ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ കുടുംബത്തിൽ ഇനി വിവാഹത്തിന്റെ നാളുകളാണ്. സച്ചിന്റെ മകൻ അർജുൻ ടെണ്ടുൽക്കറും പ്രതിശ്രുത വധു സാനിയ ചന്ദോക്കും ഈ വർഷം മാർച്ചിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൽ നിന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയ അർജുൻ, തന്റെ ജീവിതത്തിലെ പുതിയൊരു ഇന്നിംങ്‌സിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.

ബിസിനസ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സാനിയ വരുന്നത്. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഗായിയുടെ പേരക്കുട്ടിയാണ് സാനിയ. സംരംഭക കൂടിയായ സാനിയ ഏറെക്കാലമായി ടെണ്ടുൽക്കർ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.

2025 ഓഗസ്റ്റിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. അടുത്തിടെ റെഡിറ്റിൽ നടന്ന ഒരു 'ആസ്‌ക് മി എനിതിംഗ്' സെഷനിലൂടെ സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ് ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. അർജുന്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തിൽ എല്ലാവരും ആവേശത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹ ആഘോഷങ്ങൾ 2026 മാർച്ച് മൂന്നിന് ആരംഭിക്കും. പ്രധാന ചടങ്ങുകൾ മാർച്ച് അഞ്ചിനാണ് നിശ്ചയിച്ചിരിക്കുന്നത്. മുംബൈയിൽ വെച്ച് നടക്കുന്ന വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ക്രിക്കറ്റ് ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്കും മാത്രമായിരിക്കും ക്ഷണം.

മുംബൈ ആഭ്യന്തര ക്രിക്കറ്റിലൂടെ കരിയർ തുടങ്ങിയ അർജുൻ ഇപ്പോൾ ഗോവ ടീമിലെ പ്രധാന ഓൾറൗണ്ടറാണ്. 2022-ൽ ഗോവയ്ക്ക് വേണ്ടി രഞ്ജി ട്രോഫി അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി അർജുൻ അച്ഛന്റെ റെക്കോർഡിനൊപ്പമെത്തിയിരുന്നു. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് വേണ്ടിയാകും അർജുൻ കളത്തിലിറങ്ങുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi