ന്യൂഡൽഹിയിൽ താമസിക്കുന്ന ഒരു മറാത്തി കുടുംബത്തിലാണ് നടി സരികയുടെ ജനനം. ചെറുപ്പത്തിൽ തന്നെ അച്ഛൻ കുടുംബത്തെ ഉപേക്ഷിച്ചുപോയി. അതിനുശേഷം കുടുംബത്തെ നോക്കാനുള്ള ചുമതല സരികയുടെ ചുമലുകളിലായി.

To advertise here,

1967-ൽ ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. അന്ന് മാസ്റ്റർ സൂരജ് എന്ന പേരിലാണ് അഭിനയിച്ചത്. അതിനുശേഷം നായികയായും. സരികയുടെ കരിയറിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് അവരുടെ പ്രണയങ്ങളും. കമൽഹാസനുമായുള്ള ബന്ധമാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ടത്. പക്ഷേ, അതിനും മുമ്പ് ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവുമായി പ്രണയത്തിലായിരുന്നു സരിക.

റോമി ഭാട്യയുമായുള്ള പ്രണയത്തകർച്ചയിൽ കഴിയുകയായിരുന്നു കപിൽ. അപ്പോഴാണ് സരികയെ പരിചയപ്പെടുന്നത്. നടൻ മനോജ് കുമാറിന്റെ ഭാര്യയാണ് അതിന് കാരണമായത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പരസ്പരം ഇഷ്ടംതോന്നി. അധികം വൈകാതെ ഡേറ്റ് ചെയ്യാനും തുടങ്ങി. ഇരുവരും അധികം വൈകാതെ വിവാഹിതരാകുമെന്ന് കപിലിന്റെയും സരികയുടെയും സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. അതിനിടെ കപിലിന്റെ മാതാപിതാക്കളെ കാണാനായി കപിലിനൊപ്പം സരികയും പഞ്ചാബിലേക്ക് പോയി. വിവാഹത്തോളം എത്തിയ ബന്ധത്തിൽനിന്ന്, ഒടുവിൽ കപിൽ തന്നെയാണ് പുറത്തുപോകുന്നതും. എന്താണ് കാരണമെന്ന് ഇരുവരും തുറന്നുപറഞ്ഞിട്ടില്ല. എന്നാൽ, റോമി ഭാട്യയെ തന്നെ വിവാഹം കഴിക്കാൻ കപിൽ തീരുമാനിച്ചതാണ് അതിനു പിന്നിലെന്ന് പറയപ്പെട്ടു.

അതിനുശേഷമാണ് കമൽഹാസനുമായി സരിക അടുക്കുന്നത്. അധികം വൈകാതെ ഇരുവരുടെയും ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതുകഴിഞ്ഞ് വിവാഹവും. സരിക ഹിന്ദി-തമിഴ് സിനിമകളിൽ സജീവമായിരുന്ന കാലത്തായിരുന്നു വിവാഹം. വിവാഹശേഷം അവർ അഭിനയത്തിൽനിന്ന് അകന്നു. പിന്നീട് കമലിന്റെ സിനിമകളിൽ സഹസംവിധായികയായും കോസ്റ്റിയൂം ഡിസൈനറായും അവർ പ്രവർത്തിച്ചു. 2000-ൽ 'ഹേ റാമി'ലെ വസ്ത്രാലങ്കാരത്തിന് മികച്ച കോസ്റ്റിയൂം ഡിസൈനർക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. അധികം വൈകാതെ ഈ വിവാഹബന്ധവും തകർച്ചയിലേക്ക് പോയി. 2004-ൽ വിവാഹമോചനവും. സരിക പിന്നെയും സിനിമയിൽ സജീവമായി. ആ വരവിൽ 'പർസാനിയ' എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും അവരെ തേടിയെത്തി.