സച്ചിൻ ടെണ്ടുൽക്കറുടെ ഓരോ ഇന്നിങ്ങ്സും ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലുണ്ടാവും. എന്നാൽ, അതിനൊപ്പം തന്നെ സച്ചിൻ ഹൃദയത്തോട് ചേർത്തുനിർത്തുന്ന ചില ഇന്നിങ്സുകളുണ്ട് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിൽ. അച്ഛൻ രമേഷ് ടെണ്ടുൽക്കർ മുതൽ തുടങ്ങുന്നുവത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും താങ്ങായും തണലായും നിന്ന ആളുകളാണ് അവർ ഓരോരുത്തരും.
മറാത്തി എഴുത്തുകാരൻ കൂടിയായ രമേഷ് ടെണ്ടുൽക്കറിന്റെ നാലുമക്കളിൽ ഏറ്റവും ഇളയതാണ് സച്ചിൻ. ക്രിക്കറ്റിലെ തന്റെ വിജയങ്ങൾക്കെല്ലാമുള്ള ക്രെഡിറ്റ് സച്ചിൻ ഏറ്റവുമാദ്യം നൽകാറുള്ളത് അച്ഛന് തന്നെയാണ്. സച്ചിന് ക്രിക്കറ്റിനോടാണ് താത്പര്യമെന്നു പറഞ്ഞപ്പോൾ അതിനൊപ്പം നിന്നയാൾ, എല്ലാ പിന്തുണയും കൊടുത്ത് കൂടെനിന്ന കരുത്ത്. ''എന്റെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊപ്പം നിൽക്കാൻ അദ്ദേഹം എന്നും ശ്രമിച്ചിരുന്നു അദ്ദേഹം. അതിനൊപ്പം നീങ്ങാൻ എനിക്ക് സ്വാതന്ത്ര്യവും തന്നിരുന്നു അച്ഛൻ'', സച്ചിൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇക്കാര്യം.
ജീവിതത്തിലെ റോൾ മോഡലും പ്രചോദനവുമായിരുന്നു സച്ചിന് അച്ഛൻ. 1999-ലെ ലോകകപ്പിനിടെയാണ് രമേഷ് ടെണ്ടുൽക്കർ മരിക്കുന്നത്. ഇംഗ്ലണ്ടിലായിരുന്നു മത്സരം. വിവരമറിഞ്ഞ സച്ചിൻ ഉടൻ നാട്ടിലെത്തി. നാലുദിവസം നാട്ടിൽ ചെലവഴിച്ചശേഷം, തിരിച്ച് ടീമിനൊപ്പം ചേർന്നു. അടുത്ത മാച്ച് കെനിയൻ ടീമിനെതിരെയായിരുന്നു. 20.5 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എടുത്തുനിൽക്കുമ്പോഴാണ് സച്ചിൻ ബാറ്റിങ്ങിനെത്തുന്നത്. സച്ചിനും ദ്രാവിഡും ചേർന്ന് ടീമിനെ കരകയറ്റി. അന്ന് 101 ബോളിൽനിന്ന് 140 റൺസ് എടുത്ത് സച്ചിൻ പുറത്താവാതെ നിന്നു. സെഞ്ച്വറി എടുത്തയുടനെ സച്ചിൻ ബാറ്റ് ആദ്യമായി ഉയർത്തത് ആകാശത്തേക്കാണ്. തന്റെ അച്ഛനുള്ള ആദരം.
''എന്റെ അച്ഛൻ ആഗ്രഹിക്കുന്നതും അതുതന്നെയാണെന്ന് എനിക്ക് തോന്നി, ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ലണ്ടനിലേക്ക് മടങ്ങാനുള്ള തീരുമാനം എടുപ്പിച്ചതും അതുതന്നെ. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട സെഞ്ച്വറികളിൽ ഒന്നാണത്. എന്റെ അച്ഛന് സമർപ്പിച്ച സെഞ്ച്വറി. അപ്പോഴും എന്റെ മനസ്സ് കളിയിലായിരുന്നില്ല'', സച്ചിൻ പിന്നീട് ഓർത്തു. അതിനുശേഷവും ഓരോ നേട്ടങ്ങൾ കൈവരിക്കുമ്പോഴും സച്ചിൻ ഏറ്റവുമാദ്യം നോക്കുന്നത് ആകാശത്തേക്ക് തന്നെയായിരുന്നു, അച്ഛനോടുള്ള ആദരമെന്നതുപോലെ.
കരിയറിൽ താങ്ങായി സഹോദരൻ
സച്ചിന്റെ ക്രിക്കറ്റ് കരിയർ രൂപപ്പെടുത്തുന്നതിൽ ഏറ്റവും നിർണായക പങ്കുവഹിച്ചത് മൂത്ത സഹോദരൻ അജിത് ടെണ്ടുൽക്കറാണ്. സച്ചിന്റെ നിഴലായി എന്നും അജിത് ഉണ്ടായിരുന്നു. പരിശീലകനായ രമാകാന്ത് അച്രേക്കറുടെ അടുത്തേക്ക് കൊണ്ടുപോയതും അദ്ദേഹം തന്നെ. സച്ചിന്റെ കരിയറിലെ വഴിത്തിരിവും അതുതന്നെ.

ഒരിക്കൽ ഒരു പ്രാദേശികമാച്ചിൽ എതിർടീമുകളിലായി സച്ചിനും അജിത്തും കളിക്കാനിറങ്ങി. രണ്ടുപേരും ആ മത്സരം ജയിക്കാനാഗ്രഹിച്ചില്ല. ''ബൗളറുടെ ശരീരഭാഷ എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു. ആ മത്സരം ജയിക്കാൻ അജിത് ആഗ്രഹിച്ചില്ല, ഞാനും. അജിത് നോ ബോളുകളും വൈഡ് ബോളുകളും മനഃപൂർവ്വം എറിഞ്ഞു. ഞാൻ തട്ടിമുട്ടി ബാറ്റിങ്ങും തുടങ്ങി. ഒടുവിൽ അജിത് എന്നെ ഒരുനോട്ടം നോക്കി. അതിലുണ്ടായിരുന്നു, ശരിക്ക് കളിക്കാനുള്ള നിർദേശം. അതോടെ ഞാൻ നന്നായി കളിക്കാൻ തുടങ്ങി'', ഒരു പരിപാടിയിൽവെച്ച് സച്ചിൻ മനസ്സുതുറന്നു. ബാറ്റിങ് ടെക്നിക്കുകളെക്കുറിച്ച് നല്ല ധാരണയുള്ള അജിത്, സച്ചിനോട് സംസാരിച്ചതുമുഴുവൻ അതിനെക്കുറിച്ചായിരുന്നു. സച്ചിൻ അതൊക്കെ മുഖവിലയ്ക്കെടുക്കുകയും ചെയ്തിരുന്നു. സച്ചിന്റെ യാത്രയിലുടനീളം മാർഗനിർദേശവും പിന്തുണയും നൽകി അജിത്.
എന്നും കൂടെയുള്ള സഹോദരങ്ങൾ
ഓരോ രക്ഷാബന്ധൻ നാളിലും സച്ചിൻ തന്റെ സഹോദരി സവിതയ്ക്കൊപ്പമുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ ഇടാറുണ്ട്. ഒരിക്കൽ അതിന് ക്യാപ്ഷനായി അദ്ദേഹം കുറിച്ചതിങ്ങനെ, 'ജീവിതത്തിലാദ്യമായി ഒരു ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചതുമുതൽ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൂടെയുള്ളയാൾ. എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ് അവർ'.
ചെറുപ്പത്തിൽ കൈയിൽ കിട്ടുന്ന വടികൾ പോലുമെടുത്ത് സച്ചിൻ ബാറ്റുണ്ടാക്കുന്നത് സവിത കണ്ടു. അങ്ങനെ ആദ്യമായി ഒരു കൊച്ചുബാറ്റ് സവിത തന്റെ അനിയന് സമ്മാനിച്ചു. പിന്നെ അതുപയോഗിച്ചായിരുന്നു കുട്ടിക്കാലത്തെ കളികളെല്ലാം. മറ്റൊരു സഹോദരനായ നിതിനും എല്ലാ പ്രോത്സാഹനങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
ബെസ്റ്റ് പാർട്ണർഷിപ്പ്
2013 നവംബർ 16, മുംബൈയിലെ വാംഖഡെ സ്റ്റേഡിയം. വിൻഡീസിനെതിരെയുള്ള അവസാനമാച്ചും കഴിഞ്ഞ് സച്ചിൻ വിടവാങ്ങൽ പ്രസംഗം നടത്തുന്നു. ആ പ്രസംഗത്തിനിടയിൽ സച്ചിൻ മാതാപിതാക്കളെയും സഹോദരങ്ങളെയും നന്ദിയോടെ ഓർത്തു. അതിനിടയിൽ ഭാര്യ അഞ്ജലിയെക്കുറിച്ച് സച്ചിൻ ഓർത്തതിങ്ങനെ. ''എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യം സംഭവിച്ചത് 1990-ലാണ്, എന്റെ ഭാര്യ അഞ്ജലിയെ അന്നാണ് ആദ്യമായി കണ്ടത്. ഉയർച്ചകളിലും താഴ്ചകളിലും എന്നും എന്റെ കൂടെ നിന്നിട്ടുണ്ട് അവർ. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പാർട്ട്ണർഷിപ്പ് അഞ്ജലിയുമായിട്ടുള്ളതാണ്.'' അന്ന് പതിവിൽനിന്ന് വിപരീതമായി അഞ്ജലിയും കളികാണാനെത്തിയിരുന്നു. സച്ചിന്റെ വാക്കുകൾ അവർ കണ്ണീരോടെയാണ് ഹൃദയത്തിലേറ്റിയത്.
സച്ചിൻ ഒരഭിമുഖത്തിൽ അഞ്ജലിയെക്കുറിച്ച് പറഞ്ഞതിങ്ങനെ, ''ഞങ്ങൾ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ അഞ്ജലി എന്നോട് പറഞ്ഞു, നിങ്ങൾ ക്രിക്കറ്റുമായി മുന്നോട്ടുപോവൂ. കുടുംബത്തിന്റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കാം''. അന്ന് അഞ്ജലി അങ്ങനെ തീരുമാനിച്ചിരുന്നില്ലെങ്കിൽ, സച്ചിന് മനോഹരമായി, സമ്മർദങ്ങളില്ലാതെ ക്രിക്കറ്റ് കളിക്കാൻ പറ്റുമോ എന്നുപോലും സംശയം. സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിനുവേണ്ടിയാണ് ഡോക്ടറായ അഞ്ജലി തന്റെ കരിയർ വേണ്ടെന്നുവെച്ചത്. സമ്മർദങ്ങളില്ലാതെ കളിക്കാൻ സച്ചിന് കഴിഞ്ഞതും അതുകൊണ്ടാണ്.
കുട്ടികളുടെ വളർച്ചയോ കുടുംബത്തിലെ ആഘോഷങ്ങളോ സച്ചിനറിഞ്ഞിട്ടില്ല. മാച്ചുകളും ടൂറുകളുമായി എന്നും യാത്രയിലായിരുന്നു. അതുകൊണ്ടാവാം ഒരിക്കൽ അഞ്ജലി ഇങ്ങനെ പറഞ്ഞു, ''വിവാഹശേഷം ഒരിക്കലും ഞങ്ങളെല്ലാം ചേർന്ന് വീട്ടിൽ ദിവാലി ആഘോഷിച്ചിട്ടില്ല. പക്ഷേ അപൂർവമായി സച്ചിൻ വീട്ടിലെത്തുന്ന ഓരോ നിമിഷവും ഞങ്ങൾക്ക് ദിവാലി തന്നെയായിരുന്നു''.

ആദ്യം കണ്ടപ്പോൾ
മുംബൈ എയർപോർട്ടിൽവെച്ചാണ് സച്ചിനും അഞ്ജലിയും കണ്ടുമുട്ടുന്നത്. ആദ്യത്തെ ഇന്റർനാഷണൽ ടൂർ കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു സച്ചിൻ. അഞ്ജലിയാണെങ്കിൽ അമ്മയെ സ്വീകരിക്കാനായി എയർപോർട്ടിലെത്തിയതാണ്. രണ്ടുപേർക്കും ഒറ്റനോട്ടത്തിൽ ഒരിഷ്ടം തോന്നി. ഇരുവരും കൂട്ടുകാരുടെ വീട്ടിൽവെച്ചും മറ്റും കണ്ടുമുട്ടി. ആദ്യം തോന്നിയ അടുപ്പം പ്രണയത്തിലേക്ക് മാറി. മനോഹരമായ പ്രണയകാലം. ഒരുമിച്ച് എവിടെയും പോവാൻ പറ്റില്ല. എവിടെച്ചെന്നാലും ആരാധകർ സച്ചിനെ പൊതിയും. അതുകൊണ്ട് കൃത്രിമതാടിയും ഗ്ലാസും വെച്ച് അഞ്ജലിക്കൊപ്പം സിനിമ കാണാൻ പോയ സംഭവം സച്ചിൻ പലപ്പോഴും ഓർക്കാറുണ്ട്.
വിവാഹത്തിലെത്തിയപ്പോഴാണ് സച്ചിൻ-അഞ്ജലി പ്രണയം പുറംലോകം അറിയുന്നതുതന്നെ. പലരും പലതും പറഞ്ഞു, നിരുത്സാഹപ്പെടുത്തി. സച്ചിനേക്കാൾ ആറുവയസ്സ് കൂടുതലുള്ള പെൺകുട്ടി, അതും ഡോക്ടർ...ഈ ബന്ധത്തിന് അധികം ആയുസ്സില്ലെന്നായിരുന്നു ആളുകളുടെ പ്രവചനം. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് 1995 മെയ് 24-ന് അവർ വിവാഹിതരായി.
വിവാഹശേഷവും കുടുംബവും കുട്ടികളുമായി ഒതുങ്ങുകയായിരുന്നു അഞ്ജലി. രണ്ടുവർഷത്തെ ഇടവേളയിൽ പിറന്ന സാറയ്ക്കും അർജുനും നല്ല വഴികാട്ടിയായി, അവരെ നന്നായി വളർത്തി. ഭർത്താവിന്റെ പ്രശസ്തിയുടെ ഭാരം കുടുംബത്തെ ബാധിക്കാതിരിക്കാൻ അഞ്ജലി അങ്ങേയറ്റം പരിശ്രമിച്ചു. എന്നും വെള്ളിവെളിച്ചത്തിൽനിന്ന് അകന്നുനിന്നിട്ടേയുള്ളൂ അഞ്ജലി. അതുകൊണ്ടാവാം ബി.ബി.സി.യിലെ ഒരഭിമുഖത്തിൽ സ്വപ്നസുന്ദരിയെക്കുറിച്ച് ചോദിച്ചപ്പോൾ ഒരുനിമിഷം പോലും മടിക്കാതെ സച്ചിൻ പറഞ്ഞു, ''എന്റെ ഭാര്യ''. ആ ഒറ്റ ഉത്തരത്തിലുണ്ട് സച്ചിന് അഞ്ജലി ആരാണെന്ന്.
Content Highlights: best relationships in sachins life, from father to wife
Published: 24 Apr 2025, 12:06 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented