1971-ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമിച്ച സിനിമയാണ് 'ബോർഡർ' (1997). ലോംഗെവാലയിൽ നടന്ന പോരാട്ടത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. സണ്ണി ഡിയോൾ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, തബു, രാഖി, പൂജ ഭട്ട് തുടങ്ങിയവരാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തിയത്. മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുൾപ്പെടെ ആ വർഷത്തെ മൂന്ന് ദേശീയപുരസ്‌കാരങ്ങളും 'ബോർഡർ' നേടി. ആ വർഷം ഏറ്റവും കളക്ഷൻ ലഭിച്ച സിനിമയും ഇതുതന്നെ.
സിനിമയുടെ സംവിധാനവും തിരക്കഥാരചനയും നിർമാണവും നിർവഹിച്ചത് ജെ.പി.ദത്തയാണ്. അദ്ദേഹത്തിന്റെ സഹോദരൻ ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായിരുന്നു. മരിച്ചുപോയ സഹോദരനെക്കുറിച്ച് ജെ.പി.ദത്ത തയ്യാറാക്കിയ ഡയറികളിൽനിന്നാണ് 'ബോർഡറി'ന്റെ തുടക്കം.
ഇതിലെ പ്രധാനകഥാപാത്രമായ ലെഫ്റ്റനന്റ് ധരംവീറിനെ അവതരിപ്പിക്കാനായി അക്കാലത്തെ താരങ്ങളെയെല്ലാം സംവിധായകൻ സമീപിച്ചു. സൽമാൻ ഖാൻ ആ റോൾ ചെയ്യാൻ തയ്യാറായിരുന്നില്ല. ആമിർ ഖാൻ മറ്റൊരു പടത്തിന്റെ തിരക്കുകളിലായി. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കാരണങ്ങൾ പറയാതെ പിൻവാങ്ങി. അജയ് ദേവ്ഗൺ ആണെങ്കിൽ, പലതാരങ്ങളിലൊരാളായി അഭിനയിക്കാൻ താത്പര്യപ്പെട്ടില്ല. അങ്ങനെയാണ് പുതുമുഖമായ അക്ഷയ് ഖന്നയിലെത്തുന്നത്. സണ്ണി ഡിയോളിന്റെ ഭാര്യവേഷത്തിലേക്ക് ജൂഹി ചൗളയെയും പിന്നീട് മനീഷ കൊയ്‌രാളയെയുമായിരുന്നു ആദ്യം നോക്കിയത്. എന്നാൽ, തീരെ ചെറിയ റോളെന്നു പറഞ്ഞ് രണ്ടുപേരും ഒഴിവായി. ഒടുവിൽ തബുവിലേക്ക് എത്തുകയായിരുന്നു.
ജാക്കി ഷ്‌റോഫിനുപകരം സഞ്ജയ് ദത്തിനെയാണ് ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ, അക്കാലത്താണ് മുംബൈ ഭീകരാക്രമണകേസുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശംവച്ചതിന് സഞ്ജയ് അറസ്റ്റിലാവുന്നത്. അതോടെ ആളെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. സിനിമയുടെ റിലീസിനുശേഷം സംവിധായകനുനേരെ കുറേ വധഭീഷണികളുണ്ടായി. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി രണ്ടുപേരെ ഏർപ്പാടാക്കുകയും ചെയ്തു.
സിനിമയിലെ പാട്ടുകൾ ഇന്നും ഏറെ ജനപ്രിയമാണ്. വളരെ ദൈർഘ്യമേറിയതാണ് ഓരോ പാട്ടുകളും എന്നതാണ് മറ്റൊരു സവിശേഷത. 'സന്ദേസേ ആതെ ഹെ'യാണ് അവയിലേറ്റവും കൂടുതൽ ആളുകൾ നെഞ്ചോടേറ്റിയത്. സോനു നിഗം, രൂപ് കുമാർ റാത്തോഡ് എന്നിവരാണ് ആ പാട്ട് പാടിയത്. ഈ പാട്ടിനുശേഷമാണ് സോനു നിഗമിനെ തേടി അവസരങ്ങൾ ഏറെ എത്തിയതും. 10.22 മിനിറ്റാണ് ഈ പാട്ടിന്റെ ദൈർഘ്യം. 'മേരെ ദുശ്മൻ മേരെ ഭായ്' എന്ന പാട്ടുപാടിയത് ഹരിഹരനാണ്. 9.36 മിനിറ്റ് നീണ്ടുനിൽക്കുന്നു ആ പാട്ട്. 170 മിനിറ്റുള്ള സിനിമയിൽ പാട്ടുകളുടെ മാത്രം ദൈർഘ്യം 41.36 മിനിറ്റാണ്.
പാട്ടുകൾക്കായി വരികളെഴുതിയത് ജാവേദ് അക്തറാണ്, സംഗീതം നൽകിയത് അനു മലിക്കും. 'സന്ദേസേ ആതെ ഹെ' എന്ന പാട്ടിന്റെ വരികൾക്ക് ജാവേദ് അക്തറിനെ തേടി ദേശീയപുരസ്‌കാരമെത്തി. 'മേരെ ദുശ്മൻ മേരെ ഭായ്' എന്ന പാട്ടിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം ഹരിഹരനും ലഭിച്ചു. ബോക്‌സ് ഓഫീസ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം, സിനിമയുടെ 45 ലക്ഷം കാസറ്റുകളാണ് ആ വർഷം മാത്രം വിറ്റുപോയത്.
Content Highlights: border movie and songs still holds an iconic status
Published: 09 May 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented