴിഞ്ഞയുടനെ അദ്ദേഹം പറഞ്ഞു, 'അഭിനന്ദനങ്ങൾ മിസിസ് ബത്ര' എന്ന്. എന്റെ ദുപ്പട്ടയും പിടിച്ചാണ് അദ്ദേഹം നാലുചുറ്റ് പൂർത്തിയാക്കിയതെന്ന് അപ്പോഴാണ് മനസ്സിലായത്. (സിഖ് മതത്തിൽ പങ്കാളികൾ നാലുചുറ്റ് പൂർത്തിയാക്കിയാൽ വിവാഹം കഴിഞ്ഞതായി കണക്കാക്കപ്പെടുന്നു)''.

ഒടുവിൽ ആ അഭിമുഖത്തിൽ ഡിംപിൾ ഇങ്ങനെ കൂട്ടിച്ചേർത്തു. ''വളരെ കുറച്ചുകാലങ്ങളേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. എങ്കിലും ഒരു ജീവിതകാലത്തെ ഓർമകളുണ്ട് എനിക്കൊപ്പം. അദ്ദേഹം എന്നിൽനിന്ന് വേർപെട്ടതായി ഇതുവരെ തോന്നിയിട്ടില്ല. എവിടെയോ അദ്ദേഹമുണ്ട്. വീണ്ടും കണ്ടുമുട്ടുമെന്നും എന്റെ ഹൃദയം പറയുന്നു''.